DCBOOKS
Malayalam News Literature Website

മരണത്തോടുള്ള മനോഭാവങ്ങള്‍: യുവാല്‍ നോവാ ഹരാരി എഴുതുന്നു

Yuval Noah Harari

ഇപ്പോഴത്തെ മഹാമാരി മനുഷ്യന് മരണത്തോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാ
ക്കുമോ? ഇല്ലെന്നാണ് തോന്നുന്നത്. നേരേ വിപരീതമാകും സംഭവിക്കുക. കോവിഡ് 19 മനുഷ്യജീവനെ സംരക്ഷിക്കുവാനുള്ള നമ്മുടെ ശ്രമങ്ങളെ മിക്കവാറും ഇരട്ടിപ്പിക്കു
കയേ ഉള്ളൂ. എന്തെന്നാല്‍ കോവിഡ് 19 നോടുള്ള പ്രത്യക്ഷമായ സാംസ്‌കാരികപ്രതി
കരണം വിധിക്കു കീഴടങ്ങലല്ല, ക്ഷോഭവും ആശയും കൂടിക്കലര്‍ന്ന ഒരു മനോഭാവമാണ് അത്. വര്‍ത്തമാനലോകത്തെ ശ്രദ്ധേയനായ ചിന്തകനും ചരിത്രകാരനുമായ യുവാല്‍ ഹരാരിയുടെ രണ്ടു ലേഖനങ്ങള്‍.

മനുഷ്യര്‍ക്ക് മരണത്തെ കടത്തിവെട്ടുവാനും തോല്പിക്കുവാനും കഴിയുമെന്ന വിശ്വാസത്തിന്റെ പുറത്താണ് ആധുനികലോകം രൂപപ്പെടുത്തിയിരിക്കുന്നത്. വിപ്ലവാത്മകമായ ഒരു പുത്തന്‍ മനോഭാവമായിരുന്നു അത്. ചരിത്രത്തില്‍ അധികപങ്കും മനുഷ്യര്‍ അബലരായി മരണ
ത്തിനു കീഴടങ്ങുകയാണു ചെയ്തിട്ടുള്ളത്. ആധുനികകാലഘട്ടത്തില്‍ ഈയടുത്തകാലംവരെ ഒട്ടുമിക്ക മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മരണത്തെ നമ്മുടെ അനിവാര്യമായ വിധിയായും എന്നാല്‍ ജീവിതത്തിന് അര്‍ത്ഥംനല്‍കുന്ന മുഖ്യസ്രോതസ്സായും കണ്ടുപോന്നു. അവസാനശ്വാസമെടുത്തു കഴിഞ്ഞശേഷം മാത്രമാണ് മനുഷ്യന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പലതും സംഭവിക്കുക, ജീവിതത്തിന്റെ പരമമായ രഹസ്യങ്ങള്‍ അപ്പോള്‍ മാത്രമാണ് നിങ്ങള്‍ക്കു മനസ്സിലാകുക. അപ്പോള്‍മാത്രമാണ് നിങ്ങള്‍ക്കു നിത്യമായ മോക്ഷം ലഭിക്കുക, അല്ലെങ്കില്‍ അവസാനമില്ലാത്ത നാശത്തിലേക്കു നിങ്ങള്‍ വീഴുക. മരണമില്ലാത്ത ഒരു ലോകത്തില്‍ അതുകൊണ്ടുതന്നെ സ്വര്‍ഗ്ഗമോ നരകമോ പുനര്‍ജന്മമോ ഇല്ലാത്ത ലോകത്തില്‍ ക്രിസ്തുമതം, ഇസ്‌ലാം, ഹിന്ദുമതം തുടങ്ങിയ മതങ്ങളെല്ലാംതന്നെ നിരര്‍ത്ഥകമായിമാറും. ചരിത്രത്തിലുടനീളം ഏറ്റവും കൂര്‍മ്മമായ ധിഷണകളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത് മരണത്തിന് അര്‍ത്ഥം നല്‍കുവാനാണ്, അല്ലാതെ അതിനെ തോല്പിക്കുവാനല്ല.

ഗില്‍ഗമെഷിന്റെ ഇതിഹാസം, ഓര്‍ഫിയസിന്റെയും യൂറിഡൈസിന്റെയും പുരാണകഥ, ബൈബിള്‍, ഖുര്‍ ആന്‍, വേദങ്ങള്‍ എന്നുതുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശുദ്ധഗ്രന്ഥങ്ങളും കഥകളും ആശയറ്റ മനുഷ്യരോട് ക്ഷമാപൂര്‍വം പറഞ്ഞുകൊണ്ടിരുന്നത് ദൈവമോ പ്രപഞ്ച ശക്തിയോ പ്രകൃതിമാതാവോ നിശ്ചയിച്ചതുകൊണ്ടാണ് നാം മരിക്കുന്നതെന്നും വിധിയെ വിനയത്തോടും സൗമനസ്യത്തോടുംകൂടി സ്വീകരിക്കണമെന്നുമാണ്. ഒരുപക്ഷേ, ദൈവം എന്നെങ്കിലും ക്രിസ്തുവിന്റെ രണ്ടാംവരവുപോലെയുള്ള ഏതെങ്കിലുമൊരു അതീന്ദ്രിയമായ നീക്കത്തിലൂടെ മരണത്തെ നിരോധിച്ചു എന്നുവരാം. എങ്കിലും അത്തരം വിപ്ലവങ്ങള്‍ സംഘടിപ്പിക്കുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരുടെ തലത്തിനപ്പുറത്താണ്.
അങ്ങനെയിരിക്കെയാണ് ശാസ്ത്രവിപ്ലവം വന്നത്. ശാസ്ത്രജ്ഞര്‍ക്ക് മരണം ദൈവത്തിന്റെ ഉത്തരവല്ല വെറുമൊരു സാങ്കേതികപ്രശ്‌നം മാത്രമാണ്. ദൈവം പറഞ്ഞതുകൊണ്ടല്ല മനുഷ്യര്‍ മരിക്കുന്നത്, സാങ്കേതികമായ ചില വീഴ്ചകള്‍കൊണ്ടാണ്. ഹൃദയം രക്തം പമ്പ്‌ചെയ്യുന്നത്
നിര്‍ത്തുന്നു. കാന്‍സര്‍ കരളിനെ കേടുവരുത്തുന്നു. ശ്വാസകോശങ്ങളില്‍ വൈറസുകള്‍ പെരുകുന്നു. ഈ സാങ്കേതികപ്രശ്‌നങ്ങള്‍ക്കെല്ലാം എന്താണ് ഉത്തരവാദി?

തുടര്‍ന്നും വായിക്കാം

യുവാല്‍ നോവാ ഹരാരിയുടെ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ജൂണ്‍മാസത്തെ പച്ചക്കുതിര മാസിക ഡൗണ്‍ലോഡ് ചെയ്യൂ. ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ലക്കം ലഭ്യമാണ്

Comments are closed.