വധഭീഷണിക്ക് പിന്നാലെ സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം
കൊച്ചി: പ്രഭാഷകനും ഇടതുപക്ഷ ചിന്തകനുമായ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിനു നേരെ ആക്രമണം. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന സുനില്‍ പി.ഇളയിടത്തിന്റെ ഓഫീസിനു മുന്നിലുള്ള നെയിം ബോര്‍ഡ് തകര്‍ക്കുകയും വാതിലില്‍ കാവി പൂശുകയുമാണ് ചെയ്തിരിക്കുന്നത്. നേരത്തെ സുനില്‍ പി.ഇളയിടത്തിനു നേരെ സംഘപരിവാര്‍ അനുകൂല സംഘടനകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് വധഭീഷണി ഉയര്‍ന്നിരുന്നു.
ശബരിമല വിഷയത്തില്‍ സുനില്‍ പി.ഇളയിടം വിവിധയിടങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ പേരില്‍ ഏതാനും നാളുകളായി ഭീഷണി ഉയരുന്നുണ്ട്. കഴിഞ്ഞദിവസം സുദര്‍ശനം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഇയാളെ ശ്രദ്ധിക്കണം എന്നു പറഞ്ഞായിരുന്നു പോസ്റ്റ്. എന്നാല്‍ പിന്നീട് പോസ്റ്റിനു താഴെയുള്ള കമന്റ് ബോക്‌സില്‍ അദ്ദേഹത്തെ കൊല്ലാന്‍ ആഹ്വാനം ചെയ്തുള്ള ഭീഷണികള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് കാലടി സര്‍വ്വകലാശാലയിലെ സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിന് നേര്‍ക്കുള്ള ആക്രമണം.
കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അധ്യാപകനും സാംസ്‌കാരിക ഗവേഷകനും പ്രഭാഷകനും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമാണ് സുനില്‍ പി. ഇളയിടം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകൂലമായി നവോത്ഥാന പ്രഭാഷണങ്ങള്‍ നടത്തുന്നതാണ് സുനില്‍ പി. ഇളയിടത്തിനെതിരെയുള്ള പ്രകോപനത്തിനു പ്രധാന കാരണം. ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെ ആധികാരികമായി ഉദ്ധരിച്ചാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്.
Comments are closed.