എ.ടി.എം കവര്‍ച്ചക്ക് പിന്നില്‍ ഏഴംഗസംഘം; കേരളം വിട്ടതായി സൂചന
കൊച്ചി: തൃശൂര്‍, എറണാകുളം ജില്ലകളിലായി രണ്ട് എ.ടി.എമ്മുകളില്‍ നിന്ന് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിന് പിന്നില്‍ കേരളത്തിന് പുറത്ത് നിന്നുള്ള ഏഴംഗസംഘമെന്ന് നിഗമനം. കവര്‍ച്ചയ്ക്ക് ശേഷം ഇവര്‍ ട്രെയിനില്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ചാലക്കുടിയില്‍ ഇവര്‍ റോഡരികില്‍ ഉപേക്ഷിച്ച വാഹനം പൊലീസ് കണ്ടെടുത്തിരുന്നു. ഇവിടെ നിന്നും ഇവര്‍ തൊട്ടടുത്തുള്ള സ്‌കൂളിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു. ഇവര്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ നിന്നു പാസഞ്ചറില്‍ തൃശൂരിലെത്തിയ ശേഷം അവിടെ നിന്ന് ധന്‍ബാദ് എക്‌സ്പ്രസില്‍ കേരളം വിട്ടതായാണ് അനുമാനിക്കുന്നത്.
പ്രൊഫഷണല്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് തൃശൂര്‍ റൂറല്‍ എസ്.പി പറഞ്ഞു. മൂന്നു ജില്ലകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
എറണാകുളം ഇരുമ്പനത്തെ എസ്.ബി.ഐ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയും കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 10 ലക്ഷത്തോളം രൂപയുമാണ് സമാനരീതിയില്‍ കവര്‍ച്ച ചെയ്തത്. ഗ്യാസ് കട്ടര്‍ കൊണ്ട് മെഷീന്‍ തകര്‍ത്താണ് സംഘം പണമെടുത്തത്. സിസിടിവി ക്യാമറകള്‍ സ്പ്രേ പെയിന്റ് ചെയ്ത് മറച്ചിരുന്നുവെങ്കിലും മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിലും വെമ്പള്ളിയിലുമുള്ള എ.ടി.എം കൗണ്ടറുകളില്‍ സമാനമായി മോഷണശ്രമം നടന്നെങ്കിലും പണം നഷ്ടപ്പെട്ടിരുന്നില്ല.
Comments are closed.