DCBOOKS
Malayalam News Literature Website

അരുന്ധതി റോയിയുടെ നോവല്‍ ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി’

‘യുദ്ധമെന്നാല്‍ സമാധാനമായിരിക്കുകയും സമാധാനമെന്നാല്‍ യുദ്ധമായിരിക്കുകയും ചെയ്യുന്ന ഇടങ്ങളിലൂടെയുള്ള യാത്ര’. അരുന്ധതി റോയിയുടെ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് എന്ന നോവലിനെ കുറിച്ചുള്ള വിശേഷണമാണിത്. പഴയ ദില്ലിയിലെ ഇടതിങ്ങിയ വീടുകള്‍ മുതല്‍ പുതിയ നഗരങ്ങളിലെ പാതകളിലൂടെയും കശ്മീരിലെ താഴ്‌വരകളിലൂടെയും പര്‍വ്വതങ്ങളിലൂടെയുമുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. ശ്വസിക്കുന്ന വായു, ജാതി, സ്‌നേഹം, മൃഗങ്ങള്‍, കശ്മീര്‍, നഗരങ്ങള്‍ അങ്ങനെ എഴുത്തുകാരിക്കു ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ആഖ്യാനം.

1997-ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിനു ശേഷം അരുന്ധതി റോയ് രചിച്ച രണ്ടാമത്തെ നോവലാണ് ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്. ആദ്യ നോവല്‍ പ്രസിദ്ധീകരിച്ച് ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് അരുന്ധതി ഈ നോവല്‍ എഴുതിയത്. 2017-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനായുള്ള പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ച നോവലിന്റെ മലയാളം പരിഭാഷ ഇപ്പോള്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്യാനന്ദത്തിന്റെ ദൈവവൃത്തി എന്ന പേരില്‍ ജോണി എം.എല്‍ ആണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

നോവലിന്റെ വിവര്‍ത്തനാനുഭവത്തെ കുറിച്ച് ജോണി എം.എല്‍ എഴുതുന്നു…

‘മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്’ എന്ന നോവല്‍ ഇന്ത്യയിലെ എന്നല്ല ലോകത്തെമ്പാടുമുള്ള വായനക്കാര്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു. അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ എന്നതു മാത്രമായിരുന്നില്ലഅതിന്റെ പ്രസക്തി. ബുക്കര്‍ അവാര്‍ഡ് ജേതാവായ അരുന്ധതി റോയ് ‘ഗോഡ് ഓഫ് സ്മാള്‍ തിങ്സ്’ എന്ന ആദ്യ നോവലിനുശേഷം രണ്ടണ്ടാമതൊരു നോവല്‍ ഉടനെങ്ങും എഴുതും എന്ന സൂചന നല്‍കിയിരുന്നില്ല. ആദ്യനോവല്‍തന്നെ അരുന്ധതിയെ ലോകശ്രദ്ധയില്‍ എത്തിച്ചെങ്കിലും സാഹിത്യശ്രമങ്ങള്‍ തുടരുന്നതിനു പകരം അവര്‍ ആദ്യം നര്‍മ്മദാ ബച്ചാവോ ആന്ദോളനിലേക്കും പിന്നീട് ഇന്ത്യയുടെ ആണവപരീക്ഷണങ്ങള്‍ക്ക് എതിരെയുള്ള പ്രചാരണങ്ങളിലേക്കും രാജ്യത്തെ പാര്‍ലമെന്ററി സംവിധാനത്തിന് പുറത്തു നിന്ന് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ ജീവിതങ്ങളിലേക്കും കശ്മീരിലെ സ്വാതന്ത്ര്യകാംക്ഷികളായ ജനതയുടെ ജീവിതങ്ങളിലേക്കും തന്റെ രാഷ്ട്രീയ-സാംസ്‌കാരിക ജീവിതം തിരിച്ചുവിടുകയും ഇടപെട്ട മേഖലകളിലെല്ലാം അന്താരാഷ്ട്ര ശ്രദ്ധയെത്തിക്കാന്‍ കഴിയുകയും ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി അരുന്ധതി ജയിലില്‍ അടയ്ക്കപ്പെട്ടു. പിന്നീട് ഡോക്ടര്‍ ആന്‍ഡ് ദി സെയിന്റ് എന്ന പുസ്തകത്തിലൂടെ ഇന്ത്യയിലെ ദലിത് വ്യവഹാരങ്ങള്‍ക്കു പുതിയൊരു ഊര്‍ജ്ജം
പകരുകയും ചെയ്തു. പല ദളിത് സൈദ്ധാന്തികരും അരുന്ധതിയുടെ പുസ്തകത്തെ അത്ര സഹഭാവത്തോടെയല്ല സമീപിച്ചത്. ഈയൊരുപശ്ചാത്തലത്തിലാണ് ‘മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്‘ ഇറങ്ങുന്നത്. ഗോഡ് ഓഫ് സ്മാള്‍ തിങ്‌സിന്റെ ഒരു വിജയാവര്‍ത്തനം പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അങ്ങനെയൊരു പ്രതികരണം അല്ല സാഹിത്യകമ്പോളംപുതിയ പുസ്തകത്തിനു നല്‍കിയത്. വളരെ സമ്മിശ്രമായ പ്രതികരണങ്ങള്‍ ആണ് ആദ്യം ഉണ്ടണ്ടായത്.

അഞ്ജു എന്നുപേരുള്ള ഒരു ഹിജഡ ആനന്ദത്തിന്റെ പ്രേഷിതപ്രവര്‍ത്തനം തന്നെയാണ് നടത്തുന്നതെന്ന് നോവല്‍ വായനയില്‍ എനിക്കു തോന്നിയിരുന്നു. അന്താരാഷ്ട്രപ്രശസ്തിയുള്ള എഴുത്തുകാര്‍ പൊതുവെ വിവര്‍ത്തകര്‍ പാലിക്കേണ്ടണ്ട ചില നിബന്ധനകള്‍ നേരത്തേതന്നെ മുന്നോട്ടു വെക്കും. ഓര്‍ഹന്‍ പാമുക്കിനെ പോലുള്ള നോവലിസ്റ്റുകള്‍ക്ക് അദ്ദേഹവുമായി ഒത്തുചേര്‍ന്നു വിവര്‍ത്തനം ചെയ്യുന്ന മൗറീന്‍ ഫ്രീലിയെപ്പോലുള്ള സ്ഥിരം വിവര്‍ത്തകരുണ്ടണ്ട്. 2018 -ല്‍ മാന്‍ ബുക്കര്‍ പ്രൈസ് നേടിയ ഓള്‍ഗ തൊകര്‍ഷക്ക് എന്ന പോളിഷ് നോവലിസ്റ്റിനൊപ്പം അത് ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്ത ജെന്നിഫര്‍ ക്രോഫ്റ്റും അവാര്‍ഡ് പങ്കിടുകയുണ്ടണ്ടായി. അരുന്ധതിയുടെ കാര്യത്തിലുള്ള സവിശേഷത എന്നത് അവരുടെ അമ്മയുടെ ഭാഷയാണ് മലയാളമെങ്കിലും അവര്‍ മലയാളം ഒന്നാം ഭാഷയായി ഉപയോഗിക്കാത്ത ഒരു എഴുത്തുകാരിയാണ്. ഇംഗ്ലീഷില്‍ എഴുതുന്ന ഒരു നോവല്‍അവരുടെ ‘സ്വന്തം’ ഭാഷയായ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അത് ഒരു കേവല വിവര്‍ത്തനം ആയാല്‍ മാത്രം പോരാ; ഇംഗ്ലിഷ് ഭാഷയുടെ സ്വഭാവം ചോര്‍ന്നുപോകാത്തതും മലയാളത്തില്‍ കൃത്രിമത്വം തോന്നാത്തതുമായ ഒരു വിവര്‍ത്തനഭാഷ ഉപയോഗിക്കണം അരുന്ധതിയുടെ നോവലിന്റെ സവിശേഷത എന്നത് അത് മലയാളഭാഷയും കൂടിപങ്കിടുന്ന ഇന്ത്യന്‍ സമകാലിക രാഷ്ട്രീയ-സാംസ്‌കാരിക-ചരിത്രസന്ദര്‍ഭങ്ങളുടെ കഥയാണ് എന്നതാണ്. അപ്പോള്‍ പല വാക്കുകളെയും സാംസ്‌കാരികമായി അപരിചിതമാണ് എന്ന പേരില്‍ വെറുതെ വിടാന്‍ കഴിയുകയില്ലായിരുന്നു. അതിനാല്‍ തികച്ചും സൂക്ഷ്മമായ ഒരു ഭാഷാസമീപനം ആണ് ഞാന്‍ വിവര്‍ത്തനത്തില്‍ കൈക്കൊണ്ടത്.

വിവര്‍ത്തനത്തെ കുറിച്ചുള്ള പല സമീപനരീതികളില്‍ പ്രധാനമാണ് വിവര്‍ത്തനം വിവര്‍ത്തിതവുമായി ഏറ്റവും അടുപ്പം പുലര്‍ത്തണം എന്നുള്ളത്. പ്രചാരത്തിലുള്ളതും പല വിവര്‍ത്തകരും പരീക്ഷണാത്മകമായി പിന്‍പറ്റുന്ന ഒരു സമീപനമാണ്, വിവര്‍ത്തനം വിവര്‍ത്തിതത്തില്‍നിന്ന് സൂക്ഷ്മമായ ഒരു അകലം പാലിക്കണം എന്നുള്ളത്. ഒരു നല്ല വിവര്‍ത്തനം എന്ന് പുകഴ്ത്തപ്പെടുന്ന പാഠങ്ങള്‍ എല്ലാംതന്നെ ഈ രണ്ടു സമീപനങ്ങള്‍ക്കും ഇടയില്‍ സന്തുലിതമായി നില്‍ക്കുന്നതാണ്. പഴയ സമീപനങ്ങളില്‍ പ്രധാനമാണ്, സംക്ഷേപനവും വ്യാവര്‍ത്തനവും. വിശദീകരണങ്ങളെ സംക്ഷേപിക്കുകയും സംക്ഷിപ്തങ്ങളെ വിവരിക്കുകയും ചെയ്യുന്ന രീതികളാണ് ഇവ. ഏകദേശം പുനരാഖ്യാനത്തോളവും പുനര്‍രചനയോളവും വരുന്ന വിവര്‍ത്തനങ്ങള്‍ മലയാള സാഹിത്യത്തില്‍ നാം കാണുന്നുണ്ടണ്ട്. സ്വാതന്ത്ര്യാനന്തരം റഷ്യന്‍ സാഹിത്യം വിവര്‍ത്തനം ചെയ്തുതുടങ്ങുമ്പോഴാണ് മലയാളഭാഷയിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ട മറ്റൊരു രാജ്യവും കാലാവസ്ഥയുമൊക്കെ നമുക്ക് അനുഭവവേദ്യമാകുന്നത്. വിവര്‍ത്തനം വിവര്‍ത്തിതത്തിനെ ചെറിയൊരു അകലത്തില്‍ തന്നെ നിറുത്തി എന്നുള്ളതിനുള്ള തെളിവുകളായി ഇവയെ നമുക്ക് കാണാം. ഈ സമീപനം തന്നെയാണ് പിന്നീട് ലാറ്റിനമേരിക്കന്‍ കവിതകളും നോവലുകളും മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തപ്പോള്‍ വിവര്‍ത്തകര്‍ സ്വീകരിച്ചത്. പക്ഷേ, ട്രോപ്പിക്കല്‍ മേഖലയില്‍നിന്നുള്ള സാഹിത്യത്തില്‍ അവിടത്തെ ഉഷ്ണവും ചതുപ്പും കൊതുകുകളും പ്രണയവും ഒക്കെ ഉണ്ടായിരുന്നതിനാല്‍ മലയാളത്തിലേക്ക് അവ വന്നപ്പോള്‍ അത് കേരളത്തില്‍തന്നെ എഴുതപ്പെട്ട സാഹിത്യമാണെന്നുള്ള പ്രതീതി ഉണ്ടണ്ടാവുകയുംചെയ്തു.

ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, അരുന്ധതിയെ വിവര്‍ത്തനം ചെയ്യുമ്പോള്‍ അത് അനുഭവവുമായി ബന്ധപ്പെട്ടഒരു അപരിചിതത്വം സൃഷ്ടിക്കുന്നതായി കാണാം. പുരാതന ഡല്‍ഹി നമ്മുടെ സങ്കല്പങ്ങളില്‍ ഉള്ളതാണ്, പക്ഷേ, അവിടത്തെ ഹിജഡജീവിതം നമുക്ക് പരിചിതമല്ല. കശ്മീര്‍ നമുക്ക് പരിചിതമാണ്, പക്ഷേ അവിടത്തെ സ്വാതന്ത്ര്യ സമര സംഗ്രാമികളും പട്ടാളവും തമ്മില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ ബന്ധം നമുക്ക് അപരിചിതമാണ്. തീവ്രവാദി എന്നു പറയുന്ന ഒരാളിന്റെ വ്യക്തിജീവിതം നമുക്ക് തീരെയറിയില്ല. അതുപോലെതന്നെയാണ് കഥയുടെ ഒരു പ്രധാന ഘട്ടം നടക്കുന്ന ജന്തര്‍ മന്തര്‍. ഒരുപക്ഷേ ഡല്‍ഹി സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കും ചരിത്രവും ചിത്രക്കാര്‍ഡുകളും അറിയാവുന്നവര്‍ക്കും ടെലിവിഷനില്‍ ന്യൂസ് കാണുന്നവര്‍ക്കും ഈ സ്ഥലംപരിചിതമായിരിക്കും. പക്ഷേ, അവിടെനടന്ന വലിയൊരു ‘കൈമാറ്റം’ നമുക്ക് അറിയില്ല. ചിരപരിചിതമെങ്കിലും അന്യമായിപ്പോകുന്ന സമകാലിക യാഥാര്‍ഥ്യങ്ങളിലേക്ക് ആഖ്യാനം തിരിക്കുകയാണ് അരുന്ധതി ഈനോവലില്‍.

ദൈനന്ദിനതകളില്‍നിന്ന് ഒഴിവാക്കപ്പെട്ട് ശവകുടീരങ്ങളില്‍ വീടുകള്‍ കെട്ടി ജീവിക്കുന്ന പ്രാന്തവത്കൃതരുടെ ജീവിതാഖ്യാനങ്ങള്‍കൂടിയാണ് ‘അത്യാനന്ദത്തിന്റെ പ്രേഷിതവൃത്തിയില്‍’ നാം കാണുന്നത്. ഗുജറാത്തിലെ കലാപത്തില്‍ അകപ്പെട്ടു നടുറോഡില്‍ കൊല്ലപ്പെടുന്ന സാക്കിര്‍ മിയാനിന്റെ അവസാനനോട്ടം കലാപത്തിന്റെ മൊത്തം യുക്തിയിലേക്കോ യുക്തിരാഹിത്യത്തിലേക്കോ ആണ് നീളുന്നത്. ഇതേനോട്ടം കമാണ്ടര്‍ ഗുല്‍റേസ് ആണെന്നു കരുതി പട്ടാളക്കാര്‍ കൊന്നുകളയുന്ന പാവം ഒരു അപ്പുക്കിളി ഗുല്‍റേസ് നോക്കുന്നുണ്ട്. വിവര്‍ത്തനത്തിനു വഴങ്ങിത്തരുന്നവര്‍ തന്നെയായിരുന്നു നോവലിലെ മിക്കവാറും എല്ലാ കഥാപാത്രങ്ങളും. വഴങ്ങാതെ നിന്നിട്ടുണ്ടെങ്കില്‍ അത് കഥാനായികമാരില്‍ ഒരാളായ മിസ് തിലോത്തമ തന്നെയാണ്. അഞ്ജുവും അവളുടെ ചുറ്റുമുള്ള ഹിജഡകളും പാവം മനുഷ്യരും ഒരു ഭാഷയില്‍നിന്ന് മറ്റൊന്നിലേക്കു യാതൊരു എതിര്‍പ്പും കൂടാതെ കടന്നു പോയി.

ഒരു വിവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഡോ. ആസാദ് ഭാരതി, സദ്ദാം ഹുസ്സൈന്‍ എന്നിവരാണ്. ഇവര്‍ രണ്ടുപേരുമായി ബന്ധപ്പെട്ട അനേകം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ നോവലില്‍ ഉണ്ട്. ഏതൊരു ഭാഷയിലും ഒരുപോലെ ജീവിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നത് ഒരു എഴുത്തുകാരിയെ ഒരേ സമയം പ്രാദേശികവല്‍ക്കരിക്കുകയും ആഗോളവല്‍ക്കരിക്കുകയുംചെയ്യുന്നു. പ്രദേശത്തെ വായനക്കാര്‍ കഥാപാത്രങ്ങള്‍ക്ക് അവരില്‍നിന്നുള്ള അകലം അളക്കുമ്പോള്‍ ആഗോള വായന
ക്കാര്‍ അവരുടെ അനുഭവങ്ങളിലെ ഇതേ കഥാപാത്രങ്ങള്‍ക്ക് അവരുമായുള്ള അടുപ്പം അളക്കുകയാണ് ചെയ്യുന്നത്. വിവര്‍ത്തകരുടെ വിജയം ഈ അളവുകളെ എളുപ്പമാക്കുന്നതിലാണ്. അരുന്ധതി റോയിയുടെ ഈ നോവലിന്റെ വിവര്‍ത്തനത്തില്‍ എനിക്കതു ചെയ്യാന്‍ കഴിഞ്ഞു എന്നു തന്നെയാണ് ഞാന്‍ അടിവരയിടുന്നത്.

Comments are closed.