ആര്‍ നന്ദകുമാറിന്റെ ‘ആത്മാക്കളുടെ ഭവനം’; പുസ്തകപ്രകാശനം നാളെ
ആര്‍ നന്ദകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘ആത്മാക്കളുടെ ഭവനം’ 2022 നവംബര്‍ ഒന്നാം തീയതി ചൊവ്വാഴ്ച പ്രകാശനം ചെയ്യുന്നു. വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷില്‍ നിന്നും പ്രൊഫ വി കാര്‍ത്തികേയന്‍ നായര്‍ പുസ്തകം സ്വീകരിക്കും. ഡോ പി പവിത്രന്‍ പുസ്തകപരിചയം നടത്തും. പ്രൊഫ വി മധുസൂദനന്‍ നായര്‍, ഡോ പി വേണുഗോപാലന്‍, ജയചന്ദ്രന്‍ കടമ്പനാട്, ആര്‍ നന്ദകുമാര്‍, എ വി ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡി സി ബുക്‌സാണ് പ്രസാധകർ.
മുന്നൂറു വർഷം മുമ്പുള്ള വേണാടിന്റെയും 1721 ലെ ആറ്റിങ്ങൽ കലാപത്തിന്റെയും പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ‘ആത്മാക്കളുടെ ഭവനം’. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിൽ തിരുവിതാംകൂറായി മാറിയ പഴയകാല വേണാടിന്റെ ഈറ്റില്ലമാണ് ആറ്റിങ്ങൽ എന്ന ചെറിയ നാട്. ഏതാണ്ട് ഒരു സഹസ്രാബ്ദത്തിനുമപ്പുറം നീളുന്ന കാലയളവിന്റെ ചരിത്രം ഈ നാടിനുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കച്ചവടതന്ത്രങ്ങളിലൂടെയുള്ള അധിനിവേശ ശ്രമങ്ങൾക്കെതിരെ ഇന്ത്യയിലാദ്യമായി ഒരു ജനകീയസായുധ കലാപം നടന്നതും ഈ നാട്ടിലാണ്. ഇന്ന് എഴുതപ്പെട്ടിട്ടുള്ള ചരിത്രങ്ങളിലെ ഒരു നിഴലിടമാണ് ആറ്റിങ്ങൽ കലാപം.
ചരിത്രം രാജാക്കന്മാരുടേതും കൊട്ടാരങ്ങളുടേതും മാത്രമല്ല. ജനങ്ങളുടേതും ജനപദങ്ങളുടേതും കൂടിയാണ്. ആ ചരിത്രം കഥാത്മകമായി അനാവരണം ചെയ്യാനുള്ള പരിശ്രമമാണ് ഈ നോവൽ. കാലത്തിന്റെയും കലാപത്തിന്റെയും വിഷയം ഏതാണ്ട് അഞ്ഞൂറ്റി അമ്പതോളം പേജുകളുള്ള സാമാന്യം ദീർഘമായ ആഖ്യാനമാക്കി മാറ്റി. സമകാലവും പോയ കാലവും ഇതിൽ മലരുന്നുണ്ട്. ആകെ ഇരുപതു ഭാഗങ്ങളുണ്ട്. ഓരോ ഭാഗത്തിനും നിരവധി അദ്ധ്യായങ്ങളും.
Comments are closed.