DCBOOKS
Malayalam News Literature Website

‘അതിരുകള്‍ മാറുന്ന യൂറോപ്പിലൂടെ’;സഞ്ചാരാനുഭവങ്ങള്‍

ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അവിടത്തെ നാടുകളുടെയും ജനതകളുടെയും ചരിത്രത്തില്‍ക്കൂടി കണ്ണോടിക്കുന്ന ലോകസഞ്ചാരിയായ ഒരെഴുത്തുകാരന്റെ ലളിതസുന്ദരവും വിജ്ഞാനപ്രദവുമായ സഞ്ചാരാനുഭവങ്ങളാണ് അതിരുകള്‍ മാറുന്ന യൂറോപ്പിലൂടെ എന്ന ഈ കൃതി. നിരവധി സഞ്ചാരാനുഭവ കുറിപ്പുകളിലൂടെ ശ്രദ്ധേയനായ എം.സി ചാക്കോയാണ് ഈ കൃതിക്കുപിന്നില്‍. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന അതിരുകള്‍ മാറുന്ന യൂറോപ്പിലൂടെ എന്ന ഈ കൃതിയുടെ ആദ്യ പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

യൂറോപ്പില്‍ അതിര്‍ത്തിമാറ്റം അനുസ്യൂതമാണ്. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് യുദ്ധാനന്തരം പുതിയ രാജ്യങ്ങള്‍ രൂപപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം വീണ്ടും യൂറോപ്യന്‍ രാജ്യാതിര്‍ത്തികളെ സങ്കീര്‍ണ്ണമാക്കി. സോവിയറ്റ് യൂണിയന്‍ കടന്നുപിടിച്ചു ഘടന മാറ്റിയ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അലകും പിടിയും മാറി. നാല്പതു വര്‍ഷത്തോളം രണ്ടായിരുന്ന ജര്‍മ്മനികള്‍ ഒന്നായി. ബര്‍ലിന്‍ മതില്‍ ഇപ്പോളവിടെ കാണുന്നില്ല. യൂറോയും യൂറോപ്യന്‍ യൂണിയനും നല്ല കുതിപ്പിലാണ്… വിവിധ രാജ്യങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച് അവിടത്തെ കാഴ്ചകളും രാഷ്ട്രീയവും സാമൂഹ്യാവസ്ഥയും ഈ യാത്രാനുഭവങ്ങളില്‍ കാണാം.

എം.സി ചാക്കോ: സഞ്ചാരിയും എഴുത്തുകാരനും.1937 ഓഗസ്റ്റ് 21-ന് കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമത്തില്‍ ജനിച്ചു. മുപ്പതുവര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനു ശേഷം വിരമിച്ചു. ന്യൂയോര്‍ക്കില്‍ താമസിച്ചുകൊണ്ട് വിവിധ ഭൂഖണ്ഡങ്ങളില്‍ യാത്ര നടത്തി. ഫൊക്കാന അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹനായിട്ടുണ്ട്.

Comments are closed.