DCBOOKS
Malayalam News Literature Website

ആദി മുതലുള്ള ആധിയുടെ കഥ;  സാറാജോസഫിന്റെ ആതി നോവലിനെ മുന്‍നിര്‍ത്തിയുള്ള പഠനം

മനുഷ്യ സമൂഹത്തിന്റെ ചരിത്രം പ്രകൃതിക്കുനേരെയുള്ള കടന്നുകയറ്റത്തിന്റെ കൂടി ചരിത്രമാണ്. മനുഷ്യജീവിതത്തെ അത് മുമ്പില്ലാത്തവിധം സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. ഈ സംഘര്‍ഷങ്ങളെ സാഹിത്യം സവിശേഷമായിത്തന്നെ ആഖ്യാനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കൃതിയാണ് സാറാ ജോസഫിന്റെ ‘ആതി’. നാം ഇന്ന് നേരിടുന്ന പാരിസ്ഥിതി പ്രശ്‌നങ്ങളും ജല ദൗര്‍ലഭ്യവുമാണ് സാറാ ജോസഫ് ഈ നോവലിലൂടെ വരച്ചുകാട്ടുന്നത്. അധിനിവേശത്തിന്റെ പുതിയ രൂപഭാവങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ , അവിടെ ഉണ്ടാകേണ്ട ജഗ്രതകളെ ഓര്‍മ്മപെടുത്തുന്നുണ്ട് ആതി. വികസനത്തിന്റെ പൊള്ളയായ കണക്കുകള്‍ വരച്ചു കാട്ടി നഗരങ്ങളും ടൗണ്‍ ഷിപ്പുകളും ഉയരുന്നു വരുന്ന സമകാലിക സമൂഹത്തില്‍ അതിന്റെ ഉപോല്പന്നമായി അടിച്ചേല്‍പ്പിക്കപെടുന്ന ഭൂമി കയ്യേറ്റങ്ങളും പ്രകൃതിയുടെ, സംസ്‌ക്കാരത്തിന്റെ, വിശ്വാസത്തിന്റെ മേലുള്ള കടന്നു കയറ്റങ്ങളും നാമറിയാതെ നമ്മിലേക്ക് ഇഴഞ്ഞു വരുന്നതെങ്ങനെ എന്ന് സമീപകാല കേരളത്തിലെ ചില വികസന കയ്യേറ്റങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് നോവലിസ്റ്റ് പറഞ്ഞു തരുന്നു ഈ കൃതിയില്‍.

സാറാ ജോസഫിന്റെ പാരിസ്ഥിതിക നോവല്‍ ‘ആതി’യെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് ആതി; ആദി മുതലുള്ള ആധിയുടെ കഥ. ഹരിതനിരൂപണമെന്ന പുതുനിരൂപണശാഖയുടെ കാഴ്ചപ്പാടോടെയുള്ള ഈ പഠനം തയ്യാറാക്കിയത് അധ്യാപികയും ഗവേഷകവിദ്യാര്‍ത്ഥിയുമായ ഷീബ സി വിയാണ്. സാറാജോസഫിന്റെ ആതിയുടെ സൂക്ഷ്മാപഗ്രഥനം നടത്തുകയാണ് ഈ കൃതിയിലൂടെ ഷീബ.

പണമുണ്ടെങ്കില്‍ എല്ലാം അങ്ങാടിയില്‍ നിന്ന് കിട്ടുന്ന ഇക്കാലത്ത് മണ്ണില്‍ പണിയാനും ചേറില്‍ നില്‍ക്കാനും ആരാണ് തയ്യാറാകുന്നത്. എന്റെ ചുറ്റുമുള്ള പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ട ദൗത്യം മനുഷ്യനുണ്ടെന്ന് ഈ നോവല്‍ നമ്മെ ബോധ്യപ്പെടുത്തുന്നുവെന്ന് ഷീബ നിരീക്ഷിക്കുന്നു. ഉപഭോഗസംസ്‌കാരവും പ്രകൃതിയില്‍ നിന്ന് അന്യംനില്‍ക്കുന്ന ജീവിതവുമാണ് ആതിയുടെ ആധിക്ക് കാരണമെന്നും ഷീബ കണ്ടെത്തുന്നുണ്ട്. സത്യത്തോട് ചേര്‍ന്നുനിന്ന് പ്രകൃതിയുടെ സ്പന്ദനങ്ങള്‍ അറിയാനുള്ള കരുത്ത് മനുഷ്യനില്‍ നിന്ന് ചോര്‍ന്നുപോകരുത് എന്ന് ഓര്‍മ്മിപ്പിക്കുന്ന ഈ നോവല്‍ ജൈവസമൃദ്ധിസംരക്ഷണരേഖയിലേക്കുള്ള ഒരു ഈടുവയ്പാണെന്നും ഷീബ സമര്‍ത്ഥിക്കുന്നു.

സംരക്ഷിക്കാം- സമൃദ്ധമാക്കാം, എല്ലാവരും തുല്യര്‍, മണ്ണും മഴയും, ആതിയിലെ ജല ജീവിതം തുടങ്ങി എട്ട് അദ്ധ്യായങ്ങളായാണ് ആതിയെ പഠനവിധേയമാക്കുന്നത്. സാറാജോസഫിന്റെ ആതിയെ കുറിച്ച് കൂടുതലറിയാനാഗ്രിക്കുന്നവര്‍ക്കും പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും ഒരുമുതല്‍കൂട്ടാണ് ഷീബ സി വിയുടെ ആതി-ആദി മുതലുള്ള ആധിയുടെ കഥ.

 

Comments are closed.