മലയാളികളുടെ ആചാരങ്ങളും അനാചാരങ്ങളും
ഓരോ കാലത്തും ജനങ്ങള്‍ക്കു ചില ഇഷ്ടപദങ്ങളും പ്രയോഗങ്ങളും ഉണ്ടായിരുന്നു. അതാകട്ടെ, ആ കാലഘട്ടത്തിന്റെ സവിശേഷതകളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിച്ചിരുന്നു. ചില വാക്കുകള്‍, ആചാരാനുഷ്ഠാനങ്ങള്‍, ഭക്ഷണം, സാമൂഹികക്രമം, ജാതിമതചിന്തകള്‍, വസ്ത്രധാരണം ഇങ്ങനെ എല്ലാത്തിനും എല്ലാക്കാലത്തും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ മറഞ്ഞുപോകുന്ന ആ നല്ലകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് അത്താഴപ്പഷ്ണിക്കാരുണ്ടോ എന്ന പുസ്തകം. മലയാളികളുടെ കഴിഞ്ഞകാലത്തെ ആചാരങ്ങളും അനാചാരങ്ങളും ശീലങ്ങളും ഒക്കെ അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. ഒപ്പം, സമൂഹത്തിന്റെ വികസനത്തിനും പരിഷ്‌കാരത്തിനും അനുസരിച്ച് വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ചില ആചാരവിശേഷങ്ങളിലേക്കുള്ള രസകരമായ ഒരന്വേഷണം കൂടിയാണ് അത്താഴപ്പഷ്ണിക്കാരുണ്ടോ എന്ന പുസ്തകം. ചരിത്രവും, വി, സംസ്‌കാരവും, ശ്വാസങ്ങളും കൂടിച്ചേരുന്ന ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എം ജി ശശിഭൂഷണ്‍ ആണ്.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം-
‘കൊല്ലവര്‍ഷത്തിന്റെ കഥ; ‘
ആണ്ടും തീയതിയും കണക്കാക്കാന്‍ മലയാളികള്‍ മുമ്പൊക്കെ ഉപയോഗിച്ചിരുന്നത്, കൊല്ലവര്‍ഷം മാത്രമായിരുന്നു. ചിങ്ങത്തില്‍ തുടങ്ങി കര്‍ക്കിടകത്തില്‍ അവസാനിക്കുന്ന 12 മാസങ്ങളും നമ്മുടെ മണ്ണിന്റെ ഭാവഭേദങ്ങളുമായി ബന്ധപ്പെടുന്നു. ചിങ്ങമാസത്തിലാണ് ഓണം. തുലാം, തുലാവര്‍ഷത്തിന്റെ കാലമാണ്. വൃശ്ചികം ഒന്നിനാണ് നാല്‍പ്പത്തിയൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലത്തിന്റെ തുടക്കം. മകരമാസം തണുപ്പിന്റെ കാലമാണ്. കുംഭം- മീനമാസങ്ങള്‍ വേനല്‍ക്കാലമാണ്. മേടത്തിലാണ് വിഷുവും പത്താമുദയവും. ഇടവമാസം മഴക്കാലമാണ്. കര്‍ക്കിടകം പണ്ടൊക്കെ പഞ്ഞമാസമായിരുന്നു. കേരളത്തിന്റെ പ്രകൃതിയുമായി ഇണങ്ങുന്ന ഈ കാലഗണന ഇവിടെ തുടങ്ങിയിട്ടു 1191 വര്‍ഷം കഴിയുന്നു.
കൊല്ലവര്‍ഷത്തിനുള്ള മറ്റൊരു പേരാണ്, മലയാളവര്‍ഷം. കൊളംബവര്‍ഷമെന്ന പേരിലും കൊല്ലമാണ്ട് മുമ്പ് അറിഞ്ഞിരുന്നു. കൊല്ലവര്‍ഷം നടപ്പിലാക്കുന്നതിനുമുമ്പ് മലയാളികള്‍ എങ്ങനെയാവാം കാലഗണന നടത്തിയിരുന്നത്. മേടം ഒന്നുമുതല്‍ തുടങ്ങുന്നതും പേരറിയാത്തതുമായ ഒരു കാലഗണന കേരളത്തില്‍ ഉണ്ടായിരുന്നു. ശകവര്‍ഷവും വിക്രമവര്‍ഷവും കേരളീയര്‍ക്കും അപരിചിതമാകാനിടയില്ല. എന്നാല്‍ കലിവര്‍ഷ
ത്തിനായിരുന്നു കൂടുതല്‍ പ്രചാരം. കലിവര്‍ഷമെന്നാല്‍ കലിയുഗം തുടങ്ങിയതുമുതലുള്ള വര്‍ഷം. രാജാക്കന്മാരുടെ ഭരണവര്‍ഷം പറയുന്നരീതിക്കായിരുന്നു മഹോദയപുരത്തെ കുലശേഖരന്മാര്‍ പ്രാധാന്യം നല്‍കിയിരുന്നത്. തളിയാണ്ട് എന്നപേരില്‍ പ്രശസ്തങ്ങളായ ക്ഷേത്രങ്ങള്‍ക്കും സ്വന്തമായി കാലഗണന ഉണ്ടായിരുന്നു.
കൊല്ലവര്‍ഷത്തിനു പ്രചാരം കൊടുത്തത് വേണാടാണ്. എന്നാല്‍ ഈ കാലഗണന എങ്ങനെ ആരംഭിച്ചു എന്നതിനു വ്യക്തതയില്ല. കലിവര്‍ഷം 3926-ല്‍ അതായത് ഏ.ഡി. 824-ല്‍ വേണാടു രാജാവായ ഉദയമാര്‍ത്താണ്ഡവര്‍മ്മ ജ്യോതിഷികളുടെ സഹായത്തോടെ ഒരു പുതിയ കാലഗണനാസമ്പ്രദായം കൊല്ലത്ത് ആരംഭിച്ചുവെന്നാണ് തിരുവിതാംകൂര്‍ചരിത്രം എഴുതിയ പി. ശങ്കുണ്ണിമേനോന്‍ അവകാശപ്പെടുന്നത്. ഈ കാലഗണന, കേരളം മുഴുവന്‍ വ്യാപിച്ചുവെന്നും തൊട്ടുകിടന്നിരുന്ന തിരുനെല്‍വേലി-മധുര പ്രദേശങ്ങളും സ്വീകരിക്കുകയുണ്ടായെന്നും അദ്ദേഹം എഴുതി. പി. ശങ്കുണ്ണിമേനോന്‍ ഉദ്ധരിച്ച തെളിവുകള്‍ ഇന്നാരും അംഗീകരിക്കുന്നില്ല. ഏ.ഡി 824-ല്‍ ഉദയമാര്‍ത്താണ്ഡവര്‍മ്മ എന്നൊരു രാജാവ് ഉണ്ടായിരിക്കാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നു. കാന്റര്‍വിഷര്‍ എന്ന ഡച്ചുകാരനായ ഒരു പുരോഹിതനാണ്, കൊല്ലവര്‍ഷത്തെപ്പറ്റി നിരീക്ഷണം നടത്തിയ ആദ്യത്തെ വിദേശി. വടക്കന്‍ കൊല്ലത്തുനിന്നു ചേരമാന്‍ പെരുമാള്‍ ഗംഗയിലേക്കോ അതല്ലെങ്കില്‍ മുസ്‌ലിങ്ങള്‍ പറയുന്നതുപോലെ മെക്കയിലേക്കോ പോയ വര്‍ഷംമുതലാണ്, കൊല്ലവര്‍ഷം കണക്കാക്കാന്‍ തുടങ്ങിയതെന്നാണ് കൊച്ചിയില്‍ കുറെക്കാലം ഉണ്ടായിരുന്ന കാന്റര്‍വിഷര്‍ എഴുതിയത്. മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ വാഴ്ചയില്‍നിന്നു വേണാടിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ സ്മാരകമായിട്ടാണ്, കൊല്ലവര്‍ഷം നിലവില്‍ വന്നതെന്നാണ് മലബാര്‍ മാന്വല്‍ എഴുതിയ വില്യം ലോഗന്‍ വിശ്വസിച്ചത്. ചിങ്ങം ഒന്ന് ആണ്ടുപിറപ്പായി വേണാട് കരുതുമ്പോള്‍ വടക്കുള്ള കോലത്തുനാട് കന്നിമാസം ഒന്നാം തീയതിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ലോഗന്‍ ചൂണ്ടിക്കാട്ടി. കോലത്തുനാടിനു പെരുമാള്‍ഭരണത്തില്‍നിന്നും സ്വാതന്ത്ര്യം ലഭിച്ചത് കന്നിമാസം ഒന്നാം തീയതി ആയതുകൊണ്ടാവാം ഇങ്ങനെയൊരു വ്യത്യാസം വന്നതെന്നും ലോഗന്‍ കരുതി.
കുരക്കേണിക്കൊല്ലവും(തെക്കന്‍ കൊല്ലം)പന്തലായിനി ക്കൊല്ലവും(വടക്കന്‍ കൊല്ലം)സ്ഥാപിക്കപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്ന വിശ്വാസവും ഇതോടൊപ്പം പ്രചാരത്തിലുണ്ട്. കൊല്ലം ‘തോന്റി'(തുടങ്ങി) എന്ന ആദ്യകാല പ്രയോഗം മുന്‍നിര്‍ത്തി കൊല്ലം നഗരത്തിന്റെ നിര്‍മ്മാണമാണ് കാലഗണനയ്ക്ക് ആധാരമെന്നു കരുതുന്നവര്‍ ഏറെയാണ്. ഏ.ഡി. 1096-ല്‍ കൊല്ലത്തിനു നേരിട്ട നാശത്തെ അടിസ്ഥാനമാക്കി, കൊല്ലം ‘അഴിന്ത ആണ്ട്’ എന്നൊരു പ്രത്യേക സംവല്‍സരം, ചോഴന്മാര്‍ തുടങ്ങിയതും തെളിവായി ഈ വാദക്കാര്‍ ഉന്നയിക്കും. കുലോത്തുംഗചോളന്റെ സേനാനായകനായ നരലോകവീരനാണ്, ഏ.ഡി. 1096-ല്‍ കൊല്ലം നഗരം ആക്രമിച്ച് കീഴടക്കിയതും നശിപ്പിച്ചതും.
കൊല്ലത്തുണ്ടായിരുന്ന ക്രിസ്ത്യന്‍ വ്യാപാരികള്‍, വാണിജ്യവുമായി ബന്ധപ്പെട്ട കരാറുകള്‍ക്കായി ഒരു കാലഗണന കൂടിയേതീരൂ എന്നു രാജാവിനോട് അപേക്ഷിച്ചുവെന്നും അതനുസരിച്ച് അന്നത്തെ വേണാട് രാജാവ് നിലവിലുള്ള സപ്തര്‍ഷിവര്‍ഷത്തെ പരിഷ്‌കരിച്ചുവെന്നുമാണ് ഇനിയൊരു വാദം. പുതിയ കാലഗണനയുടെ പ്രയോജനം തിരിച്ചറിഞ്ഞ കേരളത്തിലെ വ്യാപാരസമൂഹം, ഈ കാലഗണനയ്ക്കു പ്രചാരം കൊടുത്തുവെന്നുമാണ് ഇനിയും ചിലര്‍ വിശ്വസിക്കുന്നത്.
അഞ്ചുവണ്ണത്തിലും മണിഗ്രാമത്തിലുംപെട്ട കൊല്ലത്തെ വ്യാപാരികളാണ് ഈ പുതിയ കാലഗണനയ്ക്കു പിന്നിലെന്നും ഇതുസംബന്ധിച്ച തീരുമാനം, കൊല്ലത്തെ രാമേശ്വരം ക്ഷേത്രത്തില്‍ വച്ചാണ് രാജാവ് നടപ്പിലാക്കിയതെന്നും മറ്റുചിലര്‍ വാദിക്കുന്നു. സപ്തര്‍ഷിവര്‍ഷത്തിന്റെ ഒരു പരിഷ്‌കൃതരൂപമായിരിക്കാം കൊല്ലവര്‍ഷമെന്ന പി. സുന്ദരംപിള്ളയുടെ അഭിപ്രായമാണ് എന്നാല്‍ ഏറ്റവും ആദരണീയം. കവിയും നാടകകൃത്തും ചരിത്രകാരനും അദ്ധ്യാപകനുമായിരുന്ന പി. സുന്ദരംപിള്ള, തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പിന്റെ ആദ്യത്തെ മേധാവികൂടി ആയിരുന്നു. അല്‍ബറൂണിയുടെ കുറിപ്പുകളിലും കല്‍ഹണന്റെ രാജതരംഗിണി എന്ന കാശ്മീര്‍ ചരിത്രത്തിലും മറ്റും സപ്തര്‍ഷിവര്‍ഷത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. നൂറ് വര്‍ഷംകൊണ്ട് ഒരാവൃത്തി പൂര്‍ത്തിയാക്കുകയും വീണ്ടും ഒന്നുമുതല്‍ വര്‍ഷം തുടങ്ങുകയുമാണ് സപ്തര്‍ഷിവര്‍ഷത്തിന്റെ സമ്പ്രദായം. ബി.സി. 3076 – ലാണത്രേ സപ്തര്‍ഷിവര്‍ഷം ആരംഭിച്ചത്. സപ്തര്‍ഷിവര്‍ഷം തുടങ്ങി മുപ്പത്തിയൊന്‍പത് ആവൃത്തി കഴിഞ്ഞപ്പോഴാണ് കൊല്ലവര്‍ഷം ആരംഭിച്ചത്. പി. സുന്ദരംപിള്ളയുടെ കൊല്ലവര്‍ഷത്തെക്കുറിച്ചുള്ള സിദ്ധാന്തം, കെ.പി. പത്മനാഭമേനോനെയും ഇളംകുളം കുഞ്ഞന്‍പിള്ളയെയുംപോലുള്ള ചരിത്രകാരന്മാരും അംഗീകരിക്കുകയുണ്ടായി.
കൊല്ലവര്‍ഷം തുടങ്ങിയിട്ട് ഏതാനും നൂറ്റാണ്ടുകള്‍ വേണ്ടിവന്നു ജനങ്ങള്‍ക്ക് ഈ കാലഗണനയുമായി പൊരുത്തപ്പെടാന്‍. വേണാടു രാജാവായ ശ്രീവല്ലഭന്‍ കോതയുടെ മാമ്പള്ളിപ്പട്ടയമാണ് (കൊ.വ. 149) കണ്ടുകിട്ടിയിടത്തോളം കൊല്ലവര്‍ഷം രേഖപ്പെടുത്തിയ ആദ്യ ശാസനം. കുരക്കേണികൊല്ലമെന്ന പേര് ആണ്ട് തുടങ്ങുംമുമ്പേ കൊല്ലത്തിന് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവിടെ പുതിയ ഒരു വാണിജ്യനഗരവും ആണ്ടും ഒരേസമയം വന്നതാണെന്നും തീര്‍ച്ചയാക്കാം. വേണാടുമായി ദത്തുകള്‍വഴി ബന്ധമുണ്ടായിരുന്ന കോലത്തുനാടാണ് കൊച്ചിയെക്കാള്‍ മുമ്പേ കൊല്ലവര്‍ഷം, സ്വീകരിച്ചത്. പുതുവയ്പ് വര്‍ഷം ഉള്‍പ്പെടെയുള്ള പല കാലഗണനകളും പരീക്ഷിച്ച കൊച്ചിയും ഒടുവില്‍ കൊല്ലവര്‍ഷം അംഗീകരിച്ചു. വര്‍ഷാരംഭം കോലത്തുനാട്ടില്‍ കന്നിയിലായിരുന്നെന്നും ഓണത്തിന്റെ പ്രാധാന്യംകൊണ്ട് അവരും ചിങ്ങത്തെ തുടക്കമായി പിന്നീട് കണ്ടെന്നുമാണ് ജ്യോതിഷികളുടെ വാദം.
പതിമൂന്നാം നൂറ്റാണ്ടു മുതല്‍, വേണാട് രാജാക്കന്മാര്‍ ഭരണം നടത്തിയ തിരുനെല്‍വേലി പ്രദേശങ്ങളിലും കൊല്ലമാണ്ട് പ്രചരിക്കുകയുണ്ടായി. വേണാടിന്റെ ഭരണം, 16-ാം നൂറ്റാണ്ടില്‍ അവിടെ അവസാനിച്ചുവെങ്കിലും കൊല്ലമാണ്ടിന് ഇവിടങ്ങളില്‍ ഇപ്പോഴും അംഗീകാരമുണ്ട്. ഒരു കാലഗണനയുടെ ഉത്ഭവവും പ്രചാരവും അതിജീവനവും ഒരു ദേശത്തിന്റെ സംസ്‌കൃതിയുമായി വേര്‍പെടുത്താനാവാത്തവണ്ണം ബന്ധപ്പെടുന്നു.
Comments are closed.