ഇന്ന് അത്തം; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളി
ഇന്ന് അത്തം. പത്താംനാൾ തിരുവോണവും. ഇത്തവണ ചിങ്ങത്തിൽ രണ്ട് തിരുവോണവും അത്തവുമുണ്ടെന്ന പ്രത്യേകതയുണ്ട്. വയനാട് ദുരന്തംതീർത്ത പ്രതിസന്ധിയിലും ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളി. പതിവുതെറ്റിക്കാതെ തുമ്പയും കാക്കപ്പൂവും തൊട്ടാവാടിയുമൊക്കെ എവിടെയൊക്കയോ പ്രതീക്ഷകളുണര്‍ത്തി വീണ്ടും പൂത്തുതളിര്‍ത്തിട്ടുണ്ട്. ഇന്നുമുതല്‍ വീടുകളില്‍ പൂക്കളമിട്ടാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുക.
അത്തം മുതൽ പത്ത് ദിവസം പൂക്കളമൊരുക്കുന്നതിന് ചില പ്രത്യേകതകളുമുണ്ട്. നിലവിളക്ക് കൊളുത്തി ഗണപതിക്ക് വെച്ച് ചാണകം മെഴുകിയ തറയിലാണ് അത്തം ഇടാൻ തുടങ്ങുന്നത്. തുമ്പപൂവാണ് ആദ്യം ഇടേണ്ടതെന്നാണ് പഴമക്കാർ പറയുന്നത്. ആദ്യ രണ്ട് ദിവസം കുമ്പപൂവും തുളസിയും മാത്രമാണ് ഇടുന്നത്.
മൂന്നാം നാൾ മുതലാണ് പൂക്കലം ഇടുന്നത്. ചിത്തിര നാളിൽ പ്രാധാന്യം വെളുത്ത പൂക്കൾക്കാണ്. രണ്ട് ലെയറായി പൂക്കളമൊരുക്കും. ചോതി നാളിൽ മൂന്ന് ലെയറിൽ ഒരുക്കും. വൃത്താകൃതിയിൽ നാല് ലെയറിൽ പല വർണങ്ങളിൽ പൂക്കൾ ഇടകലർത്തിയാണ് വിശാഖം നാളിൽ പൂക്കളമൊരുക്കുക. അനിഴത്തിന് അഞ്ച് ലെയറിൽ അഞ്ച് നിറത്തിലുള്ള പൂക്കൾ കൊണ്ട് പൂക്കളമൊരുക്കും. തൃക്കേട്ടയിൽ ആറ് ലെയറിൽ ആറ് നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളമൊരുക്കാം. മൂലം നാളിൽ ഏഴ് ലെയറിൽ ചതുരാകൃതിയിലാണ് പൂക്കളമൊരുക്കേണ്ടത്. പൂരാടമെത്തുമ്പോൾ മറ്റ് ദിവസങ്ങളിലെ പൂക്കളങ്ങളേക്കാൾ വലുതായിരിക്കണം പൂക്കളം. എട്ട് ലെയറിൽ പൂക്കളമൊരുക്കും. തിരുവോണത്തിന് തലേനാൾ ഉത്രാടത്തിന് പൂക്കളവും അതുപോലെ ഗംഭീരമായിരിക്കണം. ഒമ്പത് ലെയറിൽ സമൃദ്ധമായ പൂക്കളമാണ് മലയാളികൾ ഒരുക്കുന്നത്.
പ്രിയവായനക്കാര്‍ക്ക് ഡി സി ബുക്‌സിന്റെ അത്തംദിന ആശംസകള്‍
Comments are closed.