‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’- 2021- ലെ അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഡേവിഡ് ഡിയോപ്പിന്റെ നോവല്‍ മലയാളത്തിലേയ്ക്ക്
2021- ലെ അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഡേവിഡ് ഡിയോപ്പിന്റെ ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന നോവല്‍ മലയാളത്തിലേയ്ക്ക്. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കുന്നത്. ഹിംസാത്മകവും ഭയപ്പാടുകള്‍ക്ക് ചുറ്റുമുള്ളതുമായ യുദ്ധയിടങ്ങളില്‍ ശത്രുക്കളെ കൊന്നുവീഴ്ത്തുക എന്ന യുദ്ധതന്ത്രം പാലിച്ച ഒരു പട്ടാളക്കാരനില്‍ വന്നുഭവിച്ച സ്വഭാവപരിണാമത്തെ കുറിക്കുന്ന ആഖ്യാനമാണ് ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’.
മോസ്‌കോബാക്കിസ് (Anna Moschovakis) ആണ് ഈ നോവൽ ഫ്രഞ്ചിൽ നിന്നു ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഫ്രാൻസിൽ 2018ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇതിനകം പല പുരസ്‌കാരങ്ങളും നേടി. അന്താരാഷ്ട്ര മാൻ ബുക്കർ പുരസ്‌കാരം ലഭിക്കുന്ന ഫ്രഞ്ചിലെ ആദ്യ എഴുത്തുകാരനാണ് ഡേവിഡ്.
പാരിസിൽ ജനിച്ച്, സെനഗലിൽ വളർന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലാണ് ഇത്. ചരിത്രം നിശബ്ദമാക്കിയ ഒരു സംഘർഷഗാഥയുടെ ദുഃഖകരമായ ഈണത്തെ ശ്രവ്യമാക്കുന്ന ധർമം അദ്ദേഹം ഏറ്റെടുക്കുന്നു. സെനഗലിൽ നിന്നുള്ള പട്ടാളക്കാരുടെ കണ്ണിലെ ഒന്നാംലോകയുദ്ധമാണ് ഈ നോവലിന്റെ ആധാരശില എന്ന് പറയാം.
Comments are closed.