അശ്വത്ഥാമാ ഹതഃ ഇതി നരോവ, കുഞ്ജരോവ: എഴുത്തനുഭവം പങ്കുവെച്ച് എം. ശിവശങ്കര്‍
എം. ശിവശങ്കര്‍
”അശ്വത്ഥാമാവ് വധിക്കപ്പെട്ടു: അതു നരനാണോ കുഞ്ജരനാണോ, അറിയില്ല.” മഹാഭാരതത്തിലെ ഒരു വരി. അറിയുമോ നിങ്ങള്‍ക്ക് ആ അശ്വത്ഥാമാവിനെ? ചിരഞ്ജീവിയായ നരനെയല്ല.
അധികാരത്തിനായി പരസ്പരം പോരടിക്കുന്നവര്‍, തങ്ങള്‍ ചെയ്യുന്ന അധര്‍മ്മങ്ങളെപ്പോലും ധര്‍മ്മമെന്നു ന്യായീകരിച്ചും അവയൊക്കെ ശരിയെന്ന് സ്വയം ആവര്‍ത്തിച്ചു വിശ്വസിച്ചുറപ്പിച്ചും മുന്നേറുമ്പോള്‍ അതില്‍പ്പെട്ട് പൊലിഞ്ഞുപോയ പല ജീവനുകളില്‍ ഒന്ന്… വെറുമൊരു ആനയായ അശ്വത്ഥാമാവ്.
പതിനെട്ട് അക്ഷൗഹിണികള്‍ യുദ്ധോത്സുകരായി നിരന്ന കുരുക്ഷേത്രത്തിലേക്ക് നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് ആനകളില്‍ ഒരുവന്‍. മഹാഭാരതയുദ്ധത്തിനും നിയമങ്ങളുണ്ടായിരുന്നു അലിഖിതമെങ്കിലും; പടയാളിയുടെ ജീവന് അപകടം വരുത്തുന്ന യുദ്ധമൃഗത്തെ മാത്രമേ കൊല്ലാവൂ എന്നതുള്‍പ്പെടെ. ആ നിയമം തച്ചുടയ്ക്കപ്പെട്ടപ്പോള്‍ മസ്തകം തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ഒരു ആന. യുദ്ധം ജയിക്കാന്‍ മാത്രം അശ്വത്ഥാമാവെന്നു പേരു ചൊല്ലി വിളിക്കപ്പെട്ടവന്‍, പിന്നെ ആ പേരിന്റെ പേരില്‍ കൊന്നു തള്ളപ്പെട്ടവന്‍.
അവന്‍ അശ്വത്ഥാമാവ്: വെറും ഒരു ആന. അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിച്ചും ചെയ്യുന്നതെല്ലാം ധര്‍മ്മമെന്ന് പറഞ്ഞും സ്വാര്‍ത്ഥലാഭത്തിനായി അസത്യവും അര്‍ദ്ധസത്യവും പ്രചരിപ്പിക്കുന്ന ആ തന്ത്രത്തിന് ഇന്ന് ആധുനികമായൊരു വിളിപ്പേരുണ്ട് -Post Truth–സത്യാനന്തരം.
കര്‍മ്മവും കര്‍ത്തവ്യവും പിഴകൂടാതെ നിര്‍വ്വഹിച്ചാലും അവസാനം ആര്‍ക്കോ ആരെയോ കീഴടക്കാനൊരു ചവിട്ടുപടിയായി വീഴ്ത്തപ്പെടുന്ന മിണ്ടാപ്രാണിയെ ആക്രമിക്കാനും പിന്നെ വിസ്മരിക്കാനും കളമൊരുക്കുന്ന സത്യാനന്തര കാലം. അതൊക്കെയും ധര്‍മ്മവും ന്യായവും സാമര്‍ത്ഥ്യവും എന്നു കരുതുന്നു എങ്കില്‍ വായന ഇവിടെ നിര്‍ത്തിക്കോളൂ.
കര്‍മ്മവും കര്‍ത്തവ്യവും പിഴകൂടാതെ നിര്‍വ്വഹിച്ചാലും അവസാനം ആര്‍ക്കോ ആരെയോ കീഴടക്കാനൊരു ചവിട്ടുപടിയായി വീഴ്ത്തപ്പെടുന്ന മിണ്ടാപ്രാണിയെ ആക്രമിക്കാനും പിന്നെ വിസ്മരിക്കാനും കളമൊരുക്കുന്ന സത്യാനന്തര കാലം. അതൊക്കെയും ധര്‍മ്മവും ന്യായവും സാമര്‍ത്ഥ്യവും എന്നു കരുതുന്നു എങ്കില്‍ വായന ഇവിടെ നിര്‍ത്തിക്കോളൂ.
സത്യാനന്തരകാലത്തെ വീഴ്ത്തപ്പെട്ടവന്റെ അനുഭവവും അതിജീവനശ്രമവും നിങ്ങളെ മടുപ്പിക്കില്ലെങ്കില്‍മാത്രം പുസ്തകം വായിക്കുക ഫേസ് ബുക്കും മറ്റും ഒരു വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രമോ കമന്റോ നമ്മെ ഓര്‍മിപ്പിക്കാറില്ലേ; അതുപോലെ ഒരു ഓര്‍മ്മപ്പെടുത്തലായാണ് EDയുടെ അറസ്റ്റിന് ഒരു വര്‍ഷം തികയുന്ന ദിവസങ്ങളെത്തിയത്.
2020 ഒക്ടോബര്‍ 28-നാണ് ചികിത്സ മുടക്കി ത്രിവേണി ആശുപത്രിയില്‍നിന്ന് ED അറസ്റ്റ് ചെയ്തത്. തുടര്‍ന്നുണ്ടായ കസ്റ്റഡിയും ജയില്‍വാസവുമൊക്കെ നടുവേദനയുടെ അവശതകള്‍ രൂക്ഷമാക്കി. 2021 ഫെബ്രുവരി 3-നാണ് ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് മോചിതനായത്. അതിനു ശേഷം ആദ്യം ത്രിവേണിയിലും തുടര്‍ന്ന് കോട്ടയ്ക്കലുമായി രണ്ടു പ്രാവശ്യം വീണ്ടും ചികിത്സ തേടേണ്ടണ്ടിവന്നു. രണ്ടാംവട്ട ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ ആശുപത്രിയില്‍ അഡ്മിറ്റായത് 2021 ഒക്ടോബര്‍ 25-ന്. യാദൃച്ഛികമെങ്കിലും ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ഏകാന്തതയുടെ പതിന്നാലു ദിവസങ്ങള്‍… ആ ദിവസങ്ങളില്‍ എഴുതിയതാണ് കടന്നു പോന്ന ദിനങ്ങളുടെ ഈ പുനര്‍വായന.
Comments are closed.