ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു ലക്ഷം രൂപ വരെ സഹായം
തിരുവനന്തപുരം: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൈത്താങ്ങായി ആശ്വാസം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ലൈംഗികാതിക്രമം, ആസിഡ് ആക്രമം, മറ്റ് നിഷ്ഠുരമായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഇരയാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സഹായധനം അനുവദിക്കുന്നതാണ് പദ്ധതി.
പദ്ധതി നടത്തിപ്പിനായി മൂന്നു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണിതെന്ന് അവര്‍ പറഞ്ഞു.
ഗാര്‍ഹിക പീഡനത്തിന് വിധേയരായവര്‍, ഹീനമായ ലിംഗവിവേചനത്തിന് ഇരയായവര്‍ എന്നിവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഇത്തരത്തിലുള്ള കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യപ്പെടുകയോ വെളിപ്പെടുത്തുകയോ ചെയ്താല്‍ കുട്ടികളുടെ പരാതിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറും സ്ത്രീകളുടെ പരാതിയില്‍ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസറും നിര്‍ഭയ സെല്ലിലാണ് പരാതി നല്‍കേണ്ടത്.
Comments are closed.