DCBOOKS
Malayalam News Literature Website

പതിരായി ഒരു കഥ പോലും ഇതുവരെ എഴുതാത്ത കഥാകാരനാണ്‌ ഇ സന്തോഷ് കുമാർ: അഷ്ടമൂർത്തി

മാതൃഭൂമി ഓണപ്പതിപ്പിൽ വന്ന ഇ സന്തോഷ് കുമാറിന്റെ ‘ വ്യാഘ്രവധു ‘എന്ന കഥയെക്കുറിച്ച് കെ.വി. അഷ്ടമൂർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

ഒരു കൂട്ടം കഥകള്‍ ഒന്നിച്ചു കയ്യില്‍ കിട്ടിയാല്‍ അതില്‍ ആദ്യം വായിയ്‌ക്കുക ഇ. സന്തോഷ്‌കുമാറിന്റെ കഥയാണ്‌. പതിരായി ഒരു കഥ പോലും ഇതുവരെ എഴുതാത്ത കഥാകാരനാണ്‌ സന്തോഷ്‌ എന്നതു തന്നെ കാരണം. ഇത്തവണയും പതിവു തെറ്റിയില്ല. മാതൃഭൂമി ഓണപ്പതിപ്പ്‌ കയ്യിലെടുത്തപ്പോള്‍ ആദ്യം വായച്ചത്‌ വ്യാഘ്രവധു.

എന്തൊരു കഥയാണ്‌ അത്‌! ഒരു ദ്വീപിലെ കടുവ പിടിച്ചുകൊണ്ടുപോയ ആളുകളുടെ കഥകള്‍ അന്വേഷിച്ചു പോവുകയാണ്‌ നായകന്‍. സഹായിക്കാന്‍ ഒപ്പം ദിബാകര്‍ ബിശ്വാസ്‌. മറ്റുള്ളവരുടെ ദുരന്തങ്ങളെക്കുറിച്ചു പറയുമ്പോള്‍പ്പോലും ചിരിയ്‌ക്കുന്ന അയാളെ നായകന്‍ അല്‍പം അലോസരത്തോടെയാണ്‌ നോക്കുന്നത്‌. പക്ഷേ ആ ചിരിയുടെ കാര്യം കഥയുടെ അവസാനം വായിയ്‌ക്കുമ്പോള്‍ നടുങ്ങിപ്പോവും. “വിശപ്പിനേക്കാള്‍ വലിയ കടുവയുണ്ടോ സര്‍?” എന്ന്‌ അയാള്‍ ഒരിടത്തു ചോദിയ്‌ക്കുന്നുണ്ട്‌.

മനോരഞ്‌ജന്‍ മണ്‌ഡല്‍, നഥുന്‍ ഹീര, സുശാന്ത സര്‍ക്കാര്‍, വനലത എന്നിങ്ങനെ ചിലരുടെ കഥകള്‍ നേരിട്ടു കേള്‍ക്കുന്നുണ്ട്‌ നായകന്‍. അതില്‍ തിരോഭവിച്ച ഭര്‍ത്താവിന്റെ വിധവയാണോ അല്ലയോ എന്നു പോലും ഉറപ്പില്ലാത്ത വനലത അവസാനം ചോദിയ്‌ക്കുന്നത്‌ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു: “ആര്‍ക്കും ആരെയും സഹായിയ്‌ക്കാനാവില്ല സര്‍. ഒരു കൊടുങ്കാറ്റിനെ തടയാന്‍ നിങ്ങള്‍ക്കു സാധിയ്‌ക്കുമോ?”

സന്തോഷ്‌ കഥ പറയുകയാണ്‌; എഴുതുകയല്ല. മലയാളത്തില്‍ ഇന്നു നമുക്കുള്ള ഏറ്റവും മികച്ച കഥപറച്ചില്‍ക്കാരന്‍. ഈ കഥാകാരന്‍ ഇതുവരെ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഏറ്റവും പുതിയ കഥയും അങ്ങനെത്തന്നെ.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഇ സന്തോഷ്‌ കുമാറിന്റെ  പുസ്തകങ്ങൾക്കായി സന്ദർശിക്കുക

 

Comments are closed.