#KLF 2019 നാലാം പതിപ്പില്‍ അരുന്ധതി റോയിയും
വ്യതിരിക്തമായ കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെച്ച സ്ത്രീ എഴുത്തുകാരികളില്‍ പ്രധാനിയാണ് അരുന്ധതി റോയ്. ഇന്ത്യയിലെങ്ങും വായനക്കാര്‍ ഏറെയുള്ള, എഴുത്തിലൂടെ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞ അരുന്ധതി റോയ് ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പില്‍ പങ്കെടുക്കാനെത്തുന്നു. 2019 ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഈ സാഹിത്യോത്സവം നടക്കുന്നത്. പ്രശസ്ത കവി കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയ്. 1997-ലാണ് അരുന്ധതി എഴുതിയ ആദ്യ നോവല്‍ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്. പിന്നീട് ഇരുപത് വര്‍ഷത്തിനു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങിയത്. ഈ പുസ്തകവും മാന്‍ ബുക്കര്‍ പുരസ്‌കാരപട്ടികയില്‍ ഇടംനേടിയിരുന്നു. എഴുത്തുകാരി എന്നതിലുപരി അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് അരുന്ധതി റോയി. ഒപ്പം ചലച്ചിത്ര- ടെലിവിഷന്‍ രംഗത്തും അരുന്ധതി സജീവമാണ്.
അരുന്ധതി റോയിയുടെ രണ്ട് നോവലുകളും ഡി.സി ബുക്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന പേരിലും ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് അത്യാനന്ദത്തിന്റെ ദൈവവൃത്തി എന്ന പേരിലും പുറത്തിറക്കിയിരിക്കുന്നു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.