DCBOOKS
Malayalam News Literature Website

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

ദില്ലി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി (66) അന്തരിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ 12.30ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം. ജയ്റ്റ്‌ലി കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് മോദി സര്‍ക്കാര്‍ നോട്ടുനിരോധനം, ജി.എസ്.ടി എന്നിവ നടപ്പിലാക്കിയത്.

എ.ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അരുണ്‍ ജയ്റ്റ്‌ലി ആദ്യമായി കേന്ദ്രമന്ത്രിയാകുന്നത്. വാര്‍ത്താവിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കല്‍, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങി നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷനേതാവ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

സംഗീതയാണ് ഭാര്യ. മക്കള്‍: സോനാലി, രോഹന്‍. ഇരുവരും അഭിഭാഷകരാണ്.

Comments are closed.