DCBOOKS
Malayalam News Literature Website

മല്യയുടെ വെളിപ്പെടുത്തല്‍; അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: രാജ്യം വിടും മുമ്പ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ആയുധമാക്കുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിജയ് മല്യ ഗുരുതരമായ ആരോപണമാണ് കേന്ദ്രമന്ത്രിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും അരുണ്‍ ജയ്റ്റ്‌ലി കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

വിജയ് മല്യയുമായി കൂടിക്കാഴ്ച നടന്നിട്ടില്ല എന്ന് പറയുന്ന ജയ്റ്റ്‌ലിയുടെ വാദം കളവാണ്. മല്യ രാജ്യം വിടുമെന്ന് ജയ്റ്റ്‌ലിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ഇരുവരും തമ്മില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് രാജ്യസഭാംഗം പിഎല്‍ പൂനിയ സാക്ഷിയാണ്. ഇരുവരും ഇരുപത് മിനിട്ടോളം സംസാരിച്ചു. പാര്‍ലമെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിജയ് മല്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദേശവ്യാപകമായി പ്രതിപക്ഷകക്ഷികള്‍ രംഗത്തു വന്നിരിക്കുകയാണ്. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ലണ്ടനില്‍ കോടതിയില്‍ ഹാജരാകുന്നതിനായി എത്തിയ വിജയ് മല്യ മാധ്യമങ്ങളോടാണ് താന്‍ അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി വെളിപ്പെടുത്തിയത്. എന്നാല്‍ 2014-ന് ശേഷം തന്നെ കാണാന്‍ മല്യയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് ജയ്റ്റ്‌ലി ആരോപണം നിഷേധിച്ചു. മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ ഇന്ത്യ വിട്ടത്.

Comments are closed.