അതിര്‍ത്തിയ്ക്കുള്ളില്‍ അകപ്പെട്ട ജനത
ഇന്ത്യ ആരുടേതാണെന്ന ചോദ്യത്തോടെ തന്നെയാണ് എഴുത്തോലയിലെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ നിയന്ത്രിച്ച ചര്‍ച്ചയില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ അഡ്വ. പി. എം. സുരേഷ് ബാബു, അഡ്വ.പി.എ.മുഹമ്മദ് റിയാസ്, എം.ടി രമേശ്, അഡ്വ.എം.എസ്.സജി എന്നിവര്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി ബില്ലിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച ചര്‍ച്ച സദസ്സില്‍ ആവേശം സൃഷ്ടിച്ചു. പൗരത്വ ഭേദഗതി വിഷയത്തിലൂന്നിയ ചര്‍ച്ചയ്ക്ക് തുടക്കം നല്‍കിയത് ചര്‍ച്ചയെ നിയന്ത്രിച്ച അഭിലാഷ് മോഹന്‍ തന്നെയായിരുന്നു.
പൗരത്വ ഭേദഗതി ബില്‍ ഒരു വ്യക്തിയേയും ഇന്ത്യയില്‍ നിന്നും പുറത്താക്കാനുള്ളതല്ലെന്ന് എം.ടി രമേഷ് വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമം രൂപീകരിക്കുന്നതിലെയും നടപ്പിലാക്കുന്നതിലെയും വെല്ലുവിളികളെക്കുറിച്ച് മുഹമ്മദ് റിയാസ് വ്യാകുലപ്പെട്ടു. മതപരമായ പീഢനം ഏറ്റുവാങ്ങിയ ജനവിഭാഗങ്ങള്‍ക്കു വേണ്ടിയാണ് ഈ നിയമമെന്ന് എം.പി രമേഷ് വാദിച്ചപ്പോള്‍ എന്തുകൊണ്ട് ശ്രീലങ്ക, മ്യാന്‍മാര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ പീഢനം നേരിടുന്ന വ്യത്യസ്ത മതവിഭാഗങ്ങളെ എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്ന മറുചോദ്യമാണ് റിയാസ് ഉന്നയിച്ചത്. ഏവരെയും ഉള്‍ക്കൊള്ളാന്‍ വേണ്ടിയുള്ളതാകണം ഓരോ നിയമവും എന്ന തന്റെ അഭിപ്രായത്തെ പി. എം. സുരേഷ് ബാബു രേഖപ്പെടുത്തി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് രാജ്യത്തു നടക്കുന്നതെന്ന് റിയാസ് ഉന്നയിച്ചു.ബി.ജെ.പിയുടെ മാത്രം താല്‍പര്യമല്ല പൗരത്വ ഭേദഗതി ബില്ലിനു പുറകില്‍ എന്നും മുന്‍ സര്‍ക്കാരുകളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു എന്ന് എം. ടി. രമേഷ് തിരിച്ചടിച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ നടന്ന വലിയ പലായനങ്ങളില്‍ എപ്രകാരമാണ് നിങ്ങള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ തിരിച്ചറിയുക എന്ന് അഡ്വ.എം.എസ് സജി തന്റെ സംശയം ഉന്നയിച്ചു.
ചര്‍ച്ച രാഷ്ട്രീയമായ മറ്റ് വിഷയങ്ങളിലേക്കും ചോദ്യോത്തരങ്ങളിലേക്കും വഴി മാറിയപ്പോള്‍ ചര്‍ച്ച ചൂടുപിടിച്ചു. സ്വാതന്ത്രസമര ചരിത്രത്തിലെ വ്യത്യസ്ത പാര്‍ട്ടികളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഇതിനുദാഹരണമാണ്. വര്‍ത്തമാനകാലത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു വന്ന വിഷയമായതിനാല്‍ കാണികളുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായി.പ്രേക്ഷകര്‍ക്കായുള്ള ചോദ്യോത്തരവേളയില്‍ സമയം വേണ്ടത്ര ലഭിക്കാത്തത് കാണികളില്‍ അമര്‍ഷമുണ്ടാക്കി.
Comments are closed.