കലയും കാളിയും
ജെ എസ് അനന്ത കൃഷ്ണൻ
എഴുത്തുകാരൻ, വിവർത്തകൻ, വിമർശകൻ, ദേശീയ -അന്തർ ദേശീയ പുരസ്‌കാരജേതാവ്
അതിമനോഹരമായ ഒരു കലാസൃഷ്ടി അനുഭവിക്കുമ്പോൾ അതിന്റെ കാരണനായ കലാകാരനെ എവിടെയാണ് നിർത്തേണ്ടത്? കലയ്ക്ക് പുറത്തോ അകത്തോ? ഇതിനെ ചൊല്ലി പലതരത്തിലുള്ള സംവാദങ്ങളും നടന്നിട്ടുണ്ട്. നവ വിമർശനവും റൊളാങ് ബാർത്തിന്റെ എഴുത്തുകാരന്റെ മരണവും ഉൾപ്പെടെയുള്ള വിഖ്യാത പ്രബന്ധങ്ങളും എല്ലാം ഇതേപറ്റി ചർച്ച ചെയ്തിട്ടുമുണ്ട്. എന്നാൽ കലയുടെ ഉത്ഭവം കൊള്ളലിൽ കലാകാരനെ എവിടെ നിർത്തണം? കലാകാരനിലൂടെ കല ജനിക്കുകയാണോ?കലയിലൂടെ കലാകാരൻ ജനിക്കുകയാണോ?
ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല. കാരണം കലാനുഭൂതിക്ക് ശേഷമുള്ള ചിന്തകളുടെ അനുഭവമാണ്, അതിന്റെ പകർത്തലാണ് കലാ വിമർശനം . മറിച്ച് കലയുടെ അനുഭവത്തിന്റെ ആവിഷ്കാരം അല്ല. കലയുടെ അനുഭവം അതീന്ദ്രിയം ആണ്. ആയതുകൊണ്ടുതന്നെ ആ അനുഭവങ്ങൾക്ക് ഭാഷകൊണ്ട് രൂപംനൽകാനാകുന്നതുമല്ല.
നിറങ്ങളുടെ, സംഗീതത്തിന്റെ, നാടകത്തിന്റെ ഒരു സംഗമസ്ഥലിയിൽ നിന്ന് ഈ ചോദ്യം നമുക്ക് ചോദിക്കാം. നാടക അനുഭവങ്ങളുടെ സമ്പൂർണത അവകാശപ്പെടാൻ കഴിയുന്ന, കാളീനാടകങ്ങളിൽ തന്നെ ഏറ്റവും മനോഹരമായ ഒരു വിസ്മയത്തിൽ നിന്ന്. മുടിയേറ്റ് മഹാവേദിയിൽനിന്ന്. തന്റെ പതിനഞ്ചാം വയസ്സിൽ തുടങ്ങി ആയിരത്തിലേറെ തവണ മുടിയേറ്റിന്റെ മാധ്യമത്തിലൂടെ കലാസ്വീകർത്താവിന്റെ ഹൃദയത്തിലേക്ക് ഭയവും ഭക്തിയും വിസ്മയവും നിറച്ച മഹാ കലാകാരനിൽ നിന്ന്. ശ്രീ.കീഴില്ലം ഉണ്ണികൃഷ്ണനിൽ നിന്ന്.
എഴുതി പൂർത്തിയാക്കിയ ആട്ടക്കഥയുടെ ഒരു ആവശ്യവുമായി ആണ് കീഴില്ലം ഉണ്ണികൃഷ്ണൻ എന്ന മഹാമേരുവിനെ സമീപിക്കുന്നത്. കാളി നാടകങ്ങളുടെ മേലുള്ള ഗവേഷണത്തിന്റെ കാലമായിരുന്നു.തെക്കൻ തിരുവിതാംകൂറിന്റെ മുടിപ്പുരകളുടെ സ്വന്തം കാളിയൂട്ടിൽ തുടങ്ങി കാളി നാടകങ്ങളെ പിന്തുടർന്ന് ഒരു യാത്ര. ആ യാത്രയിൽ നേരറിവിന്റെ പുതുവഴി തുറക്കുകയായിരുന്നു.
കീഴില്ലം ഉണ്ണികൃഷ്ണൻ ഒരാളല്ല. ആ ശരീരം രണ്ടുപേരെ വഹിക്കുന്നുണ്ട്. ഒന്നാമത്തെ ആൾ പതിയെ സംസാരിക്കുന്ന സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ പ്രസന്നനായ ഒരു മനുഷ്യനാണ്. രണ്ടാമത്തെ മുഖത്തിൽ വരഞ്ഞു ചേരുന്നത് രൗദ്രതയുടെ മൂർത്തമായ സ്വരൂപമാണ്.
കീഴില്ലം ശൈലിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത, കലാകാരൻ കാളിയായി നടിക്കുകയല്ല മറിച്ച് കാളിയും കലാകാരനും ഒന്ന് ആവുന്നതാണ്. കലയുടെയും കലാകാരന്റെയും ഈ യോഗത്തിൽ പ്രാമാണ്യം ആർക്കാണ് എന്നതാണല്ലോ നാം തേടുന്ന ഉത്തരം.
സ്വയം നിരാകരിച്ചുകൊണ്ട് അമൂർത്തമായ കലയ്ക്ക് ഉരുവം എടുക്കാനുള്ള ഗർഭപാത്രം ആയി മാറുക എന്നതാണ് കലാകാരന്റെ ധർമ്മം. ഇത് ഏതു തരത്തിൽ വേണമെങ്കിലും വിശദീകരിക്കാം. ഭക്തിയുടെ കൂട്ടുപിടിച്ച് അമാനുഷികമായ, ആത്മീയമായ അനുഭവമായി. അല്ലെങ്കിൽ മനോവിജ്ഞാനീയത്തിന്റെ കൈപിടിച്ച് സ്വത്വത്തിന്റെ നാശത്തിൽ മനസ്സ് കണ്ണാടിയായി മാറുമ്പോൾ അതിലേക്ക് വന്നുനിറയുന്ന നിറങ്ങളായി കലയെ രേഖപ്പെടുത്താം. കലയുടെ രീതിശാസ്ത്രങ്ങളിൽ വ്യത്യാസമുണ്ടാകാം. എന്നാൽ സാർവലൗകികമായി കല ആത്മനിരാസമാണ്. കലയെ ഉപാസിക്കുന്ന കലാകാരൻ ഒരു നിലവിളക്കിനെ പോലെ ആയിത്തീരുന്നു. തന്നിലെ കലയുടെ നാളം കൂടുതൽ കത്തും തോറും കരി വളർന്ന് നിലവിളക്കിന്റെ മുഖം മറയ്ക്കുന്നു. കലയ്ക്കു ഇരിക്കാൻ ഒരു ഇരിപ്പിടമാണ് ആവശ്യം, അഗ്നിയായ് ഉണരാൻ ഒരു തിരി ആണ് ആവശ്യം . തെളിഞ്ഞു കഴിഞ്ഞാൽ പടരാൻ അതിന് അറിയാം.
മുടിയേറ്റ് കണ്ടുനിൽക്കുന്ന ഓരോ പ്രേക്ഷകനിലേക്കും എത്തുന്ന പോർവിളിയുടെ ശബ്ദത്തിൽ നിറയുന്നത് ഉണ്ണികൃഷ്ണൻ എന്ന കലാകാരനല്ല. മറിച്ച് കാളിയാണ്.
കലയുടെ പ്രകാശനത്തിൽ മറ്റൊന്നുകൂടിയുണ്ട്. മനുഷ്യന്റെ സാംസ്കാരിക ജീവിതത്തെ അടയാളപ്പെടുത്തി തലമുറകളായി കൈമാറി വന്ന അടയാളപ്പെടുത്തലുകൾ. പൂർണ്ണത തേടുന്ന മനുഷ്യന്റെ ഉള്ളിലെ അഭിലാഷങ്ങളുടെ പൂർത്തീകരണമാണ് കലയിൽ ഉണ്ടാകുന്ന പുതുപരീക്ഷണങ്ങൾ. തന്നെ മറന്നു ഈ പൂർണത തേടൽ ഇന്ന് യാത്രയിൽ ഇനിയും വെളിച്ചം എത്താത്ത ഗുഹകളിൽ പര്യവേഷണം നടത്തുകയാണ് കീഴില്ലം ഉണ്ണികൃഷ്ണനെപ്പോലെയുള്ള മഹാ കലാകാരന്മാർ. തന്നെ നിരസിച്ച് തന്നെ തേടുകയും ലോകത്തെ നിരസിച്ച് ലോകത്തെ നേ ടുകയും ചെയ്യുന്നവരാണ് കലയുടെ മർമ്മം അറിയുന്നത്. അപ്രകാരമുള്ള ഉപാസനക്കൊടുവിൽ കല കലാകാരനു മുന്നിൽ വെളിപ്പെടും. അപ്പോൾ കലാകാരൻ അപ്രത്യക്ഷനാവുകയും കല പ്രത്യക്ഷപ്പെടുകയും ചെയ്യും. മറ്റൊരർത്ഥത്തിൽ കലയ്ക്കും കലാകാരനും പ്രാമാണ്യം കൽപ്പിക്കാവുന്ന ഒരു സാഹചര്യവും ഉണ്ടാകുന്നില്ല. എന്നാൽ കലയുടെ പ്രത്യക്ഷത്തിൽ കലാകാരനോ കലാകാരന്റെ പ്രത്യക്ഷത്തിൽ കലയോ അതിജീവിക്കുന്നില്ല.
Comments are closed.