DCBOOKS
Malayalam News Literature Website

ആർട്ടിസ്റ്റ് നമ്പൂതിരി : വരകളുടെ തമ്പുരാൻ

വരയുടെ മാസ്‌മരികതയാൽ മലയാളികളെ വിസ്‌മയിപ്പിച്ച ആർട്ടിസ്‌റ്റ്‌ നമ്പൂതിരി വിടവാങ്ങിയിട്ട് ഒരു വർഷം. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ്. തകഴി,എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ച ചിത്രങ്ങൾ ആ രചനകളെ പോലെ തന്നെ പ്രസിദ്ധിയാർജിച്ചു . ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കവർചിത്രങ്ങൾക്ക് വേണ്ടിയും അദ്ദേഹം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. തകഴിയുടെ ‘ഏണിപ്പടികൾ’, എംടിയുടെ ‘രണ്ടാമൂഴം’, തിക്കോടിയന്റെ ‘ചുവന്ന കടൽ’, വികെഎന്നിന്റെ ‘പിതാമഹൻ’, കെ.സുരേന്ദ്രന്റെ ‘ഗുരു’, പുനത്തിൽ കുഞ്ഞബ്‌ദുല്ലയുടെ ‘സ്മാരകശിലകൾ’, ഒ എൻ വി യുടെ ‘സ്നേഹിച്ചു തീരാത്തവർ ‘ എന്നീ പുസ്തകങ്ങൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

വരയുടെ പരമശിവൻ എന്നാണ് വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. കേരളീയ ചിത്രകലയ്ക്ക് പുതിയ മാനം നൽകിയ പ്രതിഭാശാലിയായിരുന്നു നമ്പൂതിരി.

2004ൽ കേരള ലളിതകലാ അക്കാദമി രാജാ രവിവർമ പുരസ്കാരം നൽകി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (ഉത്തരായനം)വും സംസ്ഥാന ബാലസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്‌. കഥകളി കലാകാരൻമാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരവും ശ്രദ്ധയമാണ്‌. ആത്മകഥാംശമുള്ള “രേഖകൾ‌’ പുസ്തകം പുറത്തിറങ്ങി.

വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ആർട്ടിസ്റ്റ് നമ്പൂതിരി ശോഭിച്ചു.

Comments are closed.