ഇരുള്‍ സന്ദര്‍ശനങ്ങള്‍
പി.കെ. രാജശേഖരന്‍
വറുമൊരു വേട്ടപ്പട്ടിക്കഥ മാത്രമല്ല ‘ബാസ്‌കര്‍വിലിലെ വേട്ടനായ‘. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഇംഗ്ലിഷ് സമൂഹത്തിന്റെ വൈരുദ്ധ്യങ്ങളും പ്രഭുവര്‍ഗ്ഗത്തിനുള്ളിലെ പ്രശ്‌നങ്ങളും കുറ്റകൃത്യവും പാരമ്പര്യവും തമ്മിലുള്ള ബന്ധവും നാഗരികമായ യുക്തിബോധവും ഗ്രാമീണമായ അയുക്തികവിശ്വാസവും തമ്മിലുള്ള സംഘര്‍ഷവും സ്‌ത്രൈണപ്രകൃതിയെക്കുറിച്ചുള്ള ഉത്കണ്ഠകളുമെല്ലാം അതില്‍ നിഴലിട്ടുനില്‍ക്കുന്നു. ഇംഗ്ലിഷ് ഐതിഹ്യങ്ങളിലും പ്രാദേശിക വിശ്വാസങ്ങളിലും ഭയാനകരൂപിയായ ഒരു വേട്ടനായ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അപസര്‍പ്പകസാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ വാക്യം അതായിരിക്കണം: ”മിസ്റ്റര്‍ ഹോംസ്, അവ ഒരു കൂറ്റന്‍ വേട്ടപ്പട്ടിയുടെ കാല്പാടുകളായിരുന്നു!” ആര്‍തര്‍ കോനന്‍ ഡോയ്‌ലിന്റെ ഷെര്‍ലക് ഹോംസ് കഥകളില്‍ ഏറ്റവും ജനപ്രീതി നേടിയ രചനയായ ‘ബാസ്
കര്‍വിലിലെ വേട്ടനായ’ എന്ന നോവലിന്റെ രണ്ടാമധ്യായമായ ‘ബാസ്‌കര്‍വിലിന്റെ ശാപം’ അവസാനിക്കുന്നത് ഭീതിവിതച്ചുകൊണ്ടു വന്നുവീഴുന്ന ആ വാക്യത്തിലാണ്. ഏറ്റവും കുറച്ചു വായനക്കാര്‍ വായിച്ച അധ്യായ ശീര്‍ഷകം ‘ബാസ്‌കര്‍വിലി‘ലെ മൂന്നാമധ്യായ(‘ദ പ്ലോബ്ലം’)ത്തി
ന്റേതാണെന്ന് ബ്രിട്ടീഷ് നോവലിസ്റ്റ് ജോണ്‍ ഫൗള്‍സ് (‘ഫ്രഞ്ച് ലെഫ്റ്റനന്റ്‌സ് വൈഫ്’, ‘ദ മാഗസ്’, ‘ഡാനിയല്‍ മാര്‍ട്ടിന്‍’ എന്നിവയുടെ കര്‍ത്താവ്) പറഞ്ഞത് തമാശയ്ക്കല്ല. രണ്ടാമധ്യായത്തിന്റെ അന്ത്യത്തില്‍ പ്രത്യക്ഷപ്പെട്ട നടുക്കുന്ന നാടകീയവാക്യം സൃഷ്ടിച്ച ഉത്കണ്ഠയാല്‍ വായനക്കാര്‍ ശീര്‍ഷകം ശ്രദ്ധിക്കാതെ മൂന്നാമധ്യായത്തിലേക്കു തിടുക്കത്തില്‍ പ്രവേശിച്ചുപോകുമെന്നാണ് ഫൗള്‍സ് അര്‍ത്ഥമാക്കിയത്. ‘ബാസ്‌കര്‍വിലിലെ വേട്ടനായ’യുടെ 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ഇംഗ്ലിഷ് പതിപ്പിനെഴുതിയ പിന്നുരയിലാണ് ഫൗള്‍സ് കൗതുകകരമായ ആ നിരീക്ഷണം നടത്തിയത്. ഒരുപക്ഷേ, ഭാവനാത്മക സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ നായ ഇംഗ്ല
ണ്ടിലെ ഡെവണ്‍ഷയറിലുള്ള ഡാര്‍ട്ട്മൂറിലെ ചതുപ്പുപ്രദേശത്തെയും അവിടുത്തെ ബാസ്‌കര്‍വില്‍ പ്രഭുഭവനത്തെയും കൊടുംഭീതിയിലാഴ്ത്തിയ പിശാചിനെപ്പോലു
ള്ള ആ വേട്ടപ്പട്ടിയായിരിക്കണം. കുറ്റാന്വേഷണ സാഹിത്യത്തില്‍നിന്നും വരുന്ന ആ ഭീകരരൂപം ആധുനിക/ഇംഗ്ലിഷ് കവിയായ ടി.എസ്. എലിയറ്റിനെപ്പോലും സ്വാധീനിച്ചു. ഉത്കണ്ഠ നിറയ്ക്കുന്ന വിവരണകലയിലൂടെ കോനന്‍ ഡോയ്ല്‍ സംഭീതിയുടെ ഇരിപ്പിടമാക്കിത്തീര്‍ത്ത ആ ചതുപ്പ് പ്രദേശവും അതിന്റെ മധ്യത്തിലെ മനുഷ്യനും മൃഗവുമെല്ലാം താഴ്ന്നുപോകുന്ന സാങ്കല്പികസ്ഥലമായ ഗ്രിംപെന്‍ മൈറും അവിടെ വിഹരിക്കുന്ന ഭീകരശ്വാവും എലിയറ്റിന്റെ പ്രശസ്തകാവ്യമായ ‘ഫോര്‍ ക്വാര്‍ട്ടെറ്റ്‌സി’ലെ രണ്ടാം കവിതയായ ‘ഈസ്റ്റ് കോക്കറി’ ല്‍ പ്രത്യക്ഷപ്പെടുന്നു.
ഭീകരസത്വങ്ങളാല്‍ ബാധിതവും സുരക്ഷിതസ്ഥാനങ്ങളില്ലാത്തതുമായ ഗ്രിംപെനിന്റെ അതിരുകളില്‍ ചെന്നെത്തിയിരിക്കുന്ന ലോകത്തെപ്പറ്റിയുള്ള രണ്ടാംലോക
യുദ്ധകാല ദര്‍ശനമായ (ഒന്നാം ലോകയുദ്ധ പശ്ചാത്തലത്തിലെഴുതിയ ‘വെയ്സ്റ്റ്‌ലാന്‍ഡി’ലെപ്പോലെ) ആ കവിതയില്‍ കോനന്‍ ഡോയ്‌ലിന്റെ സൃഷ്ടിയായ ഗ്രിംപെന്‍ ചതുപ്പുനിലത്തെയും വേട്ടനായയെയും ഭയാനകത്വത്തിന്റെ രൂപകങ്ങളായി എലിയറ്റ് നേരിട്ടു സ്വീകരിച്ചു. പില്‍ക്കാലത്ത് ഉംബെര്‍ത്തോ എക്കോയുടെ ‘ദ നെയിം ഓഫ് ദ റോസ്’ എന്ന വിഖ്യാതനോവലിലും ബാസ്‌കര്‍വില്‍ കടന്നുവന്നു. ആ നോവലിലെ മധ്യകാല ഫ്രാന്‍സിസ്‌കന്‍ പുരോഹിതനായ ബ്രിട്ടീഷുകാരന്റെ പേര് ബാസ്‌കര്‍വിലിലെ വില്യം എന്നായത് കോനന്‍ ഡോയ്‌ലിനും കുറ്റാന്വേഷണ സാഹിത്യത്തിനും ‘ബാസ്‌കര്‍വിലിലെ വേട്ടനായ’യ്ക്കുമുള്ള ഉത്തരാധുനിക ശ്രദ്ധാഞ്ജലിയായിരുന്നു. അപസര്‍പ്പകസാഹിത്യത്തെ ലോകപ്രിയവും സാഹിത്യസ്ഥാപനത്തിനു സ്വീകാര്യവുമാക്കിത്തീര്‍ത്ത ഷെര്‍ലക് ഹോംസ് എന്ന സാങ്കല്പിക കുറ്റാന്വേഷകന്‍ മരണത്തില്‍നിന്നു പുനര്‍ജനിച്ചുവരുകയായിരുന്നു (ആ കുറ്റാന്വേഷകനെ കൊന്നതും മറ്റാരുമായിരുന്നില്ല, കര്‍ത്താവായ കോനന്‍ ഡോയ്ല്‍ തന്നെയായിരുന്നു) ഒരു നൂറ്റാണ്ടിനുമുമ്പെഴുതിയതെങ്കിലും ഇപ്പോഴും വിസ്മയാകാംക്ഷകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു ‘ബാസ്‌കര്‍വിലിലെ വേട്ടനായ.’
പൂര്‍ണ്ണരൂപം വായിക്കാന്‍ ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.