സ്ത്രീകളുടെ സാമൂഹികപരിവര്‍ത്തനങ്ങളിലേക്ക് നയിച്ച അനാചാരങ്ങളും പിന്തുടര്‍ച്ചകളും
അവര്‍ണ/സവര്‍ണ സ്ത്രീജീവിതങ്ങള്‍ അത്രമേല്‍ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും തിന്മകള്‍ നിറഞ്ഞവയായിരുന്നു. സ്ത്രീകളെല്ലാംതന്നെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവുകളില്ലാതെ, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതെ, ആണ്‍പൊങ്ങച്ചങ്ങള്‍ അടിച്ചേല്‍പ്പിച്ച കഴിവില്ലായ്മകള്‍ പേറി സ്വഗേഹങ്ങളിലെ ഇരുണ്ട ഇടനാഴികളില്‍ അടിഞ്ഞുകൂടി. ജാതീയ മേല്‍ക്കോയ്മകള്‍ അതിന്റെ പാരമ്യത്തില്‍ നിലനിന്നിരുന്ന കേരളത്തില്‍, ജാതി അടിസ്ഥാനമാക്കിയ ലജ്ജാകരമായ ആചാരങ്ങള്‍ തന്നെയാണ് സ്ത്രീകളുടെ സാമൂഹിക പദവിയും അധികാരശ്രേണിയുടെ ഘടനയും നിര്‍ണ്ണയിച്ചിരുന്നത്.: സ്ത്രീകളുടെ സാമൂഹികപരിവര്‍ത്തനങ്ങളിലേക്ക് നയിച്ച അനാചാരങ്ങളും രീതികളും പിന്തുടര്‍ച്ചകളും വിവരിച്ച് ജയശ്രീ കുനിയത്ത് എഴുതിയ ലേഖനം.
ചിത്രങ്ങള്‍ക്ക് കടപ്പാട് : ടി.മുരളി
കേരളത്തില്‍ സ്ത്രീകള്‍, കാലങ്ങളായി സമൂഹത്തിലെ നിലനില്‍പ്പിന്റെ ഭാഗമായി പേറിനടക്കേണ്ടി വന്നിരുന്ന ഒട്ടനവധി സാമൂഹിക ദുരാചാരങ്ങള്‍ ഉണ്ട്. പലതിനും കാലാനുസൃതമായി മാറ്റങ്ങള്‍ ഉണ്ടായി. എങ്കില്‍പ്പോലും പൂര്‍ണ്ണമായി തുടച്ചുനീക്കുവാനായില്ല എന്നതൊരു യാഥാര്‍ത്ഥ്യമായി ഇന്നും നിലനില്‍ക്കുന്നു. വിവാഹം, പുനര്‍വിവാഹം, വിവാഹമോചനം, വസ്ത്രധാരണം, ചാരിത്ര്യം, സ്വത്തവകാശം, ആര്‍ത്തവം, മലിനീകരണവുമായി ബന്ധപ്പെട്ടുള്ള തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. കേരളത്തില്‍ ഒട്ടനവധി സാമൂഹിക പരിഷ്‌കരണങ്ങള്‍ ഇത്തരം ദുരാചാരങ്ങളെ ചുവടുപിടിച്ചു വരികയും, അവ പിന്നീട് കേരളത്തിലെ സ്ത്രീകളുടെ സമുന്നതമായ മാറ്റങ്ങളിലേക്കു വെളിച്ചം വീശുകയുമുണ്ടായി. എല്ലാ സവര്‍ണ/അവര്‍ണ മതങ്ങളിലെയും ജാതികളിലും ഉപജാതികളിലുമെല്ലാം സ്ത്രീകളുടെ സ്ഥിതി വളരെയധികം ശോച്യമായതായിരുന്നു.
കേരളത്തില്‍ വിപ്ലവകരമായ പരിഷ്‌കരണപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരികയുണ്ടായി. അവയിലധികവും വിപ്ലവ നവോത്ഥാന ശ്രമങ്ങളോടൊപ്പംതന്നെ സ്ത്രീപുരോഗമനവാദത്താല്‍ അടിസ്ഥാനപ്പെടുത്തിയവ കൂടിയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലും തുടര്‍ന്നും കേരളം കണ്ട നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളും സാമൂഹിക പരിഷ്‌കരണശ്രമങ്ങളും സ്ത്രീകളോട് സമൂഹം പ്രകടിപ്പിച്ചിരുന്ന നിന്ദകള്‍ക്കെതിരേ ലക്ഷ്യമൂന്നിയുള്ളവയായിരുന്നു. അതിനുമുമ്പുള്ള അവര്‍ണ/സവര്‍ണ സ്ത്രീജീവിതങ്ങള്‍ അത്രമേല്‍ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും തിന്മകള്‍ നിറഞ്ഞവയായിരുന്നു. സ്ത്രീകളെല്ലാംതന്നെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവുകളില്ലാതെ, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതെ, ആണ്‍പൊങ്ങച്ചങ്ങള്‍ അടിച്ചേല്‍പ്പിച്ച കഴിവില്ലായ്മകള്‍ പേറി സ്വഗേഹങ്ങളിലെ ഇരുണ്ട ഇടനാഴികളില്‍ അടിഞ്ഞുകൂടി. ജാതീയ മേല്‍ക്കോയ്മകള്‍ അതിന്റെ പാരമ്യത്തില്‍ നിലനിന്നിരുന്ന കേരളത്തില്‍, ജാതി അടിസ്ഥാനമാക്കിയ ലജ്ജാകരമായ ആചാരങ്ങള്‍ തന്നെയാണ് സ്ത്രീകളുടെ സാമൂഹിക പദവിയും അധികാരശ്രേണിയുടെ ഘടനയും നിര്‍ണ്ണയിച്ചിരുന്നത്. എന്നാല്‍ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സ്ത്രീകളുടെ നിലയെയും അധികാരശ്രേണിയുടെ ഘടനയും പരിവര്‍ത്തനപ്പെടുത്തുന്നതിന് സഹായിക്കുകയുണ്ടായി. യാഥാര്‍ത്ഥ്യമെന്താണെന്നുവച്ചാല്‍ ഇവിടെ ആണലങ്കാരമാക്കി കൊണ്ടുനടന്ന നിരവധി ആചാരങ്ങളടങ്ങുന്ന മതങ്ങളുടെയും ജാതികളുടെയും ഉപജാതികളുടെയും കുരുക്കുകളില്‍നിന്നും സ്ത്രീകളെ സ്വതന്ത്രയാക്കാന്‍ പൂര്‍ണ്ണമായല്ലെങ്കിലും ഒരു പരിധിവരെ ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുകയുണ്ടായി എന്നതാണ്.
ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പണ്ടുനിലനിന്നിരുന്ന ആചാരങ്ങളില്‍ പലതും പണ്ടുനിലനിന്നിരുന്നത്രത്തന്നെ തീവ്രമല്ലെങ്കില്‍പ്പോലും നിലനിര്‍ത്തിപ്പോരുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അത്തരമാചാരങ്ങള്‍ക്ക് നല്‍കിയ കാര്യകാരണങ്ങളില്‍നിന്നു വിഭിന്നമായി ദൈവകോപവും മതവും അനുബന്ധ വിഷയങ്ങളുമാണ് ഇന്ന് ഇത്തരമാചാരങ്ങളിലേക്ക് കേരളജനതയെ വഴിപിരിച്ചുവിടുന്നത്. പത്തൊമ്പതാംനൂറ്റാണ്ടിലും തുടര്‍ന്നുമുണ്ടായ സാമൂഹിക-സാംസ്‌കാരിക വിപ്ലവങ്ങളും നവോത്ഥാനവും തൊടുത്തുവിട്ട ഉണര്‍വില്‍ യാത്ര തുടങ്ങിയ കേരളജനത ഇന്ന് നേരിടുന്ന ഈ ഇരുവഴിയിലൊരു വഴി കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്ന മതാധിഷ്ഠിത രാഷ്ട്രീയ മാറ്റങ്ങളെ പിന്‍പറ്റിയാണ്. കേരളമെന്ന സംസ്ഥാനം രൂപീകരിക്കുംമുമ്പ് മലബാറും കൊച്ചിയും തിരുവിതാംകൂറും നിലനിന്നിരുന്നിടത്ത് പൊതുവിലായുണ്ടായിരുന്ന പല ആചാരാനുഷ്ഠാനങ്ങളും രീതികളും ജാതിയുടെ ഉച്ചനീചത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നെങ്കില്‍, ഇന്ന് മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്തി രാഷ്ട്രീയവല്‍ക്കരിക്കാനും ഭിന്നിപ്പിച്ചു ഭരണംനേടുകയെന്ന തന്ത്രത്തിലേക്ക് തിരിച്ചുവിടുവാനുള്ള ആയുധമാക്കി മാറ്റിയിരിക്കുന്നു. സ്ത്രീകളോട് ചേര്‍ന്നുനില്‍ക്കുന്ന അശുദ്ധി, വസ്ത്രധാരണം എന്നിവയെല്ലാംതന്നെ ഇവയ്ക്കു പിന്നിലെ പ്രധാന വിഷയങ്ങളുമാവുന്നു.
വിവാഹവും അനുബന്ധ ആചാരങ്ങളും
ബ്രാഹ്മണ സമുദായത്തിന്റെ പ്രാഥമികപ്രാധാന്യം മൂസ് അഥവാ മൂത്ത പുത്രനുമാത്രം പ്രാപ്യമായ ഒന്നായിരുന്നു. സ്വജാതിവിവാഹങ്ങള്‍ അല്ലെങ്കില്‍ സമാന സമുദായത്തില്‍നിന്ന് മാന്യതയ്ക്ക് അനുസരിച്ചുള്ള വിവാഹം മൂത്തപുത്രന്‍ മാത്രം കഴിക്കുകവഴി സ്വത്തു ഭാഗംവെക്കുക അല്ലെങ്കില്‍ കുടുംബത്തെ (ഇല്ലം) വേര്‍പിരിച്ചു വികലമാക്കപ്പെടുക എന്ന സ്ഥിതികള്‍ ഒഴിവാക്കുകയാണ് നമ്പൂതിരി കുടുംബങ്ങള്‍ ലാക്കാക്കിയിരുന്നത്. ഇത്തരം ഒരു ഏര്‍പ്പാടില്‍ വിവാഹവ്യവസ്ഥിതി നിലനിന്നിരുന്ന സാഹചര്യത്തില്‍ അപ്പന് അഥവാ ഇളയ സന്താനങ്ങള്‍ക്കു നായര്‍ അല്ലെങ്കില്‍ അമ്പലവാസി (അമ്മവഴിക്കോ പെണ്‍വഴിക്കോ മാത്രമുള്ള പിന്തുടര്‍ച്ചയുള്ള സ്ത്രീകള്‍)സ്ത്രീകളുമായി സഹവാസം/സംബന്ധം മാത്രമാണ് അനുവദനീയമായിരുന്നത്. അധിവേദത്തിനുശേഷവും (ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ചതിനുശേഷം) മൂത്തപുത്രന് ആണ്‍കുട്ടിയെ (പിന്തുടര്‍ച്ചാവകാശി) നല്‍കാന്‍ കഴിഞ്ഞില്ല എങ്കില്‍ മാത്രമേ ഒരു ഇളയ സഹോദരന് സ്വജാതിയില്‍നിന്നും വിവാഹിതനാകാനുള്ള അനുമതി ലഭിക്കുമായിരുന്നുള്ളൂ.
നമ്പൂതിരി പെണ്‍കുട്ടികളുടെ വിവാഹത്തിന് അനുയോജ്യമായ പ്രായമായി അന്ന് കരുതിപ്പോന്നത് ആര്‍ത്തവാരംഭത്തിനു മുമ്പോ അതുമല്ലെങ്കില്‍ പത്ത് വയസ്സിനുള്ളിലോ ആയിരുന്നു. മരണക്കിടക്കയില്‍ കിടക്കുന്നവര്‍ക്കുപോലും ചെറിയ പെണ്‍കുട്ടികളെ വേള്‍ക്കാന്‍ സമൂഹം അനുവദിച്ചിരുന്നു. വിവാഹത്തിന് നല്‍കേണ്ടിയിരുന്ന സ്ത്രീധനത്തിന്റെ അളവ് നിശ്ചയിച്ചിരുന്നത് പെണ്‍കുട്ടിയുടെ മാതാപിതാക്കളായിരുന്നു എങ്കിലും സ്ത്രീധനത്തിന്റെപേരില്‍ നിത്യകന്യകളായി മനകളുടെ അകത്തളങ്ങളില്‍ ജീവിക്കേണ്ടിവന്ന ഒരുകൂട്ടം സ്ത്രീകളുമുണ്ടായിരുന്നു. ഇതിനൊരു പിന്തുടര്‍ച്ചയെന്നോണം ഉരുത്തിരിഞ്ഞുവന്ന മറ്റൊരു അനാചാരമായിരുന്നു മംഗലാപുരം കല്യാണം. പലപ്പോഴും സ്ത്രീധനമെന്ന അമിതഭാരംമൂലം തങ്ങളുടെ പെണ്‍മക്കളെ മംഗലാപുരത്തു കൊണ്ടുപോയി നടതള്ളുക (ഒരുതരത്തിലൊരു അറബിക്കല്യാണം) തന്നെയായിരുന്നു പല രക്ഷിതാക്കന്മാരും ചെയ്തുപോന്നിരുന്നത്. സ്ത്രീകളെ വില്‍ക്കുകയെന്നത് വിലക്കപ്പെട്ട സമുദായത്തില്‍ നടന്നിരുന്ന ഈ ആചാരം പലപ്പോഴായി വി.ടി.യുടെ കഥകളിലടക്കം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. മാറ്റക്കല്യാണമെന്ന പേരില്‍ മറ്റൊരു ദുരാചാരവും നമ്പൂതിരി സമൂഹത്തില്‍ പ്രബലമായിരുന്നു. അമിത സ്ത്രീധനം ഒഴിവാക്കുവാനായി വധുവിന്റെ സഹോദരന് വരന്റെ സഹോദരിയെ വേളി കഴിച്ചു നല്‍കുക (അല്ലെങ്കില്‍ തിരിച്ചും എന്ന ഏര്‍പ്പാട്). ഇത്തരത്തില്‍ വേള്‍ക്കുന്ന ഒന്നിലധികം ഭാര്യമാര്‍ (സപത്‌നി) പലപ്പോഴും ഇരുളടഞ്ഞ നാലുകെട്ടുകള്‍ക്കിടയില്‍ പരസ്പരം സ്പര്‍ദ്ധയോടുകൂടി എന്നാല്‍ ഒറ്റപ്പെട്ട് ജീവിതം ജീവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. സ്വപുരുഷന്റെ മുഖം മാത്രം കാണാന്‍ വിധിക്കപ്പെട്ടിരുന്നവള്‍ക്ക് അന്യപുരുഷദര്‍ശനം ചാര്‍ത്തിക്കൊടുക്കുന്ന പദവി അടുക്കളദോഷമായി (സ്മാര്‍ത്തവിചാരം-മതപരമായ ചടങ്ങിന് വിധേയമായേക്കാവുന്ന ദോഷം) നിര്‍മ്മിച്ചു നല്‍കിയ നമ്പൂതിരി ഗോത്ര വ്യവസ്ഥിതി വേളിയായും സംബന്ധമായും അധിവേദമായും അല്ലാതെയുമെല്ലാം നിരവധി അന്യസ്ത്രീകളെ പ്രാപിക്കുവാനുള്ള അവസരങ്ങളും പുരുഷന് ഒരുക്കിനല്‍കി. യാത്രകളില്‍പോലും ഘോഷയും (നായര്‍ സ്ത്രീകളുടെയും മറ്റും അകമ്പടി) മറക്കുടയും (പനയോലകൊണ്ടു നെയ്യുന്ന കുട) ശരീരത്തിന്റെ ഭാഗമെന്നോണം പേറേണ്ടി വന്നിരുന്നു സവര്‍ണരെന്നൂറ്റംകൊണ്ടിരുന്ന നമ്പൂതിരികുലത്തില്‍ ജനിച്ച സ്ത്രീകള്‍. ബ്രാഹ്മണ്യത്തിന്റെ ഇത്തരം കാപട്യങ്ങള്‍ നിര്‍മ്മിച്ചെടുത്തത് വൃദ്ധകന്യകമാരെയും ഏകാകികളും അസൂയാലുക്കളുമായ ഭാര്യമാരെയും യുവതികളായ വിധവകളെയുമെല്ലാമായിരുന്നു.
കെട്ടുകല്യാണം/ താലികെട്ടു കല്യാണം (ആര്‍ത്തവാരംഭത്തിന് മുമ്പുള്ള ചടങ്ങ്) നായര്‍/ ഈഴവ സമുദായങ്ങള്‍ക്കിടയില്‍ പ്രബലമായി നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു. നായര്‍ സമുദായങ്ങള്‍ക്കിടയില്‍ ഇത്തരം ചടങ്ങില്‍ താലി ബന്ധിപ്പിക്കുന്ന വ്യക്തി യഥാര്‍ത്ഥ വരനാകണമെന്ന നിബന്ധനയൊന്നുമില്ലായിരുന്നു. എന്നാല്‍ ഈഴവ സമുദായത്തില്‍ പലപ്പോഴും താലികെട്ടു കല്യാണം പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ വരാനായേക്കാവുന്ന മുറപ്പയ്യനുമായും (അമ്മാവന്റെ മകന്‍) നടത്തുമായിരുന്നു. ആചാരപൂര്‍ത്തീകരണത്തിനു മാത്രമായാണ് ഇത്തരം ചടങ്ങുകള്‍ നടത്തുന്നതെങ്കില്‍ ചടങ്ങുകള്‍ അവസാനിപ്പിച്ച് ഭക്ഷണം കഴിഞ്ഞു പിരിയുന്നപക്ഷം വരന്‍ കൈ കഴുകിയോ, ഒരു നൂലോ നെല്‍മണിയോ ഛേദിച്ചു കൊണ്ടോ അപ്പോള്‍ത്തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു പതിവ്. ഈഴവ തിയ്യ സമുദായത്തിലെ താലികെട്ടുകല്യാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന മറ്റൊരനാചാരം മധുരം കൊടുപ്പ് എന്ന ചടങ്ങായിരുന്നു. കല്യാണത്തോടനുബന്ധിച്ച് വധുവിന്റെ അമ്മ വരന് മധുരം നല്‍കുന്ന ചടങ്ങിനോടൊപ്പം തന്നെ വരന്റെ സഹോദരങ്ങള്‍ക്കുകൂടിയും മധുരം നല്‍കുന്നപക്ഷം അവര്‍ക്കുകൂടി ഭാര്യയായി പെണ്‍കുട്ടി മാറേണ്ടതായി വരും. ഒന്നില്‍ക്കൂടുതല്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയായി ഇരിക്കുക എന്നതിനെ അഭിമാനമായായിരുന്നു അന്നത്തെ സമൂഹം വീക്ഷിച്ചിരുന്നത്.
അന്ന് പ്രബലമായും എന്നാല്‍ ഇന്ന് ചിലയിടങ്ങളില്‍ മാത്രമായും കാണപ്പെടുന്ന മറ്റൊരാചാരമാണ് തിരണ്ടുകല്യാണം. ആര്‍ത്തവാരംഭത്തില്‍ തീണ്ടാരിയായ പെണ്ണിന്റെ ആദ്യ കുളിയെന്നത് വലിയ ആഘോഷമായി നടത്തുക എന്നത് അഭിമാനത്തിന്റെ വിഷയമായാണ് കണക്കാക്കിയിരുന്നതെങ്കിലും അതിനു നല്‍കിയിരുന്ന മറ്റൊരു ഭാഷ്യം വിത്തുവിതയ്ക്കാനുതകുംവിധം നിലം പാകമായിരിക്കുന്നു എന്ന് മാലോകരെ അറിയിക്കുക എന്നതുതന്നെയായിരുന്നു (സി.വി. കുഞ്ഞിരാമന്‍ നല്‍കിയ ഭാഷ്യം). ആര്‍ത്തവാരംഭത്തിനു ശേഷമായിരുന്നു നായര്‍ സ്ത്രീകളുടെ യഥാര്‍ത്ഥ വിവാഹം നടത്തിയിരുന്നത്. നായര്‍ സ്ത്രീകള്‍ക്ക് അവരുടെ പ്രതിശ്രുത വരനെ തിരഞ്ഞെടുക്കുവാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഒരു നിലവിളക്കിനുമുമ്പില്‍ വെച്ച് പുടവ നല്‍കി നടത്തുന്ന പുടവകൊടുപ്പു/ പുടവമുറി ചടങ്ങില്‍ ഒതുങ്ങുന്നതായിരുന്നു നായര്‍ സ്ത്രീകളുടെ കല്യാണം. ബഹുഭാര്യത്വവും ബഹുഭര്‍ത്തൃത്വവും അനുവദനീയമായിരുന്ന നായര്‍ സമൂഹത്തില്‍ ചാര്‍ച്ചക്കാരുടെ എണ്ണം/സംബന്ധം അടിസ്ഥാനപ്പെടുത്തിയായിരുന്നു നായര്‍സ്ത്രീകളുടെ പ്രാമുഖ്യം അളന്നിരുന്നത്. ഇന്നിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഇത്തരമൊരേര്‍പ്പാട് ചോദ്യം ചെയ്യപ്പെടുമെന്നതുപോലെതന്നെ, അന്ന് മഹത്ത്വവല്‍ക്കരിക്കപ്പെട്ട വ്യഭിചാരമായി ടിപ്പുസുല്‍ത്താന്‍ പുറപ്പെടുവിച്ച വിലഭാരവും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എങ്കിലും നമ്പൂതിരി സ്ത്രീകളെ അപേക്ഷിച്ചു പുരുഷനെ സ്വീകരിക്കാനും ഉപേക്ഷിക്കുവാനുമുള്ള നായര്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം അവരെ പാതിവ്രത്യം, ഭര്‍ത്താവിനോട് പുലര്‍ത്തേണ്ടുന്ന സേവന മനോഭാവം, കുലീനത്വം തുടങ്ങി നിരവധി കെട്ടുപാടുകളില്‍നിന്നും സ്വതന്ത്രയാക്കുകയായിരുന്നു ചെയ്തിരുന്നത്. തിയ്യ അഥവാ ഈഴവ സമുദായത്തിലെ യഥാര്‍ത്ഥ വിവാഹസംബന്ധമായ മതാചാരങ്ങള്‍ (മംഗലം അഥവാ മുണ്ടുകൊടുപ്പ്) നായര്‍ പുടവകൊടുപ്പുമായി ഏറെ സാമ്യമുള്ളതായിരുന്നു. തിയ്യ സമുദായത്തില്‍ ഏകപത്‌നീവ്രതമെന്നതുപോലെതന്നെ ഈഴവ സമുദായത്തില്‍ ബഹുഭാര്യാഭര്‍ത്തൃത്വവും അനുവദനീയമായിരുന്നു. സംബന്ധത്തിലും മറ്റു വിവാഹരീതികളിലും പോലും സ്വജാതി അല്ലെങ്കില്‍ ഉന്നതകുലജാതര്‍/ അനുലോമ വിവാഹമെന്നതും പ്രധാനപ്പെട്ട ഒന്നായിരുന്നു.
വേളിയും മുണ്ടുകൊടുപ്പും പുടവകൊടുപ്പുമെല്ലാം ചെറിയ ചടങ്ങുകള്‍ മാത്രമായി ഒതുങ്ങിയ വിവാഹച്ചടങ്ങുകളില്‍ ഇപ്പോഴും സ്ത്രീധനമെന്ന വ്യവസ്ഥിതി മാറ്റമില്ലാതെ തുടര്‍ന്നുപോകുന്നു. ഇവിടെയും സ്ത്രീധനമെന്നത് വരന്റെ കുടുംബമഹിമയും അക്കാദമിക്/ സാമ്പത്തികമേന്മയുമനുസരിച്ച് ഉയര്‍ന്നുകൂടെയിരിക്കുന്ന സാഹചര്യമാണ് ഇന്നും. ഇവിടെ വധുവിന്റെ വിവാഹജീവിതം നിര്‍ണയിക്കപ്പെടുന്നതില്‍ സാമ്പത്തിക പരിഗണനകള്‍ക്ക് ആധിപത്യമേറെയാണ്. ഏറ്റവും വലിയ സ്ത്രീധനം നല്‍കണമെന്ന/ ലഭിക്കണമെന്ന/ ആശങ്കയും വിവാഹമാമാങ്കങ്ങളും പെണ്‍കുഞ്ഞുങ്ങളെ സാമൂഹികബാദ്ധ്യതതന്നെയാക്കി നിലനിര്‍ത്തുകയാണിന്നും. ശൈശവവിവാഹസങ്കല്‍പ്പമില്ലാതായി എന്നിരിക്കിലും നിയമമനുവദിക്കുന്ന പ്രായമെത്താന്‍ കാത്തിരിക്കുംവിധം പലയിടങ്ങളിലും പെണ്‍കുട്ടികള്‍ വിവാഹിതരാകുവാന്‍ നിര്‍ബന്ധിതരാവുന്നുമുണ്ട്. വിവാഹതീരുമാനങ്ങളിലും തുടര്‍ജീവിതത്തിലും വലിയ പ്രാതിനിധ്യമില്ലാത്ത ഒരു സമൂഹവും സ്വതന്ത്ര ജീവിതത്തെക്കുറിച്ചുള്ള വലിയ കാഴ്ചപ്പാടുകളുള്ള പെണ്‍കുട്ടികളുടെ മറ്റൊരു സമൂഹവും ഇവിടെ നിലനില്‍ക്കുന്നു. സ്വന്തമായ കാഴ്ചപ്പാടുകളില്ലാത്ത പെണ്‍സമൂഹ രൂപീകരണം ലാക്കാക്കിയുള്ള രാഷ്ട്രീയ-സാമൂഹികരൂപീകരണത്തിനിടയിലും ജീവിതത്തെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാഭിമാനത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുള്ള വലിയൊരു സമൂഹം ഉയര്‍ന്ന കപടസദാചാര നിഷ്ഠകള്‍ക്കും അമിതമായ മതഭ്രാന്തുകള്‍ക്കുമിടയിലും ഉയര്‍ന്നുവരുന്നത് ഭയപ്പാടോടുകൂടിയാണ് കേരളത്തിലെ ഒരുവിഭാഗം എന്നും ദര്‍ശിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനമെന്ന പേരില്‍ പടച്ചുവിടുന്ന വ്യക്തിഹത്യകളധികവും അറിഞ്ഞോ അറിയാതെയോ സ്ത്രീസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്…
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം നവംബര്‍ ലക്കം പച്ചക്കുതിരയില്‍ വായിക്കാം.
Comments are closed.