സ്ഥലരാശിയുടെ ആവിഷ്കാരങ്ങള്‍: ഡോ. ഷിബു ബി.
ഒരു മാധ്യമം എന്ന നിലയില്‍ സിനിമ സ്‌പേസുമായി വലിയതോതില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ഫ്രെയിമില്‍ എന്തുള്‍ക്കൊളളുന്നു, എന്ത് ബഹിഷ്‌കരിക്കപ്പെടുന്നു എന്നുള്ളത് സിനിമയില്‍ ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഈ ഉള്‍കൊള്ളല്‍-പുറത്താക്കല്‍ ബലതന്ത്രം സിനിമയെ ചരിത്രത്തിന്റെ സ്ഥലവല്‍ക്കരിക്കപ്പെട്ട രൂപമാക്കി മാറ്റുന്നു. ഭവത്തിന്റെ ആയിത്തീരലും, തൃഷ്ണകളും പ്രത്യയശാസ്ത്രവും അധികാരവും രാഷ്ട്രീയവും ചരിത്രത്തിന്റെ ദ്രവസ്വഭാവമുള്ള സാക്ഷാല്‍ക്കാരങ്ങളില്‍ നിരന്ത രംഘനീഭവിക്കുകയും ഉരുകിപ്പോവുകയും ചെയ്യുന്നു. അതിലൂടെ ബഹുതലത്തിലുള്ള സാമൂഹ്യരൂപങ്ങളും ബന്ധങ്ങളും സൃഷ്ടിക്കപ്പെടുന്നു.
സമയത്തില്‍ കൊത്തിയ ശില്പമാണ് സിനിമ എന്ന താര്‍ക്കോവ്‌സ്‌കിയന്‍ സങ്കല്പത്തെ സ്ഥലത്തില്‍ കൊത്തിയ ശില്പം എന്നും വായിക്കാവുന്നതാണ്. സ്ഥലത്തോടും കാലത്തോടും മനുഷ്യന്റെ സര്‍ഗാത്മകത നടത്തുന്ന നിരന്തര ഉപജാപമാണ് സിനിമ. കാമറ സ്ഥലത്തെയും എഡിറ്റിങ് സമയത്തെയും വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. ചലച്ചിത്രബിംബങ്ങള്‍ സമയത്തിലൂടെ സഞ്ചരിക്കുന്ന സ്ഥലരാശികളുടെ അടയാളപ്പെടുത്തലുകളാണ്. നിശ്ചിത സമയഖണ്ഡങ്ങള്‍ക്കുള്ളിലുള്ള സ്ഥലരാശികളുടെ സംഘാടനമാണ് മിസൊ -സീനി (mise-en-scene)ലൂടെയും മൊണ്‍ടാഷിലൂടെയും സാധ്യമാവുന്നത്. സിനിമ ഷൂട്ട് ചെയ്യാനും വേണം സ്ഥലങ്ങള്‍. ഷൂട്ട് ചെയ്ത ഫുറ്റേജുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകളുടെ ആര്‍ക്കിടെക്ടറല്‍ ഇടം ആവശ്യമാണ്. ഷൂട്ട് ചെയ്ത ഫുറ്റേജുകള്‍ സമന്വയിപ്പിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ആഖ്യാനത്തിന്റെ ഒരു പ്രതീതി ഇടമാണ് നമ്മള്‍ സ്‌ക്രീനില്‍ കാണുന്നത്. കഥാപാത്രങ്ങളും ഷൂട്ടുചെയ്ത ഫുറ്റേജിലെ ഭൗതികയിടവും തമ്മിലുള്ള അന്യോന്യമാണ് ഈ പ്രതീതി ഇടത്തെ സൃഷ്ടിക്കുന്നത്.
സിനിമാകൊട്ടകയുടെ ആര്‍ക്കിറ്റെക്ടറല്‍ ഇടത്തിനുള്ളില്‍ സ്ഥാനപ്പെടുന്ന കാണിയുടെ ആപേക്ഷിക ഇടവും സ്‌ക്രീനിലെ പ്രതീതി ഇടവും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെയാണ് സിനിമാനുഭവം സൃഷ്ടിക്കപ്പെടുന്നത്.അതായത് സ്‌പേസ് സിനിമയില്‍ നിശ്ചലവും നിഷ്‌ക്രിയവുമായ ഒരു പശ്ചാത്തലംമാത്രമല്ല മറിച്ചു ബഹുതലത്തില്‍ വികസിക്കുന്ന, അര്‍ത്ഥസാധ്യതകളെ ഉള്ളില്‍ വഹിക്കുന്ന ഒരു ജൈവസാന്നിദ്ധ്യമാണ്. സാഹിത്യത്തില്‍നിന്നും വ്യത്യസ്തമായി ലൊക്കേഷന്‍ ഷൂട്ടിങ് എന്നു പറയുന്നത് സിനിമയില്‍ സ്വന്തമായി ചരിത്രമുള്ള ഒരു വ്യാവസായിക, ലാവണ്യശാസ്ത്ര പ്രവര്‍ത്തനമാണ് എന്ന, അനുപമ കാപ്‌സെയുടെ അഭിപ്രായം പരിഗണിക്കുമ്പോള്‍ സിനിമയില്‍ സ്‌പേസ് കൂടുതല്‍ നിര്‍ണായകമായ ഘടകമായി മാറുന്നു. ആന്ദ്രേ ബസോണിന്റെ അഭിപ്രായത്തില്‍ നമുക്കറിയുന്ന യഥാര്‍ത്ഥലോകത്തെക്കുറിച്ചുള്ള ഭവശാസ്ത്രപരമായ (ontological) ജ്ഞാനമാണ് സിനിമയുടെ ലോകം പ്രദാനം ചെയ്യുന്നത്. മനുഷ്യന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെതന്നെ ഒരു ബിംബം ദൃശ്യപ്പെടുന്നതിലൂടെ സാധ്യമാവുന്ന സത്തയുടെ പരിപാലനമാണ് സിനിമ. ബിംബങ്ങള്‍ മൂര്‍ത്തമായതിനാല്‍തന്നെ അവ സ്ഥലവല്‍ക്കരിക്കപ്പെടുന്നുമുണ്ട്. ഉപരിതല യാഥാര്‍ഥ്യത്തിനപ്പുറത്തുള്ള ധാര്‍മ്മിക വിവക്ഷകളെയും ബിംബങ്ങള്‍ അനുഭവിപ്പിക്കുന്നു. അങ്ങനെ സിനിമയുടെ നിര്‍മാണത്തെയും വിതരണത്തെയും ഉപഭോഗത്തെയും നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന സുപ്രധാന ഘടകമായും ആഖ്യാനത്തെയും കഥാപാത്രങ്ങളെയും രൂപപ്പെടുത്തുകയും അര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുയും ചെയ്യുന്ന കര്‍ത്തൃത്വപദവിയായും സ്‌പേസ് ഉയര്‍ത്തപ്പെടുന്നു. ഓളവും തീരവും (പി. എന്‍. മേനോന്‍/1970), നിര്‍മാല്യം (എം. ടി./1973) എന്നീ സിനിമകളില്‍ ഉത്പാദനക്ഷമതയുള്ള സാന്നിദ്ധ്യമായി സ്‌പേസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഈ ലേഖനത്തില്‍.
പൂര്‍ണ്ണരൂപം 2024 ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തിരക്കഥകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.