‘ഭൂതത്താന്‍ കുന്ന്’ എന്ന നോവലിനെക്കുറിച്ച് അര്‍ഷാദ് ബത്തേരി എഴുതുന്നു…
വാസ്‌ഗോഡി ഗാമ എന്ന കഥാസമാഹാരത്തിനു ശേഷം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ മൂന്നാമത്തെ കൃതിയാണ് ഭൂതത്താന്‍ കുന്ന് എന്ന നോവല്‍. പ്രമേയംകൊണ്ട് ഇതൊരു ചരിത്രനോവലല്ലെങ്കിലും ഇടയ്ക്കിടെ ചരിത്രത്തിലെ ചില കഥാപാത്രങ്ങള്‍ ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ദിരാഗാന്ധി, ജോണ്‍ കെന്നഡി, കാര്‍ട്ടൂണിസ്റ്റ് അരവിന്ദന്‍, എം മുകുന്ദന്‍ തുടങ്ങിയവരും ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വായനക്കാരന് ഒരു പ്രത്യകേ വായനാനുഭവം തരുന്ന.. ഈ നോവലിന് അവതാരിക എഴുതിയത് അര്‍ഷാദ് ബത്തേരിയാണ്.
‘കുതറിയോടുന്ന ഓര്‍മ്മകള്‍’ .. തമ്പി ആന്റണിയുടെ ഭൂതത്താന്‍ കുന്ന് എന്ന നോവലിന് അര്‍ഷാദ് ബത്തേരി എഴുതിയ അവതാരികയില്‍ നിന്ന്;—
നോവല്‍ സാഹിത്യം ഭാഷാപരമായും ആഖ്യാനപരമായും പുതുതലം സൃഷ്ടിക്കുന്ന ഈ കാലത്താണ് തമ്പി ആന്റണിയുടെ ഭൂതത്താന്‍ കുന്ന് വായനക്കാരുടെ മുന്നിലേക്കു വരുന്നത്. ചലച്ചിത്ര നിര്‍മ്മാതാവാണ്, നടന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് തമ്പി ആന്റണി. മാതൃഭൂമി ആഴ്ചപ്പതിപ്പടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ ഇതിനകം തമ്പി ആന്റണിയുടെ കഥകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയുംചെയ്തു. അമേരിക്കന്‍ ജീവിതത്തിന്റെ നമുക്ക് പരിചയമില്ലാത്ത ഇടങ്ങളെ അനായാസം വായിക്കാവുന്ന തരത്തിലും യാതൊരു അനുകരണവുമില്ലാത്ത ശൈലിയുമായതുകൊണ്ടാവണം തമ്പി ആന്റണിയുടെ കഥകള്‍ക്ക് വായനക്കാരുണ്ടായത്.
മാത്രമല്ല ആദ്യകഥാസമാഹാരമായ വാസ്‌കോഡി ഗാമയ്ക്ക് അവതാരിക എഴുതിയത് ഏറെ പ്രശസ്തനായ എഴുത്തുകാരന്‍ ബെന്യാമിന്‍ ആണുതാനും. ആ അവതാരികയില്‍ ബെന്യാമിന്‍ ഇങ്ങനെ എഴുതുന്നു: ‘മെട്രോയില്‍ ഇരുന്നുകൊണ്ട് മെട്രോയെ കാണല്‍, മെട്രോയില്‍ ഇരുന്നുകൊണ്ട് കേരളത്തെ കാണല്‍ എന്നിങ്ങനെ ഇരുധര്‍മ്മങ്ങളാണ് ഈ കഥകള്‍ നിര്‍വഹിക്കുന്നത് എന്ന് ഒറ്റവാക്കില്‍ നിരീക്ഷിക്കാന്‍ സാധിക്കും. അതിവൈകാരികതയിലേക്കു അതിഗൃഹാതുരതയിലേക്കും നീണ്ടുപോകുന്നു എന്നതാണ് പലപ്പോഴും ഇത്തരം കഥകളില്‍ നമ്മള്‍ കാണുന്ന ന്യൂനത. എന്നാല്‍ തമ്പി ആന്റണി അതിനെ തന്റെ നേര്‍ത്ത ഹാസ്യംകൊണ്ട് കൃത്യമായി മറികടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെടിപ്പില്ലാതെ വായിക്കാന്‍ കഴിയുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത് എന്ന് സാക്ഷ്യപ്പെടുത്താന്‍ ഒട്ടും മടിയില്ല.’-ബെന്യാമിന്റെ ഈ വാചകത്തിലെ മൂന്ന് വാക്കുകളെയാണ് ഞാന്‍ തൊടുന്നത്.
1. അതിവൈകാരികത ,2. ഗൃഹാതുരത, 3. നേര്‍ത്ത ഹാസ്യം.
ഈ നോവലിലും ഈ മൂന്ന് ഘടകവും മിതമായി മാത്രം ഉപയോഗിക്കാനുള്ള ഒരു ശ്രദ്ധ പാലിക്കാന്‍ തമ്പി ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്.
അകത്തും പുറത്തുമുള്ള ഇരുകാഴ്ചകള്‍ക്കിടയിലൂടെ ഭൂതത്താന്‍ കുന്നിന്റെ അദ്ധ്യായങ്ങള്‍ കടന്നു പോകുന്നു. സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഭാവങ്ങള്‍ ഇഴപിരിഞ്ഞുകിടക്കുന്ന ഒരന്തരീക്ഷം ദേവലോകത്തിനുണ്ട്. നോവലില്‍ ഉടനീളം തമ്പി ആന്റണി പുരട്ടിയ ഹാസ്യത്തിന്റെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഒരു സിനിമാക്കഥപോലെ നോവലിലെ പല അദ്ധ്യായങ്ങളും കഥാപാത്രങ്ങളും ദൃശ്യരൂപത്തില്‍ തെളിയുന്നു.
ഭൂതത്താന്‍ കുന്ന് ഓര്‍മ്മയില്‍നിന്നും ചികഞ്ഞെടുത്ത ജീവിതത്തിന്റെ ഒരു ഭാഗമാണല്ലോ. ഓര്‍മ്മകളെ അതേപടി പകര്‍ത്തിയാല്‍ ഒരു നല്ല നോവലിനെ സൃഷ്ടിക്കാനാവില്ലായെന്നതാണ് വാസ്തവം. ഇവിടെ തമ്പി ആന്റണി ആ ഒരു രീതിയില്‍നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞുപോയ തന്റെ കാലത്തെ ഓര്‍മ്മകൊണ്ട് പൊതിയുകയും എന്നാല്‍ ഓര്‍മ്മ എഴുത്ത് അല്ലാതെ നോവലിനെ അവതരിപ്പിക്കാന്‍ കഴിയുകയും ചെയ്തു. മാത്രമല്ല, ഭൂതത്താന്‍ കുന്നിലെ ദേവലോകത്തിനപ്പുറം അതിന്റെ പരിസരപ്രദേശങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും നോവലിസ്റ്റ് സഞ്ചരിക്കുന്നു. ജമാല്‍ മാര്യേജ് ബ്യൂറോ, ബാബു, ചായക്കട, സോമന്‍ പിള്ള അങ്ങനെ നീളുന്നു. അത്തരം കഥാപാത്രങ്ങളും ആ പരിസരവും മുഴച്ച് നില്‍ക്കുന്നുമില്ല.
Comments are closed.