കെ.വി. സുധാകരന്റെ ‘അറിവവകാശം: കഥയും പൊരുളും’; മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്റെ ‘അറിവവകാശം: കഥയും പൊരുളും’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് പുസ്തകം ഏറ്റുവാങ്ങി. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്ത, വിവരാവകാശ കമ്മീഷണര്‍ പി.ആര്‍. ശ്രീലത, ഗ്രന്ഥകര്‍ത്താവ് കെ.വി. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. വിവരാവകാശ നിയമം 2005 ന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുന്നതിനൊപ്പം, നിയമം നല്‍കുന്ന സാധ്യതകളും വെല്ലുവിളികളും പുസ്തകം വിശകലനം ചെയ്യുന്നു. ഡി സി ബുക്സാണ് പ്രസാധകർ.
രാജ്യത്തെ അധികാരകേന്ദ്രങ്ങളിലെ അഴിമതി ഇല്ലാതാക്കാനും ഭരണനടപടികളിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് 17 വര്ഷം മുമ്പ് പാര്ലമെന്റ് ഏകകണ്ഠമായി പാസ്സാക്കിയതാണ് വിവരാവകാശ നിയമം. ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരമെന്ന സൂചനയോടെയാണ് നിയമം 2005 ഒക്ടോബര് 12 -ന് രാജ്യവ്യാപകമായി നിലവില് വന്നത്. ഒന്നര വ്യാഴവട്ടത്തോട് അടുക്കുന്ന ഘട്ടത്തില് നിയമം വിഭാവനം ചെയ്ത ലക്ഷ്യം എത്രത്തോളം കൈവരിക്കാന് കഴിഞ്ഞുവെന്നും നിയമം നടപ്പാക്കുന്നതിലെ പിഴവുകളും പോരായ്മകളും എന്തൊക്കെയെന്നും നിയമത്തിന്റെ ഭാവി എങ്ങനെയെന്നും പരിശോധിക്കുകയാണ് വിവരാവകാശ കമ്മീഷണറായി പ്രവര്ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തില് കെ.വി. സുധാകരന് ഈ പുസ്തകത്തില്.
Comments are closed.