DCBOOKS
Malayalam News Literature Website

‘ആര്‍ യൂ ഹ്യൂമന്‍?’ പല നിലയില്‍ സവിശേഷമായ ഒരു പുസ്തകം: മനോജ് കുറൂര്‍

ആര്‍ യൂ ഹ്യൂമന്‍ ? മനുഷ്യേതര മാനവികതയ്ക്ക് ഒരാമുഖം എന്ന കൃതിയെക്കുറിച്ച് മനോജ് കുറൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

എസ്പിസിഎസ് പുറത്തിറക്കിയ ‘പുതുദര്‍ശനം പുതുവായന’ എന്ന പുസ്തകപരമ്പരയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ‘എഡ്വേര്‍ഡ് സെയ്ദ്: പൗരസ്ത്യം പാശ്ചാത്യം കര്‍ത്തൃത്വത്തിന്റെ രാഷ്ട്രീയം’ എന്ന കൃതിയിലൂടെയാണ് പ്രസാദ് പന്ന്യനെ ആദ്യം പരിചയപ്പെടുന്നത്. എന്നാല്‍ അതിനുമുമ്പുതന്നെ ദേശീയ- അന്തര്‍ദ്ദേശീയതലങ്ങളിലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ സാംസ്‌കാരികപഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയിട്ടുള്ള ആളാണദ്ദേഹം. അതുകൊണ്ടുതന്നെ ‘ആര്‍ യൂ ഹ്യൂമന്‍?’ എന്ന പുസ്തകം പരപ്രേരണ കൂടാതെയാണു വാങ്ങിച്ചത്.

വാങ്ങിയിട്ടു കുറച്ചുകാലമായെങ്കിലും വായന കുറച്ചു താമസിച്ചു. വിഷയത്തോടു നീതി പുലര്‍ത്തുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കുന്നത് ഏറെ സംതൃപ്തി തരുന്ന ഒരനുഭവമാണ്. അതു നമ്മുടെയും അന്വേഷണങ്ങളുടെ മേഖല വിശാലമാക്കുന്നു. ഈ പുസ്തകത്തെക്കുറിച്ച് അങ്ങനെ പറയാന്‍ കാരണമുണ്ട്. 2010ല്‍ ഫേസ്ബുക്കിനെക്കുറിച്ച് മാതൃഭൂമി Textആഴ്ചപ്പതിപ്പിലെഴുതിയ ‘ആത്മപ്രകാശനത്തിന്റെ മുഖപുസ്തകം’, നവമാധ്യമകാലത്തെ കവിതയെക്കുറിച്ച് 2012ല്‍ ഫേസ്ബുക്കിലും പിന്നീട് മലയാളം റിസേര്‍ച്ച് ജേണലിലും പ്രസിദ്ധീകരിച്ച ലേഖനം തുടങ്ങിയവയിലൂടെ സാങ്കേതികവിദ്യ എങ്ങനെയാണ് ജീവിതത്തിലും പലവിധം പ്രകടനങ്ങളിലും ഇടപെടുന്നതെന്ന് ഞാനും അന്വേഷിച്ചിരുന്നു. ഴാക് ദറിദയുടെ actuvirtuality, artifactuality എന്നീ മൊഴിച്ചേരുവകള്‍, ഡേവിഡ് ബെല്‍, മാനുവല്‍ കാസ്റ്റല്‍സ്, ഡോണ ഹാരാവേ, പോള്‍ വിറിലിയോ തുടങ്ങിവരുടെ ചില നിരീക്ഷണങ്ങള്‍, പോസ്റ്റ്ഹ്യൂമന്‍, സൈബോര്‍ഗ് തുടങ്ങിയ ചില സങ്കല്പനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് അവ എഴുതിയത്. എന്നാല്‍ ഇന്ന് പോസ്റ്റ് ഹ്യൂമന്‍ വിചാരങ്ങള്‍ വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. ടി ടി ശ്രീകുമാറിന്റെ ‘പോസ്റ്റ് ഹ്യൂമന്‍ വിചാരലോകങ്ങള്‍: ശാസ്ത്രം സൗന്ദര്യം മൃത്യുരാഷ്ട്രീയം’ (പുസ്തകപ്രസാധകസംഘം), പ്രസാദ് പന്ന്യന്‍ എഡിറ്ററായ ‘ആര്‍ യൂ ഹ്യൂമന്‍? മനുഷ്യേതരമാനവികതയ്ക്ക് ഒരാമുഖം’ (ഡി സി ബുക്‌സ്) എന്നീ പുസ്തകങ്ങളിലൂടെ (രണ്ടും പ്രസിദ്ധീകരിച്ചത് 2021 സെപ്റ്റംബറില്‍) മനുഷ്യാനന്തരവും മനുഷ്യേതരവുമായ വിചാരങ്ങള്‍ മലയാളത്തിലും ഇപ്പോള്‍ വികസിതദശയിലെത്തിയിരിക്കുന്നു.

‘ആര്‍ യൂ ഹ്യൂമന്‍?’ പല നിലയില്‍ സവിശേഷമായ ഒരു പുസ്തകമാണ്. പ്രസാദ് പന്ന്യന്‍ എഴുതിയ ‘പോസ്റ്റ്ഹ്യൂമന്‍ ചിന്തയ്‌ക്കൊരാമുഖം’ എന്ന ആമുഖലേഖനം വൈവിധ്യമാര്‍ന്ന പൂര്‍വ്വചിന്തകളുടെ സംഗൃഹീതാവതരണംകൊണ്ടും സ്വന്തം നിരീക്ഷണങ്ങളുടെ സന്നിവേശനംകൊണ്ടും സര്‍വ്വോപരി സൈദ്ധാന്തികമായ തെളിച്ചംകൊണ്ടും ഗംഭീരമാണ്. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ പ്രവേശിക്കുമ്പോള്‍ ചോദിക്കുന്ന ‘ആര്‍ യൂ ഹ്യൂമന്‍?’ എന്ന ചോദ്യം ഓരോ നിമിഷവും താന്‍ യന്ത്രമാണോ മനുഷ്യനാണോ എന്ന നിലയില്‍ നേരിടേണ്ടിവരുന്ന, തെളിയിക്കേണ്ടിവരുന്ന സമകാലികതയെയും ഭാവിയെയും ഒപ്പം സംബോധന ചെയ്യുന്നു. കോവിഡ് രോഗത്തിന്റെയും ആഗോളതാപനത്തിന്റെയും പശ്ചാത്തലത്തിലുണ്ടായ ചരിത്രപ്രതിസന്ധിയെ മുന്‍നിര്‍ത്തിക്കൊണ്ട് തത്ത്വചിന്തയുടെയും സാംസ്‌കാരികവിചാരങ്ങളുടെയും മേഖലയില്‍ മുമ്പുണ്ടായതും ഇപ്പോഴുണ്ടാകുന്നതും ഭാവിയില്‍ നേരിടേണ്ടതുമായ പ്രശ്‌നങ്ങള്‍ സംബോധന ചെയ്യുകയാണു ലേഖകന്‍. കാതറീന്‍ ഹെയില്‍സ്, സ്ലാവോയ് സിസേക്, റോസി ബ്രായിദോത്തി, എഡ്വേര്‍ഡ് സെയ്ദ്, ദീപേഷ് ചക്രബര്‍ത്തി, പോള്‍ ക്രുട്‌സണ്‍ തുടങ്ങി നിരവധി ചിന്തകരുടെ സങ്കല്പനങ്ങളെ സമകാലികമായ പ്രതിസന്ധികളോടു ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പഠനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ബി രാജീവന്‍, ടി ടി ശ്രീകുമാര്‍, എബി കോശി, കെ എം അനില്‍, കെ രാജന്‍, എതിരന്‍ കതിരവന്‍, ജോണി എം എല്‍, സി എസ് മീനാക്ഷി, ഷിജു സാം വര്‍ഗ്ഗീസ്, കവിത ബാലകൃഷ്ണന്‍, സുധീഷ് കോട്ടേമ്പ്രം, ജസ്റ്റിന്‍ മാത്യു, സുനില്‍കുമാര്‍ ടി കെ, ശ്രീപ്രിയ ബാലകൃഷ്ണന്‍, ഷീജു എന്‍ വി, ശംഭു രാമചന്ദ്രന്‍, മനീഷ കൈതേരി എന്നിവരാണ് ഈ മേഖലയെ വിവിധമാനങ്ങളില്‍ സമീപിക്കുന്ന ചിന്തകള്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ വൈജ്ഞാനികമേഖലയ്ക്ക് ആഴവും കരുത്തും നല്കുന്ന ഈ പുസ്തകത്തെപ്പറ്റി എടുത്തുപറയേണ്ടതുണ്ടെന്നു തോന്നി. ഈ പുസ്തകത്തിന്റെ വായന നമ്മുടെ വിചാരലോകത്തെ വികസിപ്പിക്കുകയും ഒപ്പം ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുമെന്നുറപ്പ്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.