പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍
പെരുമാള്‍ മുരുകന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാതൊരുപാകന്‍ എന്ന തമിഴ് നോവലിന്റെ മലയാളം പരിഭാഷയാണ് അര്‍ദ്ധനാരീശ്വരന്‍. ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്‍പവും, കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാള്‍ ദൈവം തിരിച്ചു മല കയറുന്ന ദിവസം രാത്രി ഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴ ചേര്‍ത്തതാണ് ഈ നോവലിന്റെ കഥാതന്തു. വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ഇടപെടലുകള്‍ മൂലം തമിഴ്‌നാട്ടില്‍ പിന്‍വലിക്കപ്പെട്ട മാതോരുപാകന്‍ അപ്പു ജേക്കബ് ജോണാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഡി സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ കൃതിയുടെ പതിനൊന്നാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഈ കൃതിക്ക് പെരുമാള്‍ മുരുകന്‍ എഴുതിയ കുറിപ്പ്
“മാതൊരുപാകന്‍’ എന്ന തലക്കെട്ടു ഞാനെന്റെ സുഹൃത്തിനോടുപറഞ്ഞപ്പോള്‍ അതു ശൈവഭക്തി നിറഞ്ഞതാണെന്നായിരുന്നു അയാളുടെ മറുപടി. അതു ശരിയാണ്. അതു ശിവന്റെ മറ്റൊരു പേരാണ്. അര്‍ദ്ധനാരീശ്വരന്‍ എന്നാണ് അതിന്റെ അര്‍ത്ഥം. തന്റെ ഇടതുപകുതി സ്ത്രീക്കു വിട്ടുകൊടുത്തവന്‍. അര്‍ദ്ധനാരീശ്വരന്‍, അമൈയപ്പന്‍, മങ്കൈഭംഗന്‍ ഈ പേരുകളെല്ലാം അര്‍ത്ഥമാക്കുന്നത് ഒന്നാണ്. പക്ഷേ, എന്റെ മനസ്സിനെ ഏറ്റവും ആകര്‍ഷിച്ചത് മാതൊരുപാകന്‍എന്ന പേരാണ്. സാധാരണയായി എഴുതിക്കഴിയുമ്പോഴാണു ഞാന്‍ തലക്കെട്ടിടുക. ഈ നോവലിന്റെ കാര്യത്തില്‍ ഞാന്‍ എഴുതുന്നതിനു മുമ്പുതന്നെ പേരു മനസ്സില്‍ വന്നിരുന്നു. ഏതായാലും ഞാനതു മാറ്റിവച്ചു. എന്നിട്ടു മറ്റെന്തെങ്കിലുമൊരു തലക്കെട്ടിനു കാത്തിരുന്നു. എന്നാല്‍ ‘മാതൊരുപാകന്‍’ എന്ന തലക്കെട്ടിനേക്കാള്‍ എനിക്കു സംതൃപ്തി നല്‍കിയ ഒന്നില്ലായിരുന്നു.
കാരത്തൂരു മാത്രമാണ് ശിവന്‍ മാതൊരുപാഗന്‍ എന്ന പേരില്‍ ആരാധിക്കപ്പെടുന്നത്. അതിനു പല കാരണങ്ങള്‍ ഉണ്ടായിരിക്കും. എങ്ങനെയാണ് ഈ രൂപം ഈ ക്ഷേത്രത്തില്‍ വന്നതെന്ന് അറിയില്ല. പക്ഷേ, ശൈവഭക്തിയും അമ്പലത്തിന്റെ ചരിത്രത്തിനുമപ്പുറം എന്നെ ആകര്‍ഷിച്ചത് ആളുകളുടെ മനസ്സില്‍ ഈ ക്ഷേത്രത്തിനുണ്ടായ സ്ഥാനമാണ്. എങ്ങനെയോ ഈ ക്ഷേത്രത്തിനു ജീവിതത്തിന്റെ എല്ലാ കാര്യത്തിലും വളരെ പ്രാധാന്യമുണ്ടായിത്തീര്‍ന്നു. താഴ്‌വരകള്‍ മുതല്‍ മലയുടെ മുകള്‍ഭാഗംവരെ അവിടെ ഒരുനിര ദൈവങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുവാനും കഷ്ടപ്പാടുകളില്‍നിന്നു ആശ്വസിപ്പിക്കുവാനും തയ്യാറായിട്ടുണ്ട്. നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള ദൈവത്തെ ആവശ്യാനുസരണം തിരഞ്ഞെടുക്കാനാവും.
കാരത്തൂരിന്റെ ചരിത്രപരമായ കാര്യങ്ങളെകുറിച്ചുള്ള അന്വേഷണത്തില്‍ എനിക്ക് ഒട്ടേറെ സംഗതികള്‍ തിരിച്ചറിയാന്‍ സാധിച്ചു. ഞാന്‍ ചെറുപ്പംമുതല്‍ അറിഞ്ഞ നാട്. എന്റെ ഉള്ളില്‍ ഊറിക്കിടക്കുന്ന നാട്. ഈ നാട് അതിന്റെ രഹസ്യമായ നീരുറവകളെ തുറന്നുതന്നപ്പോള്‍ അത് അത്ഭുതമായിരുന്നു. ‘സ്വാമി കൊടുത്ത പിള്ളൈ’ അല്ലെങ്കില്‍ ‘സ്വാമിക്കുഴന്തൈ’ എന്ന പേരില്‍ അറിയപ്പെടുന്ന കുറെയാളുകള്‍ കാരത്തൂരിനു ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നു. ദൈവത്തോടുള്ള ഉപാസനയിലും പ്രാര്‍ത്ഥനയിലുമാണ് അവരുണ്ടായതെന്നു മാത്രമാണ് എനിക്കു തോന്നിയത്. പക്ഷേ, എന്റെ അന്വേഷണത്തില്‍ മനസ്സിലായതു ക്ഷേത്രോത്സവവും ‘സ്വാമിക്കുഴന്തകളും’ തമ്മിലെന്തോ ബന്ധമുണ്ടെന്നാണ്. ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരു വഴിക്ക്, ഈ സമൂഹം അതിന്റെ അടിസ്ഥാന വികാരങ്ങളെ എങ്ങനെയോ അടക്കിവച്ചിരിക്കുന്നു. ഈ അടിസ്ഥാനത്തില്‍ മുമ്പോട്ടു വന്നപ്പോള്‍ സംഭവങ്ങളും ചിത്രങ്ങളും നന്നായി മനസ്സില്‍ വന്നു. ആളുകളുടെ മുഖത്തിനു തെളിച്ചം വന്നു. അറുപത്-എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാലത്തിലേക്ക് എനിക്കു പോകാനായി. നോവല്‍ മൊത്തമായി എന്റെ മനസ്സില്‍ വന്നിരുന്നു. കൃത്യമായ ഒരു വേഗത്തില്‍ ഈ നോവലെഴുതാന്‍ എനിക്കായി.
എഴുത്തിലേക്കു വരുമ്പോള്‍ ഞാനൊരു മടിയനാണ്. കഴിയുന്നത്ര മാറ്റിവയ്ക്കാനും ഒടുവില്‍ പൊട്ടിത്തെറിക്കുമാറു ധൃതിയിലേക്കു സമ്മര്‍ദ്ദപ്പെടുകയുമാണ് രീതി. ജോലിയില്‍നിന്നും മറ്റു ചിന്തകളില്‍ നിന്നും മാറി ഒറ്റയ്ക്കിരിക്കുമ്പോള്‍ കുറെ നാളുകള്‍കൊണ്ട് എനിക്ക് എഴുത്തു തീര്‍ക്കാനാവും. ഞാന്‍ അങ്ങനെയൊരു ഇടത്തിനായി പരിശ്രമിച്ചു. എഴുതി തയ്യാറാക്കിയതു മാറ്റിവച്ചു കുറെ നാളിനുശേഷം തിരിച്ചുവരുന്നതു നല്ലതാണെന്നാണ് എന്റെ അനുഭവം. ആ ഇടവേള പാഠം ചെത്തിമിനുക്കാനും കഥയോടു കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുമുള്ള അവസരമായി മാറുന്നു.
കാരത്തൂരിനെക്കുറിച്ചുള്ള എന്റെ അന്വേഷണത്തില്‍ ഞാന്‍ വളരെ കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ആ അന്വേഷണം നല്‍കിയ തീപ്പൊരിയില്‍നിന്നാണ് ഈ കഥ. ഞാന്‍ ശേഖരിച്ച സംഗതികളില്‍നിന്നും ഞാനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അവയില്‍ മുങ്ങിയിരിക്കുകയാണ് ഞാന്‍. ഈ സ്ഥലത്തിന്റെ ചരിത്രത്തെക്കുറിച്ചു വിശദമായി എഴുതുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. അതിന് ഒരുപക്ഷേ, കുറെയേറെ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം.
ഇന്ത്യാ ഫൗണ്ടേഷന്‍ ഫോര്‍ ദി ആര്‍ട്ട്‌സിന്റെ ഉദാരമായ സംഭാവന രത്തന്‍ ടാറ്റ ട്രസ്റ്റിലൂടെ ലഭിച്ചില്ലായിരുന്നെങ്കില്‍ ഈ നോവല്‍ സാധ്യമാവുകയില്ലായിരുന്നു. അതിന്റെ അനന്തരഫലമായി എനിക്കു പഠനം വലുതാക്കാനും സഞ്ചരിച്ചു തെളിവുകളെ ശേഖരിക്കാനും സാധിച്ചു. IFA സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചു. അതിന് എനിക്ക് അവരോട് ഏറെ നന്ദിയുണ്ട്.”
പെരുമാള്‍ മുരുകന്‍
Comments are closed.