അര
1. എലിയുടെ മരണവെപ്രാളം
1962 ഡിസംബര്‍ 16-ന് വെളുപ്പാന്‍കാലത്ത്, ചാണകം മെഴുകിയ തറയില്‍ ഒരു പുല്‍പ്പായയിലാണ് കിടക്കുന്നതെന്നു സങ്കല്പിച്ച്, യശോദ കണ്ണുതിരുമ്മി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ചൈനീസ് അതിക്രമത്തോടു പൊരുതി ക്ഷീണിച്ച് പ്രധാനമന്ത്രി നെഹ്്‌റു അടക്കം എല്ലാ ഇന്ത്യക്കാരും ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പറമ്പിന്റെ വേലിയോടു ചേര്‍ന്നുനില്‍ക്കുന്ന തേന്‍ചാടി മാവിന്റെ ചില്ലയില്‍ മരപ്പെയ്ത്തിന്റെ മര്‍മരം മാത്രം അവശേഷിപ്പിച്ച് രാത്രി മടങ്ങുകയാണ്. യശോദയുടെ ചുണ്ടുകളിലും കണ്ണുകളിലും ഉറക്കച്ചടവിന്റെ മുള്ളുവേലികള്‍ വളര്‍ന്നിരുന്നു. ഭയാനകമായ ഒരു സ്വപ്നദര്‍ശനത്തില്‍ ഉറുമ്പുകളും തേരട്ടകളും അച്ചിളുകളും വേട്ടാളിയന്‍മാരും അവളുടെ മുഖം രാത്രി മുഴുക്കെ കയ്യേറിയിരുന്നു. ഓര്‍മകളുടെ ദുഃസ്വപ്നാടനം. അതിന്റെ പാടുകളില്‍ മുഖമാകെ നീറുന്നുണ്ടായിരുന്നു. തലയ്ക്കുമുകളിലെ പച്ചിലപ്പന്തലിലെ ഇടുങ്ങിയ കിളിവാതിലില്‍കൂടി മരണം തീണ്ടിയ കാറ്റും വെളിച്ചവും ഞെരുങ്ങി കടന്നുവന്നു.
ആദ്യനോവലിന്റെ ആദ്യവരികള്‍ എഴുതിത്തുടങ്ങിയത് ആ രാത്രിയുടെ ഏതു സന്ധിയിലാവാം. യശോദയ്ക്ക് ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. കഥാപാത്രങ്ങള്‍ മരണത്തെയും കാലത്തെയും വെല്ലുവിളിച്ച് ജീവിതം പ്രഖ്യാപിക്കുകയായിരുന്നു എന്നുമാത്രം യശോദ വിചാരിച്ചു. എഴുത്തിലെ കാലം തന്റെ കാലമായി മാറിയതിന്റെ ഉള്‍ത്തരിപ്പില്‍ അവള്‍ അടുത്ത വരി കുറിച്ചു.
അരപ്പാത്തിമ ഇന്നലെയാണു മരിച്ചത്.
ഏതാണ്ട് ഉച്ചയോടുകൂടിത്തന്നെ ചോരപുരണ്ട ഒരെലിയെ വീടിനകത്ത് കണ്ട അരപ്പാത്തിമ നിലവിളിച്ചിരുന്നു. അരയ്ക്കുതാഴെ ഇല്ലാത്ത പാത്തിമയുടെ നിലവിളി മുഴുവനായും പുറത്തുവന്നത് ആ എലിവന്ന് ചക്രക്കസേരയിലേക്കു കയറാന്‍ തുടങ്ങിയപ്പോഴാണ്. അവളുടെ കെട്ടിയോന്‍ അസൈനാര്‍ക്ക് ആ വിളി അസഹ്യമായിരുന്നു.
”എന്താടീ കെടന്ന് വിളിക്കണെ… മനഷ്യനെ മര്യാക്ക്‌കെടന്നൊറങ്ങാന്‍ സമ്മതിക്കൂലേ…”
ചക്രത്തിലൂടെ രണ്ടുവട്ടം പാതിവച്ച് കറങ്ങി ചോരയുടെ ചക്രവില്ല് ചമച്ച് എലി അരപ്പാത്തിമയുടെ അരയില്‍ കൂര്‍ത്ത ചില്ലുപോലത്തെ പല്ലിറുക്കി. മരണവേദന അതിനെ അഭയത്തിന്റെ ശുദ്ധരക്തം രുചിച്ച് അവിടെ തൂങ്ങിനില്‍ക്കാന്‍ പ്രേരിപ്പിച്ചു. അരയ്ക്കുതാഴെ എലിയെപ്പേറി അരപ്പാത്തിമയും അരപ്പാത്തിമയില്‍ തൂങ്ങി എലിയും മരിച്ചു. വൈകീട്ട് നാലുമണിയോടെ.
ഉച്ചയുറക്കം തീര്‍ത്ത് എഴുന്നേറ്റ അസൈനാര്‍ മരണംപോലൊന്ന് അവിടെ വന്നതിന്റെ വിശേഷം മനസ്സിലാകാതെ കാവി ലങ്കോട്ടിയിട്ട് കള്ളിമുണ്ട് വാരിച്ചുറ്റി വെളിയിലേക്ക് ഇറങ്ങിയിരുന്നു. തേങ്ങാക്കൊത്ത് ഒന്നുണ്ടെങ്കില്‍ പാത്തിമയുടെ അടുക്കളയില്‍ ചെന്നെടുത്ത് ചമ്മന്തിയരച്ച് മൂവന്തിക്ക് പാളപ്പിഞ്ഞാണത്തില്‍ പ്ലാവില കോട്ടി കുറച്ച് കഞ്ഞികുടിക്കാമല്ലോ എന്നുകരുതി അതുവഴി വന്ന കൊളുമ്പി ചക്കരയാണ് അരപ്പാത്തിമയുടെ മരണം കണ്ടത്. ചിറികോട്ടി നിലവിളിച്ച് ഉറഞ്ഞുപോയ മുഖം ആവരണംചെയ്ത്, പോടായ ഒരു പല്ലിന്റെ ദ്വാരത്തിലൂടെ നൂണുവന്ന ചൂടുള്ള വായു തങ്ങിനിന്നു. അതിനെ മരണം മുഷിഞ്ഞുനാറിയിരുന്നു.
അസൈനാറാണ് പാത്തിമയെ അരയാക്കിയത്. ഉറങ്ങിക്കിടന്നപ്പോള്‍ ചന്തിയും തുടയും ചേരുന്നിടം നോക്കി അറക്കവാള്‍കൊണ്ട് ഒറ്റവെട്ടായിരുന്നു. നാലുവര്‍ഷം മുമ്പത്തെ ആ ദിവസത്തെക്കുറിച്ച് പാത്തിമ തന്നോട് ഈരാത്രിയില്‍ പറഞ്ഞതായി യശോദ കരുതിയത് ഇങ്ങനെയാണ്.
”ന്റെ തൊടകള് പാവക്കുട്ടീടേം മറ്റും പിഴുതുവച്ച റോസ് തൊടകള് പോലെ കെടക്കണേര്‍ന്ന് യശോദേ…”
തുടകളായിരുന്നു തന്റെ സൗന്ദര്യത്തിന്റെ ഉറവിടമെന്ന് നഗ്നയായി കണ്ണാടിയില്‍ നോക്കി ചെറുപ്പം തൊട്ടേ അഭിമാനിക്കാറുണ്ടായിരുന്നു അവള്‍. ശരീരത്തിന്റെ മേല്‍ഭാഗം ആരുകണ്ടാലും തനിക്കൊന്നുമില്ല എന്നവള്‍ വിചാരിക്കുമായിരുന്നത്രേ. പക്ഷേ, തുടകള്‍ ഒറ്റയാളും കാണാതെ തന്റെ പുതിയാപ്ലയ്ക്ക് മാത്രമായി സൂക്ഷിച്ചു. അതാണ് അവളുടെ മാപ്പിളതന്നെ വെട്ടിയിട്ട് കരച്ചില് കേട്ട് ഓടിവന്ന ആബാലവൃദ്ധം പേര്‍ക്കുമായി കാണാന്‍ ഇട്ടുകൊടുത്തത്.
അരമാത്രമായി മാറിയശേഷം, നാട്ടിലെ മറ്റ് ഫാത്തിമമാരെക്കുറിച്ച് പറയുന്നത് ഇവള്‍ക്കു കിട്ടാതിരിക്കാനും ഇവളെക്കുറിച്ചു പറയുന്നത് മറ്റ് ഫാത്തിമമാര്‍ക്കു കിട്ടാതിരിക്കാനും പെണ്ണുങ്ങള്‍ കണ്ടെത്തിയ വഴിയാണ് അരപ്പാത്തിമ എന്ന വിളി.
ചില രസികത്തികള്‍ അക്കഥ ഇങ്ങനെ വിവരിച്ചു. പടച്ചോനുണ്ടാക്കി. കെട്ടിയോന്‍ രണ്ടാക്കി.
2. നബീസയുടെ തല്‍ഭവം
(ഭൂമിയില്‍നിന്ന് യോനിയിലേക്കുള്ള ദൂരമാണ് കാലുകള്‍. മനുഷ്യന്‍ സഞ്ചരിക്കുന്നത് യോനിയില്‍ നിന്നു ഭൂമിയിലേക്കാണ്, യശോദ എഴുതി.)
യശോദയ്ക്ക് ഒരു മാതൃവിളിയുടെ കുറുകലുണ്ടായി. പച്ചക്കിളിവാതിലിലെ കാറ്റും മാങ്കൊമ്പിലെ മര്‍മരങ്ങളും തുടര്‍ന്നു. പാത്തിമയ്ക്ക് ഓര്‍മയുണ്ടായിരുന്നില്ലെങ്കിലും ശിശുപാലന്‍ ചേട്ടന്‍ യശോദയോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു.
അസൈനാര്‍ തുടകള്‍ വെട്ടിയിട്ട പാത്തിമയെ പത്തു കിലോമീറ്റര്‍ അപ്പുറത്തുള്ള കൈമളുടെ വൈദ്യഗൃഹത്തിലെത്തിച്ചത് തെക്കുമ്പാട്ടെ കെച്ചുപല്ലക്ക് കടംവാങ്ങിയാണ്. കൊച്ചി രാജവംശത്തിന്റെ തിരുശേഷിപ്പുകളില്‍നിന്ന് കൂട്ടംതെറ്റി കിട്ടിയ പല്ലക്ക് കെട്ടിയോന്‍ ഭേദ്യംചെയ്തിട്ട ഒരു ഉമ്മച്ചിപ്പെണ്ണിനെ കയറ്റിക്കൊണ്ടുപോകാന്‍ കൊടുക്കാന്‍ തെക്കുമ്പാട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു. എന്നാലും കാര്യത്തിന്റെ അടിയന്തര സ്ഥിതി അവരെ ബോധ്യപ്പെടുത്തി ജമാ അത്താണ് മഞ്ചല്‍ ഏര്‍പ്പാടു ചെയ്ത് പാത്തിമയെ കൊണ്ടുപോയത്. ആളും ആരവവും ഇല്ലാതെ ഒരു തിടമ്പെഴുന്നള്ളിപ്പ്. തിടമ്പില്‍നിന്ന് ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന ചോര ഒരു ചെമ്പുമൊന്തയില്‍ ശേഖരിച്ചുകൊണ്ട് മഞ്ചലിന് താഴെ നടക്കാന്‍ തൂമാണി വീട്ടിലെ കോമന്‍ചെക്കനെയാണ് ഏര്‍പ്പാട് ചെയ്തിരുന്നത്. ഇറ്റിക്കൊണ്ടിരുന്ന ചോരയുടെ ഉടമയെ തുണിപ്പാളയ്ക്കു മുകളിലൂടെ നോക്കി വെള്ളമൊലിപ്പിച്ചുകൊണ്ടാണ് കോമന്‍ ആ പണി ചെയ്തത്. ഒരു മൈല്‍ നടന്നുകഴിഞ്ഞപ്പോള്‍ ചോരയുടെ ഒഴുക്ക് കുറഞ്ഞു.
”ഞാന്‍ നിര്‍ത്തിക്കോട്ടേ മൊയ്‌ല്യാരേ? കൈ വേദനിക്ക്ണ്… കഴ്ത്തും.” കോമന്‍ മഞ്ചത്തിന് മുന്നി
ല്‍ നടന്നിരുന്ന മുസലിയാരോട് ചോദിച്ചു.
”ദാ, ഈ പൊക്കപ്പാലംകൂടി കഴിഞ്ഞ്്ട്ട്് നിര്‍ത്തിക്കോളീ… ചോരീണ്ടെങ്കിലേ കൈമള് തൊട്്വന്നേള്ള്…” മുസലിയാര്‍ കോമനെ നിരാശപ്പെടുത്താതെതന്നെ മുന്നോട്ടുനയിച്ചു.
വഴിവക്കില്‍ വളര്‍ന്നുനില്‍ക്കുന്ന കമ്യൂണിസ്റ്റ് പച്ചകള്‍ വീശിപ്പിടിച്ച് മുസലിയാര്‍ ഇലകള്‍ ശേഖരിക്കുന്നുണ്ടായിരുന്നു. വയലക്കുളം പാടം പിന്നിട്ട് തോട്ടുവക്കത്തേക്കു കയറുന്നിടത്ത് മഞ്ചല്‍ ഇറക്കിവച്ചു. തടിയില്‍ കേമന്മാരായിരുന്ന നാല് മഞ്ചലുചുമപ്പുകാരും കോമനും ചേര്‍ന്ന് കമ്യൂണിസ്റ്റ് പച്ച പത്തു കൈകൊണ്ട് ഞെരിച്ചു പിഴിഞ്ഞ് നീരെടുത്ത് പാത്തിമയുടെ അരയിലൊഴിച്ചു. കമ്യൂണിസ്റ്റ് നീരഭിഷേകം കഴിഞ്ഞ പാത്തിമയെ അവര്‍ പിന്നെയും മഞ്ചലില്‍ കയറ്റി.
കാലത്തുതൊട്ടുള്ള നടപ്പ് കഴിഞ്ഞ് കൈമള്‍ വൈദ്യരുടെ അടുത്തെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. കൈമള്‍ കര്‍ക്കശക്കാരനാണ്. ഇരുട്ടുവീണാല്‍ പിന്നെ ലോകം ഇടിഞ്ഞുവീഴുമെന്നു പറഞ്ഞാലും തിരിഞ്ഞുനോക്കില്ല.
പല്ലക്കിലിരുന്ന് പാത്തിമയുടെ മേലര ഒരു കൂവിനിലവിളി തുടര്‍ന്നുകൊണ്ടിരുന്നു. സഞ്ചരിച്ച വഴിയത്രയും കണ്ണീരും ചോരയും വഴിഞ്ഞ കൂട്ടത്തില്‍ ആ നൂലിഴപോലുള്ള നിലവിളിയും വാര്‍ന്നുവീഴുന്നുണ്ടായിരുന്നു.
”ന്റെ തൊടകളേയ്… റോസ് നെറാര്‌ന്നേ… ഇന്യാര്‍ക്കാ ഈ മേല്‍ഭാഗം വേണ്ടേ?… പശൂനിട്ട് കൊടു
ത്തേക്കേ… പിണ്ണാക്ക് കലക്കിക്കൊടുക്കുന്ന കൂട്ടത്തിലേ… ആലേല് കൊണ്ടുപോയിട്ടാ മതിയേ… അതുങ്ങള് കരണ്ട് തിന്നോള്്‌ണ്ട്യേ…” പാത്തിമ കരഞ്ഞുകൊണ്ടിരുന്നു.
പുലര്‍ച്ചവരെയും ജമാ അത്തുകാര്‍ കാത്തു. മഞ്ചല്‍ ഇറക്കിവച്ച് ജമാ അത്തില്‍നിന്ന് കൂടെ കൊണ്ടുവന്നിരുന്ന കച്ചിമുണ്ടു വച്ച് മുറിവ് മൂടി. മഞ്ചല്‍ ചുമപ്പുകാര്‍ക്കു കാലണ വീതം കൊടുത്തു പറഞ്ഞയച്ച് മുസലിയാര്‍ ഇറയത്ത് മൂലയ്ക്ക് കള്ളിത്തോര്‍ത്ത് വിരിച്ചുകിടന്നു. മുസലിയാര്‍ക്ക് കൂട്ടിനുവന്ന മൂന്ന് യുവാക്കള്‍ മറ്റൊരു ഭാഗത്തും കിടന്നു.
പ്രാതസ്സന്ധ്യയില്‍ ദിനചര്യ പൂര്‍ത്തിയാക്കി കൈമള്‍ വൈദ്യര്‍ കിഴക്കേപ്പടി തുറന്ന് പുറത്തിറങ്ങിയപ്പോഴേക്കും പാത്തിമ ശൂന്യതയില്‍ കെട്ടിയിട്ട മേല്‍പാതിയായി ഉറങ്ങുകയായിരുന്നു. മറിഞ്ഞുവീണ ഒരു തിടമ്പിനെ ഓര്‍മിപ്പിച്ച് കിടന്ന അരശരീരത്തിന്റെ വായിലൂടെ മൃതപ്രാണമായ ഒരു ഉരഗത്തെപ്പോലെ ജീവന്‍ നാക്കുനീട്ടി. കൈമള്‍ക്ക് അതുമതിയായിരുന്നു.
ശിശുപാലന്‍ ചേട്ടന്റെ വാക്കുകളില്‍ ആ അദ്ഭുതത്തിന് കൈമളുടെ ഈശ്വരനും മാപ്പിളമാരുടെ ഈശ്വരനും ഒരേപക്ഷത്തുനിന്ന് മരണത്തോടു നടത്തിയ വടംവലി എന്നല്ലാതെ മറ്റൊരു പേരില്ല. പടച്ചോന്‍ മറ്റൊന്നും ചെയ്തില്ല, അസൈനാര്‍ രണ്ടു കഷണമാക്കിയിട്ടതുമുതല്‍ പാത്തിമയുടെ ശരീരത്തില്‍ കയറി ഒറ്റ ഇരുപ്പായിരുന്നു എന്നാണ് വയലക്കുളം ദേശത്ത് പള്ളിയില്‍ പോകുന്ന മുഴുവന്‍ പേരും വിശ്വസിച്ചത്. അരയ്ക്കുവെട്ടിയിട്ട ശരീരം പിടഞ്ഞ് രക്തം തോര്‍ന്ന് മരിക്കാനാണെങ്കില്‍ ആയുസ്സുകൊണ്ട് ജന്മം കടന്നു
ചാടാന്‍ കഴിയുന്ന പൂച്ചയ്ക്കുപോലും അരമിനിറ്റ് മതിയാകും. പാത്തിമ അതിജീവിച്ചത് പത്തു മണിക്കൂറാണ്! അന്നേവരെ പുറത്തെടുത്തിട്ടില്ലാത്ത ഭിഷഗ്വരപ്രജ്ഞ പുറത്തെടുത്ത കൈമള്‍ മൂന്നു മണിക്കൂറെടുത്ത് പാത്തിമയെ കീഴേക്കുനോക്കാനില്ലാതെ ജീവിക്കുന്ന അര്‍ധനാരീ വിഗ്രഹമാക്കി ജമാ അത്തിന് തിരിച്ചേല്പിച്ചു. പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിരിച്ച തുകയ്ക്ക് ഒരു ചക്രക്കസേര വാങ്ങി ജമാ അത്ത് പാത്തിമയ്ക്ക് കാലും കാലവും തിരിച്ചുനല്കി.
ചികില്‍സയ്ക്കുശേഷം വൈദ്യര്‍ വച്ചുകെട്ടിയ മരുന്നിന്റെ പോള ആറുമാസത്തിനുശേഷം അഴിച്ചുമാറ്റിയത് നാലു നാട്ടിനപ്പുറത്തേക്ക് മുങ്ങിയിരുന്ന അസൈനാര്‍ക്കു തിരിച്ചുവരാന്‍ അവസരമൊരുക്കി. ശേഷിക്കുന്ന ശരീരത്തില്‍ കുപ്പായമിടാന്‍ വിസമ്മതിച്ച പാത്തിമയെ നിര്‍ബന്ധിച്ച് അത് ചെയ്യിക്കാനും പച്ചമരുന്നുകള്‍ നേരാനേരം എടുത്തുകൊടുക്കാനും കഞ്ഞി ഉണ്ടാക്കി കൊണ്ടുവന്ന് കൊടുക്കാനും കൊളുമ്പി ചക്കര മാത്രമാണ് ഉണ്ടായിരുന്നത്. രാത്രിയില്‍ ചക്കര കൂട്ടുകിടക്കാന്‍ വരും. നഷ്ടമായ തുടകളെ ഓര്‍ത്തു കരഞ്ഞ് ഓരോ ദിവസവും പാത്തിമ ഉറങ്ങിക്കഴിഞ്ഞേ ചക്കര സ്വന്തം ചായ്പില്‍ പോയി കിടക്കാറുള്ളൂ. എപ്പോഴും ദീനംമാത്രമുള്ള മൂന്ന് ചെക്കന്മാരും ഒരു പെണ്ണും ചക്കരയ്ക്കും ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ ഉറക്കിയശേഷം പാത്തിമയെ ഉറക്കാന്‍ വരും. പാത്തിമ ഉറങ്ങിയാല്‍ കുഞ്ഞുങ്ങള്‍ക്ക് കൂട്ടുകിടക്കാന്‍ പോകും. രണ്ടു കുടിലിനും ഇടയ്ക്ക് ഒരു പറമ്പ് അകലവും ഒരു കയ്യാലയുമാണ് ഉണ്ടായിരുന്നത്.
ഇ.എം.എസ് മുഖ്യമന്ത്രിയായതോടെ നാടാകെ ഉണര്‍ന്നിരുന്ന കാലമായിട്ടും പാടത്തെ വളഞ്ഞ് തോട് അതിര്‍ത്തിയായ വയലക്കുളം ദേശത്ത് അധികമാരും വലിയ ഉഷാറിലൊന്നുമായിരുന്നില്ല. ജമാ അത്ത് നടത്തിയിരുന്ന ഒരു കാരുണ്യകേന്ദ്രമായിരുന്നു ആളുകള്‍ കൂടിയിരുന്ന സ്ഥലം. ജുമാ പള്ളിയും ഓത്തുപള്ളിയും രണ്ടു പീടികകളും. അവിടമാണ് നാടിന്റെ എന്ത് വിശേഷമറിയാനും പറയാനും മനുഷ്യര്‍ ആശ്രയിച്ചിരുന്നത്. അസൈനാര്‍ പാത്തിമയെ വെട്ടി രണ്ട് തുടയും ഒരു മേല്‍പ്പാതിയുമായി ഹരിച്ചിട്ട
കാര്യം കൊളുമ്പി ചക്കര ആദ്യ മറിയിക്കാന്‍ ഓടിയതും അങ്ങോട്ടാണ്.
ഓട്ടത്തിനിടയില്‍ ചക്കര പറഞ്ഞത് കേട്ടവരത്രയും പാത്തിമയെ കാണാന്‍ ഓടിയെത്തി. പാത്തിമ മരിച്ചു എന്നാണ് അവളുടെ കിടപ്പുകണ്ട് പലരും വിശ്വസിച്ചത്. കഷണമാക്കി ചോരയില്‍ ഇട്ടുവച്ചതുപോലെ കിടന്ന ഉടല്‍ ചികഞ്ഞുനോക്കി ജീവനുണ്ടോ എന്ന് ഉറപ്പാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
”ന്റെ തൊടകളേയ്….” പെട്ടെന്ന് ആ നിലവിളി പൊങ്ങിയത് സര്‍പ്പാകൃതിയില്‍ വളരാന്‍ തുടങ്ങിയ ചോരയുടെ പാത്തിമ എന്നു പേരിടാവുന്ന വായില്‍നിന്നായിരുന്നു.
”തെക്കുമ്പാട്ടിന്ന് ആ പല്ലക്ക് കൊണ്ടുവരീനെടാ മക്കളേ… അവള് പോയിട്ടില്ല. നമക്ക് നോക്കാം. പടച്ചോന്റെ സൃഷ്ടിയല്ലേ മക്കളേ അവളും… നമക്ക് നോക്കാം. മഞ്ചല് കൊണ്ടുവരീനെടാ… കൈമള് വൈദ്യരുടെ പടിക്കലെത്തീച്ചാല്‍ രക്ഷേണ്ട്…”
ജമാ അത്ത് കാരുണ്യകേന്ദത്തിന്റെ ചുമതലക്കാരന്‍ മൊയ്്‌ലിയാര്‍ എന്ന ബാപ്പു മുസലിയാര്‍ ഒച്ചവച്ചു. ”ആ അസൈനാറെവിടേണ്?” ആരോ ചോദിച്ചു.
അതിന് അവിടെ ഉണ്ടായിരുന്ന ആര്‍ക്കും അറിയാത്ത ഉത്തരവും കൊണ്ട് ഞാണിക്കര പിന്നിട്ട് അസൈനാര്‍ കിഴക്കോട്ട് വച്ചുപിടിക്കുകയായിരുന്നു. ഇടയ്‌ക്കൊരു കള്ളുഷാപ്പില്‍ കയറി ഒരു കുപ്പി ഉച്ചക്കള്ള് മോന്തി. ലഹരി പക്ഷേ, പിടിക്കുന്നത് തലയ്ക്കല്ല, കാലിലായിരുന്നു. കല്ലും മുള്ളും നിറഞ്ഞ ഇടവഴികളും മൊട്ടക്കുന്നുകളും മേലാകെ മാന്തിപ്പറിക്കുന്ന ഈര്‍ച്ചമുള്ളുകള്‍ ഉള്ള തോട്ടുവക്കുകളും പൊടിക്കാറ്റ് വീശുന്ന ചെമ്മണ്‍പാതകളും പിന്നിട്ട് നടക്കുമ്പോള്‍ കാലുകുഴഞ്ഞു. അങ്ങനെ കാലിടറി വീണ നാട്ടില്‍ അസൈനാര്‍ ആറുമാസം ആരുമറിയാതെ മറ്റൊരു പെണ്ണിനെ വേട്ട് വാണു.
ആറുമാസം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്, പാത്തിമ ജീവിച്ചിരിപ്പുണ്ടെന്നും മരുന്നൊക്കെ വച്ച് മുറിവെല്ലാം മാറിയെന്നും. കുടിച്ചുവേച്ച് നടന്നുവന്ന പാതകള്‍ അയാള്‍ തിരിച്ചുനടന്നു. ശിശുപാലന്‍ ചേട്ടന്റെ ഓര്‍മയില്‍, പാത്തിമ മടിയൊന്നും കൂടാതെ അസൈനാറെ സ്വീകരിച്ചു. കാരണം ലളിതമായിരുന്നു. പാത്തിമയ്ക്ക് ഒരു കുഞ്ഞ് വേണം. വെട്ടിക്കളഞ്ഞ തുടകള്‍ക്കുമീതേ ജനനേന്ദ്രിയം കേടൊന്നുമില്ലാതെ ഉണ്ടായിരുന്നു. പൗരുഷം കടന്നുപോയാല്‍ ജഗല്ലയം കേള്‍ക്കുന്ന ആ മഹാകവാടം വഴി ജന്മംകൊള്ളാന്‍ പാത്തിമയുടെ ആയുസ്സിന്റെ പുറംകടലില്‍ നിന്ന് നബീസ ഒരു പത്തേമാരിയിലെന്നപോലെ പുറപ്പെട്ടിരുന്നു.
3. ആ ചിത്രശലഭങ്ങള്‍ എത്ര അകലേക്കാണു പോയത്?
(നിനക്കറിയോ, കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രി. ഇക്കണ്ടവാര്യരായിരുന്നു. അക്കണ്ട വാര്യര്‍ തന്നെയായിരുന്നു അവസാനത്തെ പ്രധാനമന്ത്രിയും, ഗണേശന് യശോദഎഴുതി) ഗണേശന്‍ തന്റെ നോവലിനായി കാത്തിരിക്കുവോളം അവന്റെ നാളുകള്‍ മധുരതരമാകും. കുഞ്ഞിനുവേണ്ടി അവന്‍ കാത്തിരിക്കേണ്ടെന്ന് നേരത്തേതന്നെ പറഞ്ഞിരിക്കുന്നതിനാല്‍.യശോദ, 1956 നവംബര്‍ ഒന്നിലേക്ക് തിരിഞ്ഞുകിടന്നു.
മേലും കീഴും നോക്കാതെ പൊടിമണ്ണില്‍ മണിക്കൂറുകളായി കളിച്ചുതകര്‍ക്കുകയായിരുന്ന പിള്ളേരു കൂട്ടത്തെ വിട്ട് പാത്തിമ കയ്യും കാലും കഴുകി വീട്ടിലേക്ക് നടക്കാന്‍ തീരുമാനിച്ചു. സ്‌കൂളില്‍ പോകുന്ന പിള്ളേര്‍ക്ക് വൈകീട്ട് കിട്ടുന്ന സമയമത്രയും കളിക്കുന്നതാണ് ശീലം. ഓത്തുപള്ളിയില്‍ പോയിരുന്നതല്ലാതെ പള്ളിക്കൂടത്തിന്റെ പടികയറാന്‍ പാത്തിമയ്ക്ക് കഴിഞ്ഞിട്ടില്ല. പള്ളിക്കൂടം കുറച്ചകലെയാണ്. പെണ്‍കുട്ടികളെ അത്രയും ദൂരം വിടാന്‍ പറ്റില്ലെന്നു പൊതുവില്‍ തീരുമാനമുണ്ട്.
തട്ടം അഴിച്ചുവച്ച് തോട്ടിലെ വെള്ളത്തില്‍ മുഖം നോക്കിയ പാത്തിമ അവളോടുതന്നെ ചിരിച്ചു. കൈ അത്ര കാര്യമായി കഴുകിയില്ലെങ്കിലും കാലുകള്‍ കുറെനേരം കഴുകി. നഖങ്ങളില്‍ ചകിരിതേച്ചും മടമ്പുകളില്‍ താരോപ്പീരത്തിന്റെ നാര് ഉരച്ചും തോട്ടിന്‍ കരയില്‍ ഇരുന്നു. മടമ്പുകളില്‍നിന്ന് മേലോട്ട് കണങ്കാലും തുടയുംവരെ സ്‌നേഹിച്ച് തഴുകിക്കഴുകി. ചുറ്റിലുമുള്ള കാശിത്തുമ്പകളല്ലാതെ മറ്റാരും കാണില്ലെന്ന് ഉറപ്പുവരുത്തി അവള്‍ ഞൊറിപ്പാവാട മേലോട്ടു നീക്കി. തുടകള്‍ രണ്ടും അടുപ്പിച്ചുവച്ചു. തൊട്ടാവാടിയുടെ റോസ് നിറമുള്ള പൂക്കള്‍ പൊട്ടിച്ച് തന്റെ ചര്‍മത്തിനോളം നിറം അതിനുണ്ടോ എന്നവള്‍ നോക്കി. തോട്ടത്തിലെ വെള്ളത്തില്‍നിന്ന് ഒരു കുമ്പിള്‍ കോരി തുടകളിലെ വിടവിലൊഴിച്ച് ഒരു തുള്ളിപോലും
ചോരാതെ കാത്തു. പതിയെ ആ ജലനാവ് പാത്തിമയുടെ തുടയിടുക്ക് നക്കി. അപ്പോള്‍, മട്ടാഞ്ചേരിക്കപ്പുറം അറബിക്കടലില്‍ കൊച്ചി രാജ്യത്തിന്റെ താഴുന്ന സ്വര്‍ണക്കിരീടം പോലെ അസ്തമിച്ച സൂര്യന്‍ രക്തഛവിയുടെ ലഘുവൃത്തമായി പാത്തിമയുടെ അരക്കെട്ടില്‍ സ്രവിച്ചു.
കേരളപ്പിറവിയുടെ ഘോഷയാത്ര വയലക്കുളം തോട്ടുവക്കത്തുകൂടി തെക്കോട്ട് നീങ്ങി ജമാഅത്ത്കാരുണ്യകേന്ദ്രത്തില്‍ സമാപിച്ചപ്പോള്‍ തീണ്ടല്‍പ്പാടേറ്റ് പുരയുടെ പിന്നാമ്പുറത്ത് ശീമക്കൊന്നയുടെ തണ്ടില്‍ നിന്ന് ഇലകള്‍ നുള്ളിക്കൊണ്ട് പാത്തിമ വെറുതേ നിന്നു. ഓലകൊണ്ടുള്ള മേല്‍ക്കൂര ദ്രവിച്ച്, മണ്‍ചുമരുകള്‍ വിണ്ട് പതനം പേടിച്ച പുര അവളെയും ചാരിനിന്നു. ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടി മൂത്താങ്ങള സുലൈമാന്‍ നാടുവിട്ടശേഷം ബാപ്പച്ചിയും ഉമ്മച്ചിയും പുറത്തോട്ട് ഇറങ്ങുന്ന സമയങ്ങള്‍ കുറവായിരുന്നു. ബാപ്പച്ചി ഉറുക്ക് എഴുതി കിട്ടുന്ന തുട്ടുകളാണ് വയറ്റുപ്പിഴപ്പിന് സഹായിച്ചത്. ഓരോ മാസവും പള്ളി വഴി വിതര
ണം ചെയ്തിരുന്ന അരിയും ധാന്യങ്ങളും മൂന്നാള്‍ക്കും മൂന്നോ നാലോ ദിവസത്തേക്കു തികയും. പിന്നെ അല്പസ്വല്പം മുതിരയും പഞ്ഞപ്പുല്ലും എങ്ങനെയും തരപ്പെടും.
രാവിലെ കഞ്ഞിയോടൊപ്പം തുവരപ്പുഴുക്ക് ഉണ്ടാക്കിക്കഴിഞ്ഞാല്‍ ഉച്ചയ്ക്ക് അതുതന്നെ. രാത്രിയില്‍ ഒരു താള് കറിവച്ചതോ കാച്ചില് വാട്ടിയതോകൊണ്ട് ബാക്കി മോന്തി കിടക്കും. തേയില ഉണ്ടെന്നുവരികില്‍ മൂന്നരയ്ക്ക് ഒരു മൊന്ത കട്ടന്‍ചായ വയ്ക്കും. ഒരേയൊരു മുറിയും മുറ്റവും തൂത്ത് നാലഞ്ച് പാത്രങ്ങളും കഴുകിവച്ചാല്‍ പകല്‍ പിന്നീട് വേറൊന്നും ചെയ്യാനില്ല.
വയസ്സറിയിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അസൈനാര്‍ പെണ്ണ് ചോദിച്ചുവന്നത്. മുസലിയാരെയും കൂട്ടി പുരയില്‍ വന്ന അസൈനാറെ പാത്തിമ കണ്ടില്ല. ഏലൂരില്‍ തടിമില്ലില്‍ ഈര്‍ച്ചപ്പണിയാണ് അയാള്‍ക്ക്. ഒന്നു കെട്ടിയതാണ്. അതില്‍ രണ്ട് പെണ്ണും ഒരാണുമുണ്ട്. ആറുമാസം മുന്‍പ് ആ ബന്ധം മൊഴിചൊല്ലി. 44 വയസ്സായി ഇതിനിടയില്‍. ദേശം കൊടുങ്ങല്ലൂര് കഴിഞ്ഞ് ചാവക്കാട്. അവിടം വിട്ടിട്ട് കുറെ കാലമായി. വേറെ ആരോടും ആലോചിക്കാനില്ലാത്തതുകൊണ്ട് നാലു ദിവസത്തിനുള്ളില്‍ നിക്കാഹ് നടത്താം. ഈ
നിക്കാഹ് കഴിഞ്ഞാല്‍ ഇനി വേറെ നിക്കാഹ് കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കെട്ടിക്കഴിഞ്ഞാല്‍ ഇതേ പുരയിടത്തില്‍ വേറൊരു ഓലപ്പുര കെട്ടി താമസിക്കാന്‍ തയ്യാറാണ്.
”ങ്ങളെ മോള്‍ക്ക് ദെണ്ണൊന്നും വരാതെ അവന്‍ നോക്കിക്കോളൂം അബൂക്കാ…നല്ലതിനാന്ന് കൂട്ടിക്കോളൂ…” മുസലിയാര്‍ ബാപ്പച്ചിയെ പ്രേരിപ്പിച്ചു.
നിക്കാഹിനു മുന്‍പുള്ള മൂന്നു ദിവസവും പാത്തിമ പുരയ്ക്കുള്ളില്‍ തന്നെ കഴിഞ്ഞു. നാടുവിട്ട മൂത്താങ്ങള സുലൈമാന്‍ മുന്‍പൊരിക്കല്‍ ഫോര്‍ട്ട്്‌കൊച്ചിയില്‍നിന്ന് വാങ്ങിക്കൊണ്ടുവന്ന പൗഡറും ചീര്‍പ്പും കണ്ണാടിയും മുറിയുടെ ഒരു മൂലയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നു. സുലൈമാന്‍ ഒരിക്കലും അത് തൊടാന്‍ പാത്തിമയെ സമ്മതിച്ചിരുന്നില്ല. നാടുവിടുമ്പോള്‍ പൗഡറും കണ്ണാടിയും കൊണ്ടുപോകാന്‍ മറന്നുപോയതാണോ എന്ന് പാത്തിമയ്ക്ക് അന്ന് അറിയില്ലായിരുന്നു. തുണിയും മറ്റ് സാധനങ്ങളും എടുത്തപ്പോള്‍ ഇതുമാത്രം മറക്കാന്‍ കാര്യമൊന്നുമില്ല. പിന്നീട് പൊന്നാനിയില്‍ ഒരു മൊല്ലാക്കയുടെകൂടെ കച്ചവടത്തിന് കൂടിയിട്ടുണ്ടെന്ന് അറിയിച്ച് ഇക്കാക്ക കത്തെഴുതിയപ്പോഴാണ് അറിഞ്ഞത് അത് മറന്നുപോയതായിരുന്നില്ല എന്ന്. പാതിരായ്ക്ക് നാടുവിടാന്‍ നേരത്ത് പാത്തിമപ്പെണ്ണ് ഉറങ്ങിക്കിടക്കുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല. അവള്‍ അത്രയ്ക്ക് ആഗ്രഹിച്ചതല്ലേ, പൗഡറും കണ്ണാടിയും അവള്‍ എടുത്തോട്ടേ എന്നു തീരുമാനിച്ചതാണെന്ന് സുലൈമാന്‍ എഴുതിയിരുന്നു. എന്തായാലും ഫ്രെയിം പൊട്ടിയ കണ്ണാടിയും പിടിച്ച് അവള്‍ എത്രനേരം വേണമെങ്കിലും ഇരിക്കാന്‍ തുടങ്ങി. നോക്കിയതുമുഴുവന്‍ കാലുകളാണ്. പാദങ്ങള്‍ മുതല്‍ അരക്കെട്ടുവരെ റോസ് നിറത്തിലുള്ള കാലുകള്‍. അതിലെ ഓരോ ഞരമ്പും അവള്‍ കണ്ണാടി പിടിച്ച്
അടുപ്പിച്ച് കണ്ടു. പൗഡര്‍ടിന്ന് കുടഞ്ഞ് ഓരോ തുടയിലും ഓരോ നുള്ള് പൗഡറിട്ടു. തന്റെ തുടകള്‍ക്കു നിറത്തോടൊപ്പം സുഗന്ധവും വന്നപ്പോള്‍ അവള്‍ക്ക് വലിയ ആഹ്ലാദമായി. മൂന്നുദിവസവും പാത്തിമ സുഗന്ധത്തിന്റെ ചിത്രശലഭങ്ങളെ പുള്ളിപ്പാവാടയ്ക്കുള്ളില്‍ ഒളിപ്പിച്ച് പുറത്തോട്ടെങ്ങും ഇറങ്ങാതെ കഴിഞ്ഞു. ടിന്നില്‍ ബാക്കി ഉണ്ടായിരുന്ന കുറച്ച് പൗഡര്‍ പാത്തിമ നിക്കാഹിന്റെ ദിവസത്തിനായി മാറ്റിവച്ചിരുന്നു. രാവിലെ ചപ്പളാത്തിയിലെ സുബൈദത്താത്തയും കൊളുമ്പി ചക്കരയും ചേര്‍ന്നു കച്ചിമുണ്ട് ഉടുപ്പിക്കുമ്പോള്‍ ഇപ്പോ വരാമെന്നു പറഞ്ഞ് അവള്‍ അടുക്കളയിലേക്കോടി. ടിന്ന് കുടഞ്ഞ് ഓരോ നുള്ള് എടു
ത്ത് അവിടെ പൂശി. ബാക്കി രാത്രിയിലേക്ക് എടുത്തുവച്ചു.പക്ഷേ, ആ രാത്രിയില്‍ പുതിയ ചെറ്റപ്പുരയില്‍ ചാണകം മെഴുകിയ നിലത്ത് പുല്‍പ്പായ വിരിച്ചുകിടക്കുമ്പോള്‍ സാധുബീഡി വലിച്ചുകൊണ്ട് അസൈനാര്‍ ചോദിച്ച ഒറ്റച്ചോദ്യം കൊണ്ട് ചിത്രശലഭങ്ങള്‍ ഒരിക്കലും തിരിച്ചുവരാത്ത വിധത്തില്‍ പാത്തിമയെ വിട്ട് പറന്നുപോയി.
”ഇത് കൊള്ളാലോ… മോന്തേല് ഇടണ്ട പൗഡറ് കാലെടേലാണാ ഇടണേ… അപ്പ നീ തൂറാനുള്ളടത്ത് സാമ്പ്രാണി കത്തിച്ച് വെക്ക്വല്ലാ?…”ആ നിമിഷം മുതല്‍ ഒരു ദുര്‍ഗന്ധം പാത്തിമയെ വേട്ടയാടി. പകലും രാത്രിയിലും ഉറങ്ങിയാലും എണീറ്റിരുന്നാലും ഒക്കെ ഒരുതരം ലക്ഷണംകെട്ട വാട. സുഗന്ധങ്ങള്‍ എത്ര അകലേക്കു പോയിട്ടുണ്ടാവുമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു.
4. രാക്ഷസന്റെ ചീര്‍പ്പ്
നിക്കാഹ് കഴിഞ്ഞ് താമസിക്കാന്‍ ബാപ്പച്ചി കെട്ടിപ്പൊക്കിത്തന്ന ഓലപ്പുരയില്‍ പാറ്റകള്‍ തലങ്ങും വിലങ്ങും വെപ്രാളപ്പെട്ടു പായുന്നത് നിര്‍ത്താന്‍ പാത്തിമ ചെയ്തതൊക്കെ വെറുതേയായി. ഇടയ്ക്ക് ചില കുഞ്ഞെലികളും അവയോടൊപ്പം കൂടി. മഴപെയ്താല്‍ ചാണകത്തറയില്‍ നനുപ്പ് വരും. അപ്പോള്‍ ചില പ്രാണികളും മണ്ണിനടിയില്‍നിന്ന് പൊങ്ങിവരും. ഇതിനിടയിലാകട്ടെ, ശ്വാസംപോയ പൗഡര്‍ ടിന്ന് ഒരു മൂലയിലിരുന്ന് പാത്തിമയെ കൊഞ്ഞനംകുത്തി. ഇക്കാക്കയുടെ ഓര്‍മകൊണ്ട് കുറെദിവസം അതങ്ങനെ വച്ചിരുന്നെങ്കിലും പിന്നെ എടുത്ത് പറമ്പിനപ്പുറം കുറ്റിക്കാട്ടിലേക്കെറിഞ്ഞു.
അസൈനാര്‍ കാലത്ത് ഈര്‍ച്ചമില്ലില്‍ പണിക്കുപോയാല്‍ വൈകീട്ട് നാലുമണിക്കാണെത്തുക. വടക്കോട്ടുള്ള ഒറ്റയടിപ്പാതയിലൂടെ എട്ട് ഫര്‍ലങ് നടന്നാലാണ് ഈര്‍ച്ചമില്ലില്‍ എത്തുക. ഏലൂരില്‍ പെരിയാറിന്റെ തീരത്താണ് മില്ല്. ഭൂതത്താന്‍കെട്ടില്‍നിന്ന് പെരിയാറിലൂടെ ഒഴുക്കിക്കൊണ്ടുവരുന്ന കൂറ്റന്‍ മരത്തടികള്‍ ഈരാന്‍ ഉപയോഗിക്കുന്ന യന്ത്രവാളുകള്‍ ഒരിക്കല്‍ പാത്തിമ കണ്ടു. മില്ലിന്റെ ഉടമ കോയോന്‍ ദാമോദരന്‍ നമ്പ്യാര്‍ക്ക് അസൈനാറുടെ പുതിയ പെണ്ണിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ അവളെ മില്ലി
ലേക്കു കൂട്ടിയതാണ്.
”ഒര് ദെവസം എത്ര തടി ഈരും?” പാടം കടന്ന് തോട്ടുവക്കത്തുകൂടി അസൈനാറുടെ പിന്നില്‍ രണ്ടടി അകലെയായി നടന്നുകൊണ്ട് പാത്തിമ തിരക്കി.
”കണക്കൊന്നൂല്ല. സൂപ്പര്‍വീസര്‍ പറയും,” അയാള്‍ തിരിഞ്ഞുനോക്കാതെ നടന്നുകൊണ്ട് പറഞ്ഞു.
”ഇന്ന്‌പ്പോ മധ്യാന്നത്തില് കഴിക്കാന്‍ ഒന്നും എട്ത്ത്ക്ക്ണല്ലല്ലാ? നമ്മള് നേരത്തേ ഇങ്ങട് പോര്വാ?” രാവിലെ എട്ടുമണിക്കുതന്നെ പുറപ്പെട്ടതുവച്ച് അവള്‍ ചോദിച്ചു.
”നമ്മള്‍ക്ക് രണ്ടാള്‍ക്കും തരാന്‍ മൊതലാളി കോഴി വറ്ത്തത് വര്ത്ത്ണ്ട്.” അയാള്‍ തിരിഞ്ഞുനോക്കി. ”കൊറച്ച് വേഗം നടക്ക്ണ്ടാ?”ഈര്‍ച്ചമില്ലില്‍ കണ്ട വാളുകള്‍ രാക്ഷസന്‍ മുടിചീകുന്ന ചീര്‍പ്പുകളാണെന്ന് പാത്തിമയ്ക്ക് തോന്നി. വൃക്ഷമാംസത്തില്‍ സ്പര്‍ശിക്കുമ്പോള്‍ അത് പുറപ്പെടുവിക്കുന്ന ലോഹശീല്‍ക്കാരം അവള്‍ അസ്ഥികളില്‍ അനുഭവിച്ചു. മരത്തൂളികളും ഈര്‍ച്ചയുടെ ഒച്ചയെ കടത്തിവെട്ടി കേള്‍പ്പിക്കാനുള്ള സംസാരങ്ങളും ആയപ്പോള്‍ അവള്‍ ശ്വാസമെടുക്കാന്‍ പാടുപെട്ടു.
”നമ്മക്ക് പൂവാ വേഗം,” അവള്‍ ഇടയ്ക്ക് സുലൈമാനോട് പറഞ്ഞു. അവന്‍ കണ്ണുരുട്ടി.
ഉച്ചയൂണിന് കോഴിവറുത്തത് കൂടാതെ അയലക്കറിയും ദാമോദരന്‍ നമ്പ്യാര്‍ വരുത്തിച്ചു.
”ഉമ്മച്ചിക്കുട്ടിക്ക് പെരുത്ത് ഇഷ്ടല്ലേ ഇതൊക്കെ… ഇഷ്ടംപോലെ കഴിച്ചോളൂ… അസൈനാര്‍ നമ്മടെ പ്രധാനപ്പെട്ട സ്റ്റാഫാണ്…” അയാള്‍ എതിരേ ഇരുന്ന് വായിലേക്കു ചോറുരുട്ടി എറിഞ്ഞു. പാത്തിമ അങ്ങോട്ടു നോക്കിയില്ല.
മില്ലില്‍നിന്ന് വയലക്കുളത്തേക്കു മടങ്ങുമ്പോഴേക്ക് വെയില്‍ ചാഞ്ഞിരുന്നു.പാത്തിമ അസൈനാര്‍ക്ക് പിന്നില്‍ രണ്ടടി അകലെയായിത്തന്നെ നടന്നു. അധികം വീതിയില്ലാത്ത വഴിക്ക് ഇരുവശവും കമ്യൂണിസ്റ്റ് പച്ചയും നാറിച്ചിക്കാടും വളര്‍ന്നുനിന്നത് അങ്ങോട്ട് പോകുമ്പോള്‍ അവള്‍ കണ്ടിരുന്നില്ല. ഒരു വളവ് തിരിഞ്ഞ സമയത്ത് പാത്തിമ തന്റെ ഇടത്തേ ഇടുപ്പില്‍ തിരുകിയിരുന്ന അത്തറുകുപ്പി അസൈനാര്‍ കാണാതെ കുറ്റിക്കാട്ടിലെറിഞ്ഞു. ഊണുകഴിഞ്ഞ് അസൈനാര്‍ കൈകഴുകാന്‍ പോയ നേരത്ത് ദാമോദരന്‍ നമ്പ്യാരാണ്
”ഉമ്മച്ചിക്കുട്ടിക്ക് മണം പെര്ത്ത് ഇഷ്ടാണെന്ന് പറഞ്ഞല്ലാ?” എന്നുപറഞ്ഞ് പാത്തിമയ്ക്ക് ആ അത്തറുകുപ്പി കൊടുത്തത്. പാത്തിമ ആ മണം നോക്കാന്‍ പോയില്ല.
ആറുമാസം കഴിഞ്ഞിട്ടും പാത്തിമയ്ക്ക് വയറ്റിലാവാത്തത് അസൈനാര്‍ക്ക് നാണക്കേടായി.
”നീ മച്ചിയാണ? കുളി തെറ്റുന്നില്ലല്ല?”അയാള്‍ ഇടയ്ക്കിടെ ചോദിക്കും. പക്ഷേ, പാത്തിമയ്ക്ക് ഗര്‍ഭിണിയാവാന്‍ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. വയസ്സ് പതിനേഴ് ആയതേ ഉണ്ടായിരുന്നുള്ളൂ. ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കുമ്പോഴും കൊളുമ്പി ചക്കരയുടെ കൂടെ വര്‍ത്തമാനം പറഞ്ഞ് സമയം കഴിക്കാനല്ലാതെ കുടുംബം വേണം എന്ന തോന്നല്‍ ഉണ്ടായില്ല.
അതേയാണ്ട് മീനത്തിലാണ് പാത്തിമയുടെ ബാപ്പച്ചിയും ഉമ്മച്ചിയുംകൂടി ഒരുമിച്ച് മയ്യത്തായത്. രണ്ടാളും കൂടി മേലനങ്ങാന്‍ കഴിയാതെ കിടപ്പായിരുന്നു. പാത്തിമപോയി കഞ്ഞി വിളമ്പിക്കൊടുക്കുന്നതും നിസ്‌കരിപ്പിക്കുന്നതുമല്ലാതെ വേറേ സഹായത്തിനൊന്നും ആളുണ്ടായിരുന്നില്ല. ഒരു വെള്ളിയാഴ്ച ബാങ്കുവിളി കഴിഞ്ഞ് മഗ്രീബ് നിസ്‌കരിക്കേണ്ട സമയത്തിന് ബാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും മയ്യത്താണ് പാത്തിമ കണ്ടത്. ഒരു പായയില്‍ രണ്ടുപേരും രണ്ടു ദിശയിലേക്കു തിരിഞ്ഞാണ് കിടന്നിരുന്നത്. ഉമ്മത്തുംകായ തിന്നാണ് രണ്ടാളും പോയത്. കബറടക്കം കഴിഞ്ഞ് മൂന്നാംമാസം അസൈനാര്‍ പെരുമ്പാവൂര്‍ക്കു പോയി. കുട്ടമ്പുഴ കൂപ്പില്‍ നിന്ന് കുറച്ചധികം തടി പെരുമ്പാവൂരില്‍ എത്തിയിട്ടുണ്ടെന്നും നല്ല ഈര്‍ച്ചക്കാരുണ്ടെങ്കില്‍ വേണമെന്നും പറഞ്ഞ് ദാമോദരന്‍ നമ്പ്യാര്‍ക്ക് കത്തുവന്നത് അനുസരിച്ചാണ് അസൈ
നാര്‍ പോയത്.
അന്ന് വൈകുന്നേരം ദാമോദരന്‍ നമ്പ്യാര്‍ സൈക്കിളില്‍ കയറി വയലക്കുളം ദേശംവരെ വന്നു. ജമാ അത്ത് കവലയിലും വയലക്കുളം പാടത്തിന്റെ കരയിലും മറ്റുമായി ആളുകളോടു സംസാരിച്ചിരുന്ന അയാള്‍ അത്താഴം കഴിഞ്ഞ സമയത്ത് പാത്തിമയുടെ വീട്ടില്‍ ചെറ്റവാതിലില്‍ തട്ടി.
”അന്നത്തെ അത്തറ് ഉമ്മച്ചിക്കുട്ടിക്ക് ഇഷ്ടായാ? അതു തീര്‍ന്ന് കാണ്വല്ല ഇപ്പ? പുതിയത് ഞാങ്കൊണ്ടുവന്നിട്ടുണ്ട്…” വാതില്‍ തുറന്ന് പാത്തിമ പുറത്തുവന്നപ്പോള്‍ അയാള്‍ ഇടുപ്പില്‍ കരുതിയിരുന്ന അത്തറുകുപ്പി എടുത്ത് അവളുടെ അരക്കെട്ടിനു താഴെ നോക്കി കുടഞ്ഞു. പാത്തിമ പേടിച്ച് പിന്‍മാറിയെങ്കിലും അവള്‍ക്കു നിലതെറ്റിപ്പോയി. പിന്നോട്ട് മലര്‍ന്ന അവളെ ദാമോദരന്‍ നമ്പ്യാര്‍ കൈയെത്തിപ്പിടിച്ച് താങ്ങി. അയാളുടെ കയ്യിലിരുന്ന അത്തറുകുപ്പി പാത്തിമയുടെ മടിയിലേക്കു മറിഞ്ഞ് താഴെവീണു പൊട്ടി. പാത്തിമ ഒന്നു സ്വയം കുടഞ്ഞ് കുതറിമാറി മുറിയുടെ മൂലയ്ക്ക് കറിപ്പാത്രങ്ങള്‍ക്കിടയില്‍ നിന്ന് വാക്കത്തിയെടുത്ത് അയാള്‍ക്കുനേരേ വീശി.
”തലതെറിച്ചവളേ… ഉമ്മച്ചിക്കുട്ടിക്ക് ഇത്രയ്ക്ക് അഹങ്കാരോ? നെനക്ക് ഞാന്‍ കാണിച്ച് തരണ്ട്…” ദാമോദരന്‍ നമ്പ്യാര്‍ ഒരല്പം പതറിയെങ്കിലും പല്ലുഞെരിച്ച് ഇത്രയും പറഞ്ഞ് പിന്‍മാറി. ബലാല്‍സംഗം ചെയ്യാന്‍ അയാള്‍ക്കു ധൈര്യമുണ്ടായില്ല.
ബാക്കിയുള്ള രാത്രിമുഴുവനും പാത്തിമ കണ്‍പോളകള്‍ക്കിടയില്‍ കമ്പിവേലി കെട്ടി ഉറങ്ങാതിരുന്നു. ചെറ്റവാതില്‍ അവള്‍ അടച്ചില്ല. വാക്കത്തി പായയ്ക്കരികില്‍ ചാരിവച്ചു. വെളുപ്പിന് കമ്പിവേലി അയഞ്ഞ് അവള്‍ ഉറങ്ങിപ്പോയി. പുലര്‍ന്ന് വെളിച്ചംപരന്നത് അവള്‍ അറിഞ്ഞില്ല. പെരുമ്പാവൂരില്‍നിന്ന് പണികഴിഞ്ഞെത്തിയ അസൈനാര്‍ തുറന്നിട്ട വാതില്‍ വഴി അകത്തുകയറിയതും പാത്തിമയുടെ മടിത്തട്ടില്‍ നിന്ന് അത്തറിന്റെ പഴുത്ത ഗന്ധം ശ്വസിച്ചതും അവള്‍ അറിഞ്ഞില്ല.
”ടീ പൊലയാടി മോളേ… ഞാനില്ലാത്ത നേരത്ത് കാലിനെടേല് അത്തറുപൂശി നീ ആരെയാടീ വിളിച്ച് കൂടെക്കെടത്തീത്?”എന്നായിരിക്കണം അസൈനാര്‍ അപ്പോള്‍ ചിന്തിച്ചതെന്ന് പാത്തിമ പില്‍ക്കാലത്ത് വിചാരിച്ചിട്ടുണ്ട്. വീടിന്റെ പിന്നാമ്പുറത്ത് ടാര്‍പോളിന്റെ മറവില്‍ ചാരിവച്ചിരുന്ന അറക്കവാള്‍ ആണ് അയാള്‍ തന്റെ കൃത്യത്തിന് ഉപയോഗിച്ചത്.
”ന്റെ തൊടകളേയ്…”
ചീറ്റിയ ചോരയ്‌ക്കൊപ്പം തൊണ്ടകീറിപ്പുറത്തുവന്ന പാത്തിമയുടെ വിളി ആദ്യം കേട്ടത് അയല്‍പക്കത്ത് മൂന്നാമത്തെ കൊച്ചിന് മുലകൊടുത്തുകൊണ്ടിരുന്ന കൊളുമ്പി ചക്കരയാണ്. പിന്നെ പാത്തിമയെ മഞ്ചത്തില്‍ കയറ്റി കൊണ്ടുപോയ ശേഷം അവിടെ അനാഥമായ രണ്ടു കാലുകള്‍, ചോരയൊഴിച്ച് കെടുത്തിയ പന്തങ്ങള്‍പോലെ വശംകെട്ട് കിടന്നു. ആര്‍ക്കും അവ തൊടാന്‍ധൈര്യമുണ്ടായില്ല. പാത്തിമയുടെ ഏറ്റവും വിലപ്പെട്ട സ്വത്തായിരുന്നല്ലോ അവ. ഒടുവില്‍, ഞാണിക്കര ഭാഗത്തുനിന്ന് വന്ന ചില മുട്ടാളന്മാരുടെ സഹായത്തോടെ അവ പറമ്പിന്റെ പടിഞ്ഞാറേ മൂലയില്‍ കുഴിച്ചിട്ടു.
വര്‍ഷങ്ങള്‍ക്കുശേഷവും അപൂര്‍വമായൊരു സുഗന്ധം ശ്വസിച്ച് ചിത്രശലഭങ്ങള്‍ ആ മൂലയ്ക്ക് ഒത്തുകൂടാറുണ്ടെന്ന് ശിശുപാലന്‍ ചേട്ടന്‍ യശോദയോട് പറഞ്ഞു.
5. വിലയില്ലാപ്പാത്തിമ അരപ്പാത്തിമ
വയലക്കുളത്ത് തിരിച്ചെത്തിയ അസൈനാറെ നാട്ടുകാര്‍ പൊതിഞ്ഞുകെട്ടിയാണ് ജമാ അത്തിലെത്തിച്ചത്. കല്ലെടുത്തെറിഞ്ഞവരുണ്ട്. വടിയെടുത്ത് അടിച്ചവരുണ്ട്. തെറിയും ശകാരവും പുറമേ. പക്ഷേ, ഒരാളും അയാളെ ഒന്നും ചെയ്യരുതേ എന്ന പാത്തിമയുടെ അപേക്ഷ അതിനകം അവിടെ പരന്നുകഴിഞ്ഞിരുന്നു. അതുകൊണ്ട് വലിയ ആക്രമണം ഒഴിവായി. എങ്കിലും പൊലീസിനെ വിളിക്കണമെന്നും ലോക്കപ്പിലിടണമെന്നും ഒരുവിഭാഗം വാദിച്ചു. ബാപ്പു മുസലിയാര്‍തന്നെ ഇടപെട്ടു.
”അവനെ അവള്‍ക്കിനിയും വേണോങ്കി ആര്‍ക്കാ തടയാന്‍ അവകാശം? പാതി അവന്‍തന്നെ ഇല്ലാണ്ടാക്കി. ബാക്കിയുള്ള പ്രാണന്‍ ഈ പാപിയന്നെ നോക്കട്ടെ…”
മുസലിയാര്‍ തന്റെ കാലന്‍ വടികൊണ്ട് സുലൈമാന്റെ മുഖം ചിള്ളിക്കൊണ്ട് ചോദിച്ചു.
”അസൈനാറേ… പടച്ചോന് നെരക്കണ പണിചെയ്തിട്ടല്ല നീ മുങ്ങിത്. ഒരു പെണ്ണിനോട് ഇസ്‌ലാമില് പിറന്നവന്‍ ഈ പണിചെയ്യില്ല. അവളോട് സാഷ്ടാംഗം മാപ്പുപറഞ്ഞ് ശിഷ്ടകാലം പാത്തിമാനെ നോക്കും എന്ന് ഉറപ്പ് പറഞ്ഞാല്‍ നിന്നെ അവള്്‌ടെ അട്്ത്തക്ക് വിടും. ഇല്ലെങ്കി നേരേ പൊലീസ് സ്റ്റേഷന്‍. എന്തേ നിനക്ക് വേണ്ടത്…?”
അസൈനാര്‍ മുഖംകുനിച്ച് പള്ളിമുറ്റത്ത് കുമ്പിട്ടിരിക്കുകയായിരുന്നു.
”അഞ്ച് നേരം നിസ്‌കരിക്കണ മുസിലിങ്ങളാണ് നെന്റെ ചുറ്റിനും നിക്കണത്. പടച്ചോനെ വിളിച്ച് നീ സത്യം ചെയ്യ് അവളെ നോക്കിക്കോളാന്ന.്”
എല്ലാ സത്യങ്ങള്‍ക്കുമപ്പുറം മറ്റൊരു സത്യം പാത്തിമയ്ക്ക് അയാളെ വേണമായിരുന്നു എന്നതാണ്. ആ വിഗ്രഹം കുടിലില്‍ ഇരുന്ന് അല്ലാഹുവിനെ വിളിച്ചു. മുസലിയാര്‍ മുന്നില്‍നിന്ന് വലിയൊരു സംഘം ആണുങ്ങളും കുട്ടികളുമെല്ലാം കൂടി അസൈനാറെ പാത്തിമയുടെ മുന്നിലെത്തിച്ചു. ചക്രക്കസേരയില്‍ വീണ് അസൈനാര്‍ മാപ്പ് പറഞ്ഞു. അന്നുരാത്രി കൊളുമ്പി ചക്കര രണ്ടുപേര്‍ക്കും അത്താഴം വിളമ്പി.
”രണ്ടാളും പിന്നേം ചേരണാണല്ല… ഇതിരിക്കട്ട്…”
രണ്ടു കലത്തപ്പം, രണ്ടു പിഞ്ഞാണത്തില്‍ വാഴപ്പിണ്ടി നേര്‍പ്പിച്ച് അരിഞ്ഞ് എണ്ണയിട്ടു വറ്റിച്ചത്, ഒരു മോന്തയില്‍ കട്ടന്‍ചായ. അതെല്ലാം കഴിച്ച് ആ രാത്രിതന്നെ അസൈനാര്‍ പാത്തിമയെ ഭോഗിച്ചു. ചക്രക്കസേരയില്‍ ഇരിക്കുന്ന അരപ്പാത്തിമ അയാള്‍ക്ക് എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഉപകരണമായിരുന്നു. കാലുള്ള പെണ്ണുങ്ങളെ കുറെയേറെ ഭോഗിച്ചിട്ടുള്ള അയാള്‍ക്ക് പുതിയ സംവിധാനം വളരെ ഇഷ്ടപ്പെട്ടു. ചക്രങ്ങള്‍ ചലിക്കുമ്പോള്‍ തന്റെ നീക്കങ്ങള്‍ കുറെക്കൂടി രസാവഹമാകുന്നത് അയാള്‍ കണ്ടു. സത്യത്തില്‍ ഒരു പെണ്ണ് അരയോളം മതി എന്നുവരെ ചിന്തിക്കാന്‍ സുലൈമാന് സാധിച്ചു. പാത്തിമ ആ രാത്രിയെക്കുറിച്ച് പറഞ്ഞതായി യശോദ സങ്കല്പിച്ചതും അതായിരുന്നു.
”എന്റെ യശോദേ… എനിക്കങ്ങ് സന്തോഷായി. അയാള്ക്ക് എന്റെ തൊടകള് കിട്ടണില്ലല്ലാ…? എനിക്ക് വേണ്ടാത്ത വേറെ ഭാഗൊക്കെയല്ലേ അയാള്ക്ക് കിട്ടണേ? ഞാനത് തൊഴ്ത്ത്‌ലെ പശൂന് കൊടുക്കാന്‍ വച്ചതാണല്ലാ…? ഒരു പശൂനെ മാതിരി അയാളത് മ്ണക്ക്… മ്ണക്ക് ന്നും പറഞ്ഞ് തിന്നണ മാതിരിയാര്ന്ന്ട്ടാ…”
യശോദ ചിരിച്ചു. പാത്തിമയും.പിറ്റേന്നും രണ്ട് ഉപകരണങ്ങളും അതേ കൃത്യതയോടെ പ്രവര്‍ത്തിച്ചു. ഇത്തവണ അസൈനാര്‍ പാത്തിമയെ കൈത്തണ്ടയില്‍ എടുത്തുവച്ചുള്ള രീതിക്കും മുതിര്‍ന്നു. ആനന്ദം അനുഭവിച്ച് അയാള്‍ കുഞ്ഞുമുറിയില്‍ പാത്തിമയെ എടുത്ത് നടന്നു. പിന്നെ മുളവാതില്‍ തുറന്ന് പതിയെ പുറത്തേക്കും നടന്നു. ചെറിയ നിലാവില്‍ പറമ്പിലെ മുരിക്കും ശീമക്കൊന്നകളും കൂവളവും സ്വയം നിഴലുകളായി. അവയ്ക്കരികിലേക്കൊന്നും പോകാതെ അയാള്‍ കൂരയ്ക്കു ചുറ്റും മാത്രം പാത്തിമയെ ഊരയ്ക്ക് കൊളുത്തിപ്പിടിച്ച് നടന്നു. ആവശ്യത്തിന് ചലനങ്ങളായപ്പോള്‍ നിന്നു. താന്‍ അവളെയും കൊണ്ടു നില്‍ക്കുന്നത് തന്റെ ഏത് ആവശ്യത്തിനും അനുസരിച്ച് കൊണ്ടുനടന്ന് ഉപയോഗിക്കാവുന്നത്ര സുഖകരമായ കൈക്കരുത്തിലാണ് എന്നത് അയാളെ വീണ്ടും വീണ്ടും ഊര്‍ജസ്വലനാക്കി. അയാള്‍ അരപ്പാത്തിമയെ കാല്‍പാത്തിമയാക്കി ഞെരിച്ചു. ഉന്‍മാദത്തിന്റെ മൂര്‍ധന്യത്തില്‍ അസൈനാര്‍ പാത്തിമയുടെ കാതില്‍ പറഞ്ഞുപോയി. ”കുറേ നേരത്തേ ഇങ്ങനെ ആകാര്‍ന്ന്…”
ആ പറച്ചിലില്‍ പാത്തിമ ഞെട്ടിപ്പോയില്ല. കാലുകള്‍ നേരത്തേ വെട്ടിക്കളയാമായിരുന്നു എന്നാണ് അതിന്റെ അര്‍ഥമെന്ന് അറിയാഞ്ഞിട്ടല്ല. തന്നിലേക്ക് പ്രവേശിക്കുകയും പിന്‍വാങ്ങുകയും ചെയ്യുന്ന നീളന്‍ പിണ്ഡത്തിന് പിന്നില്‍ ഒരു മനുഷ്യന്‍ ഉണ്ടെന്നുപോലും പാത്തിമയ്ക്ക് തോന്നിയില്ല. തൊഴുത്തില്‍ തീറ്റയ്ക്കിട്ടത് കാള കൈയിലെടുത്ത് ഭോഗിക്കുന്നു എന്നു കരുതി അവള്‍. അത്തരം വിചാരമൊന്നും അവളെ തളര്‍ത്തിയില്ല. കാരണം ലക്ഷ്യം മറ്റൊന്നാണല്ലോ. രണ്ട് കുഞ്ഞിക്കാലുകള്‍!
കുറച്ചുദിവസത്തിനുശേഷം അസൈനാര്‍ക്ക് പഴയ പണി തിരിച്ചുകിട്ടി. ആ പണിക്ക് ഇനി പോകേണ്ടെന്ന് പലതവണ പാത്തിമ പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. ഒരുതവണ അവളുടെ മെക്കിട്ടുകയറി. ”നീ നെന്റെ കാര്യംമാത്രം നോക്കിയാ മതി.”അടുത്തമാസംതന്നെ പാത്തിമയ്ക്ക് മുറതെറ്റി. പതിനെട്ടാം വയസ്സില്‍ വയറ്റിലുണ്ടായാല്‍ തൊണ്ണൂറ്റെട്ടുനാള്‍ കൃഷ്ണമണിപോലെ നോക്കണമെന്നാണ്. കൊളുമ്പി ചക്കര നാലുവിനാഴിക നടന്ന് പേറ്റുനാണിയെ കൂട്ടിക്കൊണ്ടുവന്നു. തളര്‍ച്ചയും വിളര്‍ച്ചയും ഉണ്ടായിരുന്നു പാത്തിമയ്ക്ക്. അതുമാറാന്‍ മത്തങ്ങാക്കുരു വറുത്ത് തോടുകളഞ്ഞു പൊടിച്ച് തിളപ്പിച്ചാറ്റിയ ആട്ടിന്‍പാലില്‍ ചേര്‍ത്ത് കഴിക്കാന്‍ നാണി പറഞ്ഞു. നീരിറങ്ങാതിരിക്കാന്‍ മൂര്‍ധാവില്‍ തെച്ചിപ്പൂ ഇട്ട്
കാച്ചിയ എണ്ണ തേക്കണം. ആടലോടകത്തിന്റെ ഇല വാട്ടിപ്പൊടിച്ച് തിളപ്പിച്ച് മല്ലിയും ചേര്‍ത്തു കുടിക്കണം. താളിയും ചെമ്പരത്തിയിലയും മണ്‍കലത്തിലെ വെള്ളത്തില്‍ ഒരു വിനാഴികനേരം ഇട്ടുവച്ച് ആ വെള്ളത്തില്‍ തന്നെ ഞെരിച്ച് മുടിയില്‍ തേച്ചുപിടിപ്പിക്കണം. രക്തവര്‍ധനയ്ക്ക് ഒരുനുള്ള് കുങ്കുമപ്പൂ സേവിക്കണം.കൊളുമ്പി നാലുനേരം വന്ന് ഉള്ള കാശും സൗകര്യവും വച്ച് ചെയ്യാനുള്ളതെല്ലാം ചെയ്തുകൊടുത്തു.
”കൊച്ചുണ്ടാവാന്‍ പോണേണല്ലാ. നമ്മക്കീ കൂരയൊന്ന് കെട്ടിയൊറപ്പിച്ചാലാ?” സന്ധ്യയ്ക്ക് അസൈനാര്‍ കപ്പപ്പുഴുക്ക് കാന്താരി ഞെരിച്ച് അകത്താക്കുമ്പോള്‍ പാത്തിമ ചോദിച്ചു. താലൂക്ക് ആപ്പീസില്‍നിന്ന് വീടുകെട്ടാന്‍ ചില ആനുകൂല്യമൊക്കെ കിട്ടുന്ന കാര്യം അവള്‍ കേട്ടിരുന്നു. പാവങ്ങളാണ്, പോരാത്തതിന് പാത്തിമ ദീനക്കാരിയുമാണ്. അങ്ങനെയുള്ളവരുടെ കാര്യങ്ങള്‍, പണ്ടത്തെ തമ്പുരാന്‍ ഭരണകാലത്തേക്കാള്‍, ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് കൊളുമ്പി ചക്കരതന്നെയാണു പറഞ്ഞുകൊടുത്തത്. അവളുടെ കെട്ടിയോന്റെ പാര്‍ട്ടിക്കാരാണത്രേ ഇപ്പോള്‍ സര്‍ക്കാരിലെ ആള്‍ക്കാര്‍. ചക്കരയും ചില ജാഥയ്ക്കും മറ്റും പോയിട്ടുണ്ട്.
”ജമാ അത്തിലും മഹല്ലിലും നെന്റെ സ്വന്തക്കാരല്ലേ എല്ലാം… കെട്ടിത്തരാന്‍ പറ… ന്നെക്കൊണ്ടൊന്നും നടക്കൂല…” കപ്പ തുടച്ചുവടിച്ച് പാത്രം എടുത്ത് അവളുടെ കയ്യില്‍ കൊടുത്ത് അസൈനാര്‍ പറഞ്ഞു. ചക്കരയുടെ സഹായത്തോടെ പാത്തിമ ഒരുദിവസം അകം അടിച്ചുവൃത്തിയാക്കി. വയറുവലുതാവാന്‍ തുടങ്ങിയാല്‍ ഒറ്റയ്ക്ക് ചക്രക്കസേര നീക്കാന്‍തന്നെ കഴിയാതാകും എന്നവള്‍ക്ക് അറിയാം. അതുകൊണ്ട് ഇപ്പോള്‍തന്നെ ആവുന്നത്ര എല്ലാം ശുദ്ധിയാക്കണം. കുഞ്ഞിക്കാലുകള്‍ പതിയേണ്ട തറയാണ്. പാത്തിമ ഓര്‍ത്തു.
രാത്രിയില്‍ പക്ഷേ, അസൈനാര്‍ അവള്‍ക്ക് സൈ്വരം കൊടുത്തില്ല. ആനന്ദം കൈവിട്ടുകൊണ്ടുള്ള ഏര്‍പ്പാടിന് ഒരുരാത്രിപോലും അയാള്‍ വഴങ്ങിയില്ല. എടുക്കുന്നത് ഒഴിവാക്കാന്‍ പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. ഇരുട്ടത്ത് മുളവാതില്‍ തുറന്ന് ഒരുരാത്രിയില്‍ അസൈനാര്‍ അവളെ അരയില്‍ ഇറുക്കി കുടിലിനു പുറത്തുകടന്നു. വയറ്റിനകത്തെ കുഞ്ഞുഭാരം അസൈനാര്‍ക്ക് പങ്കിടാന്‍ അവസരം കൊടുക്കാതെയാണ് പാത്തിമ ആ ഭോഗനട അതിജീവിച്ചത്. കൂരയ്ക്കുചുറ്റും ഒരാവര്‍ത്തി ഭോഗിച്ചുനടന്ന് അസൈനാര്‍ പെട്ടെന്ന് നിന്നു. അയാള്‍ ലിംഗം വലിച്ചൂരി. പാത്തിമയെ അയാള്‍ മറ്റൊരാളുടെ കൈത്തലത്തിലേക്ക് വച്ചുകൊടുത്തു. ഒരു നിലവിളി അണ്ണാക്കില്‍നിന്ന് പൊട്ടിപ്പുറപ്പെടും മുന്‍പ് ദാമോദരന്‍ നമ്പ്യാര്‍ പാത്തിമയുടെ വായപൊത്തി.
6. ചക്രക്കാലുള്ള വട്ടുകാരി
പിറ്റേന്ന് വെളുപ്പിന് കോഴികൂകും മുന്‍പ് പാത്തിമയുടെ പുരയില്‍നിന്ന് കൊളുമ്പി ചക്കര ഉച്ചത്തില്‍ ഒരു പാട്ട് കേട്ടു.
”കാലില്ലാപ്പാത്തിമ അരപ്പാത്തിമ, കുഞ്ഞി… ക്കാലില്ലാപ്പാത്തിമ അരപ്പാത്തിമ…”
പാത്തിമ പാടുകയായിരുന്നു. അവള്‍ ഉച്ചത്തില്‍ പാടി.
”കാലില്ലാപ്പാത്തിമ… കുഞ്ഞിക്കാലില്ലാ…”
പിന്നെയും.
”അരയില്ലാപ്പാത്തിമ അരപ്പാത്തിമ….വിലയില്ലാപ്പാത്തിമ അരപ്പാത്തിമ…”
അവള്‍ ഊക്കോടെ തന്റെ വയറ്റത്തടിച്ചു. ഒരു പന്തിനോളം വീര്‍ത്ത വയറിനുള്ളില്‍ നബീസ അടിയേറ്റ് പുളഞ്ഞു. വെള്ളകീറും മുന്‍പുള്ള കൂക്കുവിളിയും പാട്ടും കേട്ട് കൊളുമ്പി ചക്കര ഓടിയെത്താനെടുത്ത സമയമത്രയും നബീസയ്ക്ക് അടികിട്ടി.പാട്ടും വയറ്റത്തടിയും നിര്‍ത്താന്‍ ചക്കരയ്ക്ക് പാത്തിമയുടെ കൈകളും ചക്രക്കാലും കെട്ടിയിടേണ്ടിവന്നു. പുരയുടെ നെടുംതൂണിലാണ് കൈയില്‍ കിട്ടിയ വാഴനാരുകൊണ്ട് ചക്കര അവളെ കെട്ടിയത്. അപ്പോഴും പാട്ട് തുടര്‍ന്നു
”നിലയില്ലാപ്പാത്തിമ അരപ്പാത്തിമ…തലയില്ലാപ്പാത്തിമ അരപ്പാത്തിമ…”
അരപ്പാത്തിമയ്ക്ക് മുഴുവട്ട്. ജമാ അത്തിലേക്ക് വിവരം പാഞ്ഞു. മുസലിയാര്‍ വയ്യായ്കയാണെ
ങ്കിലും ഒന്ന് വന്നു. ഒന്നും പറഞ്ഞില്ല. കൊളുമ്പി ചക്കര കട്ടന്‍ ഇട്ടുകൊടുത്തു. അതുകുടിച്ച് ചകിരിത്താടി തടവി വ്യാകുലനായി കൂരയുടെ മുറ്റത്ത് ബെഞ്ചില്‍ കുറച്ചുനേരം ഇരുന്നു. പാത്തിമ പാട്ട് നിര്‍ത്തിയതേയില്ല.
”അറിവില്ലാപ്പാത്തിമ അരപ്പാത്തിമ…വെളിവില്ലാപ്പാത്തിമ അരപ്പാത്തിമ…”
അന്നത്തെ പ്രഭാതം വല്ലാതെ മൂടിക്കെട്ടിയാണു കിടന്നത്. രാത്രി അതിന്റെ നശിച്ച പൃഷ്ഠം പ്രദര്‍ശിപ്പിച്ച് ആ വീടിനു മുന്നില്‍ അപ്പഴും നില്പുള്ളതായി ബാപ്പു മുസലിയാര്‍ക്കു തോന്നി. ആ പറമ്പ് മുഴുക്കെ എന്തോ അരുതായ്ക കണ്ടതിന്റെ മ്ലാനതയിലാണ്.
അസൈനാര്‍ അപ്രത്യക്ഷനായിരുന്നു. മുസലിയാര്‍ക്ക് അതിന്റെ അര്‍ഥം അറിയാമായിരുന്നു. പക്ഷേ, വാ തുറന്ന് ആരോടും ഒന്നും തനിക്കു പറയാനില്ലെന്ന് ആ വൃദ്ധന്‍ മനസ്സിലാക്കി. ചായകുടിച്ച് ചെമ്പ് ഗ്ലാസ് കൊളുമ്പിക്കു മടക്കിക്കൊടുത്ത് മുസലിയാര്‍ ഇറങ്ങി. ചെറ്റപ്പുറത്തുനിന്ന് അപ്പോഴും കേട്ടുകൊണ്ടിരുന്ന പ്രാസശുദ്ധിയുള്ള പുലയാട്ട് ഒരു വഞ്ചകനെന്ന നിലയില്‍ തന്നെ ആട്ടിയോടിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ മുസലിയാരുടെ ചുവടുകള്‍ക്കു വേഗം കൂടി.
മുസലിയാര്‍ പോയിക്കഴിഞ്ഞ് സമീപത്തെ ചില വീടുകളില്‍നിന്ന് ഏതാനും ഉമ്മച്ചിപ്പെണ്ണുങ്ങള്‍ വന്നുപോയതല്ലാതെ ജമാഅത്തില്‍നിന്ന് വലിയതോതില്‍ ആരും അരപ്പാത്തിമയുടെ വിവരം തിരക്കിവന്നില്ല. വന്ന പെണ്ണുങ്ങള്‍ പലരും മൂക്കത്ത് വിരല്‍വച്ചാണ് പാത്തിമയുടെ അവസ്ഥ കണ്ടത്. ചിലര്‍ക്കൊക്കെ ചിലത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
”ആരും അരപ്പാത്തിമാനെ നിര്‍ബന്ധിച്ചില്ലല്ലാ ആ ദുഷ്ടനെ പിന്നേം കൂട്ടാന്‍?”
”ആ പാവം പക്ഷേ, നല്ല സന്തോഷത്തിലായിരുന്നല്ലാ വയറ്റിലായപ്പ?”
”ആ ദ്രോഹി എന്താണീ സാധൂനെ ചെയ്‌തേക്കണയാവോ?”
”അതിന് ഇഷ്ടൂല്ലാത്ത വല്ലോക്കെ ചെയ്‌തേന്റെയാവ്വല്ലാ? ഒന്നാമത്
അനങ്ങാനും താങ്ങാന്വൊക്കെയുള്ള കാലുരണ്ടും ആ പാപി അങ്ങ് വെട്ടിക്കളഞ്ഞേക്ക്വാണല്ലാ? എന്നിട്ട് പിന്നെ ഊരക്ക് തീപിടിച്ച വെട്ടുപോത്തിനെപ്പോലെ പെരുമാറാനും തൊടങ്ങ്യാലാ? വട്ട് പിടിക്കാണ്ടിരിക്ക്വാ…?”
”വയറ്റിലൊള്ളത് പോയിക്കാണ്വാ എന്തോ…”
ദാമോദരന്‍ നമ്പ്യാര്‍ അസൈനാറുമായി ചേര്‍ന്ന് നടത്തിയ ചതി ഈ പെണ്ണുങ്ങളോ ജമാ അത്തിലെ ആള്‍ക്കാരോ അറിഞ്ഞില്ല. ജമാ അത്ത് പള്ളിയുടെ ഓരം ചേര്‍ന്ന് പുതുതായി വന്ന ഒരു മുറുക്കാന്‍ കടയുടെ ബെഞ്ചിലിരുന്ന് കുഞ്ഞന്‍ ഭാസ്‌കരന്‍ എന്ന പോസ്റ്റ്മാന്‍ ആണ് ആ കഥ പിന്നീട് 1964-ല്‍, നബീസയ്ക്ക് അഞ്ചുവയസ്സുള്ളപ്പോള്‍, വയലക്കുളത്തുകാരെ അറിയിച്ചത്. പുതുതായി വന്ന പോസ്റ്റ്മാന്‍ ചാവക്കാട്ടുകാരനാണ് എന്നറിഞ്ഞപ്പോള്‍ കടക്കാരന്‍ കുഞ്ഞബ്ദുക്ക അസൈനാറെ പരിചയമുണ്ടോ എന്ന് ചോദിച്ചതായിരുന്നു.
”ഏത്, നിങ്ങളെ ഈ നാട്ടിലെ ആ അരപ്പാത്തിമേടെ കെട്ടിയോനാര്ന്ന അസൈനാറാ?” കുഞ്ഞന്‍ ഭാസ്‌കരന്‍ തന്റെ ലോകപരിചയം ഉടന്‍ വെളിവാക്കി.
”അതന്നെ. പോസ്റ്റ്മാന് അവനെ അറിയോ?” കുഞ്ഞബ്ദുക്കയ്ക്ക് തിടുക്കമായി. അവനിപ്പോ ഏതു നാട്ടിലാണ് എന്തെടുക്കുന്നു തുടങ്ങിയ ചോദ്യങ്ങളിലേക്കു വേഗംപോയി.
കെട്ടിയോളെ വെട്ടിനുറുക്കുകയും പിന്നെ അവള്‍ക്ക് സുഖമായപ്പോള്‍ തഞ്ചത്തില്‍ വീണ്ടും കൂട്ടുകൂടി മുതലാളിക്കു വിറ്റ് കാശുണ്ടാക്കുകയും ചെയ്ത അസൈനാര്‍ ചാവക്കാട്ട് ആവശ്യത്തിന് പേരെടുത്തിരുന്നു. കുഞ്ഞന്‍ ഭാസ്‌കരന്‍ അതുപറഞ്ഞപ്പോള്‍ വയലക്കുളമാകെ അന്തിച്ചുനിന്നു. ഒടുവില്‍ ആ കഥയുടെ മുന്‍ബാക്കി കൂടി വെളിച്ചത്തുവന്നു. അസൈനാര്‍ പാത്തിമയെ വെട്ടിയത് ചാരിത്ര്യഭംഗം സംശയിച്ചായിഗുന്നില്ല. അവള്‍ മുതലാളിക്ക് വഴങ്ങാതിരുന്നതുകൊണ്ടാണ്. ആ രാത്രി പെരുമ്പാവൂര്‍ക്കെന്നല്ല വയലക്കുളം
പാടത്തിനപ്പുറം ചന്തക്കരയിലേക്കു പോലും അയാള്‍ പോയിട്ടുണ്ടായിരുന്നില്ല. ദാമോദരന്‍ നമ്പ്യാരെ വയലക്കുളത്ത് എത്തിച്ചതും ഇരുട്ടിയശേഷം കുടിലിനു മുന്നിലെത്തിച്ചതും അസൈനാര്‍തന്നെയായിരുന്നു. വഴങ്ങാത്തതില്‍ കലിപൂണ്ട ദാമോദരന്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടിട്ടാണ് പിറ്റേദിവസം രാവിലെ അസൈനാര്‍ പാത്തിമയെ വെട്ടിപ്പിളര്‍ന്നത്. രണ്ടാമത് കൂട്ടുകൂടിയതും ദാമോദരന്‍ നമ്പ്യാര്‍ പറഞ്ഞിട്ടുതന്നെ ഇത്തവണ അസൈനാര്‍ തന്റെ കരാര്‍ വിജയിപ്പിച്ചു. ദാമോദരന്‍ നമ്പ്യാരുടെ കൈകളില്‍ ബോധംകെട്ട പാത്തിമയെ ഭോഗിക്കാന്‍ പിടിച്ചുകൊടുത്തതും അസൈനാര്‍തന്നെയായിരുന്നുവെന്ന് കേട്ടപ്പോള്‍ കുഞ്ഞബ്ദുക്കയടക്കം ആ നാട് ചെവിപൊത്തി.
”ചെവിപൊത്തണ്ട ഇക്കാ. ആ മൃഗംതന്നെയാ ഞങ്ങളെ നാട്ടിലെ അയാള്‍ടെ ചങ്ങായിമാരുടെ ഇടയില് ഇതൊക്കെ വീരവാദംപോലെ വിളമ്പിയത്.”പോസ്റ്റ്മാന്‍ കുഞ്ഞന്‍ ഭാസ്‌കരന്‍ കടയുടെ മുറ്റത്തുനിന്ന് പള്ളിയുള്ള ഭാഗത്തേക്കുവരാത്ത വിധത്തില്‍ കഴുത്തുനീട്ടി മുറുക്കിത്തുപ്പി. പിന്നെ കാക്കിച്ചാക്കും തോളിലേറ്റി പടിഞ്ഞാറോട്ട് നടന്നു. ഇതറിയുന്നതോ അറിയാതിരിക്കുന്നതോ ആയിരുന്നില്ല അവസാന നാളുകളില്‍ അരപ്പാത്തിമയുടെ ദുരന്തം. അന്നത്തെ ദിവസം പകലറുതിയോളവും പിന്നെ പാതിരാത്രിവരെയും പാത്തിമാസൂക്തം ഉരുവിട്ടുകൊണ്ടിരുന്ന അവള്‍ പിറ്റേന്നു വെളുപ്പിന് കൊളുമ്പി ചക്കര വന്നുനോക്കുമ്പോള്‍ ചക്രക്കസേരയില്‍ തളര്‍ന്ന് ഉറങ്ങുകയായിരുന്നു. ചെറ്റവാതിലിന്റെ സുരക്ഷപോലും
അവള്‍ക്കുവേണ്ടിയിരുന്നില്ല. രാത്രിയില്‍ കുഞ്ഞുങ്ങളെ ഉറക്കിയശേഷം വൈകുംവരെ കൊളുമ്പി അവിടെയുണ്ടായിരുന്നു. പിന്നെ അവള്‍ സ്വന്തം പുരയിലേക്കു മടങ്ങി. അപ്പോഴും ഒഴിഞ്ഞ പുരയിടത്തിലെ ഒറ്റപ്പെട്ട ഓലപ്പുരയ്ക്കുള്ളില്‍ പാത്തിമയുടെ വൃത്തിയാക്കല്‍മൂലം സ്ഥലം കാലിയാക്കേണ്ടിവന്നെങ്കിലും അന്നത്തെ ഒഴിവുനോക്കി തിരിച്ചെത്തിയ പാറ്റകളും അട്ടകളും കുരുമാണ്ടികളും അടങ്ങിയ സദസ്സിനെ സാക്ഷിയാക്കി പാത്തിമ പാടിക്കൊണ്ടിരുന്നു. ആ പാട്ട് അവസാനിച്ച അര്‍ധരാത്രിക്കുമുന്നേ തന്റെ കുടിലില്‍ കൊളുമ്പി മയങ്ങിപ്പോവുകയും ചെയ്തിരുന്നു. പുലര്‍ച്ചെ പാത്തിമയെ കൊളുമ്പി കുലുക്കിവിളിച്ച് ഉണര്‍ത്തിയെങ്കിലും അവള്‍ പാടിയില്ല. ഒന്നും മിണ്ടിയതുമില്ല. പിന്നെ പാത്തിമ മിണ്ടിയതേ ഇല്ല. മരണത്തിനുമുന്‍പ് തന്റെ മുന്നിലെത്തിയ ചോരപുരണ്ട എലിയെക്കണ്ട് അസൈനാറെ അസ്വസ്ഥപ്പെടുത്തിയ ആ നിലവിളിമാത്രമാണ് പിന്നീട് പാത്തിമയില്‍നിന്നുവന്ന ഏകശബ്ദം.
അസൈനാര്‍ ഒരുദിവസം പൊടുന്നനേ പാത്തിമയ്ക്ക് മുന്നില്‍ എത്തുകയായിരുന്നു. ജമാ അത്തില്‍ വിവരം കിട്ടിയെങ്കിലും ബാപ്പു മുസലിയാര്‍ക്ക് അനങ്ങാന്‍ വയ്യാത്തതുകൊണ്ട് അദ്ദേഹമോ അതുകൊണ്ടുതന്നെ മറ്റാരെങ്കിലുമോ അസൈനാറെ ആ മൂന്നാംവരവില്‍ തടയാനോ ചോദ്യംചെയ്യാനോ വന്നില്ല. നാട്ടുകാരൊക്കെയും അവരവരുടെ കാര്യങ്ങളില്‍ തിരക്കിലായിരുന്നു. അസൈനാര്‍ പാത്തിമയെ ശ്രദ്ധിച്ചില്ല. അയാള്‍ എന്തുചെയ്യുന്നുവെന്ന് ആരും അന്വേഷിച്ചുമില്ല. നബീസയെ പ്രസവിച്ചശേഷം പാത്തിമയെ ശ്രദ്ധിക്കുന്നതിനെക്കാള്‍ ഏറെ കൊളുമ്പി ചക്കരയ്ക്ക് നബീസയെ നോക്കേണ്ടിയിരുന്നു. അതുകൊണ്ട്
പാത്തിമയും അസൈനാറും എങ്ങനെയാണ് അവിടെ കഴിഞ്ഞുകൂടിയത് എന്നതിനെക്കുറിച്ച് ചക്കരയ്ക്കും വലിയ വിവരം ഉണ്ടായിരുന്നില്ല.
നബീസയെ ചക്കര സ്വന്തം കുടിലിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. പാത്തിമയുടെ കൂരയില്‍നിന്ന് ഒരു കുഞ്ഞിന്റെ പൂച്ചക്കരച്ചില്‍ പറമ്പും വേലിയും കടന്ന് ചക്കരയുടെ കുഞ്ഞുകുടിലിലേക്കു കയറിപ്പോയപ്പോള്‍ അത് വയലക്കുളത്തെ മൂത്താപ്പമാര്‍ക്കോ കാരണവന്‍മാര്‍ക്കോ പരിചിതമല്ലാത്ത കാഴ്ചയായി. പാത്തിമയുടെ മുലപ്പാല്‍ കറന്നെടുത്ത് ചക്കര അത് നിലയ്ക്കാത്ത ങ്ങേകാരം പ്രവഹിച്ചുകൊണ്ടിരുന്ന ആ കുഞ്ഞുനാവില്‍ ഇറ്റിച്ചു. കാറ്റുതട്ടാത്ത പ്രായമായപ്പോള്‍, മുറ്റത്ത് മണ്ണുവാരിക്കളിക്കുന്ന മൂത്ത മൂന്ന് ചെക്കന്‍മാരുടെയും ഇളയപെണ്ണിന്റെയും ചാരത്തിരുത്തി ചക്കര പറഞ്ഞു.”ഇവളൂണ്ട് നിങ്ങടെകൂടെ ഇനി. ഇവള് പടച്ചോന്റെ സ്വന്തം മോള്.”
7. ഭാഗം ഒന്ന് അവസാനിക്കുന്നു
യശോദ പേന താഴെവച്ചു.എഴുത്ത് പേനകൊണ്ടുതന്നെ മതി എന്നത് ഗണേശനോട് തര്‍ക്കിച്ചെടുത്ത ഒരു തീരുമാനമായിരുന്നു. ഇരുന്നൂറ് പേജുള്ള, നീലവരകളും ഇടത്ത് ചുവന്ന രണ്ടുവര മാര്‍ജിനുമുള്ള നോട്ട്ബുക്ക് ദില്ലിയില്‍നിന്നേ കയ്യില്‍ കരുതിയിരുന്നു. അധ്യായങ്ങളുടെ നമ്പര്‍ മാര്‍ജിന് മുകളില്‍. എഴുതിത്തുടങ്ങുന്നത് ആദ്യത്തെ വരിവിട്ട് രണ്ടാമത്തേതില്‍ ഒരു ഖണ്ഡികയുടെ ശൂന്യമായ അഭിസംബോധനയോടുകൂടിത്തന്നെ.
യശോദയുടെ ആദ്യനോവലാണ്. അരപ്പാത്തിമ മുഴുപ്പാത്തിമയായി ഒരുവര്‍ഷവും അരയായി നാലുവര്‍ഷവും ജീവിച്ച അതേ കുടിലില്‍ ചെലവിടുന്ന ഒരു രാത്രിയുടെ സൃഷ്ടിയാകണം അതിലെ ആദ്യവരികളെന്നു നിശ്ചയിച്ചപ്പോള്‍ ഗണേശന്‍ വിസ്മയത്തോടെ നോക്കി.
”കൊച്ചിയില്‍തന്നെ ആയിരുന്നില്ലേ നിന്റെ അരപ്പാത്തിമ? പോയിനോക്ക്. അവിടെ അപ്പാര്‍ട്ട്്‌മെന്റുകളും മാളുകളും നിന്നെ നോക്കി കുലുങ്ങിച്ചിരിക്കും.” അവന്‍ പറഞ്ഞു.
”എനിക്ക് അങ്ങനെയേ എഴുതാന്‍ കഴിയൂ. ഞാന്‍ വാക്കുകള്‍ തിരഞ്ഞെടുക്കുന്നത് ശരീരത്തില്‍ അനുഭവിച്ചുകൊണ്ടാണ്.”
പ്രതീക്ഷ എന്നത് വലിയൊരു അളവ് വരെ യാഥാര്‍ഥ്യംതന്നെയെന്ന് കരുതാന്‍ വിമാനത്തിലിരുന്ന് യശോദ ശ്രമിച്ചു. പ്രതീക്ഷയുടെ ഏറ്റവും വലിയ ഉയരത്തിലെന്നപോലെ മേഘങ്ങള്‍ക്കു മുകളിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ദൂരവും വേഗവുമില്ല. ശൂന്യതയാണ് ഏറ്റവും വലിയ ദൂരം. നിശ്ചലതയാണ് ഏറ്റവും കൂടിയ വേഗം. ആകാശം താഴെ അതിരുകള്‍ കാണാത്ത ഒരു ഹിമവാഹിനിയാണ്. ഈ കിളിവാതില്‍ നൂണ്ട് പുറത്തെത്തി യന്ത്രച്ചിറകിനു മുകളില്‍ക്കൂടി മന്ദം നടന്ന് അതിന്റെ മിനുസമുള്ള കൂര്‍മയില്‍ കയറിനിന്ന് താഴോട്ടു പറക്കുന്നത് അവള്‍ ചിന്തിച്ചു. ഈ ചിറകിന്റെ മുനയിലെ അവസാന തന്‍മാത്ര എത്ര വലിയ ആഴമാണു വഹിക്കു
ന്നത്!
ആ ആഴത്തില്‍തന്നെയാണ് തന്റെ നിധി ഇരിക്കുന്നതെന്ന് യശോദയ്ക്ക് അറിയാം. മറഞ്ഞുപോയ ഇടങ്ങള്‍ കണ്ടെടുക്കുക. പിന്നിപ്പോയ ചിത്രങ്ങള്‍ കൂട്ടിത്തുന്നുക. വലിയ അരപ്പാത്തിമയുടെ ഇടത്തില്‍ ഒരുരാത്രി അല്ല അനേകം രാത്രികള്‍ വേണ്ടിവന്നേക്കാം.
നെടുമ്പാശേരിയില്‍നിന്ന് ഇടപ്പള്ളിയിലേക്കുള്ള ടാക്‌സിയാത്ര പക്ഷേ, പ്രതീക്ഷകളെ പാടേ തിരസ്കരിക്കുന്നതായിരുന്നു. വയലക്കുളമോ ഞാണിക്കരയോ ഇന്നാട്ടില്‍ ഉണ്ടാവില്ല എന്ന് ഉറപ്പിക്കാന്‍ ഒട്ടും സമയം വേണ്ടിവന്നില്ല. യശോദ തന്റെ തത്തപ്പച്ച ഹീറോ പേനയില്‍ മുറുകെ പിടിച്ചു. തളരരുത്. അവള്‍ അതിനോട് പറഞ്ഞു.
ഇടപ്പള്ളിയില്‍വച്ചാണ് ശിശുപാലന്‍ ചേട്ടനെ പരിചയപ്പെട്ടത്. അത് വല്ലാത്തൊരു ആശ്വാസമായിരുന്നു. ടോള്‍ എന്നുവിളിക്കുന്ന സ്ഥലമെത്തിയപ്പോള്‍ െ്രെഡവര്‍ ചോദിച്ചു. ”മാഡം, എങ്ങോട്ടാ?”
”ഇടപ്പള്ളി ആയോ?”
”ഉം. ലുലൂലേക്കാണാ…? തൊട്ടപ്പറത്താണ്.”
”അല്ല.”
”പിന്നെങ്ങട്ടാണ്? സ്റ്റേ വേണെങ്കില് ഹോളി ഡേ ഇന്‍, ലേ മെറിഡിയന്‍, … എല്ലാറ്റിനും എടത്താട്ട് തിരിയണം…” െ്രെഡവര്‍ അല്പം പ്രായമുള്ള ആളാണ്.
ടോളില്‍തന്നെ ടാക്‌സിയില്‍ നിന്ന് ഇറങ്ങി. തൊട്ടടുത്ത മെറ്റല്‍ കടയില്‍ കയറി വയലക്കുളം അന്വേഷിച്ചു. ഏതാണ്ട് അറുപതുവയസ്സുള്ള ഒരാള്‍ ഉള്ളില്‍നിന്ന് പുറത്തേക്കുവന്നു. അദ്ദേഹം പറഞ്ഞു.
”ഞാന്‍ ശിശുപാലന്‍. വയലക്കുളത്തായിരുന്നു താമസം. രണ്ടുവര്‍ഷം മുന്‍പ് മഴക്കാലത്താണു മരിച്ചത്. ഇപ്പോള്‍ ഇവിടെ ചെറിയ ജോലിചെയ്ത് കഴിയുന്നു. കുഞ്ഞിനെന്താ അറിയേണ്ടത്?”
യശോദയ്ക്ക് അത് ഫാന്റസിയല്ലെന്നുതോന്നി. മരിച്ചവര്‍ ജീവിക്കുന്ന ഇടമാണ് വയലക്കുളം. ശിശുപാലന്‍ചേട്ടന്‍ മരിച്ചു. അതിനാല്‍ ശിശുപാലന്‍ചേട്ടന്‍ ജീവിക്കുന്നു.ഇരുവശങ്ങളിലും മൂരിമുഞ്ഞ തഴച്ചുവളര്‍ന്നുകിടന്ന കൈത്തോടിനു കുറുകെ കോണ്‍ക്രീറ്റിട്ട ഒരു കുഞ്ഞുപാലം ഉണ്ടായിരുന്നെങ്കിലും വെള്ളത്തിലിറങ്ങിത്തന്നെ അത് മുറിച്ചുകടക്കാന്‍ യശോദ നിശ്ചയിച്ചു. പാദം മറയാനുള്ള വെള്ളമേ ഉള്ളൂ. ഒഴുക്കുമില്ല. അല്പം ആഴം തോന്നിയ ഇടത്ത് ഒരു കരിമ്പനെഴുത്തശ്ശന്‍ രകാരത്തെ ത്തയും ഞ്ഞയുമാക്കി ആവര്‍ത്തനങ്ങള്‍ വരച്ചുകൊണ്ടിരുന്നു. വരമ്പില്‍ നിന്ന് ചാഞ്ഞുനില്‍ക്കുന്ന പേരച്ചെടിയില്‍ കായകള്‍ കുറവായിരുന്നു. ഉള്ള
വയില്‍ പൊന്‍മകള്‍ ദ്വാരം വീഴ്ത്തിയിരിക്കുന്നു. ആ ദ്വാരത്തിലൂടെ ഭാവികാലത്തേക്കു വിത്തുകളായി പൊട്ടിച്ചിതറാനൊരുങ്ങി നില്‍ക്കുകയാണവ.
ആ പേര പണ്ടെങ്ങും ഉണ്ടായിരുന്നതാവില്ല. അടുത്തകാലത്തുപോലും അവിടെയൊരു ചെടിനടാന്‍ തോന്നിയതാര്‍ക്കാവാം? വര്‍ഷങ്ങള്‍ വേരറ്റ് പൂതലിച്ച് നിലംപൊത്തിയ വയലക്കുളത്തുനിന്ന് പച്ചനാമ്പുകള്‍ കിളിര്‍ത്തുകാണാന്‍ മോഹിച്ചതാരാവാം?
യശോദ കൈത്തോട് കടന്ന് വരമ്പത്തുകൂടി മുന്നോട്ടുനടന്നു. കോണ്‍ക്രീറ്റ് പാലം കടന്നുവന്ന ശിശുപാലന്‍ ചേട്ടന്‍ മുന്നിലും.തലയ്ക്കുമുകളിലെ ദേശീയപാതയില്‍കൂടി ടാങ്കര്‍ ലോറികളും ബസ്സുകളും ഇടതടവില്ലാതെ ഓടി. അതിനുമുകളില്‍ മെട്രോ ട്രെയിനോടി. കൊച്ചി ഇരമ്പിക്കൊണ്ടിരുന്നു.
അരപ്പാത്തിമയുടെ കൂര അപ്രത്യക്ഷമായത് 1962-ല്‍ പാത്തിമ മരിച്ച അതേദിവസം രാത്രിയിലാണ്. അസൈനാര്‍തന്നെയാണ് തകര്‍ത്തത്. തന്റെതന്നെ ആവര്‍ത്തനമാണ് താനെന്ന വിചിത്രമായ തോന്നല്‍ അയാള്‍ക്ക് ഉണ്ടായിക്കാണണമെന്ന് ശിശുപാലന്‍ ചേട്ടന്‍ ഒരു മനശ്ശാസ്ത്രം പറഞ്ഞു. വെളുപ്പാന്‍കാലത്ത് ഏതോ നാട്ടിലേക്ക് ഓടിപ്പോയ അയാള്‍ പിന്നെയൊരുവട്ടംകൂടി ആ വഴിവന്നില്ല. ഒരേവഴി പലപാട് നടന്നാല്‍ ഉണ്ടാകാവുന്ന അനുഭവം കഴിഞ്ഞപ്പോള്‍ ശിശുപാലന്‍ ചേട്ടനൊപ്പം യശോദ കാടുപടലം നിറഞ്ഞ ഒരു പറമ്പിനു മുന്നിലെത്തി. പാത്തിമയുടെ ബാപ്പച്ചി പാത്തിമയ്ക്ക് ഓലപ്പുര പണിതുകൊടുത്ത പറമ്പിന്റെ ഓര
ങ്ങള്‍ അതേപടി ഉണ്ടായിരുന്നു. വേലിയില്‍ തേന്‍ചാടിമാവ് തലകുനിച്ചുനിന്നു. കൂവളം, ശീമക്കൊന്ന, നാറിച്ചിക്കാടുകള്‍, കമ്യൂണിസ്റ്റ് പച്ചകള്‍ എന്നിവയുടെ പുതുതലമുറ അവിടെയൊരു പച്ചക്കൂര പണിതുവച്ചിരുന്നു. കൂരയ്ക്കു ചുറ്റും മരങ്ങള്‍. പാമ്പുകളും വേറേ വിഷമുള്ള ഇഴജന്തുക്കളും ഉണ്ടാകാം. പുല്ലിനടിയില്‍ പരതിപ്പരതി ശിശുപാലന്‍ ചേട്ടന്‍ പാത്തിമയുടെ കൂര നിന്ന സ്ഥലം നിര്‍ണയിച്ചു. ”ഇവ്ടെ കെടന്നോ കുഞ്ഞേ ഈ രാത്രി. പേടിക്കണ്ട. പടച്ചോന്‍ ഇവ്‌ടെങ്ങാനും കാണും. അരപ്പാത്തിമ വരും. എല്ലാം അവളോട് ചോദിച്ചോളൂ. ബാക്കിവല്ലതും വേണേ ഞാമ്പറഞ്ഞുതരാം.”
എഴുത്ത് ആദ്യം സ്വപ്നത്തിലാണു സംഭവിക്കുകയെന്ന് യശോദയ്ക്ക് ഉറപ്പായിരുന്നു. പിന്നെ നന്നേ വെളുപ്പാന്‍ കാലത്ത് രാവ് പോകാതെയും പുലരി വരാതെയും പ്രകൃതി പിളര്‍ന്നുനില്‍ക്കുമ്പോള്‍ ആ സ്വപ്നം വാക്കുകളായി കണ്ണുതുറക്കും.
എഴുതിയ ഒന്നാം ഭാഗം അടച്ചുവയ്ക്കും മുന്‍പ് യശോദ പേന ഒന്നുകൂടി കയ്യിലെടുത്തു. ഒന്നാമ
ധ്യായത്തിന്റെ ആദ്യഖണ്ഡിക ഇങ്ങനെ തിരുത്തിയെഴുതാമെന്ന് വച്ചു: തന്നേക്കാള്‍ വലിയ ജീവികളെ ആക്രമിച്ചുകൊല്ലുന്നതിലൂടെ സ്വയം മരിക്കുക എന്ന വിചിത്രമായ അനുഷ്ഠാനം മിണ്ടാപ്രാണികളുടെ ഇടയില്‍ 1962-ല്‍ ആരംഭിച്ചിരുന്നു. ഇന്ത്യാ-ചൈനാ യുദ്ധത്തിന്റെ ആരംഭവും തുടര്‍ച്ചയും രണ്ട് മിണ്ടാരാജ്യങ്ങളുടെ ഇത്തരം അനുഷ്ഠാനത്തിന്റെ ഭാഗമാണെന്നുവരെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. ഉറുമ്പുകള്‍ ചെള്ളുകളെ ആക്രമിച്ചു. പാറ്റകള്‍ പല്ലികളെയും തേളുകള്‍ എലികളെയും പെരുച്ചാഴികള്‍ പാമ്പുകളെയും നേരിട്ട് വീരമൃത്യു വരിച്ചു. തേളിന്റെ കടിയേറ്റ് ചോരപുരണ്ട ഒരു എലി പക്ഷേ മരണവെപ്രാളത്തില്‍ മുന്നാക്കക്രമം തെറ്റിച്ച് തന്നേക്കാള്‍ വലിയ മറ്റൊരു മിണ്ടാപ്രാണിയെ ആക്രമിച്ചു. അത് അരപ്പാത്തിമ എന്ന പകുതി മനുഷ്യസ്ത്രീ ആയിരുന്നു.
Comments are closed.