DCBOOKS
Malayalam News Literature Website

ശ്രുതിമധുരമായ ആലാപനം; എ.ആര്‍ റഹ്മാനെ അതിശയിപ്പിച്ച് ആന്ധ്രാ സ്വദേശിനി

സാക്ഷാല്‍ എ.ആര്‍ റഹ്മാനെ പോലും അതിശയിപ്പിച്ച ഗാനാലാപനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയായ ബേബി. കാതലന്‍ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഓ ചെലിയ എന്ന ഗാനമാണ് ആന്ധ്രാപ്രദേശുകാരിയായ സ്ത്രീ ശ്രുതിമധുരമായി ആലപിച്ചിരിക്കുന്നത്. റഹ്മാന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ബേബിയുടെ ഈ ഗാനം പോസ്റ്റ് ചെയ്യുകയും അവരെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

റഹ്മാന്‍ പോസ്റ്റ് ചെയ്ത ബേബിയുടെ ഗാനം അനേകം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പത്ത് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. മനോഹരമായ ശബ്ദം എന്ന അടിക്കുറിപ്പോടെയാണ് റഹ്മാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നവളെ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണ് ഓ ചെലിയ. പി. ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് ഓ ചെലിയയും ആലപിച്ചിരിക്കുന്നത്. ഗാനം കേട്ട് നിരവധി പേരാണ് ബേബിയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്.

വീഡിയോയ്ക്ക് പിന്നാലെ സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് ബേബി. ഗാനം കേട്ട തെലുങ്ക് സംവിധായകന്‍ കൊട്ട ഗാരുവാണ് ഇവര്‍ക്ക് തന്റെ സിനിമയില്‍ അവസരം നല്‍കുന്നത്.

Comments are closed.