കെ സരസ്വതിയമ്മയുടെ ജന്മവാര്‍ഷികദിനം
മലയാള എഴുത്തുകാരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുതിയ ഭാവുകത്വം ആവിഷ്‌കരിക്കുകയും തന്മൂലം കഥാലോകത്ത് ഒറ്റപ്പെട്ടു പോകുകയും ചെയ്ത സാഹിത്യകാരിയാണ് കെ.സരസ്വതിയമ്മ.
തിരുവനന്തപുരം നഗരത്തിനടുത്തുളള കുന്നപ്പുഴ ഗ്രാമത്തില്‍ കിഴക്കേവീട്ടില്‍ തറവാട്ടില്‍ 1919 ഏപ്രില്‍ നാലിന് സരസ്വതിയമ്മ ജനിച്ചു. പദ്മനാഭപിളളയുടെയും കാര്‍ത്ത്യായാനി അമ്മയുടെയും മകള്‍. 1936 ല്‍ പാളയം ഗേള്‍സ് ഇംഗ്ലീഷ് ഹൈസ്‌കുളില്‍ നിന്നും ഒന്നാം സ്ഥാനം നേടി എസ്. എസ്. എല്‍. സി പരീക്ഷ ജയിച്ചു. തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം. ആര്‍ട്‌സ് കോളേജില്‍ മലയാളം ഐച്ഛികമായെടുത്ത് ബി. എയ്ക്കു പഠിച്ചു. ഇക്കാലത്ത് ചങ്ങമ്പുഴയും എസ്. ഗുപ്തന്‍നായരും സഹപാഠികളായിരുന്നു. 1942 ല്‍ ബി.എ. പാസ്സായി. തുടര്‍ന്ന് രണ്ട് വര്‍ഷം അധ്യാപികയായി ജോലി ചെയ്തു. 1945 ജനുവരി അഞ്ചിന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥയായി. 1975 ഡിസംബര്‍ 26 ന് അന്തരിച്ചു.
”പെണ്‍ബുദ്ധി’യും മറ്റ് പ്രധാന കഥകളും’ (2003), ‘കെ. സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍’ തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഫെമിനിസ്റ്റ് സ്വഭാവം പുലര്‍ത്തുന്ന സ്ത്രീ സ്വത്വം ആവിഷ്‌കരിക്കുന്ന രചനകള്‍ കൊണ്ടു മാത്രം അംഗീകാരം നേടിയ എഴുത്തുകാരിയാണ് സരസ്വതി അമ്മ. ഇത്തരത്തില്‍ ഫെമിനിസ്റ്റ് വീക്ഷണം പ്രകടമാകുന്ന ഒരു കഥയാണ് പെണ്‍ബുദ്ധി. വിലാസിനി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഈ കഥയില്‍ ആവിഷ്‌കരിക്കുന്നത്. പുരുഷ മേധാവിത്വത്തെ എതിര്‍ക്കാനും അതിനെതിരെ പോരാടാനുമുളള എഴുത്തുകാരിയുടെ ശക്തി മുഴുവന്‍ ഉള്‍കൊണ്ട ഒരു കഥാപാത്രമാണ് വിലാസിനി. വിരലിലെണ്ണാവുന്ന ചില ചെറുകഥകള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ കൃതികളുടെയും കേന്ദ്രപ്രമേയം സ്വത്വബോധമാര്‍ജ്ജിക്കുന്ന സ്ത്രീ ആണ്. സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനും പുരുഷനൊപ്പം തുല്യതയോടെ പ്രവര്‍ത്തിക്കാനും സ്ത്രീയ്ക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന് സരസ്വതിയമ്മ നിരന്തരം ചോദിക്കുന്നു. സ്ത്രീ പുരുഷന്‍മാര്‍ക്ക് ഒരേപ്പോലെ സ്വാതന്ത്രത്തോടെ ജീവിക്കാനും സാമൂഹ്യ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന ഒരു അവസ്ഥയെക്കുറിച്ചുളള സ്വപ്നം അവരെ പ്രചോദിപ്പിച്ചു. സ്ത്രീയെ രണ്ടാംകിടയായി മാത്രം കണ്ടിരുന്ന സമകാലിക സമൂഹത്തോടുളള പ്രതികരണമായി സരസ്വതിയമ്മയുടെ പല ചെറുകഥകളും മാറിയത് അപ്രകാരമാണ്.
Comments are closed.