ദേശീയ സുരക്ഷിത മാതൃദിനം
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പത്‌നിയായ കസ്തൂര്‍ബാ ഗാന്ധിയുടെ ജന്മദിനമായ ഏപ്രില്‍ 11 ദേശീയ സുരക്ഷിത മാതൃദിനമായി എല്ലാ വര്‍ഷവും ആചരിച്ചുവരുന്നു. 1869 ഏപ്രില്‍ 11ന് പോര്‍ബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുല്‍ദാസ് നകഞ്ചിയുടെയും വിരാജ് ജുന്‍വറിന്റേയും മകളായാണ് കസ്തൂര്‍ബയുടെ ജനനം. പതിമൂന്നാമത്തെ വയസില്‍ ഗാന്ധിജിയുമായുള്ള വിവാഹം നടന്നു.
വിവാഹശേഷമാണ് കസ്തൂര്‍ബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. നിയന്ത്രണങ്ങളാല്‍ ബന്ധിക്കപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ, നിശ്ശബ്ദമായി അവര്‍ സഹിച്ചു. ഗാന്ധിജിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തൊട്ടുകൂടായ്മ പോലെയുള്ള വിശ്വാസങ്ങള്‍ അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു.
ഡര്‍ബനിലെ ഗാന്ധിജിയുടെ ഫീനിക്‌സ് സെറ്റില്‍മെന്റില്‍ സജീവമായതോടെയാണ് കസ്തൂര്‍ബ പൊതുജീവിതത്തിലെത്തുന്നത്. 1915ല്‍ കസ്തൂര്‍ബ, ഗാന്ധിജിയ്‌ക്കൊപ്പം ഇന്ത്യയിലെത്തി. 1915ല്‍ ഗാന്ധിജി സബര്‍മതി ആശ്രമം തുടങ്ങുമ്പോള്‍ അടുക്കള ചുമതല കസ്തൂര്‍ബയാണ് ഏറ്റെടുത്തത്. ഉപ്പുസത്യാഗ്രഹത്തെത്തുടര്‍ന്ന് ഗാന്ധിജി ജയിലിലായപ്പോള്‍ ഗ്രാമങ്ങളില്‍ സമരപോരാളികള്‍ക്ക് കസ്തൂര്‍ബ ഊര്‍ജ്ജം പകര്‍ന്നു. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തോടെ അവശതകള്‍ മറന്ന് സമരത്തില്‍ അവര്‍ സജീവമായി. പുനെയിലെ ആഗാഘാന്‍ പാലസ്സില്‍ തടവിലിരിക്കുമ്പോള്‍ 1944 ഫെബ്രുവരി 22ന് അവര്‍ മരണമടഞ്ഞു.
Comments are closed.