തകഴിയുടെ ചരമവാര്‍ഷികദിനം
കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള തകഴി ശിവശങ്കരപ്പിള്ള 1912 ഏപ്രില്‍ 17ന് ജനിച്ചു. പ്രാഥമിക വിദ്യാഭാസത്തിന് ശേഷം തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് പ്ലീഡര്‍ഷിപ്പ് പരീക്ഷയില്‍ ജയിച്ചു. പ്ലീഡര്‍ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തില്‍ റിപ്പോര്‍ട്ടറായി.
തുടര്‍ന്ന് തകഴി, അമ്പലപ്പുഴ മുന്‍സിഫ് കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
13ാം വയസ്സില്‍ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകള്‍ രചിച്ചിട്ടുണ്ട്. പിന്നീട് നോവലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1934ല്‍ ത്യാഗത്തിനു പ്രതിഫലം എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ചെമ്മീന്‍ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, ചെമ്മീന്‍, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കയര്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകള്‍ നല്‍കിയ തകഴിക്ക് 1984ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. 1999 ഏപ്രില്‍ 10ന് അദ്ദേഹം അന്തരിച്ചു.
Comments are closed.