കുറ്റാന്വേഷണവും ഹാസ്യവും കലർന്ന ഏഴ് ചെറുകഥകൾ
ഓണക്കാലത്ത് മാത്രം പൂക്കുന്ന കുറേ കഥാമരങ്ങളുള്ള നാടാണ് നമ്മുടേത്. പ്രാക്തന കാലത്തെ മനുഷ്യരുടെ കൊയ്ത്തുകാലാഘോഷങ്ങളെ സർഗ്ഗാത്മകതയുടേയും ആഘോഷമാക്കിയ പത്രാധിപർ ആരാണാവോ? കഴിഞ്ഞ ഓണക്കാലത്ത് വായിച്ച കഥകളിൽ മനസ്സിൽ തങ്ങിയ രണ്ടു കഥകളെപ്പറ്റി(ഇ. സന്തോഷ് കുമാറും) ഞാൻ എഴുതിയിരുന്നു. സലിം ഷെരീഫും എൻ. ഹരിയുമായിരുന്നു അവർ. ഓണക്കാലത്ത് വിളഞ്ഞതല്ല, ഒന്നരക്കൊല്ലമെടുത്ത് എഴുതിയ കഥകളാണതെന്ന് അന്നവർ പറഞ്ഞിരുന്നു.
മൂന്ന് ദശാബ്ദമായി എൻ.ഹരിയിലെ പോലീസുകാരൻ കഥ മനസ്സിലിട്ട് നടക്കുന്നുണ്ട്. അത്രയും കാലത്തിൻ്റെ വരലബ്ധിയാണ് ‘അപസർപ്പകൻ’ എന്ന സമാഹാരത്തിലെ ഏഴുകഥകളുമെന്ന് പറയാം. അനുഭവങ്ങളാണ് കഥയാക്കേണ്ടതെന്ന് മലയാളത്തോട് പറഞ്ഞത് ബഷീറാണ്. ഭാവനയിലെ സൂഷ്മതക്കുറവ് അനുഭവം നികത്തുമെന്ന കഥയറിവായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. അപസർപ്പകനിലെ കഥാ പ്രമേയങ്ങളെല്ലാം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാകുന്നത് സ്വന്തം അനുഭവത്തോടുള്ള എഴുത്തുകാരൻ്റെ കുറുമൂലമാകണം. പറഞ്ഞുപറഞ്ഞാണ് കഥകളുണ്ടാവുന്നത്. പറച്ചിലിൻ്റെ സാകല്യമാണ് അപസർപ്പകനിലെ ഏഴുകഥകളിലും കാണുന്നത്. കുറ്റവും അന്വേഷണവും മാത്രമല്ല കുറ്റാന്വേഷണ കഥകളുടെ വായനക്കാരനായ പോലീസുകാരനും ഭാർഗവിയമ്മയുടെ വള തഞ്ചത്തിൽ കൈയ്ക്കലാക്കി പണയം വെച്ചതിന് പോലീസ് പിടിച്ച് സ്റ്റേഷനിലെത്തുന്ന കളളനുമാണ് അപസർപ്പകനിലെ കേന്ദ്രങ്ങൾ! “വേദന കൊണ്ട് ഒറങ്ങാൻ വയ്യ സാറേ, വെലങ്ങ് കൊറച്ചൊന്നയച്ചു തരാമോ” എന്ന് ചോദിക്കുന്ന കള്ളനോട് പോലീസുകാരൻ പറയുന്നത്, “നീ ജോലിയൊണ്ടാക്വാടാ?” എന്നാണ്. കഥയിൽ ജോലിയുണ്ടാക്കുന്ന ഒരു പര്യവസാനമാണ് ആ കഥയ്ക്കുള്ളത്. ചിരിയുടെ ഇടവഴികളിലൂടെ നടത്തി വായനക്കാരനെ ഒരരങ്ങിൽ എത്തിക്കുന്നുണ്ടെങ്കിലും കഥയുടേയും കള്ളൻ്റേയും അവസാനത്തിൻ്റെ അവസാനം എന്താകുമെന്നാലോചിച്ച് വായനക്കാരൻ അന്തം വിടുമെന്നുറപ്പ്. അപസർപ്പകയെഴുത്തിൽ പരാജയപ്പെട്ട പോലീസുകാരൻ്റെ മാനസിക തകർച്ചയേയും കൊലപാതകം ഏറ്റെടുക്കേണ്ടി വരുമോ എന്ന നിർദ്ദോഷിയായ കള്ളൻ്റെ ആശങ്കയേയും ഹാസ്യരസപ്രധാനമായി അവതരിപ്പിക്കുന്നു; അപസർപ്പകൻ.
ഹരിയുടെ കഥാപാത്രങ്ങൾ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും വരുന്ന സാധാരണ മനുഷ്യരാണ്. അവരുടെ സ്വാഭാവികമായ നിഷ്‌കളങ്കത മൂലം ചില സാമൂഹ്യസന്ദർഭങ്ങളിൽ അവർ കുറ്റകൃത്യങ്ങളിൽ എത്തിപ്പെടുന്നു. ജീവിതത്തിലെ ആ സവിശേഷ സന്ദർഭങ്ങളെയാണ് ഹരിയുടെ എല്ലാ കഥകളും സ്പർശിക്കുന്നത്. പറച്ചിലിൻ്റെ ഭംഗിയും ഹ്യൂമറിൻ്റെ ഓടത്തിൽ നിന്നെന്നപോലെ ഇറങ്ങി വരുന്ന സന്ദർഭങ്ങളുമാണ് ഹരിയുടെ കഥയുടെ അസ്ഥിവാരം. കഥയ്ക്കുശേഷമുള്ള കഥാഗതിയെയും ഈ എഴുത്തുകാരൻ ഉന്നംവെക്കുന്നുണ്ട്. വ്യാജ സദാചാരവിരുദ്ധരായ ഏതാനും മനുഷ്യരുടെ കഥ പറയുന്ന താരയുദ്ധത്തിലെ വാസവനണ്ണനും ശുചീന്ദ്രം കൈമുക്കിലെ ശങ്കരൻകുട്ടിയുമൊക്കെ സാമൂഹിക ജീവിതസാഹചര്യങ്ങളിൽ കുറ്റകൃത്യവഴിയിലെത്തിയവർക്ക് ഉദാഹരണമാണ്. “രാത്രിയെ വെല്ലുവിളിക്കുന്ന സ്വന്തം ശരീരത്തിലേക്ക് കുനിഞ്ഞു നോക്കുന്ന” കുറുപ്പ്, മറ്റൊരാളുടെ ഉമ്മറത്ത് കൊണ്ടുവെച്ച തലയോട്ടിയിൽ പതിഞ്ഞെന്ന് പറയുന്ന കൈരേഖയുടെ അടയാളം മായ്ക്കാൻ ആസിഡുപയോഗിച്ച് കൈയ് കഴുകുന്നിടത്താണ് താരയുദ്ധത്തിലെ കഥയും കാര്യവും അവസാനിച്ചുവെന്ന് വായനക്കാരൻ വിശ്വസിക്കുന്നത്. മൂന്ന് ദശാബ്ദത്തിൻ്റെ കാലവലിപ്പം ഈ കഥകളുടെ അടിയടരായതുകൊണ്ടാവണം അപസർപ്പകനിലെ കഥകൾ ഗഹനവും വായനപുഷ്ടവുമായി തോന്നിയത്. കഥയിൽ തമാശ കരുതാമെങ്കിലും കഥയെഴുത്ത്, തമാശയാക്കാത്ത ഏതാനും കഥാകൃത്തുക്കൾ നമുക്കുണ്ട്. അവർ ഭാഷയുടേയും കഥയുടേയും നാളത്തെ പ്രതീക്ഷയാകുന്നതും അതുകൊണ്ടാണ്.