കെ.എല്‍.എഫ് വേദിയില്‍ ലോലക്കുട്ടിയും പാപ്പാ സി.ജെയും
കുഞ്ചന്‍ നമ്പ്യാരുടെ ഫലിതപരിഹാസപദ്യശകലങ്ങള്‍ കേട്ടുവളര്‍ന്ന മലയാളിക്ക് പരിചിതമായ പദമാണ് സ്റ്റാന്‍ഡപ് കോമഡി. കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന സ്റ്റാന്‍ഡപ് കോമഡിക്ക് ആസ്വാദകര്‍ ഏറെയാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഇത്തവണ ഇന്ത്യയിലെ ശ്രദ്ധേയരായ സ്റ്റാന്‍ഡപ് കൊമേഡിയന്‍മാര്‍ സംവാദത്തിനെത്തുന്നുണ്ട്. ടിവി ഷോകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ശ്രദ്ധേയരായ അനുരാധ മേനോന്‍( ലോലക്കുട്ടി), പാപ്പാ സി.ജെ. എന്നിവരാണ് സംവാദത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തുന്നത്.
സോഷ്യല്‍ മീഡിയയുടെ പ്രതാപകാലത്തിനും മുന്‍പ് ശ്രദ്ധേയരായ കൊമേഡിയന്മാരാണ് ഇരുവരും. ചാനല്‍ വിയിലെ അവതാരകയും കൊമേഡിയനുമായിരുന്ന അനുരാധ മേനോന്‍ ലോലക്കുട്ടി എന്ന പേരിലാണ് പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. ഒരു മലയാളി കൂടിയായ അനുരാധ മേനോന്‍ സ്റ്റാന്‍ഡപ് കോമഡികളിലൂടെ പൊതുവേദികളില്‍ ഇപ്പോഴും സജീവമാണ്.
2014-ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാന്‍ഡപ് കൊമേഡിയനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് പാപ്പാ സി.ജെ. നേക്കഡ് എന്ന പേരില്‍ അദ്ദേഹം നടത്തുന്ന പരിപാടി രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ അനുഭവങ്ങളെ കോര്‍ത്തിണക്കി പാപ്പാ സി.ജെ. നേക്കഡ് എന്ന പേരില്‍ ഒരാത്മകഥയും പുറത്തിറക്കിയിട്ടുണ്ട്.
കലയും സംസ്‌കാരവും സാഹിത്യവും സമ്മേളിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നും വിവിധ ഭാഷകളില്‍നിന്നും അഞ്ഞൂറിലധികം വിശിഷ്ടാതിഥികള്‍ കെ.എല്‍.എഫിന്റെ ഭാഗമാകുന്നു.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.