തമിഴ് സുന്ദരി അനുക്രീതി വാസിന് മിസ് ഇന്ത്യ പട്ടം
2018-ലെ ഫെമിന മിസ് ഇന്ത്യ പട്ടം തമിഴ്‌നാട് സ്വദേശിനി അനുക്രീതി വാസിന്. മിസ് വേള്‍ഡും മുന്‍ മിസ് ഇന്ത്യയുമായ മാനുഷി ഛില്ലാറാണ് അനുക്രീതിയെ കിരീടം ചൂടിച്ചത്. ഹരിയാന സ്വദേശിയായ മീനാക്ഷി ചൗധരി ഫസ്റ്റ് റണ്ണറപ്പും ആന്ധ്രാപ്രദേശ് സ്വദേശിനിയുമായ ശ്രേയാ റാവു സെക്കന്റ് റണ്ണറപ്പുമായി.
ലയോള കോളെജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പത്തൊന്‍പത് വയസുകാരിയായ അനുക്രീതി. മുന്‍പ് കളേഴ്‌സ് ഫെമിന മിസ് തമിഴ്‌നാട് പുരസ്‌കാരം സ്വന്തമാക്കിയിട്ടുളള അനുക്രീതി അന്ന് മുപ്പതോളം മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് വിജയം കൊയ്തത്. ഈ വര്‍ഷം നടക്കുന്ന മിസ് വേള്‍ഡ് 2018-ലെ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയാകും അനുക്രീതി വാസ്.
ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും നടന്‍ ആയുഷ്മാന്‍ ഖുരാനയുമായിരുന്നു പരിപാടിയുടെ അവതാരകര്‍. ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ ഖാന്‍, കെഎല്‍ രാഹുല്‍, ബോളിവുഡ് താരങ്ങളായ മല്ലികാ അറോറ, ബോബി ഡിയോള്‍, കുനാല്‍ കപൂര്‍,ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത തുടങ്ങിയവരാണ് പരിപാടിയില്‍ വിധികര്‍ത്താക്കളായി എത്തിയത്.
പരിപാടിയോട് അനുബന്ധിച്ച് ബോളിവുഡ് താരങ്ങളുടെ നൃത്തപ്രകടനവും വേദിയില്‍ അരങ്ങേറി. ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, കരീന കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, തുടങ്ങിയവരുടെ നൃത്തപരിപാടികള്‍ ചടങ്ങിന് മിഴിവേകി.
Comments are closed.