കവിത തേന്‍മുള്ളുകളാകുമ്പോള്‍; അണുകാവ്യവുമായി സോഹന്‍ റോയ്
സമകാലിക ഇന്ത്യയിലെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന സോഹന്‍ റോയിയുടെ അണുകാവ്യം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. സാമൂഹികരംഗത്തും രാഷ്ട്രീയരംഗത്തും പ്രകടമാകുന്ന കാഴ്ചകളേയും അനുഭവങ്ങളേയും പരിഹാസത്തിന്റെ മേമ്പൊടി ചേര്‍ത്തു വിമര്‍ശിക്കുന്ന സോഹന്‍ റോയിയുടെ 125 കുറുങ്കവിതകളാണ് അണുകാവ്യത്തിലുള്ളത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങി.
സോഹന്‍ റോയിയുടെ അണുകവിതകളെല്ലാം സമകാലീനമാണ്. അവ വര്‍ത്തമാന സംഭവങ്ങളോടുള്ള പ്രതികരണങ്ങളാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വര്‍ത്തമാനത്തോട് വര്‍ത്തമാനം പറയുന്നതാണ് അദ്ദേഹത്തിന്റെ അണുകവിതകള്‍.ആ പറച്ചിലുകളില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ ബോധ്യങ്ങളും രാഷ്ട്രീയവും സ്വപ്‌നങ്ങളും ഒക്കെ എഴുതപ്പെട്ടിരിക്കുന്നു. തനിക്കു ചുറ്റുമുള്ളവരോട് തനിക്കു പറയാനുള്ളത് പറയാന്‍ അണുകവിതകളെ അദ്ദേഹം മാധ്യമമാക്കി. കവിതയല്ലാതെ വേറെ വഴിയൊന്നുമില്ലെന്നുള്ള സോഹന്റെ തിരിച്ചറിവില്‍ പാടേ മാറിപ്പോയ നമ്മുടെ കാലത്ത് കവിത എങ്ങനെയാണ് അതിന്റെ അതിജീവനം സാധ്യമാക്കാന്‍ പോവുന്നതെന്നതിന്റെ സൂചനയുണ്ട്. സോഹന്‍ തന്റെ കവിതയെ അണുവാക്കിയതില്‍ രൂപസംബന്ധിയായ പ്രത്യയശാസ്ത്രമുണ്ട്. എഴുതുന്നയാള്‍ക്കും വായിക്കുന്നയാള്‍ക്കും അധികം സമയം കവിതയ്ക്കായി മാറ്റിവെക്കാനില്ല. എന്നാല്‍ കവിത അനിവാര്യമാണ് താനും. സമയം പണം തന്നെയാണെന്ന വിപണിയുടെ അലിഖിത നിയമത്തിനുള്ളില്‍ എഴുത്തും വായനയും സംഭവിക്കുമ്പോഴും കവിത ഒരനിവാര്യതയായി നിലനില്‍ക്കുന്നു. കവിത അതിന്റെ ചരിത്രത്തിന്റെ വിഷമവഴികള്‍ താണ്ടിയത് ഇത്തരം പരിണാമങ്ങളിലൂടെയാണ്.
നേവല്‍ ആര്‍ക്കിടെക്ട്, ചലച്ചിത്രനിര്‍മ്മാതാവ്, സംവിധായകന്‍, സ്റ്റുഡിയോ ഉടമ, തീയറ്റര്‍ ഉടമ, ചലച്ചിത്രമേളകളുടെ സംഘാടകന്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയാണ് സോഹന്‍ റോയ്. പതിനഞ്ചോളം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയായ സോഹന്‍ റോയ് രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിയ ഡാം 999 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ്.
Comments are closed.