വി.ജെ. ജയിംസിന്റെ ‘ആന്റിക്ലോക്ക്’; അഞ്ചാം പതിപ്പ് പ്രകാശനം ചെയ്തു
വി.ജെ. ജയിംസിന്റെ ‘ആന്റിക്ലോക്ക്’ എന്ന എന്ന നോവലിന്റെ പുതിയ കവർച്ചിത്രത്തോട് കൂടിയ അഞ്ചാം പതിപ്പ് പ്രകാശനം ചെയ്തു. മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണയ്ക്കായി മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് സാഹിത്യപുരസ്കാരവിതരണ ചടങ്ങിൽ കെ വി മോഹന്‍കുമാര്‍ ഗോപിനാഥ് മുതുകാടിന് നല്കി പുസ്തകത്തിന്റെ പുതിയ പതിപ്പ് പ്രകാശിപ്പിച്ചു. ‘ആന്റിക്ലോക്കി’ നായിരുന്നു മലയാറ്റൂര്‍ പുരസ്കാരം.
പുറപ്പാടിന്റെ പുസ്തകവും ചോരശാസ്ത്രവും ലെയ്ക്കയും ഒറ്റക്കാലന്‍കാക്കയും നിരീശ്വരനും ഒക്കെ സൃഷ്ടിച്ച വി.ജെ. ജയിംസിന്റെ തൂലികയില്‍ നിന്നും നമുക്കു ലഭിച്ച മറ്റൊരു മികച്ചസൃഷ്ടിയാണ് ആന്റിക്ലോക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്കാരത്തിനായുള്ള 2021-ലെ ചുരുക്ക പട്ടികയില്‍ നോവല്‍ ഇടം നേടി. ജീവിതത്തിലെ വിപരീതങ്ങള്‍ക്ക് നിറം പകരാനുള്ള ശ്രമത്തില്‍ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ നോവല്‍. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പ്രതികാരത്തിന്റെ ഉഗ്രതയും പുറത്തുപ്രകടിപ്പിക്കാനാകാത്ത പ്രണയത്തിന്റെ തീവ്രതയും കാലാകാലങ്ങളില്‍ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന ശൈഥല്യവും കാവ്യാത്മകമായി ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നു. ആന്റിക്ലോക്ക് സമൂഹത്തിനു നല്‍കുന്നത് ഒരു ജാഗ്രതാ നിര്‍ദ്ദേശമാണ്. കാലത്തിന്റെ വക്ഷസ്സില്‍ അനുദിനം സ്പന്ദിക്കുന്ന ഘടികാരചലനങ്ങള്‍ക്കിടയില്‍ മാനുഷികമായ ഭാവനകള്‍ക്കും ചിന്തകള്‍ക്കും ഗതിവേഗം നഷ്ടപ്പെടുത്തുന്ന ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് നോവൽ.
Comments are closed.