DCBOOKS
Malayalam News Literature Website

ഒരു ചരിത്ര കാലഘട്ടത്തിന്റെ മങ്ങിപ്പോയ ഇരുൾവഴികളിലേക്ക് വെളിച്ചം വീശുന്ന കൃതി

മലബാർ കലാപത്തെ ചരിത്ര പശ്ചാത്തലത്തിലൂടെ ആവിഷ്കരിക്കുന്ന കെ.ജി.രഘുനാഥ് എഴുതിയ നോവൽ ‘അന്തിമഹാകാല- ത്തെക്കുറിച്ച് റഹ്മാന്‍ കിടങ്ങയം പങ്കുവെച്ച കുറിപ്പ്.

ഒരു ചരിത്ര കാലഘട്ടത്തെ നിഷ്പക്ഷമായും അതേ സമയം സര്‍ഗ്ഗാത്മകമായും എങ്ങനെ പറഞ്ഞു വെക്കണം എന്ന് തിരിച്ചറിവുള്ള ഒരു എഴുത്തുകാരന്റെ കൃതിയാണ് അന്തിമഹാകാലം എന്ന് നിസ്സംശയം പറയാം. ചരിത്ര പുസ്തകങ്ങളില്‍ നിന്നും നേരിട്ടുള്ള അന്വേഷണങ്ങളില്‍ നിന്നും നോവലിസ്റ്റ് കണ്ടെത്തിയ വസ്തുതകളെ കഥപറച്ചിലിനായി ബോധപൂര്‍വ്വം ഉണ്ടാക്കിയ ഒരു ഫ്രെയിംവര്‍ക്കിലേക്ക് സന്നിവേശിപ്പിച്ച് ഒരു ചരിത്ര കാലഘട്ടത്തിന്റെ മങ്ങിപ്പോയ Textഇരുള്‍വഴികളിലേക്ക് വെളിച്ചം തെളിയിക്കുകയാണ് ഈ കൃതി. ഗവേഷക വിദ്യാര്‍ത്ഥികളായ കൃഷ്‌ണേന്ദു, ഇവാന്‍സ്, റഷീദ് എന്നിവരിലൂടെയാണ് കഥ വികസിക്കുന്നത്. കൃഷ്‌ണേന്ദുവിന് മുത്താച്ചി പറഞ്ഞു കൊടുക്കുന്ന ഭൂതകാലാനുഭവങ്ങളില്‍ ചരിത്രവും ജീവിതവും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഭൂതകാല സമൂഹത്തിലുണ്ടാക്കിയ മുറിവുകള്‍, പുലപ്പേടിയും മണ്ണാപ്പേടിയും പോലെയുള്ള ആചാരങ്ങള്‍, ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ നുണക്കഥകള്‍ തുടങ്ങിയ പല കാര്യങ്ങളിലും കൃഷ്‌ണേന്ദുവിന് അനുഭവപാഠം നല്‍കുന്നത് മുത്താച്ചിയാണ്. കലാപകാലത്ത് മലബാറില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരന്റെ ചെറുമകന്‍ എന്ന നിലയ്ക്ക് മുത്തച്ഛന്‍ മരിച്ചുവീണ മണ്ണില്‍ വന്ന് കലാപ സവിശേഷതകളെ കാലുഷ്യമേതുമില്ലാതെ തികഞ്ഞ അവധാനതയോടെ പഠിക്കാന്‍ ശ്രമിക്കുന്ന ശാന്തനായ ഇവാന്‍സ് നല്ല കഥാപാത്രമാണ്. പുതുകാലത്തിന്റെ ക്ഷുഭിത യൗവനത്തെ പ്രതിനിധാനം ചെയ്യുന്ന റഷീദിനുമുണ്ട് മലബാര്‍ കലാപകാലത്തേക്കു പടരുന്ന വേരുകള്‍. ഈ മൂന്ന് കഥാപാത്രങ്ങളിലൂടെ കഥ പറയുന്നതിനിടയ്ക്കും ചിലയിടങ്ങളില്‍ സ്വതന്ത്രമായി നോവലിസ്റ്റ് തന്നെ ആഖ്യാതാവുന്നതും കാണാം.

മാമാങ്കം പോലുള്ള വള്ളുവനാടന്‍ ദേശത്തിന്റെ ഐതിഹാസിക ചാവേര്‍ ചെറുത്തുനില്‍പ്പിന്റെ വീര്യത്തെപ്പോലും ഇടയ്ക്ക് ഓര്‍മ്മിച്ചു കൊണ്ട് ദേശത്തിന്റെ ഉള്ളില്‍ സ്വരുക്കൂട്ടി വെച്ച അഭിമാനബോധം ഒരു അവസരം വരുമ്പോള്‍ എങ്ങനെ പൊട്ടിത്തെറിക്കുന്നു എന്ന് നോവലിസ്റ്റ് പറയാന്‍ ശ്രമിക്കുന്നുണ്ട്.

ചരിത്ര വസ്തുതകളെ എവിടെയും വളച്ചൊടിക്കുകയോ ബോധപൂര്‍വ്വം പക്ഷം ചേരുകയോ ചെയ്തിട്ടില്ല. ശരിയാണെന്ന് പൂര്‍ണമായും ബോധ്യപ്പെട്ട കാര്യങ്ങളെ പറയാന്‍ ധൈര്യം കാണിക്കാതിരുന്നിട്ടുമില്ല. അതു കൊണ്ടു തന്നെ ഈ നോവല്‍ വായിക്കപ്പെടണം എന്നു തന്നെ ആഗ്രഹിക്കുന്നു. എന്റെ ‘അന്നിരുപത്തൊന്നില് ‘ നോടൊപ്പം ‘അന്തിമഹാകാല’ വും ഞാന്‍ ചേര്‍ത്ത് പിടിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.