കെ.ജി.രഘുനാഥിന്റെ ‘അന്തിമഹാകാലം’ പ്രകാശനം ചെയ്തു
മലബാർ കലാപത്തെ ചരിത്ര പശ്ചാത്തലത്തിലൂടെ ആവിഷ്കരിക്കുന്ന കെ.ജി.രഘുനാഥ് എഴുതിയ നോവൽ ‘അന്തിമഹാകാലം‘ പ്രകാശനം ചെയ്തു. പ്രശസ്ത ചരിത്രകാരൻ ഡോ.എം ജി എസ് നാരായണനിൽ നിന്നും പി.പി ശ്രീധരനുണ്ണി പുസ്തകം സ്വീകരിച്ചു. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലബാർ കലാപത്തെ സൂക്ഷ്മമായ ചരിത്ര പഠനത്തിലൂടെ ആവിഷ്കരിച്ചിട്ടുള്ള നോവലാണ് കെ.ജി.രഘുനാഥ് എഴുതിയ അന്തിമഹാകാലം എന്ന് എം ജി എസ് അഭിപ്രായപ്പെട്ടു.
ചരിത്ര നോവലുകളിൽ സത്യസന്ധത പുലർത്തുക ദുഷ്കരമാണെങ്കിലും അന്തിമഹാകാലം വായിക്കുമ്പോൾ നോവലിസ്റ്റ് പുലർത്തിയിരിക്കുന്നു സത്യസന്ധത ശ്രദ്ധേയമാണെന്ന് ശ്രീധരനുണ്ണി പറഞ്ഞു.
കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സംഘടിപ്പിച്ച നോവല്‍ ചര്‍ച്ച സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.
ഡോ. എന്‍. എം സണ്ണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ കെ .ജി .രഘുനാഥ് മുഹമ്മദ് ഷിയാസ്, ക്യാപ്റ്റന്‍ ബിനോയി തുടങ്ങിയവര്‍ സംസാരിച്ചു.
1921-ലെ മലബാര്‍ കലാപത്തെ അസ്പദമാക്കി, അക്കാലത്തെ സാമൂഹിക അന്തരീക്ഷവും മനുഷ്യരുടെ ചിന്താഗതികളും അടയാളപ്പെടുത്തുന്ന ചരിത്രവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു നോവലാണ് അന്തിമഹാകാലം. മലബാര്‍ കലാപത്തിനും ഒരു നൂറ്റാണ്ടുമുമ്പ് മലബാറില്‍ ജന്മിമാരും കുടിയാന്മാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനം ദേശീയ പ്രസ്ഥാനവുമായി കൈകോര്‍ത്തപ്പോള്‍ മലബാറില്‍ ഉണ്ടായത് കോണ്‍ഗ്രസ്സ് നോതാക്കന്മാര്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ്. അത്തരം സംഭവങ്ങളെ നോവലിലൂടെ ആവിഷ്ക്കരിക്കുകയാണിതില്‍. മലബാര്‍ കലാപത്തെക്കുറിച്ചു മാത്രമല്ല, കേരളത്തില്‍ നിലവിലിരുന്ന പുലപ്പേടി മണ്ണാപ്പേടി തുടങ്ങിയ അനാചാരങ്ങളെക്കുറിച്ചും അത് നിരോധിച്ചതിനെക്കുറിച്ചും നോവലില്‍ പറയുന്നുണ്ട്. അധ്യാപകനിലൂടെയും ചരിത്രാന്വേഷികളായ ഗവേഷണ വിദ്യാര്‍ത്ഥികളിലൂടെയും പ്രധാന കഥാപാത്രമായ മുത്താച്ചിയിലൂടെയും സംഭവങ്ങളെ അവതരിപ്പിക്കുന്നു. സ്മാര്‍ത്തവിചാരത്തെക്കുറിച്ചും മാമാങ്കത്തെക്കുറിച്ചുമുള്ള അവതരണത്തിലും സൂക്ഷ്മ പുലര്‍ത്തിയിട്ടുണ്ട്. കലാപ കാലത്ത് ജന്മിമാര്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പറയുന്നതോടൊപ്പം കുടിയാന്മാരായ മാപ്പിളമാരുടെ കഷ്ടപ്പാടുകളും അവരുടെ ദുരിതങ്ങളും നോവലിലുണ്ട്. മതങ്ങള്‍ക്കതീതമായി മാനവകുലം നിലകൊള്ളേണ്ടതാണെന്ന സന്ദേശമാണ് നോവലിസ്റ്റ് നല്‍കുന്നത്.
Comments are closed.