“ഏതു കാലമിതേതു ജീവിതമേതു ഭൂലോകം? നീ പതഞ്ഞുയരുമ്പോഴാകെ മറിഞ്ഞിതേ ലോകം!”
ഷീജ വക്കം രചിച്ച ‘അന്തിക്കള്ളും പ്രണയഷാപ്പും’ എന്ന പുസ്തകത്തെക്കുറിച്ച് ഇ പി രാജഗോപാലന്‍ എഴുതിയത്
പത്രവാർത്ത പോലെയല്ല കവിത. ഒരു വാർത്ത ആലങ്കാരികമായ ഭാഷയിൽ എഴുതുന്നതല്ല കവിത. പുതിയ അറിവാണ് കവിത. അതിനാൽ കവിതയ്ക്ക് വെളിപാടിന്റെ മട്ട് ഉണ്ട്. യാഥാർത്ഥ്യം കവിതയിൽ പ്രതിഫലിക്കുകയല്ല, പുതിയ ഒന്നായിത്തീരുകയാണ്. പുതിയ വിചാരമായി , പുതിയ തെളിവായി മാറുന്ന ചരിത്രവും ജീവിതവുമാണ് കവിത. കവിത ഒന്നിനും പകരമല്ല. അത് തനതായ അറിവും സംസ്കാരവുമാണ്.
ആവർത്തനത്തിന്റെ അരങ്ങല്ല കവിത. നിന്നേടത്തു തന്നെ നിന്ന് ഒരേ താളം പ്രതിബദ്ധതയോടെ ചവിട്ടുന്നവരെയല്ല കവികൾ എന്നു വിളിക്കേണ്ടത്. അപ്രവചനീയമായ വചനങ്ങൾ , പുതിയ വ്യാഖ്യാനങ്ങളിൽ മാത്രം തെളിയുന്ന ഭാഷയുടെ ഉണർച്ചകൾ, അർത്ഥാന്വേഷണത്തിനായി വായനക്കാരെ പ്രചോദിപ്പിക്കുന്ന വേളകൾ : ഇതൊക്കെയാണ് കവിതയെ ജീവനുള്ള ഒന്നാക്കുന്നത്. മാധവിക്കുട്ടി പറഞ്ഞതുപോലെ കവിത വായനക്കാർക്കായി പക്വമാവുകയല്ല, വായനക്കാർ കവിതക്കായി പക്വത നേടുകയാണ് വേണ്ടത്. ഷീജ വക്കത്തിന്റെ കവിതകൾ ലാളിത്യത്തിന്റെ സാമാന്യ — popular – തത്ത്വത്തിന് വഴങ്ങിക്കൊടുക്കുന്നവയല്ല. ഷീജ വക്കം ഒരു ചോദ്യത്തിന്ന് മറുപടിയായി പറയുന്നു: “പൗരാണികത, ജീവന്റെ ചരിത്രം, പ്രപഞ്ചമെന്ന മഹാദ്ഭുതം, പ്രേതലോകങ്ങൾ ഇതിലൊക്കെ ( എനിക്ക് ) ഭയങ്കരതാല്‌പര്യം. മിത്തുകൾ ഇഷ്ട വിഹാരകേന്ദ്രങ്ങൾ . ” വായനക്കാർക്ക് കോരി യെടുത്തു നുണയാവുന്ന കവിതകളല്ല ഷീജയുടെ കവിതകൾ . നുണയാൻ ഒരുമ്പെട്ടാൽ നുണയുന്നയാളിന്റെ നാവ് കീറിപ്പൊളിഞ്ഞുപോയെന്നും വരും.
പി.കുഞ്ഞിരാമൻ നായരിലെന്നപോലെ അസാധാരണമായ ദർശനങ്ങളുടെ – epiphany യുടെ — അനുഭവം ഷീജ വക്കത്തിന്റെ കവിതകളിൽ വായിക്കാൻ കഴിയുന്നുണ്ട്. ഗൗരവത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മലയാളം ഈ കവിതകളിൽ നടക്കുകയും ഓടുകയും ഇരിക്കുകയും നൃത്തമാടുകയും ചിലപ്പോൾ പറക്കുകയും ചെയ്യുന്നു . എവിടെയും , ഒരിക്കലും ലാസ്യനടനം കാണാനുമാവില്ല.
കള്ളുഷാപ്പിനെ വ്യത്യസ്തമായി സങ്കല്പിക്കുന്ന , ‘അന്തിക്കള്ളും പ്രണയഷാപ്പും ‘ എന്ന കവിതയിൽ സ്വതന്ത്രമായ ഭാവനയുടെയും ഗൗരവത്തോടെയുള്ള ജീവിതാലോചനയുടെയും ചേർച്ച കൊണ്ടുണ്ടാവുന്ന വിചിത്രമായ സൗന്ദര്യം ഉണ്ട്. പെൺകവി എഴുതിയ കള്ളുഷാപ്പ് അപരിചിതമായ അറിവും വേറിട്ട സൗന്ദര്യവുമായി മാറിയിരിക്കുന്നു. ഈ കവിതയെ നോക്കി വായനക്കാരും പറഞ്ഞേക്കും : ” ഏതു കാലമിതേതു ജീവിതമേതു ഭൂലോകം ? നീ പതഞ്ഞുയരുമ്പോഴാകെ മറിഞ്ഞിതേ ലോകം!”
നല്ല കവികൾ ലോകത്തിന്റെ അർത്ഥം കൂട്ടുന്നവരാണ്. കവിത സമൂഹത്തിൽ പ്രവർത്തനം നടത്തുന്നത് ഈ അർത്ഥ സംസ്കാരത്തിലൂടെയാണ്. എല്ലാവർക്കും അറിയുന്ന, ഭൂരിപക്ഷത്തിനും എതിരഭിപ്രായമില്ലാത്ത കാര്യങ്ങൾക്ക് വാക്കുകൾ കൊണ്ട് സൗന്ദര്യക്കുപ്പായം തുന്നുന്ന പണിയല്ല കവിത . ഈ കുപ്പായപ്പണി എളുപ്പപ്പണിയാണ്. അതിന് പെട്ടെന്ന് ജനപ്രീതി കിട്ടുമായിരിക്കും. അത് വേണ്ട എന്ന് തീരുമാനിക്കുകയും കവിത വേറെ ഒരു നിലയാണ് എന്ന് തെളിയിക്കുകയും ചെയ്യുന്നയാളാണ് നല്ല കവി. കവിത സുഖാനുഭവമല്ല എന്നും വാഴ് വിന്റെ സങ്കീർണ്ണത ബോധ്യപ്പെടുത്തലാണ് എന്നും ഷീജ വക്കത്തിന്റെ രചനകൾ ധ്വനിപ്പിക്കുന്നു.
” കവിത കത്തിപ്പിടിക്കുന്ന
മേൽപ്പുരയ്ക്കടിയി–
ലാളിപ്പടർന്നു തീഗോളമായ് ,
ചിതറി വീണടങ്ങും വരെ,
വെന്തു വെന്തുരുകൂ നീ
നിത്യദു:ഖിയെൻ ജീവനേ …” എന്ന് ഒരു കവിതയിൽ (‘ ദഹനം’ ) ആത്മകഥയെഴുതുമ്പോൾ താൻ വ്യത്യസ്തയാണ് എന്ന് ഷീജ വക്കം അറിയിക്കുകയാണ് .
” ഇരുട്ടത്തുയിർ കത്തിച്ച
വെളിച്ചം പുകച്ചൊരാൾ
മനസ്സിൻ ചൂണ്ടയിൽ
വാക്കിൻ,
പിടയ്ക്കും നീന്തൽ
കോർത്തുവോ ,
തൊട്ടു പോകരുതാ വാക്കിൻ
തിളങ്ങും ശല്ക്കമൊന്നിനെ ,
വെട്ടുവാൻ വാ പിളർന്നാലോ
തുരുമ്പിയ്ക്കുമേ മൂർച്ചകൾ ” എന്ന് മുന്നറിയിപ്പു തരുന്ന കവിതയാണ് ‘കത്തി’.
ഈ കവിതയിൽ പറയുന്നത് കവിതാനിർമ്മാണത്തെപ്പറ്റിയുള്ള
വ്യത്യസ്തമായ തത്ത്വമാണ്. വാക്കിന്റെ മേലുള്ള മർദ്ദനമല്ല കവിത എന്ന് ഷീജ വക്കത്തിന് അറിയാം. .
അതുപോലെ കവിതയെ തനിക്ക് തടുത്തു നിർത്താനാവില്ല എന്നും കവിത ഡ്രാക്കുളയെപ്പോലെ തന്റെ ഉയിരെടുക്കുന്ന, തന്റെ മുഴുവനായ ശ്രദ്ധ ആവശ്യമായ പ്രവർത്തനമാണ് എന്നും കവി എന്നയാളിന്റെ കവിയല്ലാത്ത നേരങ്ങൾ സംഘർഷം നിറഞ്ഞതാണ് എന്നും വെളിവാക്കുന്ന ഒരു കവിതയും ഈ സമാഹാരത്തിൽ ഉണ്ട് .
ഈ സത്യവാങ്മൂലത്തിന്, സമർപ്പണബോധത്തിന് പി. കുഞ്ഞിരാമൻ നായരുടെ പേരിലുള്ള പുരസ്കാരം കിട്ടുന്നത് സ്വാഭാവികം മാത്രമാണ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.