DCBOOKS
Malayalam News Literature Website

ഉലകില്‍ നമ്മെ ഉലയ്ക്കുമാശങ്കകള്‍…

അസീം താന്നിമൂടിന്റെ “അന്നുകണ്ട കിളിയുടെ മട്ട്” എന്ന പുസ്തകത്തിന്  ഇ എം സുരജ എഴുതിയ വായനാനുഭവം

അസീം താന്നിമൂടിന്റെ പുതിയ സമാഹാരം`അന്നുകണ്ട കിളിയുടെ മട്ട്’ വായനയ്ക്ക് എടുക്കും മുമ്പേ പൂതപ്പാട്ടിന്റെ അനുരണനത്തോടെ ഒരു ചോദ്യം ഉള്ളില്‍ ഉണര്‍ന്നിരുന്നു: ‘എവിടെ നിന്നാണീ കിളി വരുന്നത്..?’.തുഞ്ചന്റെ കിളിമകള്‍ മുതല്‍ നിരവധി കിളികള്‍ നമുക്കു പരിചിതരാണ്. `വാനമേ,ഗഗനമേ, വ്യോമമേ,സുരസിദ്ധസ്ഥാനമേ,വിഹായസ്സേ, നഭസ്സേ നമസ്കാരം !’ എന്ന് ആകാശത്തിനു മുമ്പില്‍ വിനീതരാകുന്ന വള്ളത്തോള്‍ കവിതയിലെ കിളികള്‍,’വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ, ഞാനൊട്ടു വാനില്‍ പറന്നു നടക്കട്ടെ’ എന്ന് സ്വാതന്ത്ര്യത്തിന്റെ ആകാശം സ്വപ്നം കാണുന്ന ബാലമണിയമ്മക്കവിതയിലെ കിളി,`മഴു തിന്ന മാമരക്കൊമ്പില്‍ തനിച്ചിരുന്ന് ഒടിയാച്ചിറകു ചെറുതിളക്കി’ നഷ്ടപ്പെട്ട ആകാശത്തെക്കുറിച്ചു പാടുന്ന സുഗതകുമാരിക്കവിതയിലെ പക്ഷി, `ഇവിടെയുണ്ട് ഞാ,നെന്നറിയിക്കുവാന്‍ മധുരമാമൊരു കൂവല്‍ മാത്രംമതി’ എന്ന് കവിതയുടെ ആകാശത്തില്‍ അടയിരിക്കുന്ന പി പി രാമചന്ദ്രന്റെ കിളി… അങ്ങനെ തുടരുന്ന കവിതകളുടെ  കണ്ണികളില്‍ ഏതെങ്കിലുമൊന്നായിരിക്കുമോ ഈ കിളിയുടെ ആകാശം?

സമാഹാരത്തിരൂടെ കടന്നുപോകുമ്പോള്‍ വളരെവേഗം ശ്രദ്ധയില്‍പ്പെടുക ‘ഞാന്‍’ എന്ന ഭാരവും താങ്ങി നടക്കുന്ന ഒരു കവിയുടെ സാന്നിധ്യത്തെയാണ്.കവിതയുടെ അത്താണിയില്‍ അയാള്‍ ഭാരമിറക്കുകയും വീണ്ടും ഏറ്റുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ യാത്രയിലുടനീളം അത്താണിയും കൊണ്ടു നടക്കാനാകില്ലല്ലോ..!അതിനാല്‍ മറവിയില്‍പ്പോലും ആണ്ടുപോകാതെ ഭാരം എപ്പോഴും കവിയുടെ കൂടെത്തന്നെ ! ചിലപ്പോള്‍, ഹൃദയമുണ്ടായിട്ടും ഇല്ലെന്നു സ്വയം വിശ്വസിക്കുന്ന അത്താണിയാവുന്നു; പ്രയോജനമൊന്നുമില്ലെന്ന് ആത്മമഗതം ചെയ്യുന്നു:

”ലോകത്തെ
ഏറെ ഭാരമുള്ളൊരു
ഗോളമാക്കി
മടിയിലേറ്റിയിരിക്കുകയാണെന്ന്
തോന്നിപ്പോകുന്ന”(നീണ്ട ഒരു മൗനത്തിന്റെ നിഴല്‍) രീതിയിലുള്ള ആ ചടഞ്ഞിരിപ്പ് അയാളുടേതു തന്നെ.ചെരുപ്പ് എന്ന കവിതയിലും കാണാമത്. സ്വന്തം ഉടലില്‍പ്പോലും ചിലപ്പോള്‍ അയാള്‍ക്ക് ശരിക്കിരിക്കാന്‍ കഴിയുന്നില്ല. പ്രിയചങ്ങാതിയുടെ മരിപ്പിനുപോയി തിരിച്ചു പോരുമ്പോള്‍ ആരുടേയോ പഴഞ്ചനും പാകമാകാത്തതുമായ ചെരുപ്പ് അയാള്‍ മാറിയിട്ടുകൊണ്ട് പോരികയാണ്. പിറ്റേന്നു പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് തന്റെ ചെരുപ്പ് നഷ്ടപ്പെട്ടതായി അറിയുന്നത്; ആരു കൊണ്ടുപോയി തന്റെ പുത്തന്‍ പാദുകമെന്ന് വിഷാദിക്കുന്നത്. ആ വേളയില്‍ തന്നെ മരിച്ച ചങ്ങാതീടെ അകന്ന ബന്ധു അയാളുടെ ചെരുപ്പ് അന്വേഷിച്ചു വന്ന് വളരെ നിസ്സാരമായി സ്വന്തം ചപ്പലണിഞ്ഞു മടങ്ങിപ്പോകുന്നു. എന്നാല്‍ അവിടെ കവിയോ..!?

”തലേന്നതേ ചെരു
പ്പണിഞ്ഞു പാകത്തില്‍
നടന്ന ഞാനെന്നില്‍
തിരുകിയേറുന്നു…”(ചെരുപ്പ്) എന്ന നിലയിലേയ്ക്ക് പിന്‍മടങ്ങുകയാണ്. തലേന്ന് തിരിച്ചു പോരുമ്പോഴേ Textമാറിയതല്ലേ ചെരിപ്പ്?അപ്പോൾ അതറിയാഞ്ഞത് എന്തുകൊണ്ടാവും?   ഒരൊറ്റ രാത്രികൊണ്ട് സ്വന്തം ചെരുപ്പിലേയ്ക്കെന്നപോലെ സന്തം ശരീരത്തിലേയ്ക്ക് സ്വയം തിരുകിയേറ്റേണ്ടി വരുന്നത് എന്തുകൊണ്ടാവും..? ദുഃഖം അതിപരിചിതങ്ങളെ അപരിചിതങ്ങളും പരിചിതങ്ങളെ അതിപരിചിതങ്ങളുമാക്കുന്നു എന്നതുകൊണ്ടു മാത്രമല്ല ഇത്. ഓര്‍മ്മകള്‍ മോന്തി മോന്തി ഉള്ളിലെ ഞാന്‍ ചീര്‍ത്തുപോയതു കൊണ്ടാവാം. അല്ലെങ്കില്‍ അന്യന്റെ അപാകമായതിനെ ഉപേക്ഷിച്ച് പഴഞ്ചനായ തന്നെ വീണ്ടെടുത്ത മനുഷ്യനു മുന്നില്‍ തന്നിലെ ‘ഞാന്‍’സ്വയം ചെറുതായിപ്പോയതു കൊണ്ടുമാവാം നേരത്തെ പറഞ്ഞ ദ്വന്ദ്വ വ്യക്തിത്വം പ്രസക്തമാകുന്നത് ഇവിടെയാണ്:  സ്വന്തം ഉടലില്‍പ്പോലും ശരിക്കിരിക്കാനാവാതെ  അപരത്വം തെളിയുന്നു!

അസീമിൻ്റെ കവിതകളിലെ ‘ഞാന്‍’ എന്ന കഥാപാത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അയാള്‍ എപ്പോഴും തനിക്കുള്ളിലെ അപരനുമായി സംവാദത്തിലോ സംഘര്‍ഷത്തിലോ ഏര്‍പ്പെട്ടുകൊണ്ടിരിക്കയാണെന്നതാണ്.

”എപ്പോഴുമുച്ചിക്കുമേല്‍
ശിരസ്സുകുത്തി മേലോ-
ട്ടുയര്‍ന്നു കൈയും കാലു-
മിളക്കിക്കളിക്കുന്നു
മറ്റൊരാള്‍-ആരായിടാം..?”
(ആരാവാം..?)

ഇറക്കിവിടാന്‍ പലമട്ടു ശ്രമിച്ചിട്ടും ഇറങ്ങിപ്പോകാത്തൊരാളാണത്. തനിക്കല്ലാതെ മറ്റൊരാള്‍ക്കും കാണാനാകാത്ത ഒരാള്‍. അയാളാണോ താനാണോ സത്യം എന്ന ചോദ്യത്തിന്റെ അലകള്‍ ഈ സമാഹാരത്തിലെ പലകവിതകളിലും പ്രത്യക്ഷപ്പെടുന്നതും കാണാം.
“വലത്തേത്തുടയിലൊരു
കുതിരക്കുതിപ്പ്.
ഇടത്തേത്തുടയിലൊരു
കടിഞ്ഞാണ്‍ കനപ്പ്.

ഇടനെഞ്ചിനുള്ളില്‍ നിന്‍
തുള്ളിത്തുടിപ്പ്.
വലംനെഞ്ചിനുള്ളില്‍ നിന്‍
തേറ്റത്തുളപ്പ്
(ഇടത്ത് വലത്ത്).

”…തനിയെയല്ലൊന്നും.
ഉടലിനപ്പുറ-
ത്തൊരാളുണ്ടെപ്പൊഴും”
(ഒരാള്‍)

അങ്ങനെ,  വിവിധ രീതിയില്‍ പ്രത്യക്ഷപ്പെടുന്ന അപരനെ കാണാം. ചിലപ്പോള്‍ വഴിയില്‍ നിന്നു കിട്ടിയ `കണ്ണും കാതും കയ്യു’മെല്ലാം ചേര്‍ത്ത് അയാള്‍ തന്നെ ആ അപരനെ മെനഞ്ഞെടുക്കാന്‍ ശ്രമിക്കുന്നു. ജീവന്‍ കിട്ടുമ്പോള്‍, ആ രൂപം തെരുവിലേയ്ക്കു തന്നെ ഇറങ്ങി ഓടുകയും ചെയ്യുന്നു. (‘തനിച്ച്’). അപ്രകാരം സ്ഥിരതയില്ലാത്ത ആ അപര വ്യക്തിത്വമാണ് കവിയുടെ കാവ്യജീവിതത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍, ഈ അപരനാണ് കവിതയെഴുതുന്ന  ‘ഞാന്‍’. വ്യക്തിയായ, സാമൂഹിക ജീവിയായ  ‘എന്നെ’ ,അല്ലെങ്കില്‍ ഭൗതികയാഥാര്‍ത്ഥ്യത്തെ നിരന്തരം പ്രതിസന്ധികളില്‍ ആക്കിക്കൊണ്ടിരിക്കുന്നതും ആ അപര വ്യക്തിത്വമാണ്.

സാധാരണ ഒരു മനുഷ്യനായി ജീവിക്കാന്‍ കുറച്ച് ‘ആംഗ്യ’ങ്ങളും ‘നാട്യ’ങ്ങളും മാത്രംമതി. ”രാവിലെ ഉണര്‍ന്നാലുടനെ അഴിഞ്ഞുപോയ ഉടുതുണിയെടുത്ത് അരയില്‍ തിരുകുക, കണ്ണാടിക്കു മുമ്പില്‍ ചെന്ന് മൂരിനിവര്‍ക്കുക, കുപ്പായത്തിന്റെ കോളര്‍ നേരെയാക്കുക, കണ്ണടയും ഹെല്‍മറ്റും ധരിക്കുക…”അങ്ങനെ യാന്ത്രികമായി സംഭവിക്കുന്ന ആംഗ്യങ്ങളിലൂടെ ജീവിക്കുകയാണെന്നു തോന്നിപ്പിക്കുക.ഒപ്പം തൃപ്തിതന്നിണക്കുന്ന ഹൃദ്യതയുടെ സല്‍ക്കാരങ്ങള്‍ സ്വീകരിച്ച്,ചിരിക്കുന്ന മുഖംമൂടിയണിഞ്ഞ്,സുഖമാണെന്നു ഭാവിക്കുക. ഇത്രയൊക്കെയേ വേണ്ടൂ, സാമൂഹിക വ്യക്തിയായ  ‘എനിക്ക്’ ജീവിക്കാന്‍. പക്ഷേ, കവിയായ  ‘ഞാന്‍’ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ മേല്‍പ്പറഞ്ഞ സാധാരണ ജീവിതം അസഹ്യമോ അസാധ്യമോ ഒക്കെ ആയിമാറുന്നു. തനിച്ച് എന്ന അവസ്ഥ സൃഷ്ടിച്ച് ജീവിതം നേരെയാക്കാന്‍ ശ്രമിക്കുമ്പോള്‍ എങ്ങോട്ടു ചലിച്ചാലും `വീട്ടിലേയ്ക്കുള്ള വഴി പിടിച്ചു വലിക്കും'(ആംഗ്യം), ശിരസ്സിനുമേലിരിക്കുന്ന പാദങ്ങള്‍ അലങ്കാരമല്ലെന്നു(നാട്യം) തിരിച്ചറിയും. പരിധി വിട്ട് എന്തു കൂര്‍ത്തതായ് കണ്ടാലും ഹാലിളകും. കൂട്ടുകാരിയോടുപോലും നിരന്തരം കലഹിക്കും(കൂര്‍പ്പ്). കവിയായ ‘ഞാന്‍’ കവിയല്ലാത്ത ‘ഞാന്‍’ എന്ന അപരത്തിന്റെ ജീവിതത്തെ ദുസ്സഹമാക്കും.

കവിയിലെ ഈ അപരന് എന്താണു വേണ്ടത്..?തൊട്ടുമുന്നില്‍ പ്രപഞ്ചമെത്തുമ്പോള്‍ ഒട്ടൊന്നു തളിര്‍ക്കണം.അപ്പോള്‍
“മഞ്ഞുതുള്ളിയ-
താകെ നെഞ്ചേറ്റിടും.
കുറ്റിരുട്ടും
നിലാമയമായിടും.
നീണ്ടകാലമ-
തുണ്ടാകുമെന്നൊരു
മൂഢധാരണ
യേറ്റും പരസ്പരം”(മൗഢ്യം).അതുമാത്രമല്ല;

“നന്നായി മിടിക്കുകില്‍
മനസ്സു കരങ്ങളില്‍
വല്ലതുമാശിച്ചുപോം.
കണ്ണുകളതിനായി-
ട്ടുഴലും…കണ്ടെത്തീടും.
കൃത്യമായതുകൊണ്ട-
തുള്ളിരിപ്പാവിഷ്കരി-
ച്ചെടുക്കും…ആശ്വസിക്കും(മിടിപ്പുകള്‍).

എന്നുവച്ചാല്‍ കവിത മെനയണം. നിസ്സാരമെന്നു ലോകത്തിനു തോന്നുന്ന ഇത്തരം ആഗ്രഹങ്ങളെപ്രതിയാണ് അയാള്‍ ജീവിക്കുന്നത്. അതില്‍ ചിലതൊക്കെ കഠിനവുമാണ്.അതിനാല്‍ത്തന്നെ ലോകത്തോട് ഇടയ്ക്കിടെ ക്ഷമാപണം ചെയ്യേണ്ടതായും വരുന്നു:

”മായ്ച്ചിടേണ,മിടയ്ക്കിടയ്ക്കുള്ളിലെ
ഭ്രാന്തുതീര്‍ക്കാനെറിച്ചു മിന്നുമ്പൊഴാ
വീചിയേറ്റു തിണര്‍ത്തതിന്‍ പാടുകള്‍”(ക്ഷമിക്കണം)

ലോകം ക്ഷമിച്ചാലും ഇല്ലെങ്കിലും ഉലകില്‍ അയാളുടെയും നമ്മുടെ ഓരോരുത്തരുടേയും ഉള്ളുലയ്ക്കുന്ന സംഘര്‍ഷങ്ങളെ ഊറ്റിയൂറ്റിയെടുത്ത് അയാള്‍ വീണ്ടും വീണ്ടും കവിതയുണ്ടാക്കുന്നു;കടലിന്റെയും കാടിന്റെയും ആകാശത്തിന്റെയും ഭാഷപഠിക്കുന്നു:

”കടലു വ്യക്തത,കാടു സുവ്യക്തത,
അകലെയെങ്കിലും വാനിടം കൃത്യത.
പ്രണയമോ ചെടിപ്പുള്ളവ…നമ്മളില്‍
സകല ബോധ്യവുമവ്വിധമായ,താ
മിഴിയില്‍ ബിംബിച്ചിടുന്നോരു മിഥ്യയി-
ലടിയുറച്ചുപോയെന്നതു തന്നെയാം”(കടല്‍ കാട് ആകാശം)

എന്നാല്‍,എഴുതിയിട്ടും കഴിഞ്ഞുപോകാതെ ‘ഞാന്‍’എന്നത് വിഷാദമായി കവിയെ ചുറ്റിപ്പിടിക്കുകയാണ്.അന്ന് സന്ധ്യയോടെ ഗ്രന്ഥാലയത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കവികണ്ട ആ കിളിയെ, ഒന്നുകൂടിയൊന്നു കണ്ടുവരാം:

”ചന്തമുള്ള കിളിയാണു,കൂക
ലിമ്പമോടെയാ,ണെല്ലാ നിറവു
മിന്നിരീശ്ശേ മെനഞ്ഞമെയ്യാണ്.
ഗൂഢഭാവമാ,ണെപ്പൊഴും കണ്‍ക-
ളിപ്രപഞ്ചഭരിതവുമാണ്..”(അന്നുകണ്ട കിളിയുടെ മട്ട്)

അങ്ങനെയൊരു കിളിയെ,അതും പുല്ലുവള്ളിപ്പടര്‍പ്പില്‍ കുരുങ്ങിപ്പോയ കിളിയെ കണ്ടപ്പോള്‍ ഒരാഗ്രഹം തോന്നുന്നു അഖ്യാതാവിന്;തേനും വയമ്പും കൊടുത്ത് ഈ കിളിയെ നന്നായി മെരുക്കി എടുത്താല്‍ അതു തന്നെ ഏറ്റുപാടില്ലേ എന്ന്.(അനുസരണയുള്ള വളര്‍ത്തു നായയെപ്പോലെ തന്നെയാകണം- ‘വളര്‍ത്തു നായയും ഞാനും’മനുഷ്യരെ അനുവര്‍ത്തിക്കുന്ന കിളിമൊഴികളെയും ഓമനിക്കുന്നത്- ഈഗോകള്‍ –  പലതരം സംതൃപ്തികള്‍…) അതിനെപ്പിടിച്ച്, വീട്ടിലെത്തിച്ച് കൂട്ടിലാക്കി. കിളിക്ക് ജീവിത പരിസരം സ്വാഭാവികമെന്നു തോന്നും പ്രകാരം ആകാശവും ഭൂമിയും ചേര്‍ന്ന ചിത്രപടം വരച്ച് കൂട്ടിനരികെ വക്കുന്നു. പോകെപ്പോകെ കിളി കൂടുമായി ഇണങ്ങുന്നതായി കരുതുന്നു. ഇനിയതു പറന്നുപോകില്ലെന്ന വിശ്വാസത്തിലേയ്ക്ക് എത്തിച്ചേരുന്നു. എന്നാല്‍ ഒരു ദിവസം അതിന്റെ കൂടൊന്നു തുറന്നതേയുള്ളൂ. പാത്തിരുന്നപോലെ അതൊരൊറ്റപ്പറക്കലാണ്..! എങ്ങനൊക്കെയോ പിന്നാലെ പാഞ്ഞ് കിളിയെ തിരിച്ചു പിടിക്കുന്നുണ്ട്. പക്ഷേ,പെട്ടപാടേ കിളിയുടെ പ്രത്യക്ഷമട്ടങ്ങ് മാഞ്ഞു പോകുന്നു..! നെഞ്ചിന്‍ കൂട്ടില്‍ ആ കിളിയുടെ അപ്രത്യക്ഷ മട്ടുണരുന്നു..!

അങ്ങനെ ഉണര്‍ന്ന കിളിയുടെ ഭാവമോ,

”കൂരിരുട്ടിലാപ്പെട്ടതുപോലുള്‍
ക്കോണില്‍ നിന്നാ ചിറകടിയൂക്ക്.
കൂര്‍ത്തകൊക്കിന്റെ മൂര്‍ച്ചകളേല്പി-
ച്ചാണിരിപ്പ്..!പറന്നകലാന്‍ നഖ-
ക്കൂര്‍പ്പിറക്കിറക്കിടും പോലതിന്‍ ലാക്ക്..!
മുള്ളുവള്ളിപ്പടര്‍പ്പില്‍ക്കുരുങ്ങി-
യന്നുകണ്ട കിളിയുടെ മട്ട്..”
(അന്നുകണ്ട കിളിയുടെ മട്ട്)

വല്ലാതെ ഭയന്നുപോയ  കിളിക്ക് അകമേ പ്രിയപ്പെട്ട പലതും ഒരുക്കിക്കൊടുത്തും ആകാശത്തിന്റെയും കാടിന്റെയും പ്രതീതിയില്‍ ചിത്രങ്ങള്‍ വരച്ചുകൊടുത്തും വീണ്ടും  ഇണക്കിയെടുക്കാന്‍ ശ്രമിക്കുന്നു. എപ്പോള്‍ വിളിച്ചാലും ഹൃദയത്തിലേയ്ക്ക് എത്തുന്ന നിലയില്‍ കിളിയെ മെരുക്കുകയും ചെയ്യുന്നു. എന്നാല്‍, കവിതയുടെ രണ്ടാം ഭാഗത്ത് പാരിടത്തില്‍ വിവിധതരം വള്ളിപ്പടര്‍പ്പില്‍ പിണഞ്ഞുപോയ കവി തന്നെയാകുന്നു, കിളി; ആ കിളിയുടെ മട്ടോ, കവിതകളുടേയും!

”ഭൂമുഖത്തെഴും ശൂന്യതയൊക്കെ
പാറിയെത്തിയെന്നുള്ളം കവിഞ്ഞു.
വാതിലെല്ലാം വലിഞ്ഞങ്ങടഞ്ഞു.
ആസകലം മരവിപ്പു പാഞ്ഞൊ-
രാത്മപിണ്ഡയ് വീണങ്ങടിഞ്ഞൂ..!

തൊട്ടടുത്ത ദിവസമേതോകിളി
വട്ടമിട്ടങ്ങുയരെപ്പറന്നു..!”(അന്നുകണ്ട കിളിയുടെ മട്ട്)

ഇമ്പമോടെ കൂകാനറിയുന്ന, എല്ലാ നിറങ്ങളും ഇത്തിരീശ്ശേ മെയ്യിലണിഞ്ഞ,പ്രപഞ്ചത്തിന്റെ നിഗൂഢഭാവങ്ങള്‍ ഉള്ളിലൊതുക്കുന്ന ആ കിളി പിന്നീട്, ദേഹം വിട്ടു പറന്നുയര്‍ന്ന ദേഹിയായി മാറുന്നു, ജഡത്തിനു മേല്‍ വട്ടമിട്ടു പറക്കുന്ന കഴുകന്റെ ഉഗ്രഭാവവും അതിനു വന്നു ചേരുന്നു!

ഇവിടെ നിന്ന് ഈ സമാഹാരത്തിലെ കവിതകളെ വീണ്ടും വായിച്ചു തുടങ്ങാം; അർത്ഥങ്ങളുടെ പുതിയ ആകാശം കാത്തിരിക്കുന്നുണ്ട്, തീർച്ച.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.