DCBOOKS
Malayalam News Literature Website

ആത്മബോധത്തിന്റെ ചൈതന്യവും സത്തയും…

അസീം താന്നിമൂടിന്റെ “അന്നുകണ്ട കിളിയുടെ മട്ട്” എന്ന പുസ്തകത്തിന്  ദേവേശന്‍ പേരൂര്‍ എഴുതിയ വായനാനുഭവം 

കവിതയൊരു ദര്‍പ്പണമല്ല. സാമൂഹ്യവും സാംസ്‌കാരികവുമായ പ്രതിനിധാനങ്ങളുടെ ചിഹ്നസംഘാതവുമല്ല. മനുഷ്യജീവിതത്തെ പുനര്‍ നിര്‍മിച്ചെഴുതുന്ന അനുഭൂതിയുടെ സവിശേഷമായ ആഖ്യാനമാണത്. അതുകൊണ്ടാണ് ‘Poetry is a Mistry’ എന്ന് നടാഷ മെന്‍ഡല്‍ വിശേഷിപ്പിക്കുന്നത്. അതാവട്ടെ അറിയുന്നതില്‍ നിന്ന്​ അറിയാത്തതിലേയ്ക്കുള്ള എടുത്തുചാട്ടം കൂടിയായിത്തീരുന്നു. ജീവിതത്തെക്കുറിച്ചുള്ള പുതിയതരം അവബോധത്തിലേയ്ക്കാണ് കവിതകള്‍ നമ്മെ ആനയിക്കുന്നത്.

വര്‍ത്തമാനകാലത്തെ മുന്‍നിര്‍ത്തി കവിതയെ പരിശോധിക്കുമ്പോള്‍ ഹിംസാരഹിതമായ ഒരു ആത്മബോധത്തിലേയ്ക്ക് മനുഷ്യരെ നയിക്കുകയും മനസിനെ സംസ്‌കരിച്ചെടുക്കുകയും ചെയ്യുക എന്നത് കവിതയുടെ ബാധ്യതയായി മാറിയിട്ടുണ്ട്. അസീം താന്നിമൂട് എന്ന കവി ഇതു നന്നായി തിരിച്ചറിയുന്ന മലയാളത്തിലെ ശ്രദ്ധേയനായ കവിയത്രെ. യാന്ത്രികമായ സാരോപദേശങ്ങള്‍ കുത്തിനിറയ്ക്കുന്ന വെറും ഭാഷാരൂപമായല്ല അസീം കവിതയെ കരുതിപ്പോരുന്നത്. വാക്കിന്റെ ജൈവശക്തിയില്‍ ഉരുവം കൊള്ളുന്ന ആത്മബോധത്തിന്റെ ചൈതന്യവും സത്തയുമാണത്. അന്നു കണ്ട കിളിയുടെ മട്ട് എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാപുസ്തകം ജീവിതാവബോധങ്ങളുടെ ജ്ഞാനവഴികളിലൂടെ നമ്മെ കൊണ്ടുപോകുന്ന സവിശേഷമായ വാക്കിന്റെ വഴിവെട്ടുന്നു.

സമാഹാരത്തിലെ പ്രധാന കവിതകളില്‍ ഒന്നായ ‘അണ്ടിക്കഞ്ഞി’ മനുഷ്യരുടെ മനസ്സിന്റെ അടിത്തട്ടില്‍ ഊറിക്കിടക്കുന്ന അധാര്‍മ്മികതയുടെയും അമാനവികതയുടെയും തലങ്ങളെ ആഴത്തില്‍ തൊട്ടുണര്‍ത്തി അഹിംസയുടെ നിര്‍മല ഭാവങ്ങളിലേയ്ക്ക് നമ്മെ ഉണര്‍ത്തുന്നു. പ്രകൃതിയുടെയും ജീവന്റെയും നിലനില്‍പ്പുകളെ വെല്ലുവിളിക്കും വിധം ഹിംസാത്മകമായിത്തീരുന്ന ദുര മൂത്ത മനുഷ്യവൃത്തികളെ അനുകമ്പയുടെയും ധാര്‍മികതയുടെയും മറുതലം കൊണ്ട് പ്രത്യക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഈ കവിതയിലൂടെ കവി. യഥാര്‍ത്ഥത്തിലും കവിയുടെ ധാര്‍മികതയാണ് കവിതയായി ഊറിനില്‍ക്കുന്നത്. തന്റെ വ്യക്തിത്വത്തിന്റെ ആവിഷ്‌കാരം കൂടിയാണ് അസീം താന്നിമൂടിന് തന്റെ കവിത.

മൂലധനവും അധികാരവും അതിന്റെ ദുര മൂത്ത വ്യാജ മനുഷ്യമാതൃകകളും കൂടിച്ചേര്‍ന്നാണ് ജീവിതത്തെ ആശങ്കാഭരിതമാക്കുന്നത്. മധുവൂറുന്ന മാമ്പഴവും അതിനുള്ളില്‍ കരുതലോടെ കരുതിവെച്ച ഭാവിയുടെ ബീജാന്നവും ആസ്വാദനത്തിന്റെയും അനുഭൂതിയുടെയും വ്യത്യസ്ത ലോകങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. നമ്മുടെ സൗന്ദര്യബോധം മാമ്പഴമൂറുന്ന മധുരം നുണയുമ്പോള്‍ ആര്‍ത്തി പൂണ്ട ഉപഭോഗതൃഷ്ണ അണ്ടിപ്പരിപ്പിനെക്കൂടി കൊത്തിപ്പിളര്‍ന്ന് രുചിക്കുന്നു. പാരിസ്ഥിതികവും മാനുഷികവുമായ നമ്മുടെ സൗന്ദര്യനിക്ഷേപങ്ങളെ മുഴുവനും ഊറ്റിയെടുത്ത് ജീവന്റെ അസ്തിത്വത്തെ ഭഗ്‌നമാക്കാന്‍ ശ്രമിക്കുന്ന മനുഷ്യഭാവത്തെ അത് അനാവരണം ചെയ്യുന്നു. തിരുഹൃദയരക്തം കുടിക്കാനുള്ള മനുഷ്യരുടെ ഒടുക്കത്തെ ദാഹം ഇന്നും അവസാനിച്ചിട്ടില്ല എന്നും അതിപ്പോഴും സോത്സാഹം തുടരുക തന്നെയാണെന്നുമുള്ള ഒരു യാഥാര്‍ത്ഥ്യമാണ് കവിത പുറത്തു കൊണ്ടുവരുന്നത്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കൊത്തിക്കൊത്തി മുറിവേല്പിച്ചോളൂ.
പാതി ചപ്പി വഴിയിലുപേക്ഷിച്ചോളൂ,
കാര്‍ന്നു നുണഞ്ഞ് രസിച്ചോളൂ,
നീര് ഊറ്റിയൂറ്റിക്കുടിച്ചോളൂ,
കൊത്തിയരിഞ്ഞ് ഉപ്പിലിട്ടോളൂ,
വെയിലത്തിട്ട് വാട്ടിക്കോളൂ,
തീയിലിട്ട് പൊള്ളിച്ചോളൂ,
രുചിയേറും വരെ തിളപ്പിച്ചോളൂ…

സാരമില്ല
പാകമായിക്കഴിഞ്ഞിട്ടെങ്കില്‍
വിദ്വേഷവുമില്ല.
പക്ഷെ,
ആ അണ്ടിക്കഞ്ഞി
ആ കോണ്‍സപ്റ്റിനോട്
അതിനു തീരെ
പൊരുത്തപ്പെടാനാകില്ല.
(അണ്ടിക്കഞ്ഞി).

ഒന്ന്, സൗന്ദര്യാസ്വാദനമാണെങ്കില്‍ മറ്റേത് കാമനകള്‍ വറ്റാത്ത ക്രൂരത. ഒന്ന്, പ്രകൃതിയുടെ നിയമമെങ്കില്‍ മറ്റേത് മനുഷ്യരുടെ നിയമലംഘനം. ഒന്ന്, ആവശ്യമെങ്കില്‍ മറ്റേത് ആര്‍ത്തി.

ഈ ആന്തോളനങ്ങള്‍ക്കിടയിലാടിക്കളിക്കുന്ന ജന്മമായിത്തീരുന്നു ആധുനിക മനുഷ്യരുടേത്. പ്രകൃതിയിലുള്ളത് എല്ലാം Textമനുഷ്യനുവേണ്ടി എന്ന യാന്ത്രികമായ മൂലധനയുക്തിയാണ് പ്രകൃതിയിലെ അവസാനത്തെ നീരിനെയും വലിച്ചെടുക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. മാനവരാശിയുടെ ചരിത്രത്തിലെ കുതിപ്പായിത്തീര്‍ന്ന ശാസ്ത്രബോധവും യുക്തിചിന്തയും വര്‍ത്തമാന ധനാര്‍ത്ഥികളുടെ പ്രത്യയ ശാസ്ത്രമായിത്തീരുന്ന സന്ദര്‍ഭങ്ങളായിത്തീരുന്നതാണ് വര്‍ത്തമാന ജീവിതം. മനുഷ്യര്‍ പരിഷ്‌ക്കരിക്കപ്പെടുന്നതിനനുരിച്ച്, ആധുനികരാവുന്നതിനനുസരിച്ച് ഹിംസാത്മകമാവുകയാണ്. ‘വെട്ടുക മുറിക്കുക പങ്കുവെയ്ക്കുക, കൊന്നും തിന്നും വാഴുക’ എന്നത് മനുഷ്യജന്മത്തിന്റെ കൊടിയടയാളമായിത്തീര്‍ന്നിരിക്കുന്നു. ആദിവാസി കുടിയിറക്കപ്പെടുന്നത്, കുട്ടികള്‍ കൊല ചെയ്യപ്പെടുന്നത്, അധഃസ്ഥിതരായ മനുഷ്യരൊക്കെയും തപിച്ചു വെണ്ണീറായ് ജീവിക്കുന്നത് എല്ലാം ഈ മൂലധനാര്‍ത്തി കൊണ്ടത്രേ. അതാണ് ആ കോണ്‍സപ്റ്റിനോട് കവിക്ക് തീരെ യോജിക്കാന്‍ കഴിയാത്തത്. മനുഷ്യരുടെ അസ്തിത്വത്തെ തന്നെ ഇല്ലാതാക്കുന്ന ഈ ക്രൂരതയെ കോണ്‍സപ്റ്റ് എന്ന ആംഗലേയപദം കൊണ്ട് കവി അടയാളപ്പെടുത്തുന്നതും വെറുതെയല്ല. പണദുര മൂത്ത മനുഷ്യര്‍ യൂറോപ്യന്‍ സംസ്‌കൃതിയുടെ അങ്കനമാണെന്ന് സൂചിപ്പിക്കാന്‍ തന്നെയാവണം ആ പ്രയോഗം. അല്ലെങ്കില്‍ ഈ അരുതായ്മകള്‍ക്ക് വേറ മലയാള വാക്കുകള്‍ ഉപയോഗിക്കാവുന്നതേയുള്ളൂ.

അണ്ടിക്കഞ്ഞി എന്ന പ്രാദേശിക നാട്ടാചാരത്തെ ഹിംസയുടെ ആധുനിക മുഖവുമായി തുന്നിച്ചേര്‍ക്കുന്ന കവിയുടെ കരവിരുത് അര്‍ത്ഥഗര്‍ഭമായിത്തീരുന്നു. മൂലധനം മനുഷ്യരുടെ മനസ്സിന്നടിത്തട്ടിലുള്ള നന്മയെയല്ല ഹിംസാത്മകതയെയാണ് ഉത്തേജിപ്പിക്കുന്നത്. എല്ലാറ്റിലും രുചി തേടുന്ന മനുഷ്യ മനോഭാവം അത്ര നല്ലതല്ലയെന്നും നല്ലതിനല്ല എന്നും കവി ഉദ്‌ബോധിപ്പിക്കുന്നു. അതിനായി കവി ഉപയോഗിച്ച അണ്ടിക്കഞ്ഞി എന്ന രൂപകത്തിന് പാരമ്പര്യത്തില്‍ വേരും നാട്ടു ഭാഷാവഴക്കങ്ങളുടെ സൗന്ദര്യവും ഉണ്ട്. ഏറെ പറയാനുള്ള വക അണ്ടിക്കഞ്ഞി എന്ന കവിതയില്‍ ഉള്ളതിനാലാണ് ലേശം ദീര്‍ഘമായിത്തന്നെ പറഞ്ഞത്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

പാരമ്പര്യത്തെയും പരിഷ്‌കാരത്തെയും മാനവികത കൊണ്ട് കൂട്ടിയിണക്കേണ്ടതാണെന്ന ജീവിതദര്‍ശനവും അസീം താന്നിമൂടിന്റെ കവിതകളില്‍ കാണാം. പഴഞ്ചനെന്നു പറഞ്ഞ് പാരമ്പര്യങ്ങളോട് ഇഴുകിച്ചേരാന്‍ മടിക്കുന്ന ന്യൂജനെ കവി കാണുന്നുണ്ട്.

‘പരിചിതമല്ലാ പഴമയൊട്ടു മേ
യിണങ്ങിടാത്തതാണുടലുമുള്ളവും’
(ചെരുപ്പ് )
എന്ന പുതിയ തലമുറയുടെ മനോഭാവത്തെ അയാള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ നിഷേധത്തിന്റെ കവിയായല്ല, സമന്വയത്തിന്റെ കവിയായാണ് അസീം താന്നിമൂട് നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്.

പ്രകൃതിയുടെ അപാരതയെ, അതിന്റെ അലൗകമായ സൗന്ദര്യാതിശയങ്ങളെ വാക്കുകള്‍ കൊണ്ടു വെളിപ്പെടുത്തുക അസാധ്യമാണ്. അപ്പോഴാണ് ഭാഷ എത്ര തുഛമാണെന്ന് നാം തിരിച്ചറിയുക. പ്രകൃതിയുടെ രൗദ്രത, അതിന്റെ സ്‌നിഗ്ധത, സമന്വിതമായ ഉണ്‍മാഭാവം എല്ലാം വാക്കുകളെ കവിഞ്ഞ് നില്‍ക്കുന്നവയാണ്. അതുകൊണ്ടാണ് പ്രകൃതിയുടെ സൗന്ദര്യാനുഭൂതിയെ കവിതയില്‍നിറയെ നിറച്ച പി. കുഞ്ഞിരാമന്‍ നായര്‍ക്കുപോലും വ്യാമുഗ്ധമായ അതിന്റെ ആശ്ചര്യത്തിനുമുമ്പില്‍ ‘…മറന്നെനിക്ക് കേറിപ്പറ്റാന്‍ കതകു തുറക്കുമോ വിളക്കു കൊളുത്തുമോ ‘എന്ന് പരിതപിക്കേണ്ടി വരുന്നത്.

കടല്‍, കാട്, ആകാശം എന്ന കവിതയിലുമുണ്ട് പ്രകൃതിയുടെ സൗന്ദര്യാത്മകമായൊരു ഉണ്‍മയെ വാക്കിലൊതുക്കി വെക്കാനുള്ള ക്ലേശം. കാണുന്ന പുറന്തോടല്ല പ്രകൃതിയെന്നും അതിനപ്പുറത്തുള്ള സൗന്ദര്യത്മകമായ ഉണ്‍മ യാണെന്നും അയാള്‍ മനസ്സിലാക്കുന്നു. അത് ആവിഷ്‌ക്കരിക്കാന്‍ വിശ്വപ്രേമം തന്നെ വേണം. ചരാചരങ്ങളോട് മനുഷ്യര്‍ക്ക് അടങ്ങാത്ത പ്രണയമുണ്ടെങ്കിലേ പ്രകൃതിയുടെ പൊരുള്‍ പിളര്‍ന്ന് വരികയുള്ളൂ. ജീവന്റെ പൊരുളുകള്‍ പുനര്‍ജനിക്കുന്നതും അടങ്ങാത്ത സ്‌നേഹക്കടലില്‍ നിന്നു തന്നെയാണ്.

‘കടലു വ്യക്തത, കാടു സുവ്യക്തത,
അകലെയെങ്കിലും വാനിടം കൃത്യത,
പ്രണയമോ ചെടിപ്പുള്ളവ…’

എന്ന് അറിയുന്നത് അറിവേയല്ല. ഈ അറിവിന്റെ മൂടുപടം അഴിച്ചുമാറ്റുമ്പോള്‍ കാണാം, അനന്തമായി നില്‍ക്കുന്ന സൗന്ദര്യത്തിന്റെ അടരുകള്‍. ഓരോന്നും വിടര്‍ത്തി നീര്‍ത്തുമ്പോള്‍ കാണാം ഓരോ അടരിലും ഒളിഞ്ഞു കിടക്കും അനേകകോടി മുഗ്ധ കോശബിന്ദുക്കള്‍. അതിനെ നമുക്ക് അനുഭവിക്കാന്‍ കഴിയണമെങ്കില്‍ കണ്‍കാഴ്ചയുടെ ഇത്തിരി വട്ടത്തില്‍നിന്ന്​ ആത്മക്കാഴ്ചയുടെ അനന്താനുഭൂതിയിലേക്ക് സഞ്ചരിക്കണം. അതൊരു വിഫലമായ ശ്രമമാവാം. എങ്കിലും കവി തുടരെ തുടരെ ശ്രമിക്കുന്നത് ഈ വിഫലതയെ ആവിഷ്‌ക്കരിക്കാന്‍ തന്നെയാണ്. അതുകൊണ്ടാണ്

കടലിനെക്കൂടിയാണ്
കവിതയില്‍
കരുതുവാന്‍ ഞാന്‍
ശ്രമിച്ചു തോല്‍ക്കുന്നത്.
(കടല്‍ കാട് ആകാശം)

എന്നുപറയുന്നത്. കവികളുടെ പരാജയം ഇവിടെ കവിതയുടെ വിജയമായി മാറുന്നു. ഇങ്ങനെ വാക്കിന്റെ പരിമിതിയെ കവിത വാക്കുകള്‍ കൊണ്ടുതന്നെ മറികടക്കുന്നു. അപ്പോഴും വാക്കിലൊതുങ്ങാത്ത പ്രകൃതിസൗന്ദര്യം ബാക്കിയായി നില്‍ക്കുന്നു.

മുനിഞ്ഞു കത്തുന്നൊരു റാന്തല്‍ വിളക്കുകൂടിയാണ് അസീം താന്നിമൂടിനു കവിത. ‘നിത്യവും വിഷാദത്തില്‍ മാത്രം വെട്ടം തെളിഞ്ഞു ശീലിച്ച റാന്തല്‍’ (റാന്തല്‍ ) എന്നു വിശേഷിപ്പിക്കാം. ജീവിതത്തിന്റെ ദൈന്യതകള്‍ മുഴുവനും ആ റാന്തല്‍ വെളിച്ചത്തില്‍ നമുക്കു കാണാന്‍ കഴിയും.

നാലുമുഖവും പ്രകാശ-
വീചിയേറ്ററെ സുവ്യക്തം
ആയതിനുള്ളൊരാ ഖേദ
ഭാവത്തിനേറെ പഴക്കം
റാന്തലിനുമതു തിട്ടം.
(റാന്തല്‍)

ഈ റാന്തല്‍ വെളിച്ചത്തിലാണ് കവിതയില്‍ വിഷാദമുഖങ്ങള്‍ മുഴുവനും തെളിയുന്നത്. ഇല്ലാമനായി ജീവിക്കേണ്ടിവന്ന ഒരു മണിയന്റെ (ഇല്ലാമാ മണിയന്‍) ജീവിതവൈപരീത്യം അതില്‍ തെളിയുന്നു. യഥാര്‍ത്ഥത്തില്‍ ഇയാള്‍ മണിയ (ധനമുള്ളവന്‍) നാണ്. എന്നിട്ട് ഇല്ലാമനായി കഴിയേണ്ടിവരുന്ന ജീവിതാവസ്ഥയെ സറ്റയറായി അവതരിപ്പിക്കുകയാണ് കവി. ഇല്ലാമ മണിയന് എന്നുമുണ്ടാകും നേരം പുലരും മുമ്പേ കള്ളുകുടിക്കാനൊരു വല്ലായ്മ. ഏറെക്കാലമായി അയാള്‍ക്ക് വാതില്‍ പൂട്ടേണ്ടി വരാറില്ല. കാരണം ഒരു ദിവസം വാതില്‍ പൂട്ടി ഇറങ്ങിയതിനുശേഷം അത് തുറക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ. കാരണം മദ്യപിച്ച് വീടണയുമ്പോഴേക്കും നേരം ഇരുട്ടിക്കാണും. പിന്നെ കൈവിറച്ച് വാതില്‍ തുറക്കാന്‍ കഴിയാതെ അവിടെ കോലായയില്‍ തന്നെ കിടക്കും.

താക്കോല്‍ പഴുതിലാ ചാവിയേറ്റാന്‍
നോക്കിയാലാവുകി, ല്ലങ്ങുമിങ്ങും
കുത്തിക്കുഴയു, മാ കൈവിറയ്ക്കും.
പറ്റാതെയാകെ ത്തളര്‍ന്നിറയ-
ത്തപ്പടിവീണു ചുരുണ്ടുറങ്ങും.
(ഇല്ലാമ മണിയന്‍)

കുറേക്കാലമായി ആവര്‍ത്തിക്കുന്നത് ഇതാണ്. ഈ ഫലിതോക്തിയിലും അയാളുടെ ദൈന്യത നമ്മെ കരയിക്കും. ഒരുതരം കറുത്ത ഹാസ്യം. താളം തെറ്റിയ മണിയന്റെ ജീവിതകവിതയില്‍ ഒരു താളം ചേര്‍ക്കുന്നുണ്ട് കവി. ചിന്താബന്ധുരമായ ഒരു വാങ്മയമായും അസീം കവിതയെ പരിചരിച്ചു പോരുന്നു. അനുഭവങ്ങളെ അനുഭൂതികളാക്കി വിചാരലോകങ്ങളിലേയ്ക്ക് അത് എപ്പോഴും ഒരു പുതുവഴി വെട്ടുന്നു. അനുഭൂതികള്‍ കൊണ്ടെഴുതുന്ന ചരിത്രമാണ് കവിത എന്ന് കെ.ജി.എസ് പറയുന്നതിനെ അസീം താന്നിമൂടിന്റെ കവിത നന്നായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചിലനേരങ്ങളില്‍ ഉത്തരങ്ങള്‍ അന്വേഷിക്കും. ചിലപ്പോള്‍ ചോദ്യങ്ങള്‍ മാത്രമാകും. കവിക്കുപോലും പിടി കൊടുക്കാത്ത അമൂര്‍ത്തതയുടെ മൈതാനത്തിലൂടെ ഒരു മുയല്‍ച്ചാട്ടം പോലെ പതുപതുത്തൊരത്ഭുതമായി കവിത പ്രവര്‍ത്തിക്കും. സൗന്ദര്യത്തെയല്ലാതെ ഒരു സത്യത്തെയും അത് ശാശ്വതമാക്കാന്‍ ശ്രമിക്കുന്നേയില്ല. സര്‍ഗാത്മകമായ ആവിഷ്‌ക്കരണത്തിന് തീവ്രമായ പ്രേരണകള്‍ ആവശ്യമാണ്. അങ്ങനെ വരുമ്പോള്‍ ആവിഷ്‌ക്കാരത്തിന്റെ രൂപഭാവങ്ങളും അതിന്റെ മാധ്യമവും പ്രതലവും ഒന്നും പ്രശ്‌നമായിവരില്ല. തീവ്രാനുഭവങ്ങള്‍ അനുഭൂതിയായി പരിണമിക്കുകയും ആവിഷ്‌കാരം അനായാസം സാധ്യമാവുകയും ചെയ്യും. ഇത്തരമൊരു പ്രമേയത്തെയാണ് അസീം താന്നിമൂട് ‘മിടിപ്പുകള്‍’ എന്ന കവിത കൊണ്ട് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

നന്നായി മിടിക്കുകില്‍ മനസ്സ് കരങ്ങളില്‍ വല്ലതുമാശിച്ചീടും
കണ്ണുകളതിനായി പരതും…
കണ്ടെത്തീടും. കൃത്യമായതുകൊണ്ട തുളളിലിരിപ്പാവിഷ്‌കരി-
ച്ചെടുക്കു, മാശ്വസിക്കും…
(മിടിപ്പുകള്‍).

കവിതയും ചിത്രവും ശില്പവും ഈ അനുഭൂതിയെ നന്നായി ശില്പപ്പെടുത്തുമ്പോലെ തന്നെ മനുഷ്യന്റ കായികാധ്വാനത്തെയും ഏറ്റവും സര്‍ഗാത്മക വൃത്തിയായിക്കാണുന്നു എന്നതാണ് ഈ കവിതയുടെ വലിയ പ്രത്യേകത.

ഉളിയിലെങ്കില്‍, ശിലാ
പ്രതലങ്ങളില്‍, കാത-
ലുറഞ്ഞ കരുത്തിങ്ക –
ലഴകില്‍,
വടിവോടെ…
കൈക്കോട്ടിലെങ്കില്‍ പറ-
മ്പൊത്തിരിയാഹ്ലാദത്തി-
ലൊക്കെയും മെനഞ്ഞെടു-
ത്തുതിര്‍ത്തു കാട്ടിത്തരും.
​​​​​​​(മിടിപ്പുകള്‍)

ക്ലാസിക്കലായ ഉദാത്തതാ സങ്കല്പത്തെയാണ് കവിത ഇവിടെ പുറത്തുനിര്‍ത്തുന്നത്. അന്നു കണ്ട കിളിയുടെ മട്ട്, അലാറം, മൗഢ്യം, ക്ലോസറ്റിലെ പാറ്റ, ചിത്രകാരന്റെ പുനരാഗമനം, കൂര്‍പ്പ്, നിഴല്‍രൂപങ്ങള്‍, എളുപ്പമുള്ള ഗാന്ധി, എന്റെ വിധി, ചിലന്തിവല, മണല്‍ത്തരി, ഒരാള്‍ എന്നിങ്ങനെ സമാഹാരത്തിലെ അനേകം കവിതകളില്‍ ചിതറിക്കിടക്കുന്നു, കളങ്കിതമായ മനുഷ്യചേതനയെ നിര്‍മ്മലമാക്കാനുള്ള വാങ്മയലോകം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.