DCBOOKS
Malayalam News Literature Website

മറവിക്കെതിരെ നിവർത്തുന്ന ഓർമ്മകൾ

അസീം താന്നിമൂടിന്റെ “അന്നുകണ്ട കിളിയുടെ മട്ട്” എന്ന പുസ്തകത്തിന്  ഡോ.ടി.കെ. സന്തോഷ് കുമാർ  എഴുതിയ വായനാനുഭവം

ആംഗലേയ മഹാകവി വില്യം ബ്ലേക്കിന്റെ പ്രസിദ്ധമായ വരിയാണ്,ഒരു തരിമണലിൽ ലോകം കാണുക എന്നത്. ആലിൻകായ്ക്കുള്ളിലൂടെ അണ്ഡകടാഹത്തെയും വിത്തിനുള്ളിൽ വൃക്ഷത്തെയും കാണാം. അത് അനുഭവം എന്ന വിത്തിലൂടെയാകുമ്പോൾ സർവ്വചരാചരവും കാണാനാകും. ഭാഷയും ചരിത്രവും സംസ്കാരവും അതിൽ അലിഞ്ഞു കിടക്കും. എതൊരാളിന്റെ എഴുത്തും, തുടങ്ങുന്നത് അയാളിൽ നിന്നും അയാളുടെ ഇടത്തിൽ നിന്നും ആണ്. ഒരാൾ എവിടെയാണോ അവിടെ നിന്ന് തുടങ്ങുക. സ്വന്തം ഇടത്തിന്റെ സാംസ്കാരികതയെ ആ സംസ്കൃതിയുടെ ഭാഷാക്രമത്തിൽ ആവിഷ്ക്കരിക്കുക. അനുകരണത്തിൽ നിന്ന് ഒഴിയാനുള്ള വഴിയാണത്. ഭാവനയെ ഇതരാധിപത്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള സർഗ്ഗാത്മതയുമാണത്.ഭാഷയ്ക്കുള്ളിലെ ഭാഷയാണ് കവിത. കുസുമേകുസുമോല്പത്തി എന്നമട്ട്. ധ്വനിയാണത്.വാമൊഴി സമം ലളിതമായിരുക്കുമ്പോഴും വാക്കിനുള്ളിലെ വാക്കിലേയ്ക്ക് കടന്നുകയറുന്നതാണ് കവിത.അതിൽ അനുഭവങ്ങളുടെ ജ്വാലയുണ്ടാകും. വികാരങ്ങളുടെ പടർപ്പുകളുണ്ടാകും.ഉചിതമായ പദവിന്യസവുമാണത്.അഞ്ച് ഇന്ദ്രിയങ്ങൾക്കും മനസ്സാകുന്ന ആറാമിന്ദ്രിയത്തിനും അപ്പുറമുള്ള ഏഴാം ഇന്ദ്രിയമായിരുന്നു കുമാരനാശാന് കാവ്യകല. അതിലൂടെ ആശാൻ കവിത അമൂർത്തമാണെന്നു വ്യവസ്ഥപ്പെടുത്തുകയായിരുന്നു.ആ അമൂർത്തപ്പെടലിലാണ് വാമൊഴി എന്ന നിത്യസാധാരണതയിൽ നിന്ന് കവിത ഉണരുന്നതും കലാസൃഷ്ടിയുടെ അനുഭൂതിതലത്തിലേക്ക് ഉയരുന്നതും.ആ പ്രക്രിയയിൽ ഭാഷ സങ്കീർണ്ണതയായി കവിക്കുമുന്നിൽ രൂപപ്പെടുന്നു.നിത്യസാധാരണമായ ഭാഷയ്ക്കുള്ളിൽ മറുഭാഷ സൃഷ്ടിക്കലാണ് കവിത. അങ്ങനെയല്ലാതെ ആകുമ്പോൾ കവിത വൃത്താന്തവിവരണത്തിന്റെ തലത്തിൽ അവസാനിക്കും.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

അസീം താന്നിമൂടിന്റെ കവിതകളിൽ ഭാഷ അപൂർണ്ണമാകുന്നതിന്റെ ഭാഗമായുള്ള പരീക്ഷണാത്മകതയുണ്ട്. പതിവു ലിപിയിലുള്ള എഴുത്തിനെപ്പറ്റിയുള്ള ഉത്കണ്ട്ഠയാണ് അസീമിന്റെ ‘മഴയുടെ കൃതികൾ’. തരിമണലിൽ ലോകം കാണുന്നപോലെ, മഴയിൽ ഭാഷയുടെ നാനാർത്ഥങ്ങൾ അവതരിപ്പിക്കുകയാണ്. സർവ്വമാന ചരാചരങ്ങൾക്കും അറിയാം മഴയ്ക്ക് പഴഞ്ചൻ ലിപികളാണുള്ളതെന്ന്. ആവർത്തനവിരസത ചെടിപ്പുണ്ടാക്കുന്ന സന്ദർഭങ്ങളെ കവിത കൂട്ടിയിണക്കുന്നുണ്ട്. എഴുതിനീർത്തുന്ന കൃതികൾ അറുപഴഞ്ചനാണെന്ന് ഒറ്റനോട്ടത്തിൽ ചിലർ കരുതിയേക്കാം. പ്രശ്നം അറുപഴഞ്ചനായ വായനയുടേതു കൂടിയാണ്. മുൻവിധിയോടെ കൃതിയെ സമീപിക്കുന്നു. വായിച്ചുനോക്കുക പോലുമില്ലാതെയുള്ള വലിച്ചെറിയൽ. ഇത് എഴുത്തുകാർ നേരിടുന്ന പ്രശ്നമാണ്. ആ പ്രശ്നത്തെയാണ് മഴയുടെ പതിവുലിപിയുമായി ബന്ധിപ്പിച്ചത്.ഛന്ദോബദ്ധമായാണ് കാവ്യനിർമ്മിതി. അനുഭവമണ്ഡലത്തിലെ വാമൊഴിപ്പാരമ്പര്യത്തിൽ നിന്ന് കണ്ടെടുത്തെ പദങ്ങളെ നിശ്ചിത താളത്തിനുള്ളിൽ ക്രമപ്പെടുത്തിയുള്ള അവതരണം. അത് മറ്റൊരാശയമണ്ഡലത്തെയാണ് പ്രത്യക്ഷമാക്കുത്. ഇവിടെ പദ്യം വാർക്കുന്ന തോതിൽ നിന്ന് കവിത ധ്വനിയായി പരിണമിക്കുന്നു.‘വായന’ എന്ന കവിതയിൽ, വായനയിൽ സംഭവിക്കുന്ന രാസമാറ്റം സൂഷ്മായതിൽ വായിച്ചറിയാം. നിശ്ശൂന്യത കെട്ടിക്കിടന്ന ഇടത്തുനിന്നാണ് വായനയുടെ തുടക്കം.നട്ടെല്ലിലെ വേരുകളാഴാൻ തുടങ്ങുന്നു. വാസനകൾ മാഞ്ഞുപോകുന്നനു.നാവിൽനിന്ന് താളമയഞ്ഞു മറയുന്നു. പിന്നീട് പുതിയത് ചിലത് വരികയാണ്; ആ ശൂന്യത നാനാവിധത്തിൽ വെവ്വേറെ നാദങ്ങൾ മീട്ടി,എല്ലാ നോട്ടങ്ങളും സ്വന്തം രൂപത്തെ മറന്നതായി തോന്നി, നോക്കിലിഴുകി ലയിച്ച മറ്റൊന്നിൽ രമിച്ചു,ഉള്ളവയിൽ ഇമ്പങ്ങളായി. ഒടുവിൽ “ഇല്ലായ്മയോളമൊരുണ്മയുമില്ലെന്നു മെല്ലായാ ശൂന്യത ചൊല്ലി…”മൂന്നുഖണ്ഡങ്ങളുളള ആ ലഘുകാവ്യം ഇന്ദ്രിയമെല്ലാം തുറന്ന് ഉയിരുകൊണ്ട് വായിക്കുന്ന നിലയെ സാന്ദ്രതപ്പെടുത്തി അവസാനിക്കുന്നു. പൊള്ളയായ വായനകൾക്ക് കൃതിയിൽ നിന്ന്, പ്രകൃതിയിൽ നിന്ന് മനുഷ്യനിൽ നിന്ന് ഒന്നും കണ്ടെത്താനാവില്ല. വായന നട്ടെല്ലിലെ വേരുകൾ ആഴ്ന്നു നടക്കുന്ന സ്വയം വീണ്ടടുക്കലാണ്. മറ്റാർക്കും കണ്ടെത്താനാകാത്ത അനുഭവമണ്ഡലങ്ങളേയും അനുഭൂതി വിശേഷങ്ങളെയും തേടിപ്പിടിക്കുന്ന ആത്മീയ സഞ്ചാരമാണ്. അതിന് വായനയിൽത്തന്നെ ധ്യാനവും മനനവും ആവശ്യമാണ്. മന്ദഗതിയിലുള്ള വായന(സ്ലോ റീഡിംഗ്)യിലൂടെ മാത്രമേ കൃതിയുടെ ഗഹനമായ,നിഗൂഢമായ ആഴങ്ങളിൽ മുങ്ങിനിവരാനാകൂ.അപ്പോഴാണ് യഥാർത്ഥ വായന സാധ്യമകൂ. അല്ലാതുള്ള വായനകൾ അർത്ഥശൂന്യമാണ്.ഉപരിപ്ലവമാണ്. ആ ഉപരിപ്ലവത യഥാർത്ഥകവിതയ്ക്ക് എതിരാണ്. യഥാർത്ഥകവിത എന്നൊന്നില്ല എന്നുതന്നെ അത്തരക്കാർ Textപറഞ്ഞുകളയും.അതിനു പറ്റിയസിദ്ധാന്തങ്ങളും ഉദ്ധരിക്കും. മഹാത്മാഗാന്ധി സ്ലോ റിഡിംഗിനെയായിരുന്നു ഇന്ത്യൻ ഒപ്പീനിയൻ എന്ന പ്രസിദ്ധീകരണത്തിൽ പ്രോത്സാഹിപ്പിച്ചിരുന്നത്.ക്രിസ്റ്റ്യൻ ഇസബൽ ഹോഫ് മെയർ Gandhi’s Printing Press എന്ന പുസ്തകത്തിൽ മഹാത്മാഗാന്ധി സ്ലോ റീഡിംഗിനെ എങ്ങനെയായിരുന്നു പ്രാവർത്തികമാക്കിയതെന്ന് വിശദമാക്കിയിട്ടുണ്ട്.അസീം വായനയെന്ന വിശേഷാനുഭവത്തെ മുൻനിർത്തി പൊള്ളയായ വായനയുടെ വിമർശനമാണ് നടത്തുന്നത്. അത് ഒരു പ്രതിരോധപ്രവത്തനമാണ്.നവലിബറൽ മുതലാളിത്തത്തിന്റെ കെട്ടുകാഴ്ചകളുടെയും അധിനിവേശത്തിന്റെയും കാലത്ത് സംഭവിക്കുന്ന മാറ്റങ്ങളെപ്പറ്റിയുള്ള ജാഗ്രത പ്രധാനമാണ്.ഈ അവസ്ഥാവിശേഷത്തെ വാളോങ്ങി നില്ക്കും നിഴലുകൾ എന്ന കവിതയിൽ അസീം ആവിഷ്ക്കരിച്ചിട്ടുണ്ട്. നമ്മുടെ പാരിസ്ഥിതിക ജീവിത്തിനുമേൽ നടത്തുന്ന നിഴൽയുദ്ധങ്ങൾ ഈ കവിയുടെ ആന്തരിക പ്രതലത്തിൽ നിഴലിക്കുന്നുണ്ട്. കാവ്യനിർമ്മിതി, അതിനായി തിരഞ്ഞെടുക്കുന്ന പദങ്ങൾ, ഇമേജുകൾ, അതിന്റെ അർത്ഥധ്വനികൾ,അതിന്റെ വായന…ഇവയെക്കുറിച്ച് പലതരത്തിൽ അസീം തന്റെ കാവ്യകൃതികളിൽ നിരന്തരം ഉത്കണ്ഠപ്പെടുന്നതു കാണാം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കെട്ടുകാഴ്ചകളുടെ ലോകം വായനയേയും എഴുത്തിനേയും അന്തസ്സാരശ്ശൂന്യമാക്കിയിരുക്കുന്നു.വായനയുടെ വേഗം അതിന്റെ ഉള്ളടക്കത്തെ നിർവചിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. മാർഷൽ മക്ക്ലൂഹാൻ വർഷങ്ങൾക്കുമുമ്പ് മാധ്യമം തന്നെ സന്ദേശം എന്നാണ് പറഞ്ഞതെങ്കിൽ വേഗമാണ് ഇന്ന് ആ പ്രക്രിയ നിർവഹിക്കുന്നത്.ആ ഉള്ളടക്കവും അതിൽ നിന്ന് ഊറിക്കൂടുന്ന കൃതിയുടെ രൂപവും എന്തിനേയും തങ്ങൾക്കനുകൂലമാക്കി മാറ്റുന്നു. പോസ്‌റ്റ്ട്രൂത്ത് സ്ഥിതി വിശേഷങ്ങളിലേക്കുമത് കൊണ്ടുതള്ളുന്നു. ആഗോളീകരണത്തിന്റെ പരിണതഫലമാണത്. അതുകൊണ്ടാണ് എന്തും സാഹിത്യമായി വിലയിരുത്തപ്പെടുന്നത്. മൂല്യസങ്കല്പങ്ങളില്ല. എഴുത്തിന് നൂതന മാനങ്ങൾ നല്ക്കുന്ന സവിശേഷ വാക്യസ്വരഘടനകൾ, ഛന്ദസ്സ് എന്നിവയിലൂടെയാണ് ഭാഷയ്ക്കുള്ളിൽ അപ്രവചനീയമായ മറ്റൊരുഭാഷ സൃഷ്ടിക്കുന്നത്.ധ്വനിയില്ലാത്ത,ആവർത്തിച്ചുള്ള വായനയ്ക്കു പ്രേരിപ്പിക്കാത്ത,അത്തരം ആവർത്തന വായനയിൽ പുതിയ അനുഭവമണ്ഡലങ്ങളും അനുഭൂതിരാശികളും തുറക്കാത്ത കവിതകളുടെ ശ്രേണിയിലല്ല അസീമിന്റെ കവിതകൾ നിൽക്കുന്നത്.ആ കവിതകളിലെങ്ങും ഏതൊന്നിന്റെയും പ്രത്യക്ഷസൂചനകൾ പ്രകടമല്ല. ഛന്ദസ്സിൽ,ഖണ്ഡത്തിൽ,..ഒക്കെ സവിശേഷ വാക് കൂട്ടുകളിലൂടെ കവിതയുടെ ഉണ്മയെ നിവർത്തുന്നു.ആവർത്തിച്ചു വായിക്കാനുള്ള കൃതിയുടെ ക്ഷണം ധ്യാനത്തിലേക്കും മനനത്തിലേക്കുമുള്ള വഴിയാണ്. അപ്പോഴാണല്ലോ ആലിൻകായിൽ അണ്ഡകടാഹം തെളിയുന്നത്.

മന്ദഗതിക്ക് വിപരീതമായ സ്പീഡിന്റെ രാഷ്ട്രീയം മഹാത്മാഗാന്ധിയെ ആധാരമാക്കി എളുപ്പമുള്ള ഗാന്ധി എന്ന കവിതയിൽ അസീം പ്രത്യക്ഷമാക്കിയിട്ടുണ്ട്.“ചമ്പാരനിലും ദണ്ഡിയിലും ജാലിയൻ വാലാബാഗിലും ക്വിറ്റ് ഇന്ത്യയിലും… എങ്ങും ഗാന്ധി എളുപ്പമായില്ല.ഗാന്ധിയെ എളുപ്പം വരയ്ക്കാൻ അന്നാർക്കുമായില്ല.”(എളുപ്പമുള്ള ഗാന്ധി)ഇന്നിപ്പോൾ വരയ്ക്കപ്പെടുന്ന ഗാന്ധി പിന്തിരിഞ്ഞ ഗാന്ധിയാണ്. “ചെറുതും വലുതുമായ രണ്ടു വളഞ്ഞവരകളും വശത്തായൊരു ഊന്നുവടിയുടെ തോന്നലും വരച്ചാൽ ഗാന്ധിയായി.പിന്തിരിഞ്ഞ ഗാന്ധി.”ഗാന്ധിജിയെ മുൻനിർത്തി കവിതയെ പ്രതിരോധത്തിനുളള മാർഗ്ഗമാക്കുകകൂടിയാണ് ഈ കവിതയിലൂടെ അസീം.ഒരിക്കലും പിന്തിരിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് ഗാന്ധിജിക്ക് നെഞ്ചിൽ വെടിയേറ്റുമരിക്കേണ്ടിവന്നത്. ജീവിതം എല്ലാ അർത്ഥത്തിലും മഹാസന്ദേശമാക്കിയ ഗാന്ധിയെ പിന്തിരഞ്ഞഗാന്ധിയായി അവതരിപ്പിക്കുകയും സ്വാതന്ത്ര്യസമരത്തിൽ പിന്തിരിഞ്ഞു നടന്നവർ വാഴ്‌ത്തപ്പെടുകയും ചെയ്യുന്ന നവരാഷ്ട്രീയത ഈ കവിതയുടെ മറ്റൊരാന്തരികധ്വനിയാണ്.അന്ന് ഗാന്ധിജി പിന്തിരിഞ്ഞു നടന്നിരുന്നെങ്കിൽ, “കുട്ടികൾക്കും ഗാന്ധി വളരെ എളുപ്പമുള്ള ഗാന്ധിയായേനേ…”.കാരണം നവചരിത്രനിർമ്മിതിയിൽ അന്ന് പിന്തിരഞ്ഞവരുടെ കൂട്ടത്തിലല്ലല്ലോ ഗാന്ധിജി.അന്ന് അങ്ങനെ പിന്തിരിയാതിരിക്കാനായിരുന്നു,എളുപ്പത്തിലല്ലാത്ത വായന ഗാന്ധിജി ശീലിച്ചതും ശീലിപ്പിച്ചതും. എന്നിട്ടും എളുപ്പമുള്ള ഗാന്ധിയെ വരയ്ക്കാൻ യഥാർത്ഥഗാന്ധിജിയെ റദ്ദു ചെയ്തുകളയുന്നു.ഇത്തരം റദ്ദാക്കലുകൾ പുതിയൊരു ചരിത്രത്തെയാണ് വരയുന്നത്.അത് അനുഭവത്തിന്റെ ആഴമില്ലായ്മയ്ക്ക് ജനകീയമുഖം നല്കുകകൂടിയാണ് ചെയ്യുന്നത്. ഈ കവിതയുടെ ആഖ്യാനഘടന അതിന്റെ ഉള്ളടക്കത്തിന്റെ സ്വഭാവത്തെ അടയാളം ചെയ്യുന്നുമുണ്ട്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

ജീവിതത്തിന്റെ വ്യത്യസ്തതയും സ്പീഡും, പ്രിയസുഹൃത്തിന്റെ മരിപ്പിനു ചെന്നു നില്ക്കുമ്പോഴും ഒരു പ്രശ്നമായി രൂപപ്പെടുന്നതു കാണാം,ചെരുപ്പ് എന്ന കവിതയിൽ.വാച്ചിലെ അലാറം മരണവീട്ടിൽ നിന്നും മടങ്ങുവാൻ ഓർമ്മപ്പെടുത്തുമ്പോൾ, ഇടനെഞ്ചിൽ ഏറെപ്പഴഞ്ചനായ ഒരു പിടച്ചിലുണ്ടാകുന്ന ആഖ്യാതാവാണ് ഈ കവിതയിലെ കേന്ദ്രം.സുഹൃത്തിന്റെ മരണമുണ്ടാക്കുന്ന നോവുകളും തോന്നലുകളുമൊക്കെ അവിടെത്തന്നെ വെടിഞ്ഞ് പുതുവഴക്കത്തോടെ ജീവിതത്തിലേയ്ക്കു തിരിച്ചുപോരുന്നു അയാൾ…നടപ്പിൽ,എടുപ്പിൽ ഗരിമചോരാതെ ശേഷം ധിറുതിയോടെ ആ ദിവസവും ഉന്തിനീക്കുന്നു.പതിവുപോലെ കാര്യങ്ങൾ വീണ്ടും ക്രമപ്പെടുത്തുന്നു.പിറ്റേന്ന് വീണ്ടും ക്ലോക്കിന്റെ മിടിപ്പിനൊപ്പം പതിവു ജീവിതത്തിലേയ്ക്കു തയ്യാറായി എത്തിയപ്പോൾ ഇറയത്തതാ രണ്ട് പഴഞ്ചൻ ചെരുപ്പുകൾ. ആ ചെരുപ്പുകളുടെ പഴമയും അളവും ആകൃതിയും തനിക്കൊട്ടും പരിചിതമല്ലാതെ കുഴങ്ങി നില്ക്കുകയാണ് അയാൾ. അന്നേരത്ത് മരണവീട്ടിൽ നിന്നും മരിച്ച സുഹൃത്തിന്റെ അകന്ന ബന്ധു അയാൾക്ക് അപാകമായ ആഖ്യാതാവിന്റെ പുതുപുത്തൻ പാദുകം തിരികെക്കൊണ്ടു വരുന്നു.ഇറയത്തു കിടക്കുന്ന പഴയ ചപ്പൽ അയാൾ അണിഞ്ഞ് പാകത്തോടെ മടങ്ങിപ്പോകുന്നു.ആ പുതിയ ചെരുപ്പ് അണിഞ്ഞപ്പോഴാണ് അയാൾ അയാളാകുന്നത്.ഒപ്പം തലേന്ന് ഒട്ടുംതന്നെ പാകമാകാത്ത ആ അറുപഴഞ്ചൻ ചപ്പൽ അണിഞ്ഞ് പാകത്തിൽ നടന്ന ആ ആൾ അയാളിലേക്ക് തിരുകിയേറുകയും ചെയ്യുന്നു. സമയം അഥവാ ജീവിതത്തിന്റെ സ്പീപീഡു സൃഷ്ടിച്ച അഭിരുചികളുടെ ചെരുപ്പുകൾക്ക് പുറത്താക്കാൻ കഴിയാത്ത പുത്തൻ മനുഷ്യചിത്രമാണ് പ്രത്യക്ഷമായത്.അതേസമയം തന്റെ പഴഞ്ചൻ ചെരുപ്പുകളിൽ ഇറങ്ങാത്തവരേയും കവിത അഭിമുഖം നിർത്തുന്നു.ആ ചെരുപ്പും അതിലെ പാകവും അപാകവും രണ്ടുതരം യാഥാർത്ഥ്യങ്ങളെ മുന്നിൽ നിർത്തുന്നുണ്ട്.മരണം എന്ന യാഥാർത്ഥ്യത്തെയും ജീവിതം എന്ന യാഥാർത്ഥ്യത്തെയുമാണത്.മരണം ഒരറുപഴഞ്ചൻ യാഥാർത്ഥ്യവും ജീവിതം ഓരോ തവണയും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യവുമാണ്.അതിനാൽ ജീവിതം എല്ലാപേർക്കും പാകമാകുന്ന തരത്തിൽ ഏകമാനമായൊരളവിനാൽ പരുവപ്പെടുന്ന ഒന്നല്ല. എന്നാൽ മരണം അങ്ങനെയല്ല. ആർക്കും ഏതുനേരത്തും പാകമാകുന്ന അളവും ആകൃതിയുമാണ് അതിനുള്ളത്. കവിതയിലെ ആ അറുപഴഞ്ചൻ ചപ്പൽ മരണം കൂടിയാണെന്നതും നമുക്കിവിടെ കാണാനാകും.

അണ്ടിക്കഞ്ഞി, ഇല്ലാമ മണിയൻ എന്നീ കവിതകളുടെ ആന്തരിക പരിസ്ഥിതി,അലാറാം വച്ചുള്ള ജീവിതത്തിന്റെ വിപരീതദിശയിൽ നില്ക്കുന്ന കവിതകളാണ്.വിത്തിനുള്ളിൽ മരമുണ്ടെന്ന തിരിച്ചറിവ് സസൃപ്രകൃതയെപ്പറ്റിയുള്ള സൂക്ഷ്മജാഗ്രതയല്ലാതെ മറ്റെന്താണ്. “മാമ്പഴത്തിന്റെ അണ്ടിപിളർന്ന് പരിപ്പെടുത്ത് ഉണക്കി മാവ് കാച്ചിയുണ്ടാക്കുന്നതാണ് അണ്ടിക്കഞ്ഞി”.ഫലത്തെയല്ല മാവിനെ,മാവിന്റെ തലമുറകളെയാണ് ഇതിലൂടെ മനുഷ്യൻ അവന്റെ നിലനില്പിനായി കുടിച്ചുതീർക്കുന്നത്.മാമ്പഴത്തിനെ ഏതെല്ലാം രീതിയിൽ മനുഷ്യൻ ഉപയോഗിക്കുന്നു. അതിനെ ചപ്പി വഴിയിൽ കളയുന്നു.കാർന്ന് നുണഞ്ഞു രസിക്കുന്നു.നീര് ഊറ്റിക്കുടിക്കുന്നു.ഉപ്പിലിടുന്നു. പക്ഷേ,ആ വിത്തിനെ ഒന്നു വെറുതെ വിടണം എന്ന ആഗ്രഹം ഏതുമാവിലുമുണ്ട്. “പൂത്തുകായ്ക്കാൻ ഒരുങ്ങുന്ന വേളമുതൽ വളരെ പ്രകടമായിത്തന്നെയുണ്ട്. കാരണം മാങ്ങാണ്ടി നിങ്ങൾക്കു വേണ്ടിയുള്ളതേയല്ല.”വാസ്തവത്തിൽ പ്രകൃതിയുടെയും മനുഷ്യരാശിയുടെയും നിലനില്പിന് ഇത്തരം ഉപേക്ഷിക്കലുകൾ അനിവാര്യമാണ്.ത്യജിക്കുമ്പോഴാണ് ലോകം ആർദ്രമാകുന്നത്. മാനവകുലം ആസകലം പാരിസ്ഥിതിക ദുരന്തത്തിന്റെ കാലത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു.അലാറാം വച്ച് ധൃതിവച്ചോടുമ്പോൾ മനുഷ്യർ ഇത് തിരിച്ചറിയണം.അത്തരം നെട്ടോട്ടം അസീമിന്റെ കവിതാസന്ദർഭങ്ങളിൽ നിറയെ പ്രത്യക്ഷമാണ്.ഹിംസാത്മകതയുടെ ആസുരത ഗാന്ധിജിയുടെ അഹിംസാദർശനത്തെ മുഖാമുഖം നിർത്തുന്നു.ഈ ഹിംസാഹിംസതകളെത്തന്നെയാണ് അസീം ‘വിത്തുകൾ’ എന്ന കവികയിലും ആവിഷ്ക്കരിച്ചിട്ടുള്ളത്.

സ്വാഭാവികപ്രകതിക്കുമേൽ നടത്തുന്ന ഏതു വെട്ടിമാറ്റലുകളും അതിന്റെ യഥാർത്ഥ അർത്ഥത്തെ ഇല്ലാതാക്കുന്നതാണ്.ക്രോപ്പ് എന്ന കവിതയിൽ വെട്ടിമാറ്റലിന്റെ രാഷ്ട്രീയം പ്രത്യക്ഷമാണ്.“അയുധങ്ങളുമായി ആക്രോശിച്ച് പിന്നാലെ വരുന്ന ആൾക്കൂട്ടത്തെ ഭയന്ന് തലതെറിച്ചോടുന്ന ഒരാളുടെ ഫ്രണ്ട് വ്യൂവിൽ ഫോക്കസ് ചെയ്തെടുത്ത ഒരു സ്റ്റില്ലിൽ നിന്നും ആയുധങ്ങളേയും അതിലെ കടും പൊരുളിനേയും അതേപടിയങ്ങ് ക്രോപ്പു ചെയ്തുകളഞ്ഞാൽ,അയാളുടെ ആ ആയാസവും മുഖഭാവവുംമാത്രം ശേഷിച്ചാൽ ആ ചിത്രം ആദ്യം കാണുന്നൊരാൾ എന്തായിരിക്കും വിചാരിക്കുക?അയാൾ തന്നെ ആദ്യമെത്തമണേ,ഒന്നാം സമ്മാനം കിട്ടണേ എന്നല്ലാതെ മറ്റെന്താണ് നമുക്കു പ്രാർത്ഥിക്കാനാവുക.” റൊളാങ് ബാർത്ത് അർത്ഥോല്പാദനത്തിന്റെ തലങ്ങളെ വിശദീകരിക്കാനായി ഉദാഹരിക്കുന്ന ചിത്രത്തെയാണ് ഈ കാവ്യശകലം ഓർമമിപ്പിക്കുന്നത്.ചിത്രം പാരീസിലെ ഒരു മാസികയുടെ മുഖച്ചിത്രമായി അച്ചടിച്ചുവന്നതാണ്. സൈനികവേഷമണിഞ്ഞ നീഗ്രോ യുവാവ്,കണ്ണുകൾ മേല്പോട്ടുയർത്തി ഫ്രഞ്ച് പതാകയെ സല്യൂട്ട് ചെയ്യുന്നതാണ് ചിത്രം.ചിത്രം കാണുന്ന ഏതൊരാൾക്കും അയാൾ ഫ്രഞ്ച് പതാകയെ അഭിവാദ്യം ചെയ്യുകയാണെന്ന് ആദ്യനോട്ടത്തിൽ തോന്നും.അതുല്പാദിപ്പിക്കുന്ന അർത്ഥം കറുത്തവർഗ്ഗക്കാർ ഒരു തരത്തിലുമുള്ള വർണ്ണവിവേചനവും കൂടാതെ അവിടെ ജീവിക്കുന്നു എന്നാണ്.അതുകൊണ്ടാണല്ലോ ആ നീഗ്രോ യുവാവ് ആ പതാകയെ സല്യൂട്ട് ചെയ്യുന്നത്.ഇവിടെ ആ ചിത്രത്തിലൂടെ യാഥാർത്ഥ്യം തമസ്കരിക്കുകയും നിർമ്മിത അർത്ഥം ഉല്പാദിപ്പിക്കുകയുമായിരുന്നു.ഇവിടെ ക്രോപ്പു ചെയ്യലിലൂടെ സംഭവിക്കുന്നതും അതുതന്നെയാണ്. “ആസകലം ചതഞ്ഞ് ചോരചീന്തിയൊരു മൃതദേഹത്തിനു തൊട്ടരുകിൽ നെഞ്ചുപൊട്ടി വാവിട്ടുകരയുന്ന ഒരു കുട്ടിയുടെ ചിത്രത്തിൽ നിന്നും ആ മൃതദേഹത്തേയും തിങ്ങി വിങ്ങിയ ജനക്കൂട്ടത്തേയുമങ്ങ് വെട്ടിക്കളഞ്ഞാൽ ആ ചിത്രം ആദ്യം കാണുന്ന ആർക്കും തോന്നിപ്പോകില്ലേ,ആ കുട്ടി മിഠായിക്കു കരയുകയാവും,കുറേ ചോക്ലേറ്റ് മിഠായി വാങ്ങിക്കൊടുക്കണമെന്ന്?”പഴയവയെല്ലാം അടിച്ചുടച്ചും എഡിറ്റുചെയ്തും ഫോട്ടോഷോപ്പിൽ രൂപപരിണാമം വരുത്തിയും നവചരിത്രം സൃഷ്ടിക്കുന്ന കാലത്തെ ഈ കവിത രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്നു.ഇവിടെയും തിരിഞ്ഞുനടക്കുന്ന ഗാന്ധിയുടെ ചിത്രം നല്കുന്ന സന്ദേശം ധ്വനിസാന്ദ്രമാകുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

ഭാവിയിലേക്ക് കരുതിവയ്ക്കേണ്ട ഓർമ്മകളിലെ യാഥാർത്ഥ്യത്തെ ഇല്ലാതാക്കുന്ന പ്രക്രിയകൂടിയാണ് അരിഞ്ഞുമാറ്റൽ.മിലാൻ കുന്ദേരയുടെ വാക്കുകൾ എത്രയോ പ്രസക്തമാണ്. “The first step in liquidating a people is to erase its memory.Destroy is books,its culture,its history.Then have somebody write new books,manufacture a new culture,invent a new history.Before long that nation will begin to forget what is and what it was…The struggle of man against power is the struggle of memory against forgetting.”ഓർമ്മകളെ മായ്ച്ചുകളയുക, പുസ്തകങ്ങളും സംസ്കാരവും ചരിത്രവും ഇല്ലാതാക്കിക്കളയുക.തൽസ്‌ഥാനത്ത് പുതിയത് വരഞ്ഞും നിർമ്മിച്ചും മെനഞ്ഞുമെടുക്കുക.അങ്ങനെ പഴയതിനെ ഇല്ലാതാക്കി പുതിയതിനെ പ്രതിഷ്ഠിക്കുക.തുടർന്ന് കുന്ദേര പറയുന്നത്,അസീം കവിതയിലൂടെ ചെയ്യുകയാണ്, അധികാരപ്രയോഗത്തിനെതിരെയുള്ള പ്രതിരോധം, അതാകട്ടെ മറവിക്കെതിരെ ഓർമ്മകളെ അണിനിരത്തലാണ്. നാമറിയാതെ നമുക്കിടയിൽത്തന്നെ നടക്കുന്ന നിത്യസാധാരണമായ കാര്യങ്ങളിലെ സൂക്ഷ്മതകളിൽ നിന്നും കവിത കണ്ടെത്തി അത് അധികാരത്തിനെതിരെയുള്ള സമരമമാക്കി മാറ്റുന്നു.വാളോങ്ങി നില്ക്കുന്ന നിഴലുകൾക്ക് എതിരെയുള്ള സമരം.ആഗ്യം എന്ന കവിത നോക്കുക…ഒട്ടേറെ മറവികൾ അതിൽ പ്രത്യക്ഷമാണ്.പക്ഷേ,അതൊന്നും മറവിക്കാരൻ വകവയ്ക്കുന്നില്ല.ആംഗ്യങ്ങളാണ് അയാളുടെ ഓർമ്മ.ഏതൊരു മറവിയേയും അയാൾ മറികടക്കുന്നു.ബോധപൂർവ്വം ചെയ്യുന്ന മറപ്പുകളെല്ലാം വാസ്തവത്തിൽ അങ്ങനെയാണ്.കണ്ടു നില്ക്കുന്നവർക്കും അയാൾക്കുതന്നെയും തോന്നും അയാൾ എത്ര ഓർമ്മയുള്ളയാളാണെന്ന്.അവിടെ നടക്കുന്ന യഥാർത്ഥ മുറിച്ചുമാറ്റലുകളൊന്നും,വിഴിതിരിഞ്ഞു പോകലുകളൊന്നും അപ്പോൾ തിരിച്ചറിയില്ല.“ഒടുവിൽ വീടുവിട്ട് തനിയെ പാർക്കാനൊരുമ്പെട്ടിറങ്ങിയപ്പോഴാണ് വീട്ടിലേക്കുള്ള യാത്ര മനസ്സിന്റെ അടക്കാനാകാത്തൊരാംഗ്യമാണെന്ന് ബോധ്യമായത്.”ഈ ബോധ്യം തന്നെയാണ് മറവിക്കെതിരെയുള്ള ഓർമ്മ.ആംഗ്യമായ് അല്ലെങ്കിൽ നിയതമായി,അതുമല്ലെങ്കിൽ യാന്ത്രികമായി പരിണമിച്ചു പരുവപ്പെട്ട ഓർമ്മ.

വേഗത്തിൽ കിതച്ചോടുന്ന ജീവിതസന്ധികളുടെ എതിർദിശയെ ദൃശ്യാത്മകമാക്കുകയാണ് ‘അന്നു കണ്ട കിളിയുടെ മട്ട്’’ കവിതയിൽ. ജീവിതയാഥാർത്ഥ്യങ്ങളുടെ സൂക്ഷ്മതകളെയാണ് വള്ളിപ്പടർപ്പിൽ കുടുങ്ങിക്കിടന്ന ഒരു കിളിയുടെ ജമേജിലൂടെ ആവിഷ്ക്കരിക്കുന്നത്. എത്രപിടിച്ചുകൂട്ടിലിട്ടാലും കിളി ഒരുനാൾ ചിറകടിച്ചു പറന്നുപോകും.ശരീരമെന്ന കൂട്ടിൽനിന്നും ജീവന്റെ കിളിയും ഒരുനാൾ പറന്നുപോകും.ശരീരത്തെ കൂടായും ജീവനെ കിളിയായും കല്പന ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല.എന്നാൽ ഇവിടെ അതിന്റെ ആവിഷ്ക്കാരം സവിശേഷമായ ജീവിതസന്ദർഭവുമായി ബന്ധപ്പെടുത്തുകയാണ്.മാത്രമല്ല ശരീരം കാവ്യശരീരവും കിളി സൃഷ്ടിയുടെ ജീവനുമായി മാറുന്നു എന്ന സവിശേഷതയുമുണ്ട്.മനുഷ്യന് കിളികളോടുള്ള ഇഷ്ടം അവന്റെ ജീവനോടുള്ളതിനു തുല്യമായി വരുന്നു.ആകാശവും അതിരറ്റ സ്വാതന്ത്ര്യവുമുള്ള കിളിയെ പിടിച്ച് കൂട്ടിൽത്തന്നെ നിലനിർത്തി തേനും വയമ്പുമൊക്കെ കൊടുത്തു വഴക്കി ഇംഗിതത്തിനൊത്തുമാത്രം പ്രവർത്തിക്കുന്ന ഒന്നാക്കിമാറ്റാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ തടവിലാണെന്നു ബോധ്യമുള്ളതെന്തും തക്കം കിട്ടിയാൽ ചിറകടിച്ചു കടന്നുകളയും.എത്ര പിടിച്ചു നിർത്താൻ ശ്രമിച്ചാലും നിൽക്കാതെ ജീവൻ ഒടുവിൽ ശരീരംവിട്ടു പറന്നുപോകുന്നതുപോലെയാണത്. ജൈവികതയുടെ കടുംപിടിത്തത്തിൽ കുരുങ്ങിക്കിടക്കുന്ന കിളിയെയാണ് ഈ കവിതയിൽ മോചിപ്പിച്ചു മെരുക്കിയെടുക്കാൻ ശ്രമിക്കുന്നത്.പുറത്തെ ഇരുമ്പഴിക്കൂട്ടിൽ നിന്നും കിളിയുടെ തടങ്കൽപ്പാർപ്പ് ഉടലിലെ ഉള്ളറക്കൂട്ടിലേയ്ക്ക് (ഹൃദയത്തിലേയ്ക്ക്) മാറ്റപ്പെടുന്നതോടെയാണ് ജീവനും ആവിഷ്കാരത്തിന്റെ മിടിപ്പുകളും ഒന്നായിമാറുന്നുത്.ജീവൻ ഉടലൊഴിഞ്ഞ് ആവിഷ്കാരം നിലയ്ക്കുകയും കിളിമാത്രം (ജീവൻ മാത്രം) നിലനിൽക്കുകയും ചെയ്യുന്നു. ധൃതിക്കും നിഷ്ഠുരമായ ആസക്തികൾക്കും ബദലായ ജീവിതം തിളക്കമുള്ളതായി ശേഷിക്കും.ഇത്തരത്തിൽ വ്യത്യസ്ത ആവിഷ്കാരങ്ങളാൽ സമകാലിക കവിതയയിൽ സ്വന്തം നില അടയാളപ്പെടുത്തുന്നവയാണ് അസീം താന്നിമൂടിന്റെ കവിതകൾ. തനിക്കു താൻതന്നെ വഴി എന്ന മട്ട്. അത് മറവികൾക്കെതിരെ ഓർമ്മകളെ അണിനിരത്തുക കൂടിയാണ്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.