അണുമുതല്‍ പഞ്ചഭൂത സംഘടിതമായ പ്രപഞ്ചംവരെ പ്രതിഫലിക്കുന്ന കവിതകള്‍…!
അസീം താന്നിമൂടിന്റെ “അന്നുകണ്ട കിളിയുടെ മട്ട്” എന്ന പുസ്തകത്തിന് പ്രവീണ്‍ രാജ് എഴുതിയ വായനാനുഭവം
താന്‍കൂടി ഉള്‍പ്പെടുന്ന ഈ പ്രപഞ്ചത്തെ, ഇന്ദ്രിയാധീനമായ ലോകത്തെ കവിതയായി അടയാളപ്പെടുത്താന്‍ വെമ്പുന്ന മനസ്സിന്റെ ഉടമയാണ് അസീം താന്നിമൂട്.’നിങ്ങളും ഈ പ്രപഞ്ചവും പാരിടത്തിലെ സകലമാന ജീവജാലങ്ങളും എന്നില്‍ പ്രതിബിംബിക്കാനുള്ളതുകൊണ്ട്’ എന്ന് കവി തന്നെ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ദ്രിയ ഗോചരമായ പ്രപഞ്ചത്തെ കാവ്യ കലയാകുന്ന ഏഴാം ഇന്ദ്രിയം കൊണ്ട് അളക്കാന്‍ ശ്രമിക്കുന്ന കാവ്യാധ്വാനം കവിയെ സമകാല കവിതയില്‍ വേറിട്ട സാന്നിധ്യമാക്കുന്നു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കവിയുടെ `അന്നുകണ്ട കിളിയുടെ മട്ട്’എന്ന പുതിയ കാവ്യ സമാഹാരം ആ നിലയെ കൂടുതല്‍ ദൃഢപ്പെടുത്തുന്ന കവിതകളാല്‍ സമ്പന്നമാണ്.പഞ്ചേന്ദ്രിയങ്ങളിലൂടെ അറിയുന്ന, അനുഭവിക്കുന്ന വിഷയങ്ങളെ മനസ്സാകുന്ന ആറാം ഇന്ദ്രിയം കൊണ്ടും അതിനും കരുവായി കവിയില്‍ വര്‍ത്തിക്കുന്ന ഏഴാം ഇന്ദ്രിയം കൊണ്ടും കൂടുതല്‍ ആഴത്തില്‍ അനുഭവിക്കുന്നുവെന്നതാണ് ഈ കവിയുടെ പ്രത്യേകത.അത്രമേല്‍ ആഴത്തില്‍ അനുഭവങ്ങളില്‍ അലിയാന്‍ കവിയെ സഹായിക്കുന്നത് കാവ്യകലയുടെ സാന്നിധ്യമാണ്.മുന്‍ സമാഹാരങ്ങളെ പോലെ തന്നെ പുതിയ സമാഹാരവും വ്യത്യസ്തങ്ങളായ കാഴ്ചകളാണ് മുന്നോട്ടു വയ്ക്കുന്നത്.കണ്ടും കേട്ടും തൊട്ടും രുചിച്ചും സ്പര്‍ശിച്ചും ചിന്തിച്ചും താന്‍ അറിഞ്ഞതിനെ, അല്ലെങ്കില്‍ അറിഞ്ഞതില്‍ ശിഥിലമാകാതെ തന്നില്‍ അവശേഷിച്ചതിനെ വാക്കുകള്‍ കൊണ്ട് കവി വരയ്ക്കുന്നു.അതുകൊണ്ട് ചെരിപ്പു മുതല്‍ നക്ഷത്രങ്ങള്‍ വരെയും അണുമുതല്‍ പഞ്ചഭൂത സംഘടിതമായ പ്രപഞ്ചം വരെയും ഈ സമാഹാരത്തില്‍ പ്രതിഫലിക്കുന്നു. ‘മനുഷ്യരുടെ കഥ മാത്രമല്ല അസീം പറയുന്നത്. ജന്തുക്കളുടേയും മൃഗങ്ങളുടേയും വസ്തുക്കളുടേയും കഥകൂടിയാണ്. ‘ എന്ന് പി.എന്‍ ഗോപീകൃഷ്ണന്‍ വിലയിരുത്തുന്നത് അതുകൊണ്ടാണ്. ( അധിക നോട്ടങ്ങളും പ്രതിഫലനങ്ങളും : അസീം താന്നിമൂടിന്റെ കവിതയില്‍ ) .ജീവിതമാണ് അസീം കവിതകളുടെ അടിത്തറ.അനുഭവങ്ങളെ അതായി അറിയാന്‍ സഹായിക്കുന്ന ഇന്ദ്രിയങ്ങള്‍ ,ഇന്ദ്രിയങ്ങളറിഞ്ഞതിനെ അനുഭൂതിയാക്കുന്ന മനസ്സ്, അനുഭൂതിയെ ആവിഷ്‌കാരമാക്കുന്ന കാവ്യകല ഈ മൂന്നും ഒത്തുചേര്‍ന്ന കാവ്യ വ്യക്തിത്വത്തിന്റെ പ്രതീകമാണ് അസീം താന്നിമൂട് എന്ന് അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുമ്പോള്‍ തോന്നിയിട്ടുണ്ട്.
നോവിന്റെ നിലവിളി
മരിച്ചവര്‍ നക്ഷത്രങ്ങളായി ഉയിര്‍ക്കുന്നുവെന്നത് ഒരു പഴമൊഴിയാണ്. മരണങ്ങളില്‍ ഏറ്റവും വേദനയേറിയത് കുട്ടികളുടെതാണ് .അത് മനുഷ്യത്വമുള്ള മനസ്സുകളിലാകെ വേദന നിറയ്ക്കുന്നു.അത്തരത്തില്‍ ഒരു വേദനയെ കണക്കുകൂട്ടലുകളുടെ ഒരു ക്രമമാക്കുകയും ആ ക്രമത്തെ വാക്കുകള്‍ കൊണ്ട് വരയ്ക്കുകയും ചെയ്യുന്ന കവിതയാണ് ‘നക്ഷത്രങ്ങളുടെഎണ്ണം’.യുക്രെയിന്‍ യുദ്ധാപശ്ചാത്തലത്തിലാണ് ഈ കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വന്നത് എന്നാണ് എന്റെ ഓര്‍മ്മ.മരിച്ചുപോയ ഒരു കുഞ്ഞ് ജീവിക്കാന്‍ ബാക്കിവെച്ച നിമിഷങ്ങളെ ഒരു സാങ്കല്പിക സംഖ്യയായി അടയാളപ്പെടുത്തി കവിയുടെ കണക്കിന്റെ ക്രമത്തിലൂടെ കടന്നുപോകാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഉത്തരം കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിവിടും.എണ്ണപ്പെടുത്താന്‍ കഴിയാത്തത്ര നക്ഷത്രങ്ങള്‍ നമ്മള്‍ കാണുകയും കുഞ്ഞുങ്ങളുടെ കിനാവുകളുടെ ലോകത്തെ ഓര്‍ത്ത് കണ്ണീരൊഴുക്കുകയും ചെയ്യും.കൊല്ലപ്പെട്ട കുട്ടികള്‍ ജീവിച്ചിരുന്നുവെങ്കില്‍ കാണുമായിരുന്ന കിനാവുകളാണ് നക്ഷത്രങ്ങളായി തിളങ്ങുന്നതെന്നും ‘നിലച്ചാലും കെടാന്‍ അറയ്ക്കുന്ന തിളക്കങ്ങളാണവ’യെന്നും കവിയടാളപ്പെടുത്തുമ്പോള്‍ അതൊരു നിലവിളിയുടെ നോവാണ് പടര്‍ത്തുന്നത്.
പറയാന്‍കഴിയാത്ത അസ്വസ്ഥത
അടുത്ത സുഹൃത്തിന്റെ മരിപ്പിനു പോയി തിരിച്ചു വീട്ടില്‍ എത്തുന്ന ഒരുവന്റെ വേദനയുടെ രേഖപ്പെടുത്തലാണ് ‘ചെരുപ്പ് ‘ എന്ന കവിത.മരിച്ച സുഹൃത്തിന്റെ വീട്ടിലെത്തി മൃതദേഹം കണ്ടുമടങ്ങിയ കവിയുടെ ചെരുപ്പ് മാറിപ്പോയിരുന്നു.എന്നാല്‍ പിറ്റേന്ന് നിത്യ തിരക്കുകളിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് അത് തിരിച്ചറിയുന്നത്.സുഹൃത്തും കവിയുമായുള്ള ബന്ധത്തിന്റെ ആഴത്തേക്കാള്‍ അവനോട് കവിക്ക് പറയാന്‍ ഉണ്ടായിരുന്ന എന്തോ ഒന്നിന്റെ ആകുലതയെയാണ് ഈ കവിതയില്‍ ഒളിപ്പിച്ചിരിക്കുന്നത്.അവിടെ അപാകതപോലും പാകമാകുന്ന നിലയിലേയ്ക്കു മനസ്സു മാറിപ്പോകുന്നു. കുട്ടിക്കാലത്തെ ചെറിയ ഒരു തെറ്റാവാം പറയാന്‍ കഴിയാത്ത വിധത്തിലുള്ള ആത്മസംഘര്‍ഷമായി കവി അനുഭവിക്കുന്നത്.ആ അസ്വസ്ഥതയാവാം മറ്റൊരു മനസ്സുമായി വീട്ടിലെത്താന്‍ കവിയെ പ്രേരിപ്പിച്ചത്.ചില സൗഹൃദങ്ങള്‍ അങ്ങനെയുമുണ്ടാവുമല്ലോ!
വ്യക്തതയുടെ പരിമിതി
അവ്യക്തത ഈ കവിയുടെ സത്യസന്ധതയുടെ പ്രകാശനമായി കവിതകളിലുടനീളം ഉണ്ടെന്നത് മുന്‍പ് ഞാന്‍ തന്നെ മറ്റൊരു പഠനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘കടല്‍ കാട് ആകാശം’എന്ന കവിതയില്‍ ഒരു നിലപാടെന്ന നിലയില്‍ത്തന്നെ അവ്യക്തതയുടെ വ്യക്തത കവി നല്‍കുന്നുണ്ട്.എല്ലാം തീര്‍ത്തും അറിയുക സകലതിനെയും നൂറുശതമാനം മനസ്സിലാക്കുക എന്നത് അസാധ്യമാണെന്ന യാഥാര്‍ത്ഥ്യത്തെ കവി അടയാളപ്പെടുത്തുന്നു.
‘സര്‍വ്വവുമറിഞ്ഞേറുവാനാകുവ – /തടവിയോ ,കടലാകാശമോ ചെറു- / പ്രണയമോ പോലുമല്ലെന്ന വാസ്തവ- / മുണര്‍വിയറ്റുന്നതെങ്ങനെയെന്നതാ – /ണുലകിലെന്നെയുലയ്ക്കുമാശങ്കകള്‍ ‘(കടല്‍ കാട് ആകാശം)
വഴങ്ങലിന്റെ സാധ്യതകള്‍
‘നാട്യം’എന്ന കവിത ഒറ്റ വായനയില്‍ ലളിതമായ ഒരു അര്‍ത്ഥമാവാം സംവേദനം ചെയ്യുന്നത്. എന്നാല്‍ ആവര്‍ത്തിച്ചുള്ള വായനയില്‍ ആ ഒറ്റ അര്‍ത്ഥം പലതായി പിരിയുന്നു .ജീവിതത്തെ നാട്യങ്ങളിലൂടെ സുഖകരമാക്കുന്ന മനുഷ്യാവസ്ഥയെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെയും ആദര്‍ശ ധീരതയുടെയും മൂര്‍ത്തരൂപം എന്നു വിശേഷിപ്പിക്കാവുന്ന ആരെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടോ ? സാഹചര്യങ്ങളാല്‍ മാറ്റപ്പെടുന്ന നിലപാടുകളുടെ ആകെത്തുകയായി മനുഷ്യന്‍ നിലകൊള്ളുന്ന കാഴ്ച ഈ കവിതയിലുണ്ട്. മറ്റൊന്ന് വിനീത വിധേയനായി നിന്ന് ആട്ടും തുപ്പും സഹിച്ച് നേടിയെടുക്കുന്ന നേട്ടങ്ങളുടെ മനുഷ്യബിംബമാണ്.
‘ ഒന്നുകിലൊടുങ്ങണ , – /മല്ലെങ്കിലടിമയെ – / ന്നറിഞ്ഞങ്ങുറയ്ക്കണം.'(നാട്യം)
വിനയം സ്വപ്നത്തില്‍ പോലും ഉലയാത്തതാവണം.ഇനി ഇടയ്ക്ക് ദുസ്വപ്നം വന്നു മുരണ്ടാല്‍ത്തന്നെ ഉണരുമ്പോള്‍ ശിരസ്സ് കുനിയണം.അതാവണം ശീലം.പ്രതികരണത്തിന്റെ തിക്തഭാവം അടക്കണം.
‘ നാട്യത്തിന്റെ /
വൈഭവമൊന്നേ കാമ്യം / ശ്രദ്ധയെങ്ങാനുമിടയ് – /
ക്കൊന്നുപാളുകില്‍ മുഖ- /
സ്തുതിയില്‍ മുഴികിയാ / ലുബ്ധതയ്ക്കങ്ങിണങ്ങണം'(നാട്യം)
തന്നെ വിനീത വിധേയനാക്കിയിരുന്ന അലങ്കാരമായ ആ അദൃശ്യപാദത്തിന്റെ ഉടമയുടെ ഇല്ലായ്മയില്‍ ആനന്ദിക്കുന്ന കവിയെയാണ് കവിതയുടെ ഒടുവില്‍ കാണാനാകുന്നത്.കവി മാത്രമല്ല
‘അസംഖ്യമസംതൃപ്ത – /
രന്നതിനൊടുങ്ങലി- /
ലതീവ രഹസ്യമാ- /
യാഹ്ലാദിപ്പതു കാണ്‍കെ /
ഉച്ചത്തില്‍ ദുഖാര്‍ദ്രമാ- /
യതിനെ സ്മരിച്ചു ഞാന്‍ …?'(നാട്യം)
ഒടുവില്‍ ആ മരണത്തില്‍ അതീവ ദുഃഖിതനായി ലോകത്തിനു മുന്നില്‍ നാട്യപ്പെടുന്ന കവിയിലാണ് കവിത അവസാനിക്കുന്നത്.ആ നാട്യം വൈറലാവുകയും ആ വൈറലിനിരയായവരെ ഓര്‍ത്ത് കവി സന്തോഷിക്കുകയും ചെയ്യുന്നു.ഈ കവിത ആരംഭിക്കുന്നത്
‘തൃപ്തി തന്നിണക്കിടും /
ഹൃദ്യത …വഴങ്ങിപ്പോയ്. /
അത്രമേലസഹ്യമെ – /
ന്നറിയെക്കെണിഞ്ഞു പോയ് ‘ എന്നാണ്. വഴങ്ങിപ്പോയി എന്ന പദത്തില്‍ നിന്നുരുത്തിരിച്ചെടുക്കാവുന്ന അര്‍ത്ഥ സാധ്യതകള്‍ വേറെയുമുണ്ട്. സമൂഹത്തിലേക്ക് വികസിക്കാനും കുടുംബത്തിലേക്ക് ചുരുങ്ങാനുമുള്ള സാധ്യതകള്‍ ഈ കവിത നല്‍കുന്നുണ്ട്.
നമ്മള്‍ കാണുന്ന നക്ഷത്രത്തിളക്കം എന്നോ കെട്ടുപോയ ഒരു നക്ഷത്രത്തിന്റെതാകാം എന്ന ശാസ്ത്രയുക്തിയും ആ പ്രകാശത്തിന്റെ മാസ്മരികതയില്‍ മുഴുകുന്ന ഭാവനയും കലര്‍ന്ന മികച്ച കവിതയാണ് ‘മൗഢ്യം’.കവിയ്ക്ക് താരകങ്ങളുടെ കണ്‍ചിമ്മല്‍ ഒരു ഗൂഢഭാഷയാണ്.നക്ഷത്രങ്ങളുടെ പൊരുളിനെ വ്യക്തമാക്കുന്ന ഗൂഢഭാഷ.എങ്കിലും കവി തിരിച്ചറിയുന്നു
‘വാസ്തവങ്ങള്‍ അതല്ല , /വിദൂരത / വിസ്തരിക്കും നിഗൂഢത മാത്രമാം . ‘(മൗഢ്യം)
മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ പരിമിതിയും സ്ഥലകാല യുക്തിയും ഈ കവിതയില്‍ സമ്മേളിച്ചിട്ടുണ്ട്.പ്രപഞ്ചം എന്ന വിശാലതയുടെ മുന്നില്‍ മണല്‍ത്തരിയോളം ചെറുതാകുന്ന,അറിവിന്റെ അനന്തതയ്ക്കു മുന്നില്‍ ഒന്നുമല്ലാതാകുന്ന വെറും മൗഢ്യത്തിന്റെ അടയാളമായി മനുഷ്യന്‍ ഈ കവിതയില്‍ നിലകൊള്ളുന്നു.യഥാര്‍ത്ഥ ഞാന്‍ ഇങ്ങനെ ആയിരുന്നില്ല എന്ന് ഒരു സിനിമയില്‍ നടന്‍ സലിംകുമാര്‍ പറയുന്നതു കേട്ട് നമ്മള്‍ ചിരിച്ചിട്ടുണ്ട്.താന്‍ എന്തായിരിക്കണം എന്നൊരാള്‍ ആഗ്രഹിക്കുന്നുവോ അതാണ് അയാളുടെ ഉപവ്യക്തി.വ്യക്തിയും ഉപവ്യക്തിയും തമ്മിലുള്ള സംഘര്‍ഷം ജീവിതത്തെ അസഹ്യമാക്കുന്നു. ‘ആരാവാം’ എന്ന കവിതയില്‍ തന്നിലെ ഉപവ്യക്തിയെ(sub person)ഒരു തലവേദനയായി കവി അനുഭവിക്കുന്നു. ആ ഉപവ്യക്തി തലകീഴായി നിന്ന് ഉച്ഛിക്കുമേല്‍ ഭാരമാവുകയാണ്.എല്ലാ മനുഷ്യരും അനുഭവിക്കുന്ന ദ്വന്ദ്വവ്യക്തിത്വ സംഘര്‍ഷത്തെയാണ് ഈ കവിത അടയാളപ്പെടുത്തുന്നത്. സമൂഹം ഞെരിക്കുന്നതിനാല്‍ അടിച്ചമര്‍ത്തി വെച്ചിരിക്കുന്ന ഒരു വ്യക്തി നമ്മളിലുണ്ട് .ആ വ്യക്തിയാണ് യഥാര്‍ത്ഥ ഞാന്‍ എന്ന് സമൂഹം തിരിച്ചറിയാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്ന ഞാന്‍ (I) ഉപവ്യക്തിയുടെ സമ്മര്‍ദ്ദത്താല്‍ അസ്വസ്ഥപ്പെടുന്നവനാണ്.എന്റെ മാത്രം അസ്വസ്ഥത .ഒരു കവിക്ക് ആ അസ്വസ്ഥതയെ പരുവപ്പെടുത്താം. ‘ഇറക്കിവിടാന്‍ പല/ മട്ടില്‍ ഞാന്‍ ശ്രമിച്ചിട്ടും ഒഴിഞ്ഞു പോകുന്നില്ല ‘(ആരാവാം..?). ഈ പൊറുതിമുട്ടല്‍ ‘കെണിയില്‍’ എന്ന കവിതയിലുമുണ്ട്.
‘അരികില്‍ മുന്നിലോ
പിന്നിലോ ലാക്കുമായ് –
/ പതിവായുണ്ടതിന്‍
സാമീപ്യഭീതികള്‍ …!'(കെണിയില്‍)
എളുപ്പം വെളിപ്പെട്ടു കിട്ടാത്ത ചിത്രരചന രീതിയെ അവലംബമാക്കി എഴുതിയ ‘നീണ്ട ഒരു മൗനത്തിന്റെ നിഴല്‍’ എന്ന കവിതയിലും ഉപവ്യക്തിയുടെ സാന്നിധ്യമുണ്ട്. വെളിച്ചത്തോട് തീരെ പ്രിയമില്ലാത്ത ഉപവ്യക്തിയെയാണ് ഈ കവിതയില്‍ കാണാന്‍ കഴിയുന്നത്. ഇരവിന്റെ വരവും കാത്താണതിരിക്കുന്നത്. വെളിച്ചത്തില്‍ -സമൂഹത്തിന്റെ മധ്യത്തില്‍ -ഒരിക്കലും വെളിപ്പെടാനാകാത്ത സംഘര്‍ഷമാണ് കവിക്ക് ഉപവ്യക്തി. ഒരു നശിച്ച തോന്നലായി ‘എന്റെ വിധി’ എന്ന കവിതയില്‍ ശൂലത്തിന്റെ രൂപത്തില്‍ ഉപവ്യക്തി കടന്നുവരുന്നുണ്ട്.വന്യത ഉള്ളില്‍പ്പേറുന്ന ഈ ഉപവ്യക്തിയെ ‘വിത്തുകള്‍’ എന്ന കവിതയിലും കാണാം. ഇരുട്ടിലേയ്ക്ക് എന്ന കവിതയില്‍ ‘ഇനിക്കുറച്ചു ഞാ- /
നിരുട്ടിലേകനാ- /
യലിഞ്ഞുറങ്ങുവാന്‍ /
കൊതിക്കയാ,ണെന്നെ /
വെടിഞ്ഞു പോവുക /
വെളിച്ചമേ … എങ്ങും /
കറുത്ത തീവ്രമാം
നിറം പടര്‍ത്തുവാന്‍ /
മിഴിയടയ്ക്കുക ‘ എന്നാണ് കവി തന്റെ കൊതിയെ അടയാളപ്പെടുത്തുന്നത്.
വെളിച്ചത്തെ അകറ്റാനും ഇരുട്ടിനെ ആസ്വദിക്കാനും കൊതിക്കുന്ന ഈ ഉപവ്യക്തിമനസ്സ് കൂടുതല്‍ ഉന്‍മത്തതയോടെ വീണ്ടും പറയുന്നു:
‘ പിരിഞ്ഞു പോവുക /
വെളിച്ചമേ,യല്പം/
മനസ്സമാധാനം /
പകരുവാനിനി – /
യിരുട്ടു മാത്രമാ – /
ണഭയം … ‘ എന്ന്. സമൂഹവ്യക്തിയെ മറക്കാനും മറയ്ക്കാനുമുള്ള ഈ ആവേഗം,അദമ്യമായ ആഗ്രഹത്തിന്റെ ആവേഗം ഇക്കാലത്തെ മറ്റുകവികളില്‍ കാണാനാകുന്നില്ല. അത്രയ്ക്കുണ്ടതിന്റെ സാനിധ്യം. ‘ചാലിയാര്‍’ എന്ന കവിതയില്‍
‘കുറ്റിരുട്ടിന്റെ പൊത്തിലാപ്പെട്ടതാം
സ്വസ്ഥത, പത്തി നീര്‍ത്തുമസ്വസ്ഥത’ എന്ന് വായിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഉപവ്യക്തിയുടെ ഗാഢത നമ്മളെ അമ്പരിപ്പിക്കുന്നു. അസീം താന്നിമൂടിന്റെയുളളില്‍ ഒരു വിന്‍സന്റ് പല്ലിശ്ശേരിയുണ്ടെന്നും പറയാം.
ദുരൂഹമായ വ്യക്തിജീവിതം
സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട മണിയന്റെ വേദനയാണ് ഇല്ലാമ മണിയന്‍ എന്ന കവിതയിലുള്ളത്.പുറത്തുനിന്നും പൂട്ടിയ വീടിന്റെ വരാന്തയിലാണ് കുടിയന്‍ മണിയന്‍ ഉറങ്ങുന്നത്.മണിയന്‍ ഇല്ലാമ്മ മണിയനായത് ഇങ്ങനെയാണ് – ‘ഇല്ലായ്മ ലോപിപ്പിച്ചിമ്പമാക്കീ – / ട്ടല്ലോയീപേരില്‍ മണിയനെത്തി.’ മണിയന്റെ ഭാര്യ തൂങ്ങിമരിച്ചതും ഇല്ലായ്മയാലാണ്.ഏക സന്താനവും ഇല്ലായ്മയെ ഉപേക്ഷിച്ചു.അന്നുമുതലാണ് മണിയനീ കുടി തുടങ്ങിയത്.ഏതു പണിയും ചെയ്യുന്നത് കുടിക്കാനായാണ്.കള്ളുകുടിച്ച് പൂസായാലും തന്റെ മുന്തിയില്‍ കൃത്യമായി എന്തോ തപ്പുന്ന പതിവ് അവനുണ്ട്.ആ പൂസിലും ഏറെ പഴഞ്ചനായ കിടങ്ങിന്റെ മധ്യത്തൂടെ പാലം കടന്ന് കുന്നിനോരത്തെ തന്റെ വീട്ടിലെത്തും മുന്തിനീര്‍ത്തി ഒരു ചാവി കയ്യിലെടുക്കും.വീടു തുറന്നു കയറാന്‍ ശ്രമിക്കും.
‘താക്കോല്‍പ്പഴുതിലാ ചാവിയേറ്റാന്‍/
നോക്കിയാല്‍ ആവുകി,ല്ലങ്ങുമിങ്ങും/
കുത്തിക്കുഴയു,മാ കൈ വിറക്കും. ‘
എന്നും ഇതാണ് സംഭവിക്കുന്നത്. കവിതയുടെ ഒടുക്കം ദുരൂഹതകളാണ്.ഇല്ലായ്മയെ ആരോ വീട്ടില്‍ നിന്നും പുറത്താക്കുന്നു .അത് ആരാണ് ? എന്തിനാണ് ?സ്വന്തം ഇടത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന നിസ്സഹായരുടെ പ്രതിനിധി കൂടിയാണോ ഇല്ലാമ മണിയന്‍?അതോ സംഘര്‍ഷഭരിതമായ വ്യക്തിജീവിതത്തിന്റെ മാത്രം ഉടമയോ ? ഈ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം നല്‍കാതെയാണ് കവിത അവസാനിക്കുന്നത്.
സമൂഹവും അവ്യക്തതയും
മനുഷ്യന്‍ കണ്ണുകള്‍ കൊണ്ട് കബളിപ്പിക്കപ്പെടുന്ന, ഒന്നിലും വ്യക്തതയില്ലാത്ത സന്താനമായി പ്രത്യക്ഷപ്പെടുന്ന കവിതയാണ് ‘ക്രോപ്പ്’. നര്‍മ്മവും സാമൂഹിക വിമര്‍ശനവും ഇഴചേര്‍ന്നു നില്‍ക്കുന്ന കവിത. വര്‍ത്തമാനകാല സമൂഹമാധ്യമ ലോകത്തിന്റെ കപടതയുടെ മുഖം ഈ കവിതയില്‍ വെളിപ്പെടുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് ക്രോപ്പ് എന്നത് ഒരു സാധാരണ വാക്കാണ് .എന്നാല്‍ അസാധാരണമാം വിധം അര്‍ത്ഥവും വ്യാപ്തിയുമുള്ള വാക്കുകൂടിയാണത്. ഒതുക്കുക എന്ന അര്‍ത്ഥത്തില്‍ നിന്നും സത്യത്തെ ഒളിപ്പിക്കുക എന്ന സത്യാനന്തര കാല അര്‍ത്ഥത്തിലേക്കുള്ള സഞ്ചാരത്തെയാണ് കവി സൂചിപ്പിക്കുന്നത് .ശരീരം മുഴുവന്‍ മുറിവേറ്റു മരിച്ചു പോയ ഒരു മനുഷ്യന്റെ അരികിലിരുന്നു കരയുന്ന കുട്ടിയുടെ ചിത്രം കവി പറയും വിധം ക്രോപ്പ് ചെയ്താല്‍ ആ കുട്ടി ചോക്ലേറ്റിനു കരയുകയാണെന്നോ കളിപ്പാട്ടത്തിനു കരയുകയാണെന്നോ കരുതാം. കണ്ണുകള്‍ തീര്‍ക്കുന്ന അവ്യക്തതയായിരുന്നതെന്ന് കരുതാനും വയ്യ. മനസ്സിന്റെ സൂക്ഷ്മതയില്ലായ്മയെ ആണ് കവി വരച്ചു കാട്ടാന്‍ ശ്രമിക്കുന്നത്. എന്തിലും കടന്നു കാണുവാനുള്ള മനസ്സ് ആവശ്യമാണെന്ന യാഥാര്‍ത്ഥ്യത്തെ ഈ കവിതയിലൂടെ സൂചിപ്പിക്കുന്നു.മനുഷ്യ ഭാവങ്ങളുടെ അര്‍ത്ഥത്തിന്റെ അസ്ഥിരതയെ അടയാളപ്പെടുത്തിക്കൊണ്ടാണ് കവിത അവസാനിക്കുന്നത്.ഒരു സൂക്ഷ്മ ദൃക്കിന് മാത്രം രേഖപ്പെടുത്താവുന്ന വലിയ ലോകമുണ്ട് ആ കവിതയില്‍.
‘ഓരോ ഭാവത്തെയും /
ഇത് ഇന്നതിനുള്ളത് /
ഇത് /ഇന്നതിനുള്ളത് /
എന്നു /
നിജപ്പെടുത്തിയിട്ടില്ലാത്തതിനാല്‍/
ആരൊക്കെയോ ചേര്‍ന്ന് /
ക്രോപ്പ് ചെയ്തു കാണിക്കുന്ന /
ആ അതിപുരാതനമായ /
അവ്യക്തതയുടെ തോതില്‍ /
ആനന്ദിച്ചങ്ങു കഴിഞ്ഞുകൂടാം.'(ക്രോപ്പ്)
വനവും വന്യതയും
ഒരു വനവും അതിന്റെ വന്യതയും ഈ കവി ഉള്ളില്‍ പേറുന്നുണ്ട്. ‘വിത്തുകള്‍ ‘എന്ന കവിതയില്‍ ചുളയും ചാറും നുണഞ്ഞ് കുരു താന്‍ വലിച്ചു തുപ്പുമെന്നും അത് തരിശുനിലത്തെ ഉടനടി വനമാക്കുമെന്നും കവി ആശിക്കുന്നു.നുകരുന്ന മാത്രയില്‍ത്തന്നെ കവിയുടെ ഭാവനയില്‍ വിരിയുന്ന വനമാണത്.ഉണരുമ്പോള്‍ ലൗകികഭോഗങ്ങളുടെ വന്യമായ മുരള്‍ച്ചകളാല്‍ കിടുങ്ങുന്ന വനത്തെ കാണാം.
‘കണ്‍കളാര്‍ത്തിയി-
ലെന്തോ തെരയുംവിധം
പോളകള്‍ നീര്‍ത്തിപ്പരതും…! ‘
ഒരു മനുഷ്യവ്യക്തി എന്ന നിലയില്‍ കവിക്കുള്ളിലുള്ള വന്യതയുടെ അടയാളപ്പെടുത്തലായും ഈ കവിതയെ വായിക്കാം.തനിക്കു നേരെയുള്ള കൂര്‍പ്പുകള്‍ എല്ലാം ഒടിച്ചു കളയുന്ന സ്വഭാവമാണല്ലോ കവിക്കുള്ളത് (കവിത – കൂര്‍പ്പ് ).
വിതറും, പാകും എന്നീ പദങ്ങള്‍ ഉപയോഗിച്ച് കവി ഒരു കൃഷിക്കാരനാകുന്നു.വിതയ്ക്കുകയുംകൊയ്യുകയും കറ്റമെതിക്കുകയും ആര്‍ത്തിയോടെ ഭക്ഷിക്കുകയും ചെയ്യുന്ന ഒരു കൃഷിക്കാരന്‍.വിതയുടെ ശാന്തത മാത്രമല്ല കൊയ്യാനും ഭോഗിക്കാനുമുള്ള വന്യതയും ഉള്ളില്‍ പേറുന്ന ഒരു കൃഷിക്കാരനായി കവിതയ്ക്കുള്ളിലെ കവി നിലകൊള്ളുന്നു.
ഗാന്ധിയുടെ മഹത്വം
‘എളുപ്പമുള്ള ഗാന്ധി’ എന്ന കവിത തലക്കെട്ടിലെ ഗാന്ധിയെന്ന മഹത്വത്തിന്റെ അടയാളപ്പെടുത്തലാണ്. ഗാന്ധിജിയെ എളുപ്പം വരയ്ക്കാം പക്ഷേ അത് പിന്തിരിഞ്ഞ (പിന്‍തിരിഞ്ഞ) ഗാന്ധിയെയാണ്.
‘ ചെറുതും വലുതുമായ രണ്ടു /
വളഞ്ഞ വരകളും /
വശത്തായ് ഒരു ഊന്നുവടിയുടെ /
തോന്നലും വരച്ചാല്‍ ‘ മതി.എന്നാല്‍ ശരിയായ ഗാന്ധി അതല്ല .ഗാന്ധിജി ഒരിടത്തും പിന്തിരിഞ്ഞില്ല.ചമ്പാരനില്‍ ,ദണ്ഡിയില്‍,ജാലിയന്‍വാലാബാഗില്‍,ക്വിറ്റ് ഇന്ത്യയില്‍ എല്ലാം ഗാന്ധി കൊളോണിയല്‍ അധീശത്വത്തിന് മറികടക്കാന്‍ കഴിയാത്ത മഹാശിലയായിരുന്നു. കവി ആ മഹത്വത്തെ കവിതയായി ഉദാത്തീകരിക്കുന്നു.
ജീവിതവും മരണവും
മുള്‍പ്പടര്‍പ്പില്‍ നിന്നും രക്ഷിച്ച് കൊണ്ടുവന്ന കിളിയെ തന്റെ വരുതിയിലാക്കിയെന്നു കരുതുന്ന കവിയാണ് ‘അന്നുകണ്ട കിളിയുടെ മട്ട്’ എന്ന കവിതയിലെ ആഖ്യാതാവ്. കൂടൊരുക്കി അരികില്‍ ആകാശവും ഭൂമിയും പലനിറങ്ങള്‍കൊണ്ട് വരച്ചുവച്ചു. വരുതിയിലായെന്നു തോന്നിയ മാത്രയില്‍ കൂടു തുറന്നതും അത് ആകാശം ലക്ഷ്യമാക്കി കുതിക്കാന്‍ ശ്രമിക്കുന്നു. കയ്യെത്തിപ്പിടിച്ച് വരുതിയിലാക്കാന്‍ ശ്രമിക്കുന്ന കവിക്ക് കിളിയുടെ കൂര്‍ത്ത കൊക്കും നഖങ്ങളും വേദന നല്‍കുന്നു. അന്ന് മുള്‍പ്പടര്‍പ്പില്‍ കുടുങ്ങിയപ്പോള്‍ താന്‍ കണ്ട അതേ മട്ടാണിപ്പോള്‍ കിളിയുടെ ഭാവം .ഈ കിളിയുടെ കഥയില്‍നിന്ന് വായനക്കാരെ കവി കൊണ്ടുപോകുന്നത് ജീവനിലേക്കും മരണത്തിലേക്കുമാണ്. മനുഷ്യശരീരത്തെ കൂടായും ജീവനെ കിളിയായും സങ്കല്‍പ്പിക്കുന്ന രീതിയുണ്ടല്ലൊ. ‘. . .മാതാവിന്റെ / പൂങ്കുയില്‍ കൂടും വിട്ട് പരലോകത്തെ പൂകി’ എന്ന് മാമ്പഴം കവിതയില്‍ വൈലോപ്പിള്ളി. പഞ്ചേന്ദ്രിയങ്ങളടഞ്ഞ് ആസകലം മരവിച്ച് ഒരു പിണ്ഡമായി വീണടിയുന്ന ദേഹത്തെയും കിളിയായി പറന്നകലുന്ന ആത്മാവിനെയും കവി അടയാളപ്പെടുത്തുന്നുണ്ട്.വസ്തുനിഷ്ഠാനുഭവത്തെയും വ്യക്ത്യാനുഭവത്തെയും പ്രപഞ്ചികാനുഭവത്തിലേക്കുയര്‍ത്തുന്ന ദാര്‍ശനികത ഈ കവിതയുടെ സവിശേഷതയാണ്.
താനും തനിക്ക് ചുറ്റുമുള്ളവരും, ഉള്ളിലിരിപ്പുകള്‍ വെയിലിനെ ഉപയോഗപ്പെടുത്തി കൈവിരലുകള്‍ കൊണ്ട് നിഴല്‍രൂപങ്ങളാക്കുന്നുവെന്നും അതുകണ്ട് ഭൂമി രസിച്ചിരിപ്പാണെന്നും ‘നിഴല്‍രൂപങ്ങള്‍’ എന്ന കവിതയില്‍ കവി സൂചിപ്പിക്കുന്നു .കവിവിരലുകള്‍ മാന്‍ ,മുയല്‍ ,കിളികള്‍ എന്നിവയെ നിര്‍മ്മിച്ചു .അവയ്ക്കു പാര്‍ക്കാന്‍ ഇടമില്ലെന്ന് ബോധ്യത്തില്‍ നിന്ന് പിന്നീട് ചെടികള്‍ ,മരങ്ങള്‍, തൃണങ്ങള്‍, പൂവിന്‍ അഴകുകള്‍ ,കനികള്‍ അങ്ങനെ കാടിനെ മെനഞ്ഞു .ആ കാനനടുവില്‍ ആദ്യം സൃഷ്ടിച്ച ജീവികള്‍ വസിച്ചു . ഇപ്പോള്‍ വെയില്‍ വെറിക്കുന്നു.കവിക്കുള്ളില്‍ വന്യതയും കടുക്കുന്നു. തുടരെത്തുടരെ മൃഗരൂപങ്ങളും ഇഴജന്തുക്കളും ഊറ്റംകൊണ്ടു വരുന്നു. തോന്നിയ എല്ലാ നിഴലുകളും കവി രൂപപ്പെടുത്തി. ഒടുവില്‍ കവിയുടെ കാടും ഈ ഭൂതലത്തിലെ കാടും തമ്മിലിണങ്ങിയിരുളുന്നു. ഭൂതലംകവിക്ക് അസഹ്യതയായി തോന്നുന്നു. സ്വന്തം ഉള്ളിലിരിപ്പുകളുടെ വന്യതയും ഭൂമിയിലെ യഥാര്‍ത്ഥ കാടിന്റെ വന്യതയും തമ്മിലുള്ള താരതമ്യം കവിതയിലുണ്ട്. തന്റെ ഉള്ളിലെ കാട് മറ്റൊന്നാണെന്ന ബോധ്യം കവിക്കുണ്ട് .സുഖദുഃഖ സമ്മിശ്രമായ ജീവിതാനുഭവങ്ങളെയാവാം കവി അടയാളപ്പെടുത്തുന്നത്. ഭാവനയാകുന്ന സുഖവും യാഥാര്‍ത്ഥ്യമാകുന്ന ദുഃഖവും ഇടകലര്‍ന്നതാണല്ലോ കാവ്യജീവിതം. കവിതയുടെ ശീര്‍ഷകത്തില്‍ രൂപം എന്നത് യാഥാര്‍ത്ഥ്യത്തിന്റെയും നിഴല്‍ എന്നത് ഭാവനയുടെയും അടയാളങ്ങളാണ്. അതുകൊണ്ട് നിഴല്‍രൂപങ്ങള്‍ എന്ന സമസ്ത പദം വ്യാകരണ നിയമങ്ങള്‍ കൊണ്ട് വിസ്തരിക്കാന്‍ കഴിയാത്തതാകുന്നു. അതിന്റെ അര്‍ത്ഥം കവി മനസ്സിലെ അസഹ്യതയുടെ അര്‍ത്ഥമാണ്.അത് തിരിച്ചറിയുവാന്‍ അത്രമേല്‍ ആഴത്തില്‍ കവിതയില്‍ മുഴുകേണ്ടിവരും.
ഉപസംഹാരം
ഈ സമാഹാരത്തിലെ കവിതകളില്‍ പ്രകൃതിയും ജീവിതവും ആഴത്തില്‍ അടയാളപ്പെട്ടിരിക്കുന്നു. വ്യത്യസ്തതകളിലും ഇന്ദ്രിയഗോചരമായ അസ്ഥിരതകളിലും മനസ്സുറപ്പിച്ച് ഭാവനകൊണ്ട് ആ കാഴ്ചകളെ സൂക്ഷ്മമായി വിശകലനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. 1310 എന്ന കഥാകാവ്യത്തില്‍ പ്രണയത്തിന്റെ രാഷ്ട്രീയം കലര്‍ന്നിട്ടുണ്ട്. താനുളളില്‍പ്പേറുന്ന വന്യതയെയും കൂര്‍പ്പുകളെ ഒടിച്ചെറിയാനുള്ള തന്റെ വ്യഗ്രതയെയും മടികൂടാതെ ആവിഷ്‌കരിച്ചിരിക്കുന്നു. കലയുടെ സത്യസന്ധതയുള്ള കവിതകളാണിവ. വ്യത്യസ്ത അര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുവാനുള്ള സാധ്യതകള്‍ ഈ സമാഹാരത്തിലെ ഓരോ കവിതയും ഒളിപ്പിക്കുന്നുണ്ട്.
Comments are closed.