ഒരു ഹെഗലിയൻ ഡയലിറ്റിക്സ്
അസീം താന്നിമൂടിന്റെ “അന്നുകണ്ട കിളിയുടെ മട്ട്” എന്ന പുസ്തകത്തിന് എസ് ജോസഫ്
എഴുതിയ വായനാനുഭവം
ഞാൻ വളരെ വർഷങ്ങൾക്കുമുമ്പ് പരിചയപ്പെട്ട ഒരു കവിയാണ് അസീം താന്നിമൂട്.പിന്നീട് അടുത്ത കാലത്താണ് സ്വന്തം സ്വരം കേൾപ്പിച്ചു കൊണ്ട് അസീം കവിതയിലേക്കു വീണ്ടും വരുന്നത്.അതിന് നല്ല ഒരു വരവേൽപ്പ് ലഭിച്ചു.നമ്മുടെ കവിത ഗദ്യത്തിന്റെ വഴിയേയാണ് ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന് തീർത്തു പറയാനാവില്ല.പദ്യവും ഗദ്യവും മാറി മാറി എഴുതുന്ന കവികളും ഉണ്ട്.വൈവിധ്യങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം അങ്ങനെ സംഭവിക്കുന്നത്.അസീം താന്നിമൂടും ആ രീതി പിന്തുടരുന്ന കവിയാണ്.
അസീമിന്റെ കവിതയിൽ ഒരു പുതുമയുണ്ട്. ചില ഇൻസൈറ്റുകൾ ഉണ്ട്. അതുകൊണ്ട് അസീം താന്നിമൂടിന്റെ കവിതകൾ അന്തർദർശനപരമാണ് എന്ന് പറയാം. പാരമ്പര്യ രചനാരീതിയുടേയും സമകാല രചനാരീതിയുടേയും ഒരു ചേർപ്പ് ഈ കവിതകളിൽ കാണുന്നു. ഒരു ഹെഗലിയൻ ഡയലിറ്റിക്സ് ആണത്.’അന്നുകണ്ട കിളിയുടെ മട്ട്’എന്ന ഈ സമാഹാരത്തിലെ ‘നക്ഷത്രങ്ങളുടെ എണ്ണം’ എന്ന ആദ്യ കവിതയിൽ നിന്ന് ‘അണ്ടിക്കഞ്ഞി’ എന്ന കവിതയിലേക്ക് അധികദൂരം ഇല്ല. അതിൽ ഒരു വലിയ ഖേദം ഒളിഞ്ഞിരിക്കുന്നു.മരിച്ചു പോകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കുട്ടികളെക്കുറിച്ച് പ്രാപഞ്ചിക തലത്തിൽ എഴുതിയ കവിതയാണത്. മരണം എന്നത് ഇന്നൊരു പഠനമേഖലാണെന്ന് കേൾക്കുന്നു. ഈ കവിത ചില ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.ഉത്തരമില്ലാത്ത ചോദ്യങ്ങൾ ആണവ. ഈ കവിതയുടെ വേറൊരു വേർഷൻ ആണ് അണ്ടിക്കഞ്ഞി എന്ന കവിത.
കവി എഴുതുന്നു:
” പക്ഷേ,
ആ അണ്ടിക്കഞ്ഞി …
ആ കോൺസപ്റ്റിനോട്
അതിനു തീരെ
പൊരുത്തപ്പെടാനാകില്ല. ”
വിത്തെടുത്ത് ഉണ്ണുക എന്നു പറയുന്ന കാര്യയാണിത്.അതിനെ പ്രതിരോധിക്കാൻ മാങ്ങാണ്ടി ശ്രമിക്കുന്നു :
” എന്തെന്നാൽ/ആ പാണ്ടിയുള്ളിൽ/തന്റെ പ്രിയപ്പെട്ട ആർക്കോ വേണ്ടിയുള്ള/അതിന്റെ രഹസ്യ സന്ദേശങ്ങളാണ്./മധുരത്തിനുള്ളിൽ ദൃഢമായിപ്പൊതിഞ്ഞ/നിഗൂഢ സന്ദേശങ്ങൾ./ദൂതനായ് ആരോ/അതിനെത്തേടി വരാനുണ്ട്/അതിനിടയിൽ മണത്തറിഞ്ഞ്/നിങ്ങൾ എത്തിയേക്കുമെന്നും അതിനറിയാം./അതുകൊണ്ടാവണം/നിങ്ങളുടെ പല്ലകളുടെ ബലവത്തായ തോടുകൊണ്ടതിനെ പൊതിഞ്ഞു വച്ചത്/കവർപ്പു കലർത്തി കടഞ്ഞെടുത്ത്/അതതിന്റെ സന്ദേശങ്ങളെ ഒളിപ്പിച്ചു വച്ചത് ” ( അണ്ടിക്കഞ്ഞി )
നിസാരകാര്യങ്ങളിൽപ്പോലും നമ്മൾ സാധാരണക്കാർക്ക് സാധിക്കാത്ത ഒരു കാണൽ/വായന ഈ കവിക്ക് സാധ്യമാകുന്നു.ഒരർത്ഥത്തിൽ കവിതയുടെ മാത്രം സൂക്ഷ്മമായ ഒരു പ്രത്യേകതയാണിത്.നാളിതു വരെ ഇവിടെയുണ്ടായിരുന്നിട്ടും നമ്മൾ കാണാതെ പോയ സൂക്ഷ്മലോകങ്ങളിലേക്ക് ഉത്തരാധുനിക കവിത സഞ്ചരിക്കുന്നു.ഇതോടൊപ്പം പല രാഷ്ട്രീയമായ അപചയങ്ങളെയും കവി കാണുന്നുണ്ട്.’പിന്തിരിഞ്ഞ ഗാന്ധി’എന്ന കവിതയില്‍ നിന്നും
” പിന്തിരിഞ്ഞ ഗാന്ധിയെ വരയ്ക്കാൻ എളുപ്പമാണ് “എന്ന ഒന്നാം വായനയിൽ നാം മനസിലാക്കുന്ന കാര്യമല്ല,വീണ്ടും വായിക്കുമ്പോൾ മനസിലാക്കുന്നത്.
`അന്നുകണ്ട കിളിയുടെ മട്ട്’ എന്നാണല്ലോ സമാഹാരത്തിന്റെ പേര്.ആ പേരിൽ ഒരു കവിതയുമുണ്ട്.ആഖ്യാന സ്വഭാവമുള്ള കവിതയാണ്.പരമ്പരാഗതമായ ശീലുകളുണ്ട്.എങ്കിലും ആഖ്യാനം മാറി കവിത അവസാന ഭാഗത്ത് മറ്റൊരു തലത്തിലേക്ക് ഉയരുന്നുണ്ട്.കിളിയുടെ ഉത്കണ്ഠകൾ ആവിഷ്കരിക്കുന്നതിലെ മികവ് ശ്രദ്ധേയമായി ത്തോന്നുന്നു.ചുരുക്കത്തിൽ പരിചിതമായ വിഷയങ്ങളെ അപരിചിതമായ തലങ്ങളിലേക്ക് പറപ്പിക്കുന്ന കവിയാണ് അസീം താന്നിമൂട് എന്നു പറയം.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.