മാന്‍ ബുക്കര്‍ പുരസ്‌കാരം ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്
2018-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം വടക്കന്‍ ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. അന്നയുടെ മില്‍ക്ക് മാന്‍ എന്ന എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന.
56 കാരിയായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്ക്മാന്‍. ഐറിഷ് പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടിരിക്കുന്ന മില്‍ക്ക് മാന്‍ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ഒരു പരീക്ഷണാത്മക നോവലായ മില്‍ക്ക് മാന്‍ അവിശ്വസനീയമാം വിധത്തിലുള്ള യാഥാര്‍ത്ഥ്യമാണ് വായനക്കാര്‍ക്കായി തുറന്നിടുന്നതെന്ന് പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി. ഇതിനു മുമ്പ് ഇത്തരത്തിലൊരു അവതരണശൈലിയില്‍ ഒരു നോവല്‍ വായിച്ചിട്ടില്ലെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമില പാര്‍ക്കര്‍ അന്ന ബേണ്‍സിന് മാന്‍ ബുക്കര്‍ പുരസ്‌കാരം സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക.
1969-ലാണ് ബുക്കര്‍ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. ഇംഗ്ലീഷിലെഴുതപ്പെട്ടതും ബ്രിട്ടണില്‍ പ്രസിദ്ധീകരിച്ചതുമായ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ബ്രിട്ടണ്‍, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇക്കുറി മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത്.
Comments are closed.