സ്ത്രീരാഷ്ട്രീയത്തിന്റെ തുറസ്സുകളും ജെ ദേവികയും
ജെ. ദേവികയുടെ “നിരന്തരപ്രതിപക്ഷം’ എന്ന പുസ്തകത്തിനെഴുതിയ മുന്നുരയില്‍നിന്ന്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാളികളുടെ ചിന്താലോകത്ത് സക്രിയസാന്നിധ്യമാണ് ജെ.ദേവിക. ഇക്കാലയളവിൽ ദേവിക എഴുതിയ നിരവധി എഴുത്തുകളിൽനിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. ചിന്തകന്മാർക്കുമാത്രം അംഗത്വമുള്ള ക്ലബ്ബാണ് മലയാളികളുടെ പൊതുമണ്ഡലം എന്നും ചിന്തകന് സ്ത്രീലിംഗം ഉണ്ടാവില്ല എന്നുമുള്ള പൊതുബോധം പേറുന്നവർക്കിടയിലാണ് നാം. `ചിന്തക’ എന്ന സ്ഥാനം അംഗീകരിച്ചുകിട്ടുക ദുഃസാധ്യവുമാണ്. ഇതെഴുതാൻ തുടങ്ങിയപ്പോൾ എനിക്കോർമ്മവന്നത് രാജ്യതന്ത്രജ്ഞൻ, ഡിപ്ലോമാറ്റ്, ജേർണലിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെടുന്ന ഗുന്റർ ഗൗസ് 1964 ൽ പ്രശസ്ത അക്കാദമികബുദ്ധിജീവിയും സൈദ്ധാന്തികയുമായ ഹന്ന ആരെന്റുമായി നടത്തിയ അഭിമുഖത്തിനിടെ ഉണ്ടായ ചില പരാമർശങ്ങളാണ്. തന്റെ ഷോയിൽ ആദ്യമായി പങ്കെടുപ്പിക്കുന്ന `സ്ത്രീഫിലോസഫർ’ ആണ് ആരെന്റ് എന്നെടുത്തു പറഞ്ഞും, പുരുഷഫിലോസഫർമാർക്കിടയിലെ `അപൂർവസാന്നിദ്ധ്യം’ എന്ന പദവിയെ അവർ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിലുമാണ് ഗൗസ് അഭിമുഖം തുടങ്ങുന്നത്.
ആദ്യംതന്നെ `സ്ത്രീഫിലോസഫർ’ എന്ന വിശേഷണത്തോട് വിയോജിച്ചുകൊണ്ടാണ് ആരെന്റ് മറുപടി പറയാൻതുടങ്ങുന്നത്. താൻ ഒരിക്കലും സ്വയം ഒരു തത്വശാസ്ത്രചിന്തകയാണെന്ന് കരുതുന്നില്ലെന്നും, തന്റെ തൊഴിലിന് എന്തെങ്കിലും ഒരു പേര് വിളിക്കണം എന്നുണ്ടെങ്കിൽ `പൊളിറ്റിക്കൽ തിയറിസ്റ്റ്’ എന്നതാവും ഉചിതം എന്നുമവർ പറയുന്നു. ഒപ്പം, ചിരിച്ചുകൊണ്ട്, നിങ്ങൾ കരുതുംപോലെ വാസ്തവത്തിൽ തത്വശാസ്ത്രചിന്തകർ തന്നെ അംഗീകരിച്ചിട്ടില്ല എന്നും കൂട്ടിച്ചേർക്കുന്നു. എന്നാൽ, തത്വചിന്ത എന്നത് പുരുഷന്മാർക്കായി മാറ്റിവെക്കേണ്ട ഒരു തൊഴിൽ ആവേണ്ടകാര്യമില്ലെന്നും, സ്ത്രീകൾക്കും അതാവാമല്ലോ എന്നുമവർ വ്യക്തമാക്കുന്നു. എന്തുകൊണ്ട് തത്വശാസ്ത്രചിന്തക എന്ന സ്ഥാനം കാംക്ഷിക്കുന്നില്ല എന്നതിന് അവർ നൽകുന്ന വിശദീകരണം ചിന്തോദ്ദീപകമാണ്. അത് തത്വചിന്ത എന്ന വിഷയവുമായി ബന്ധപ്പെട്ടതാണ്. പാരമ്പര്യത്തിന്റെ ഒരു വലിയ ഭാണ്ഡം തത്വശാസ്ത്രം പേറുന്നുണ്ടെന്നും, അത് പുലർത്താൻശ്രമിക്കുന്ന നിരർത്ഥകമായ നിക്ഷ്പക്ഷതയെ തള്ളേണ്ടതുണ്ടെന്നും, കീഴ്നിലയിലുള്ള രാഷ്ട്രമീമാംസ എന്ന വിഷയവുമായി തത്വശാസ്ത്രചിന്ത നിലനിർത്തുന്ന വിദ്വേഷസമാനമായ അകലം തനിക്ക് അസ്വീകാര്യമാണെന്നും, അതിന്റെ ഭാഗമാകാൻ താൻ സന്നദ്ധയല്ലെന്നുമാണവർ വ്യക്തമാക്കുന്നത്. തത്വശാസ്ത്രചിന്തയാൽ മങ്ങലേൽക്കാത്ത, തുറന്നകണ്ണുകളാൽ തനിക്ക് രാഷ്ട്രമീമാംസ എന്ന വിഷയത്തെ സമീപിക്കേണ്ടതുണ്ട് എന്ന തന്റെ നിലപാടാണ് അവർ സ്പഷ്ടമാക്കുന്നത്. സത്യത്തിൽ, തന്റെ ബൗദ്ധികപ്രവർത്തനം താൻ ജീവിക്കുന്ന കാലഘട്ടത്തോട് പുലർത്തേണ്ട സത്യസന്ധതയെക്കുറിച്ചാണ് ആരെന്റ് ആകുലപ്പെട്ടത്; അത് അവരുടെ എഴുത്തുകളിലും വിവാദപരമായ രാഷ്ട്രീയനിലപാടുകളിലും തെളിഞ്ഞുകാണാം.
ജെ. ദേവികയുടെ രചനകളെക്കുറിച്ച് എഴുതുന്ന ഈ സന്ദർഭത്തിൽ ഹന്ന ആരെന്റിനെ ഓർക്കുന്നത്, ദേവികയും അവരെപ്പോലെ താൻ ജീവിക്കുന്ന സമൂഹത്തോടും കാലഘട്ടത്തോടും അതിന്റെ സാമൂഹികരാഷ്ട്രീയചരിത്രത്തോടും പുലർത്തുന്ന ധീരമായ ബൗദ്ധിക സത്യസന്ധതയുടെ സമാനതകൾകൊണ്ടാണ്. ബൗദ്ധിക അധ്വാനത്തിന്റെ അടിസ്ഥാനത്തിൽ ചിന്തക എന്ന പദവിക്ക് താൻ തികച്ചും അർഹയാണെന്നും, എന്നാൽ അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി തന്റെ നിലപാടുകളിലും ഇടപെടലുകളിലും യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഉറക്കെ പ്രഖ്യാപിക്കുന്ന സ്വതന്ത്രയായ ഒരു സ്ത്രീയെ എങ്ങനെ അടയാളപ്പെടുത്തണം എന്നറിയാതെ കുഴങ്ങുന്നുണ്ട് നമ്മുടെ പൊതുമണ്ഡലം. ആ ജോലി തൽക്കാലം ഭാവിചരിത്രകാരികൾക്ക് വിടാം.
ചരിത്രം, സദാചാരം / ലൈംഗികത, സാഹിത്യം, വികസനം / രാഷ്ട്രീയം, സംവാദം, അഭിമുഖം എന്നിങ്ങനെ ആറു ഭാഗങ്ങളായാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം തരംതിരിക്കപ്പെട്ടിട്ടുള്ളത്. ദേവികയുടെ ബൗദ്ധികജീവിതത്തിലെ ആദ്യ ഉദ്യമം ഡോക്ടറൽ ഗവേഷണങ്ങളുടെ ഭാഗമായി അവർ നടത്തിയ ചരിത്രഗവേഷണപഠനങ്ങൾ ആയിരുന്നു. പത്തൊൻപതാംനൂറ്റാണ്ടിന്റെ അന്ത്യശതകങ്ങളിൽ തുടങ്ങി ഇരുപതിന്റെ ആദ്യപകുതിവരെയെത്തുന്ന കാലഘട്ടത്തിൽ കേരളത്തിൽ രൂപപ്പെട്ട ആധുനികതയിലൂന്നിയ നവോത്ഥാനചിന്താധാരയും അതിന്റെ ചുവടുപിടിച്ചു വളർന്നുവന്ന സമുദായപരിഷ്കരണപ്രസ്ഥാനങ്ങളും സ്ത്രീകളുടെ സ്വത്വനിർമ്മിതിയെയും കർതൃത്വത്തെയും, തദ്വാരാ സാമൂഹികപദവിയേയും എങ്ങനെ രൂപപ്പെടുത്തി എന്നതാണ് ആ പഠനം. അതിനായി അവർ വിപുലമായ ചരിത്രരേഖകൾ (archival records) വിശദമായി പരിശോധിച്ച് നിഗമനങ്ങളിൽ എത്തിച്ചേർന്നു. ദേവികയുടെ പല പിൽക്കാലരചനകളുടെയും ശക്തിയുടെ ഉറവിടവും ഈ ചരിത്രവിശകലനങ്ങൾതന്നെയാണ്.
ചരിത്രവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സ്ത്രീകളുടെ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും ആദ്യകാലചരിത്രം വിവരിക്കുന്ന `സ്ത്രീകളും സമരങ്ങളും’ എന്ന ലേഖനവും, സ്ത്രീത്വവുമായി ബന്ധപ്പെട്ട പെൺചന്തം, കുലീനത്വം തുടങ്ങിയ ആശയങ്ങളുടെ പൊതുസമൂഹ ധാരണാരൂപീകരണത്തിന്റെ ചരിത്രം ചർച്ചചെയ്യുന്ന `പെൺചന്തം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങളും, ആദ്യകാല ആധുനികതക്കുള്ളിൽ സ്ത്രീകളായിമാറുന്ന പെൺകുട്ടികളെക്കുറിച്ചുള്ള സങ്കൽപ്പനങ്ങളെ ആധാരമാക്കി എഴുതിയ `ആധുനികത, ബാല്യം, ലിംഗഭേദം’ എന്ന ലേഖനവുമാണ്. ഇവയോടൊപ്പം ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള `കല്പ്പനയുടെ മാറ്റൊലി’ എന്ന ലേഖനം പത്തൊൻപതാംനൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും മലയാളി പൊതുമണ്ഡലത്തിലുണ്ടായ വികാസങ്ങളുടെ ചുവടുപിടിച്ച് ബദൽലിംഗമാതൃകകളുടെ സാദ്ധ്യതകൾ അന്വേഷിക്കാൻ തുനിഞ്ഞ ഒരു പറ്റം എഴുത്തുകാരികളെ കേരളചരിത്രത്തിൽ രേഖപ്പെടുത്താനുള്ള ശ്രമമാണ്.
വിദ്യാഭ്യാസം സിദ്ധിച്ച, വരേണ്യവിഭാഗക്കാരായ ഇവർ, `സ്ത്രീകൾ’ എന്ന സാങ്കൽപ്പികകൂട്ടായ്മയെ എങ്ങനെ അഭിസംബോധനചെയ്യാൻ ശ്രമിച്ചു എന്നും അതിലൂടെ പൊതുസമൂഹത്തിന്റെ ലിംഗപദവി നിർമ്മിതികളെ വിമർശനവിധേയമാക്കി എന്നും ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നു. ഇത്തരം ചരിത്രരചനകൾ നടത്തുമ്പോൾ ഗവേഷകർ പാലിക്കേണ്ട സൂക്ഷ്മതകളെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നുണ്ട്. തന്റെ ബൗദ്ധികമുൻഗാമിനികളെ കണ്ടെത്തി ആദരിക്കൽനടത്തുന്ന കേവലഛായാഗ്രഹണ മാലയിടൽചടങ്ങായി ഈ ചരിത്രരചനയെ ചുരുക്കാൻ കഴിയില്ല എന്ന് ലേഖിക ഇവിടെ എടുത്തുപറയുന്നു. കാരണം, സ്ത്രീപക്ഷജ്ഞാനനിർമ്മാണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളും വിവിധ തലമുറകളിലെ സ്ത്രീകൾ സംവാദാത്മകമായി കലഹിച്ചും ചർച്ചചെയ്തും രൂപപ്പെടുത്തുന്നതാണ്. അതിനാൽ, അതിന്റെ അടരുകളിൽ സ്വാഭാവികതുടർച്ചകളും ഇടർച്ചകളും ഉണ്ടാവും. ആദ്യകാലഫെമിനിസ്റ്റായ മേരി വോൾസ്റ്റോൺക്രാഫ്റ്റിന്റെ ആറ് ആത്മകഥകൾ 1960-70 കാലങ്ങളിലെ ഫെമിനിസത്തിന്റെ രണ്ടാംതരംഗകാലത്തു എഴുതപ്പെട്ടതിൽ ഈ വീണ്ടെടുത്തുപുതുക്കലിനെ വായിച്ചെടുക്കാൻ കഴിയും. ഈ ലേഖനം കണ്ടെടുക്കാൻ ശ്രമിക്കുന്ന ആദ്യകാല സ്ത്രീ എഴുത്തുകാരികളിലെ കല്പനകളുടെ മാറ്റൊലി തന്നിലും ഉണ്ടാവാം എന്ന് ലേഖിക പറയുന്നു. സത്യത്തിൽ ആ തുടർച്ച സുവ്യക്തമാണ്. ഉദാഹരണമായി, എത്ര വിദ്യാഭ്യാസംനേടിയാലും, പദവികളിൽ എത്തിയാലും, സ്ത്രീകളുടെ ആത്യന്തികസ്ഥാനം അടുക്കളയിലാണ് എന്ന പൊതുസമൂഹ കാഴ്ചപ്പാടിനെ സൂചിപ്പിക്കാൻ അന്നാ ചാണ്ടി ഉപയോഗിച്ച `അടുക്കളവാദം’ എന്ന പ്രയോഗത്തിന്റെ പിന്നിലെ കല്പ്പനയുടെ തുടർച്ച ദേവികയുടെ പല എഴുത്തുകളിലും കാണാം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.