#KLF 2019 സംവാദവേദിയില്‍ എഴുത്തുകാരി അനിതാ നായര്‍ എത്തുന്നു
പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയും മലയാളിയുമായ അനിത നായര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിനെത്തുന്നു. അനിത നായരുടെ നിരൂപകപ്രശംസ നേടിയ ലേഡീസ് കൂപ്പെ, ഈറ്റിസ് വാസ്പ്‌സ് എന്നീ നോവലുകള്‍ കെ.എല്‍.എഫ് വേദിയില്‍ സംവാദവിഷയമാകുന്നുണ്ട്.
ജനുവരി 11-നാണ് അനിത നായരുടെ നോവലുകളെ ആസ്പദമാക്കിയുള്ള രണ്ട് സംവാദങ്ങളും നടക്കുന്നത്. ലേഡീസ് കൂപ്പെ എന്ന നോവലിനെ ആസ്പദമാക്കി നടക്കുന്ന ആദ്യ ചര്‍ച്ചയില്‍ എഴുത്തുകാരി ഇന്ദു മേനോനാണ് അനിത നായരുമായി അഭിമുഖം സംഭാഷണം നടത്തുന്നത്. അതേദിനത്തില്‍ നടക്കുന്ന രണ്ടാമത് ചര്‍ച്ചയില്‍ ഈറ്റിങ് വാസ്പ്‌സ് എന്ന നോവലിനെ ആസ്പദമാക്കിയാണ് അഭിമുഖം. പ്രൊഫ. ലതാ നായരാണ് അഭിമുഖം നടത്തുന്നത്.
കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, ക്രോസ്‌വേര്‍ഡ് പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അനിത നായര്‍ പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂര്‍ സ്വദേശിനിയാണ്. ബെറ്റര്‍മാന്‍, ലേഡീസ് കൂപ്പെ, മിസ്ട്രസ്, ഈറ്റിങ് വാസ്പ്‌സ്, ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ്, ഇദ്രിഡ്: കീപ്പര്‍ ഓഫ് ദി ലൈറ്റ് എന്നിവയാണ് പ്രധാന നോവലുകള്‍. ആദ്യ നോവലായ ബെറ്റര്‍മാനും തുടര്‍ന്നെഴുതിയ മിസ്ട്രസ് എന്ന നോവലും മുപ്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലബാര്‍ മൈന്‍ഡ്‌സ് എന്ന കവിതാസമാഹാരവും കുട്ടികള്‍ക്കായുള്ള ആറ് ബാലസാഹിത്യകൃതികളും അനിത നായര്‍ രചിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ഗൗഡയെ കേന്ദ്രകഥാപാത്രമാക്കി ഒരു കുറ്റാന്വേഷണ പരമ്പര തയ്യാറാക്കിയിട്ടുണ്ട്. ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ് എന്ന രചന ചലച്ചിത്രമായിട്ടുണ്ട്.
കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ നിരവധി പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും ഈ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നു.
കാലിക വിഷയങ്ങളും സാഹിത്യവും കലയും എല്ലാം ചര്‍ച്ചയാകുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.