DCBOOKS
Malayalam News Literature Website

വൈറല്‍ ആകേണ്ട വൈറസ് കാല ചിന്തകള്‍: അനിൽ  ദേവസ്സി

അമ്മച്ചിക്ക് വാട്ട്സപ്പും ഫേസ്ബുക്കുമില്ല. അതുകൊണ്ട് തന്നെ ഒരു സാധാരാണ മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നത്. ഞങ്ങളുടെ നമ്പറുകള്‍ സ്പീഡ് ഡയലില്‍ സേവ് ചെയ്തു കൊടുത്തിട്ടുണ്ട്. അലമാരയുടെ സൈഡില്‍ ഞങ്ങളുടെ നമ്പറുകളെഴുതിയ ഒരു പേപ്പറും ഒട്ടിച്ചു വച്ചിട്ടുണ്ട്. ചാലക്കുടിയിലെ വീട്ടില്‍ അമ്മച്ചി ഒറ്റയ്ക്കായിരുന്നില്ല. അനിയനും ഭാര്യയും അവരുടെ മോളും കൂടെയുണ്ട്. പക്ഷെ ലോക്ഡൌണ്‍ കാരണം അനിയനിപ്പോള്‍ കോട്ടയത്ത് അവന്റെ ജോലി സ്ഥലത്ത് തുടരുകയാണ്. ആറു കിലോമീറ്റര്‍ ദൂരമെ പെങ്ങളുടെ വീട്ടിലേക്കുളളൂ. ഒന്ന് കൂവി വിളിച്ചാല്‍ ഓടിയെത്താവുന്ന ദൂരം മാത്രം. പക്ഷെ ആര്‍ക്കും പുറത്തിറങ്ങാന്‍ ആകില്ലല്ലോ. ജനുവരിയില്‍ വെക്കേഷന് പോയ ഞാന്‍ ഫെബ്രുവരി പകുതിയോടെ ദുബായില്‍ തിരിച്ചെത്തി. ഒരു മാസം അധികം വീട്ടില്‍ നിൽക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയും മോനും മാര്‍ച്ച് അവസാനത്തോടെ ദുബായിലേക്ക് മടങ്ങി വരാനിരിക്കേയാണ് കൊറോണ വൈറസ് ലോകത്തെ മുഴുവന്‍ നിശ്ചലമാക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നത്. അവരുടെ യാത്ര ക്യാന്‍സലായി. ഭാര്യയും മോനും ചേര്‍ത്തലയിലെ വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണിപ്പോഴുളളത്. ചുരുക്കി പറഞ്ഞാല്‍ എല്ലാവരും ഓരോ തുരുത്തുകളില്‍ ഒറ്റപ്പെട്ട അവസ്ഥ.

ഞാനിവിടെ ഒറ്റയ്ക്കാണല്ലോയെന്നോര്‍ത്ത് നാട്ടിലുളളവര്‍ സങ്കടപ്പെടുന്നുണ്ട്. ഒരു കണക്കിന് ഒറ്റയ്ക്കായത് നന്നായെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, ലോക്ക്ഡൌണ്‍ എന്റെ ജോലിയെ ബാധിച്ചിട്ടില്ല. മണി എക്സ്ചേഞ്ച് ആയതുകൊണ്ട് ഒരു ദിവസം പോലും മുടക്കമില്ലാതെ ഞാന്‍ ജോലിക്കുപോകുന്നുണ്ട്. മുന്‍പൊക്കെ ജോലികഴിഞ്ഞ് ബസ്സിലും മെട്രോയിലും യാത്ര ചെയ്ത് വീട്ടിലെത്തുമ്പോള്‍ വാതില്‍ തുറന്നുതരുന്ന ഭാര്യയ്ക്കൊപ്പം മകനുമുണ്ടാകാറുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ എനിക്കൊപ്പമില്ലെന്നത് ഒരാശ്വാസം തന്നെയാണ്. പറഞ്ഞുവന്നത് അമ്മച്ചിയേക്കുറിച്ചാണ്. പണ്ടൊക്കെ ആഴ്ച്ചയില്‍ ഒരിക്കലോ മറ്റോ ആണ് ഞാന്‍ അമ്മച്ചിയെ ഫോണ്‍ വിളിച്ചിരുന്നത്. ഈ വൈറസ് കാലത്ത് അതിനൊരു മാറ്റമുണ്ടായി. ഇപ്പോള്‍ എല്ലാദിവസവും അമ്മച്ചിയെ വിളിക്കുന്നുണ്ട്. അമ്മച്ചി അതാഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ മാത്രമല്ല, മുന്‍പും ആ ആഗ്രഹം ഉണ്ടായിരുന്നിരിക്കാം എന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്. നാടിനേക്കുറിച്ചും വീടിനേക്കുറിച്ചും ഓര്‍ക്കുമ്പോള്‍ ഒരു ഫ്ലൈറ്റ് പിടിച്ചാല്‍ കഷ്ടിച്ച് നാലുമണിക്കൂര്‍ യാത്രചെയ്താല്‍ മതിയല്ലോയെന്ന ഒരു സമാധാനം മനസ്സിനെ ആശ്വസിപ്പിക്കുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യം അതല്ലല്ലോ. നാലു മണിക്കൂറില്‍ നിന്നും രണ്ടായിരത്തി നാന്നൂറ് കിലോ മീറ്റര്‍ ദൂരത്തോളം അകലമുളള ആധിയാണിപ്പോള്‍ നാടും വീടും. എന്നേക്കാള്‍ ആ ആധികൂടുതല്‍ അമ്മച്ചിക്കായിരിക്കുമെന്ന് ഓര്‍മ്മപ്പെടുത്തിയത് എന്റെ ഭാര്യ തന്നെയാണ്. അഞ്ചുമിനിറ്റെങ്കില്‍ അഞ്ചുമിനിറ്റ് എല്ലാദിവസവും അമ്മച്ചിയെ വിളിച്ച് സംസാരിക്കെന്ന് പുളളിക്കാരി സ്നേഹോപദേശം നല്‍കി. അങ്ങനെ ഞാന്‍ അമ്മച്ചിയെ എന്നും ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ആദ്യമാദ്യമൊക്കെ അമ്മച്ചി കരയുമായിരുന്നു. മോനവിടെ തനിച്ചല്ലേ എന്നൊക്കെ പറഞ്ഞ് സങ്കടപ്പെടുമായിരുന്നു. പിന്നെ പിന്നെ ആ സങ്കടങ്ങള്‍ പതുക്കെ മാഞ്ഞുതുടങ്ങി. എല്ലാ ദിവസോം വിളിക്കാന്‍ തുടങ്ങിയതോടെ അമ്മച്ചിക്കും കുറച്ചു സമാധാനം കിട്ടിതുടങ്ങി. ഞങ്ങളങ്ങനെ നാട്ടിലേം ദുബായിലേം വിശേഷങ്ങള്‍ പങ്കുവയ്ക്കും. പേരക്കിടങ്ങാളെക്കുറിച്ച് അമ്മച്ചി വാചാലയാകും. ചിലപ്പോള്‍ ഞങ്ങളുടെ പഴയ ജീവിതത്തേക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ ഓര്‍മ്മകളിലേക്ക് ഓടും.

എല്ലാ‍ ദിവസവും അമ്മച്ചിയെ വിളിച്ച് അഞ്ചുമിനിറ്റ് സംസാരിക്കാന്‍ സമയമില്ലാത്ത അത്രയ്ക്ക് തിരക്ക് എനിക്ക് ഉണ്ടായിരുന്നോ. ഇല്ലെന്നതാണ് സത്യം. എത്ര വൈകിയാണ് നമുക്ക് ചില തിരിച്ചറിവുകളുണ്ടാകുന്നതെന്ന് ഞാനിപ്പോള്‍ ഓര്‍ത്തുപോവുകയാണ്. ഈ വൈറസ് കാലം മനുഷ്യചിന്തകളെ പുതുക്കി പണിയുന്ന മനോഹരമായ എത്രയെത്ര കാഴ്ച്ചകളാണ് നമുക്ക് ചുറ്റും നടക്കുന്നത്.

ഞാന്‍ ഓട്ടം നിര്‍ത്തിയാല്‍ ഈ ഭൂമിയുടെ കറക്കം നിലച്ചുപ്പോകുമെന്നൊക്കെ കരുതിയത് വെറുതേയായിരുന്നില്ലേ. ഒന്നിനും സമയമില്ലെന്ന് പറഞ്ഞ നമുക്കിപ്പോള്‍ ധാരാളം സമയമുണ്ട്. ആര്‍ഭാടങ്ങളില്ലെങ്കിലും ജീവിക്കാനാകുമെന്ന് നമ്മളിപ്പോള്‍ മനസ്സിലാക്കുന്നു. കിളികള്‍ ചിലയ്ക്കുന്നതും പൂക്കള്‍ വിടരുന്നതും ശലഭങ്ങള്‍ പാറിനടക്കുന്നതും നമ്മളിപ്പോള്‍ കൌതുകത്തോടെ നോക്കി കാണുന്നു. നമ്മുടെ പറമ്പുകളിലെ ചക്കയും മാങ്ങയും ചീരയുമൊക്കെ അടുക്കളയിലെ സൂപ്പർ സ്റ്റാറുകളായി മാറുന്നു. സ്വയം പര്യാപ്‌തമാകേണ്ടതിനേക്കുറിച്ചോര്‍ത്ത് അടുക്കളത്തോട്ടങ്ങള്‍ ഒരുക്കുന്നു. മതത്തിന്റേയും ഈശ്വരന്റേയും പേരില്‍ തല്ലിട്ടതൊക്കെ വെറുതേയാണെന്നും മനുഷ്യനെ സഹായിക്കാന്‍ മനുഷ്യന്‍ മാത്രമേ കാണുകയുളളൂ എന്ന സത്യവും നമ്മൾ തിരിച്ചറിയുന്നു. ആത്മാവിനാലും ശരീരത്താലും നമ്മള്‍ കൂടുതല്‍ ശുചിത്വമുളളവരാകുന്നു. ആള്‍ ദൈവങ്ങള്‍ പൂജിച്ചും മന്ത്രിച്ചും വെഞ്ചിരിച്ചും നല്‍കിയിരുന്ന തട്ടിപ്പുകളെ സാനിറ്റൈസറുകളും മാസ്ക്കുകളും ഗ്ലൌസുകളും എത്ര നിസ്സാരമായാണ് തുടച്ചുമാറ്റിയത്. സഹജീവികളോടുളള സ്നേഹത്തേക്കാളും വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകുന്നതിനേക്കാളും വലുതല്ല ഒരു രാഷ്ട്രീയമെന്നും നമ്മള്‍ പഠിച്ചില്ലേ.

വലുതും ചെറുതുമായ കഴിവുകളെ ചെത്തിമിനുക്കി ഈ ലോകത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ മത്സരിക്കുന്നവരുടെ നീണ്ടനിരയില്‍ നമ്മളുണ്ടോയെന്ന് സ്വയം ചോദിക്കേണ്ട സമയമാണിത്. ലോകം മുഴുവന്‍ ചലനമറ്റ അവസ്ഥയിലാണിപ്പോഴുളളത്. ചില ഹോളിവുഡ് സിനിമകളില്‍ കണ്ടുഭയന്നിട്ടുളള ഭീകരാന്തരീക്ഷം നമുക്ക് ചുറ്റും യാഥാര്‍ത്ഥ്യമായിരിക്കുന്നു. ദിനം പ്രതി ആളുകള്‍ വൈറസ് ബാധിതരാകുന്നു. മരണസംഖ്യ പെരുകുന്നു. കൂട്ടം കൂടി നടന്ന മനുഷ്യര്‍ പെട്ടെന്ന് ഒറ്റപ്പെട്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് മനുഷ്യര്‍ തിരിച്ചുവരുമെന്ന് ചരിത്രം നമ്മളെ പഠിപ്പിക്കുന്നുണ്ട്. അതെ, ഈ ഇരുണ്ടദിനങ്ങള്‍ മാറി പുതുവെട്ടം തെളിയുമെന്ന പ്രതീക്ഷ തന്നെയാണ് നമ്മളെ മുന്നോട്ടേക്ക് നയിക്കുന്നത്. ഒരു ദുരന്തം വരുമ്പോൾ ഒറ്റകെട്ടായി നിൽക്കുകയും അതിനുശേഷം വീണ്ടും വേർത്തിരിവുകളുടെ മതിൽകെട്ടിനകത്തേക്ക് ചുരുങ്ങുകയും ചെയ്യുന്ന സ്ഥിരം കാഴ്ച്ചകളുടെ ആവർത്തനങ്ങൾ ഇനിയും സംഭവിക്കാതിരിക്കട്ടെ.
മനുഷ്യകുലത്തെ മൊത്തത്തില്‍ വിഴുങ്ങിയ ഈ വൈറസ് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകട്ടെ. അതോടൊപ്പം വൈറസ് ബാധിച്ച നമ്മുടെ ചിന്തകള്‍ക്ക് മാറ്റങ്ങളുണ്ടാകട്ടേയെന്നും ഈ കൊറോണ കാലം നമുക്ക് നല്‍കിയ തിരിച്ചറിവുകള്‍ വൈറലാകട്ടേയെന്നും ആഗ്രഹിക്കുകയാണ്.

 

Comments are closed.