ദല്‍ഹി കുടിയൊഴിക്കപ്പെടുന്നു
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായിരുന്ന ഇന്ത്യ, കോളനിവത്കരിക്കപ്പെട്ടതിന്റെ കഥയാണ് വില്ല്യം ഡാൽറിമ്പിൾ അനാർക്കി എന്ന തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നത്.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
1771 ഏപ്രില്‍ പന്ത്രണ്ടാം തീയതിയുടെ പ്രഭാതത്തില്‍, നീളന്‍ കാഹളങ്ങ?ളുടെ കാതടപ്പിക്കുന്ന സ്വരത്തിന്റെ അകമ്പടിയോടെ, ഒട്ടകപ്പുറത്തേറിയ നഗര വാദ്യക്കാരുടെ അകമ്പടിയോടെ, ഷാ ആലം ആഡംബരമായി അല?ങ്കരിച്ചിരുന്ന തന്റെ ആനപ്പുറത്തേറി, അലഹാബാദ് കോട്ടയുടെ പടിവാതില്‍ കടന്നെത്തി.
പന്ത്രണ്ട് വര്‍ഷത്തെ രാജ്യഭ്രഷ്ടിനുശേഷം ചക്രവര്‍ത്തി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. അത്ര എളുപ്പമുള്ള ഒരു യാത്രയല്ല അത്. ദീര്‍ഘകാലമായി മുഗള്‍ ആധിപത്യത്തെ വലിച്ചെറിഞ്ഞ പല നാട്ടുരാജ്യങ്ങളിലുടെയും കടന്നുപോകണം. അതിനിടയില്‍ ചക്രവര്‍ത്തിയെ പിടികൂടാന്‍ ആ നാട്ടുരാജാക്കന്മാര്‍, ശത്രുക്കള്‍, ശ്രമിച്ചുകൂടായ്കയില്ല. സാധ്യമെങ്കില്‍ കൊന്നുകളയാനും അവര്‍ മടിക്കില്ല. അതിലുപരിയായി, അദ്ദേഹത്തിന്റെ അന്തിമലക്ഷ്യമായ, കത്തിച്ചാമ്പലായ, ദല്‍ഹിയെ അഫ്ഗാനി, മറാഠ പടകള്‍ തുടരെത്തുടരെ ചാരത്തില്‍നിന്നും ചാരമാക്കി മാറ്റിക്കൊണ്ടിരിക്കുകയുമായിരുന്നു.
ചക്രവര്‍ത്തിയും പക്ഷേ, അത്ര തയ്യാറെടുപ്പുകളൊന്നുമില്ലാതെയല്ല ദല്‍ഹിയിലേക്ക് പോകുന്നത്. 16,000 അംഗങ്ങളുള്ള ഒരു പുതിയ സേന ഒപ്പമുണ്ട്. ഒരു മുഗള്‍ പെയ്ന്റിങ്ങില്‍ ഈ യാത്ര ചിത്രീകരിച്ചിട്ടുണ്ട്. നീളന്‍ വരികളില്‍ നീങ്ങുന്ന, യമുനയുടെ തീരത്തുകൂടി, വളഞ്ഞു പുളഞ്ഞ് നീങ്ങുന്ന, സൈന്യത്തിന്റെ ചിത്രം. യാത്രയുടെ മുന്നില്‍ സംഗീതജ്ഞരായിരുന്നു. അതിനുശേഷം ദണ്ഡുകളേന്തിയവര്‍, പിന്നെ മുഗള്‍ പദവി?ചിഹ്നമേന്തിയവര്‍. രാജകീയമായ കുടകള്‍, സ്വര്‍ണ്ണത്തിന്‍ മഹി മറാതിബ്, ഒരു സൂര്യന്റെ ചിത്രം, ഫാത്തിമയുടെ കൈ എന്നിവയെല്ലാം ഇതില്‍പെടും. ഇതെല്ലാം വടിയില്‍ കെട്ടി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. പട്ടിന്റെ തുണികൊണ്ട് അലങ്കരിച്ച വടികളാണിവ. അതിനു പുറകിലാണ് ചക്രവര്‍ത്തി. തന്റെ ആനപ്പുറത്ത്. ഇരുവശത്തും അംഗരക്ഷകരുണ്ട്. അവരുടെ കൈവശം ഒരുകെട്ട് കുന്തങ്ങളുമുണ്ട്.
അതിനു പുറകില്‍ രാജകുമാരന്മാരുടെ നിരയായിരുന്നു. അവരും ആനപ്പുറത്തുതന്നെ. കുങ്കുമ നിറത്തിലുള്ള തലപ്പാവാണവര്‍ ധരിച്ചിരുന്നത്. അതിലോരോന്നിലും ചക്രവര്‍ത്തിയുടെ പദവിമുദ്രകള്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. അവര്‍ക്ക് പുറകില്‍ അന്തഃപുരത്തിലെ സ്ത്രീകള്‍. അവരുടെ വണ്ടികള്‍ നാലുഭാഗത്തുനിന്നും പര്‍ദ്ദയിട്ട് മറച്ചിരുന്നു. പിന്നെ വലിയ തോക്കുകള്‍. നാലാനകള്‍ ഒന്നിച്ച് വലിക്കുന്നവ. അതിനു പുറകില്‍, പട്ടാളത്തിന്റെ പ്രധാന ഭാഗം. അതങ്ങനെ കണ്ണിന്റെ കാഴ്ചയെത്താത്തിടത്തോളം നീണ്ട് പരന്ന് കിടന്നു. പടയാളികളെ ബറ്റാലിയനുകളായി തിരിച്ചിട്ടുണ്ട്. സീപോയി കാലാള്‍പടയുടെ, അശ്വസേനയുടെ, പീരങ്കിപ്പടയുടെ, ഒട്ടകപ്പടയുടെ, ബറ്റാലിയനുകള്‍. അവരുടെ കൈവശം തോക്കുണ്ട്. അവയോരോന്നിനെയും നയിക്കുന്നത് ആനപ്പുറത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ്. ആനപ്പുറത്ത് അമ്പാരിയിലിരുന്നാണയാള്‍ തന്റെ ബറ്റാ?ലിയനെ നയിക്കുന്നത്. ഈ സംഘമങ്ങനെ നദിക്കരയിലൂടെ സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന രാജകീയ പത്തേമാരികളുടെ അകമ്പടിയോടെ മുന്നോട്ട് നീങ്ങി. കാടും മേടും കടന്ന് നീങ്ങി. ദ്വീപുകളും അതിലുള്ള ക്ഷേത്രങ്ങളും കടന്ന് നീങ്ങി. ആകാശത്തേക്കുയര്‍ന്ന് നില്‍ക്കുന്ന മിനാരങ്ങളുള്ള ചെറുപട്ടണങ്ങള്‍ കടന്നുനീങ്ങി.
ആ നിമിഷം രേഖപ്പെടുത്തപ്പെട്ടു. അക്കാലത്തുപോലും, പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക നിമിഷമായി, വഴിത്തിരിവിന്റെ നിമിഷമായി അത് രേഖപ്പെടുത്തപ്പെട്ടു. കമ്പനി തനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും എന്ന പ്രതീക്ഷ ഷാ ആലം കൈവിട്ടിരുന്നു. സേനയെ വിട്ടുനല്‍കാം എന്ന വാഗ്ദാനം പോകട്ടെ, നഷ്ടപ്പെട്ട തന്റെ രാജധാനി കീഴടക്കാനായി ഒരു ചെറു സംഘത്തെ അകമ്പടിക്കായി വിട്ടുകൊടുക്കും എന്ന പ്രതീക്ഷപോലും കൈവിട്ടിരുന്നു. കമ്പനി സഹായിക്കാന്‍ തയ്യാറല്ലെങ്കില്‍ പുതിയ സഖ്യകക്ഷികളെ തേടാം എന്ന തീരുമാനത്തിലെത്തിയിരുന്നു. ഈ ഒഴിവിലേക്ക് സ്വാഭാവികമായും എത്തുന്നത് പാരമ്പര്യമായി ശത്രുക്കളായിരുന്നവരാണ്. മറാഠകള്‍. അപകടങ്ങള്‍ എന്തുമാകട്ടെ ഒരു ചൂതാട്ടം നടത്താന്‍തന്നെ ചക്രവര്‍ത്തി തീരുമാനിച്ചുകഴിഞ്ഞു. തന്റെ പൂര്‍വ്വികരിരുന്ന മയൂരസിംഹാസനം കരസ്ഥമാക്കാന്‍ എന്തിനും തയ്യാറായിക്കഴിഞ്ഞു.
Comments are closed.