വില്ല്യം ഡാല്‍റിമ്പിളിന്റെ ‘അനാര്‍ക്കി’; കവര്‍ച്ചിത്രം മനു എസ് പിള്ള പ്രകാശനം ചെയ്തു
വില്ല്യം ഡാല്‍റിമ്പിളിന്റെ ‘അനാര്‍ക്കി’ എന്ന പുസ്തകത്തിന്റെ കവര്‍ച്ചിത്രം മനു എസ് പിള്ള പ്രകാശനം ചെയ്തു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പി ഇന്ന് മുതല്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടി കോപ്പികള്‍ സ്വന്തമാക്കാം.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായിരുന്ന ഇന്ത്യ കോളനിവത്കരിക്കപ്പെട്ടതിന്റെ കഥയാണ് വില്യം ഡാല്‍റിമ്പിള്‍ ‘അനാര്‍ക്കി’ എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്. 1599-ല്‍ ലണ്ടനിലെ ഒരു കൊച്ചു മുറിയില്‍ ആരംഭിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനി, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ തന്നെ നശിപ്പിക്കുവാന്‍ പ്രാപ്തമായ ഒരു വലിയ സൈനികശക്തിയായി മാറി. ഇതിനു കാരണമായ സുപ്രധാന സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയുമാണ് നാം ഇവിടെ കടന്നു പോകുന്നത്. നിര്‍ണായക നീക്കങ്ങളും യുദ്ധങ്ങളും അധിനിവേശങ്ങളും അവക്കെതിരെയുള്ള പ്രതിരോധങ്ങളും വിവരിക്കുമ്പോള്‍ ഒരിടത്തു പോലും ചലനാത്മകത നഷ്ടപ്പെടാതെ കാക്കുവാന്‍ ഡാല്‍റിബിളിന് കഴിഞ്ഞിട്ടുണ്ട്. ചരിത്രപുസ്തകങ്ങളില്‍ നിര്‍ജീവമായി കിടന്ന സംഭവങ്ങളെ ഒരു നോവലിന്റെ കൈയടക്കത്തോടെ വിവരിച്ചിരിക്കുന്ന ഈ കൃതി മറക്കാനാകാത്ത ഒരു അനുഭവമാകും വായനക്കാരന് നല്‍കുക.
പതിവ് ചരിത്രപുസ്തകങ്ങളില്‍ നിന്നിതിനെ വ്യത്യസ്തമാക്കുന്നത്, യുദ്ധത്താല്‍ വികൃതവും പരവശവുമായ പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചിത്രം ഗ്രന്ഥകര്‍ത്താവ് വായനക്കാര്‍ക്ക് കാണിച്ചു തരുന്നത്, അക്കാലത്തെ, പ്രധാന കഥാപാത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എന്നതാണ്. മുഗള്‍ രാജാക്കന്മാര്‍, നവാബുമാര്‍, ഇംഗ്ലിഷ് വ്യാപാരികള്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഫ്രഞ്ച് കമ്പനിയുടെയും അധികാരികള്‍, ഇന്ത്യയിലെ പ്രമുഖ പണമിടപാടുകാര്‍ എന്നിങ്ങനെ ആ കഥാപാത്രങ്ങളുടെ പട്ടിക നീളുന്നു. പല ചരിത്രപുസ്തകങ്ങളിലും വെറും പേരുകളായി അവശേഷിക്കുന്ന ഈ കഥാപാത്രങ്ങള്‍ക്ക് അങ്ങനെ ജീവന്‍ വയ്ക്കുന്നു.
മുഗള്‍ രാജവംശത്തിന്റെ ഭരണത്തിലേക്കോ അതിന്റെ തകര്‍ച്ചയുടെ കാര്യകാരണങ്ങളിലേക്കോ ഗ്രന്ഥകര്‍ത്താവിറങ്ങുന്നില്ല. ഔറംഗസീബിനെ പരാമര്‍ശിച്ചതിനു ശേഷം, അദ്ദേഹം മുഗള്‍ രാജവംശത്തില്‍നിന്ന് വിശദമായ ഒരു പരിചയപ്പെടുത്തല്‍ നടത്തുന്നത്ഷാ ആലമിനെയാണ്. നാദിര്‍ ഷായുടെ ആക്രമണത്തിനു ശേഷം പാടേ തകര്‍ന്ന ദല്‍ഹിയുടെയും മുഗള്‍ ഭരണത്തിന്റെയും ഒരു മടങ്ങിവരവിന് ശ്രമിച്ച മുഗള്‍ ചക്രവര്‍ത്തിയായിരുന്നു ഷാ ആലം. ഷാ ആലമിന്റെ ജീവിത കഥ മിക്കവാറും പൂര്‍ണ്ണമായിത്തന്നെ വില്ല്യം വിവരിക്കുന്നുണ്ട്.
Comments are closed.